ഗ്വാണ്ടാനാലാന്‍ഡില്‍ നിന്ന് വേര്‍പെട്ട ഒരു ഭൂഖണ്ഡം ഓസ്‌ട്രേലിയയ്ക്ക് സമീപം നമ്മുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞിരിക്കുന്നതായി കഴിഞ്ഞ വര്‍ഷമാണ് കണ്ടെത്തിയത്. ഇന്ത്യയുടെ വലിപ്പമുള്ള ആ ഭൂഖണ്ഡത്തിന് സിലാന്‍ഡിയ എന്നാണ് പേര് നല്‍കിയത്

New Continent, Zealandia
സിലാന്‍ഡിയയുടെ സ്ഥാനം. ചിത്രം കടപ്പാട്: Zealandia/Shutterstock

 

സാധാരണക്കാര്‍ മനസിലാക്കുന്നതു പോലെയല്ല ഭൗമശാസ്ത്രജ്ഞര്‍ കാര്യങ്ങള്‍ കാണുന്നത്. ഉദാഹരണത്തിന്, ഭൂമിയില്‍ ഏഴ് ഭൂഖണ്ഡമുണ്ടെന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്-ആഫ്രിക്ക, ഏഷ്യ, അന്റാര്‍ട്ടിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവ.

ഭൗമശാസ്ത്രജ്ഞരുടെ വീക്ഷണത്തില്‍ ആറെണ്ണമേയുള്ളൂ. അവര്‍ക്ക് യൂറോപ്പും ഏഷ്യയും വെവ്വേറെ ഇല്ല, പകരം യൂറേഷ്യ എന്ന ഒറ്റ ഭൂഭാഗം മാത്രമേയുള്ളൂ! മാത്രമല്ല, കോടിക്കണക്കിന് വര്‍ഷം മുമ്പ് ഈ ഭൂഖണ്ഡങ്ങളൊന്നും ഇങ്ങനെ അല്ലായിരുന്നു എന്നും ഭൗമശാസ്ത്രജ്ഞര്‍ വിശദീകരിക്കും. ഭൂഖണ്ഡങ്ങള്‍ മാത്രമല്ല, ഇന്നത്തെ സമുദ്രങ്ങളും അന്ന് ഉണ്ടായിരുന്നില്ല. 

ഇക്കാര്യങ്ങള്‍ വെറുതെ പറയുകയല്ല, തെളിവുകളുടെ പിന്‍ബലമുണ്ട്. ജര്‍മന്‍ ഭൗമശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് വേഗണര്‍ (Alfred Wagener) 1912ല്‍ മുന്നോട്ടു വെച്ച ഒരു സിദ്ധാന്തമുണ്ട്-ഫലകചലന സിദ്ധാന്തം. ഇന്നത് 'പ്ലേറ്റ് ടെക്‌റ്റോണിക്‌സ്' (plate tectonics) എന്നറിയപ്പെടുന്നു. ഈ സിദ്ധാന്തമനുസരിച്ച്, ഭൂമിയുടെ മേല്‍പ്പാളി വളരെ അസ്ഥിരമാണ്. എട്ടു മുതല്‍ 12 വരെ വലിയ ഫലകങ്ങളും (Plates) ഇരുപതോളം ചെറുഫലകങ്ങളുമാണ് ഭൂമിയുടെ മേല്‍പ്പാളിയിലുള്ളത്.

ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുംപോലെ ഈ ഫലകങ്ങള്‍ പല വേഗത്തില്‍ പല ദിക്കുകളിലേക്ക് പരസ്പരം സമ്മര്‍ദ്ദം ചെലുത്തി തെന്നി നീങ്ങുന്നതാണ് സമുദ്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സൃഷ്ടിക്ക് കാരണം. ഫലകചലനങ്ങളുടെ നേരിട്ടുള്ള ഫലമാണ് ഭൂകമ്പങ്ങള്‍.

