ഇന്ത്യയില്‍ യൂട്യൂബ് ഓഫ്‌ലൈനിലും ലഭ്യമാക്കുന്നു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യൂട്യൂബ് വീഡിയോകള്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാതെയും കാണാനാകുന്ന സൗകര്യമൊരുക്കും എന്ന് യൂട്യൂബ് എക്‌സിക്യൂട്ടീവ് സീസര്‍ സെന്‍ഗുപ്ത വ്യക്തമാക്കി.

ഇന്ത്യയില്‍ യൂട്യൂബ് ഉപയോഗിക്കുന്ന വലിയൊരു വിഭാഗമുണ്ടെന്നും പലരും ഒരേ വീഡിയോകള്‍ തന്നെ വീണ്ടും വീണ്ടും കാണുന്നവരാണെന്നും സെന്‍ഗുപ്ത പറഞ്ഞു. ഒരിക്കല്‍ യൂട്യൂബില്‍ നിന്നും സേവ് ചെയ്ത വീഡിയോകള്‍ പിന്നീടെപ്പോള്‍ വേണമെങ്കിലും കാണാമെന്നതാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന സംവിധാനത്തിന്റെ പ്രത്യേകത. ഇതിന് ഡാറ്റാ കണക്ഷന്‍ ആവശ്യമില്ല.

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളുടെ ലോഞ്ചിങ് ചടങ്ങിലാണ് ഉപയോക്താക്കളെ ആവേശത്തിലാഴ്ത്തിയ വാര്‍ത്ത യൂട്യൂബ് പുറത്തുവിട്ടിരിക്കുന്നത്. യൂട്യൂബിലെ ഭൂരിഭാഗം വീഡിയോകളും ഇത്തരത്തില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ച ഈ സൗകര്യം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാകും.

നിലവില്‍ യൂട്യൂബില്‍ നിന്നും നേരിട്ട് വീഡിയോകള്‍ സേവ് ചെയ്യാനുള്ള സംവിധാനമില്ല. ഡാറ്റാ കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ യൂട്യൂബ് വീഡിയോകള്‍ കാണാനാകൂ. ഈ സാഹചര്യത്തിനാണ് യൂട്യൂബ് ഈ പ്രഖ്യാപനത്തിലൂടെ വിരാമമിടുന്നത്.