നിങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് എന്നിവ തുടര്‍ച്ചയായി ഉപയോഗിക്കുന്നയാളാണോ..? നവമാധ്യമങ്ങളുടെ കാലത്ത് വളരെ അപ്രസക്തമായ ചോദ്യമാണിത്. എന്നാല്‍, സൂക്ഷിക്കുക നിങ്ങളുടെ കാഴ്ച അപകടത്തിലാണ്. അടുത്തിടെ പുറത്തുവന്ന ചില പഠനങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ് എന്നിവയുടെ സ്‌ക്രീനില്‍ നല്‍കിയിരിക്കുന്ന നീല നിറം നമ്മുടെ കണ്ണിനെ വളരെ ദോഷകരമായി ബാധിക്കുമെന്നും പതിയെ കാഴ്ച ശക്തി കുറയുമെന്നുമാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അമേരിക്കയിലെ ടൊളേഡോ സര്‍വകലാശാലയിലെ വിദഗ്ധര്‍ നിരന്തരമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് സ്ഥിരീകരിച്ചത്. ഫോണിന്റെ ഡിസ്‌പ്ലേയില്‍ നിന്ന് പുറത്തുവരുന്ന നീല പ്രകാശം റെറ്റിനയിലെ ഫോട്ടോറിസപ്റ്റര്‍ കോശങ്ങളെ പ്രതികൂലമായി ബാധിക്കുകയും അന്ധതയിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സ്മാര്‍ട്ട് ഫോണിലേയും മറ്റ് മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലേയും സ്‌ക്രീനില്‍ നല്‍കിയിരിക്കുന്ന നീല ലൈറ്റ് 445 നാനോമീറ്റര്‍ ഹ്രസ്വ തരംഗങ്ങളാണ് പുറപ്പെടുവിക്കുന്നത്. ഈ നീല ലൈറ്റ് കണ്ണിന്റെ പ്രവര്‍ത്തന ശേഷിയെ സാവധാനം കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. 

കണ്ണിലുള്ള ഫോട്ടോറിസപ്റ്റര്‍ സെല്ലുകള്‍ നശിച്ചാല്‍ പിന്നീട് വളര്‍ന്നു വരാത്തവയാണ്. അതുകൊണ്ട് അമിതമായി ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് 50 വയസിനുള്ളില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.