Plate Tectonics
ഭൗമഫലകങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും നിലവിലെ സ്ഥിതി. ചിത്രം കടപ്പാട്: N. Mortimer et al./GSA Today

 

15 കോടി വര്‍ഷം മുമ്പ് 'പാന്‍ജിയ' (Pangea) എന്ന ഭീമന്‍ ഭൂഖണ്ഡം മാത്രമാണ് ഉണ്ടായിരുന്നത്. അത് പിന്നീട് തെക്ക് 'ഗോണ്ട്വാനാലാന്‍ഡ്' എന്നും, വടക്ക് 'ലോറേഷ്യ'യെന്നും രണ്ട് ഭൂഖണ്ഡങ്ങളായി പിളര്‍ന്നു. വടക്കേഅമേരിക്ക, ഗ്രീന്‍ലന്‍ഡ്, യൂറോപ്പ് എന്നീ ഭൂഭാഗങ്ങളും ഇന്ത്യയൊഴികെയുള്ള ഏഷ്യയും ഒത്തുചേര്‍ന്നതായിരുന്നു ലോറേഷ്യ. ഗോണ്ട്വാനാലാന്‍ഡ് ആകട്ടെ ആഫ്രിക്ക, തെക്കേ അമേരിക്ക, അന്റാര്‍ട്ടിക്ക, ഓസ്‌ട്രേലിയ, മഡഗാസ്‌ക്കര്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവ ഉള്‍പ്പെട്ട ഭാഗമായിരുന്നു.

ഏതാണ്ട് പത്തു കോടി വര്‍ഷം മുമ്പ് (ദിനോസറുകളുടെ യുഗമായിരുന്നു അത്) മേല്‍സൂചിപ്പിച്ച പ്രാചീനഭൂഖണ്ഡങ്ങള്‍ പൊട്ടിപ്പിളര്‍ന്ന് അകലാന്‍ തുടങ്ങി. ഇന്നത്തെ സ്ഥാനങ്ങളിലേക്ക് ഓരോ ഭൂഖണ്ഡങ്ങളും നീങ്ങി. മഡഗാസ്‌ക്കറില്‍ നിന്ന് അകന്നുമാറിയ ഇന്ത്യ വടക്കോട്ടു നീങ്ങി യൂറേഷ്യന്‍ ഫലകവുമായി കൂട്ടുചേര്‍ന്നു. ഹിമാലയവും ഇന്ത്യന്‍ മഹാസമുദ്രവും അതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടു! 

ഗ്വാണ്ടാനാലാന്‍ഡില്‍ നിന്ന് വേര്‍പെട്ടവയില്‍ ഒരു ഭൂഖണ്ഡം നമ്മുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞിരിക്കുന്നതായി കഴിഞ്ഞ വര്‍ഷം ഒരുസംഘം ഗവേഷകര്‍ കണ്ടെത്തിയത് ലോകമെങ്ങും ആകാംക്ഷയുണര്‍ത്തി. ഓസ്‌ട്രേലിയയ്ക്ക് സമീപം ന്യൂസിലന്‍ഡും ന്യൂ ഖലഡോണിയ (New Caledonia) യും ഉള്‍പ്പെട്ട 'സിലാന്‍ഡിയ' (Zealandia) എന്ന പ്രദേശം ഒരു സ്വതന്ത്ര ഭൂഖണ്ഡമാണെന്നും ഇന്ത്യയുടെ വലുപ്പം അതിനുണ്ടെന്നുമാണ് ഗവേഷകര്‍ കണ്ടെത്തിയത് (മഡഗാസ്‌കറില്‍ നിന്നു വേര്‍പെട്ട് നീങ്ങി യൂറേഷ്യയില്‍ വന്നിടിക്കാതെ ഇടയ്‌ക്കെവിടെയെങ്കിലും തങ്ങിയിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയും ഒരു സ്വതന്ത്ര ഭൂഖണ്ഡമാകുമായിരുന്നു!).

New Continent, Zealandia
സിലാന്‍ഡിയയുടെ ഉപഗ്രഹചിത്രം.
കടപ്പാട്:  N. Mortimer et al./GSA Today

ന്യൂസിലന്‍ഡും ന്യൂ ഖലഡോണിയയും ഒറ്റപ്പെട്ട രണ്ട് സമുദ്ര ദ്വീപുകള്‍ എന്ന് ഇത്രകാലവും കരുതിയത് ശരിയല്ലെന്നാണ് ''ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്ക'യുടെ ജേര്‍ണലായ 'ജിഎസ്എ ടുഡേ'യില്‍ 11 ഗവേഷകര്‍ ചേര്‍ന്ന് 2017ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് വ്യക്തമാക്കിയത്. പകരം, ഭൂമിയുടെ പുറന്തോടില്‍ 49 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള ഒരു പാളിയുടെ ഭാഗമാണവ. 'ഇത് പെട്ടന്നുണ്ടായ ഒരു കണ്ടുപിടുത്തമല്ല, ക്രമേണയുണ്ടായ ബോധ്യമാണ്. പത്തുവര്‍ഷം മുമ്പാണെങ്കില്‍, സമാഹരിച്ച ഡേറ്റയോ ആത്മവിശ്വാസമോ ഉണ്ടാകുമായിരുന്നില്ല ഇത്തരമൊരു പേപ്പര്‍ പ്രസിദ്ധീകരിക്കാന്‍'-ഗവേഷകര്‍ എഴുതി. 

അമേരിക്കയിലെ സാന്റാ ബാര്‍ബറയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകന്‍ ബ്രൂസ് ലൂയന്‍ഡൈക്ക് ആണ് 1995ല്‍ 'സിലാന്‍ഡിയ' എന്ന സങ്കല്‍പ്പം ആദ്യമായി അവതരിപ്പിച്ചത്. അതൊരു ഭൂഖണ്ഡം എന്ന നിലയ്ക്കല്ല അന്ന് താന്‍ ആ നാമം ഉപയോഗിച്ചതെന്ന് ലൂയന്‍ഡൈക്ക് പറഞ്ഞു. സൂപ്പര്‍ഭൂഖണ്ഡമായ ഗോണ്ട്വാനയില്‍ നിന്ന് അടര്‍ന്ന് പോന്ന, ന്യൂസിലന്‍ഡും ന്യൂ ഖലഡോണിയയും ഉള്‍പ്പെട്ട ഭൗമപാളിയെ വിശേഷിപ്പിക്കാന്‍ ആ പേര് നല്‍കുകയായിരുന്നു. 

ലക്ഷക്കണക്കിന് വര്‍ഷങ്ങളായി നടന്ന ഫലകചലന പ്രവര്‍ത്തനങ്ങള്‍ സിലാന്‍ഡിയയെ ശോഷിപ്പിക്കുകയും വലിച്ചുനീട്ടുകയും സമുദ്രത്തില്‍ മുക്കുകയുമൊക്കെ ചെയ്തതിന്റെ ഫലമായി, ന്യൂസിലന്‍ഡും ന്യു ഖലഡോണിയയും ഉള്‍പ്പടെ ഭൂഖണ്ഡത്തിന്റെ വെറും അഞ്ചു ശതമാനം മാത്രമേ ഇപ്പോള്‍ വെള്ളത്തിന് മുകളിലുള്ളൂ. അതാണ് ഈ ഭൂഖണ്ഡം തിരിച്ചറിയാന്‍ ഇത്ര വൈകിയത്. 

ഈ കണ്ടെത്തലൊന്നും ഭൂമിയുടെ കാര്യത്തില്‍ അവസാന വാക്കല്ല. കിഴക്കന്‍ ആഫ്രിക്കയില്‍ വടക്കുകിഴക്കന്‍ എത്യോപ്യയില്‍, ചെങ്കടലിനും ഏദന്‍ ഉള്‍ക്കടലിനുമിടയ്ക്കുള്ള അഫാര്‍ മരുഭൂമിയിലെ ബോനിയ മേഖലയില്‍ 12 വര്‍ഷം മുമ്പ് പ്രത്യക്ഷപ്പെട്ട 60 കിലോമീറ്റര്‍ നീളമുള്ള വിള്ളലിന്റെ കാര്യം നോക്കുക. അത് വെറുമൊരു വിള്ളലല്ലെന്നും പുതിയൊരു സമുദ്രം പിറക്കുന്നതിന് നമ്മള്‍ സാക്ഷ്യം വഹിക്കുകയാണെന്നും ഭൗമശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തി!

New ocean forming in Africa, Geology
ആഫ്രിക്കയില്‍ അഫാര്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ട സമുദ്രജനനമെന്ന് കരുതുന്ന ഭീമന്‍ വിള്ളല്‍. കടപ്പാട്: University of Rochester

 

പുതിയ സമുദ്രതടം രൂപംകൊള്ളുന്ന ആ പ്രദേശത്ത് പ്രതിവര്‍ഷം രണ്ടു സെന്റിമീറ്റര്‍ വീതമാകും വിള്ളല്‍ വലുതാകുക. അതുപ്രകാരം, കുറഞ്ഞത് പത്തുലക്ഷം വര്‍ഷമെങ്കിലുമെടുക്കും പുതിയ സമുദ്രം പൂര്‍ണതോതില്‍ രൂപപ്പെടാന്‍. ഭൂമിയുടെ പ്രായം ഏതാണ്ട് 460 കോടി വര്‍ഷം എന്നാണ് കണക്കാക്കിയിരിക്കുന്നത്. അതുമായി താരതമ്യപ്പെടുത്തിയാല്‍ പത്തുലക്ഷം വര്‍ഷമെന്നത് എത്ര തുച്ഛമാണെന്നോര്‍ക്കുക! (മാതൃഭൂമി വാരാന്തപ്പതിപ്പ്, 2006 ഫെബ്രുവരി 12). 

ഭൂമിയില്‍ ഫലകചലനം തുടര്‍പ്രക്രിയയാണ്. ഭൂഖണ്ഡങ്ങള്‍ ഇപ്പോഴും അവയുടെ ചലനം തുടരുന്നു. വര്‍ഷം തോറും ഒരു നഖത്തിന്റെ നീളത്തില്‍ (ഒരായുഷ്‌ക്കാലത്ത് രണ്ടുമീറ്റര്‍ വീതം) യൂറോപ്പും വടക്കേ അമേരിക്കയും പരസ്പരം അകലുന്നത് ഇതിന് ഉദാഹരണം. ഗ്ലോബല്‍ പൊസിഷനിങ് സംവിധാനമുപയോഗിച്ച് ഇത് കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ ഇന്നത്തെ നിലക്ക് തുടര്‍ന്നാല്‍, അത്‌ലാന്റിക് സമുദ്രം വലുതായി ഭാവിയില്‍ ശാന്തസമുദ്രത്തെ കടത്തവെട്ടും. കാലിഫോര്‍ണിയ അമേരിക്കയില്‍ നിന്ന് വേര്‍പെട്ട്, മഡഗാസ്‌ക്കര്‍ ആഫ്രിക്കയില്‍ നിന്ന് അകന്നു കഴിയുംപോലെ, കടലില്‍ ഒഴുകി മാറും. ആഫ്രിക്ക വടക്കോട്ടു നീങ്ങി യൂറോപ്പിനോട് ചേരും. മെഡിറ്റനേറിയന്‍ സമുദ്രം അപ്രത്യക്ഷമാകും.അതിന്റെ ഫലമായി ഹിമാലയത്തിന്റെ ദൈര്‍ഘ്യം പാരീസ് മുതല്‍ കൊല്‍ക്കത്ത വരെ നീളും! 

അവലംബം -
3. 'Zealandia: Earth's Hidden Continent'. GSA Today, Volume 27 Issue 3 (March/April 2017).  
2. 'Earth has a brand-new continent called 'Zealandia,' and it's been hiding in plain sight for ages', by DAVE MOSHER. Business Insider, FEB 16, 2017. 
3. Indica: A Deep Natural History of the Indian Subcontinent (2017), by Pranay Lal. Allen Lane.

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്