ലോകത്തെ ആദ്യ 'ജീവനുള്ള റോബോട്ടിന്' ഇപ്പോള്‍ പ്രത്യുല്‍പാദനവും നടത്താനാകുമെന്ന് ശാസ്ത്രജ്ഞര്‍. സെനോബോട്ടുകള്‍ എന്നാണ് ഇതിന് പേര്. മൃഗങ്ങളും സസ്യങ്ങളും പ്രത്യുല്‍പാദനം നടത്തുന്ന രീതിയിലല്ല സെനോബോട്ടുകളുടെ പ്രത്യുല്‍പാദന രീതി. സെനോപസ് ലേവിസ് എന്ന ആഫ്രിക്കന്‍ ക്ലോവ്ഡ് തവളകളുടെ വിത്ത് കോശങ്ങളില്‍നിന്നാണ് സെനോബോട്ടുകളെ രൂപപ്പെടുത്തിയെടുത്തത്. തവളയുടെ പേരില്‍നിന്ന് തന്നെയാണ് സെനോബോട്ടുകള്‍ എന്ന പേരും രൂപപ്പെട്ടത്. 

ഒരു മില്ലിമീറ്ററില്‍ താഴെയാണ് ഇതിന് വലിപ്പം. കൃത്യമായി പറഞ്ഞാല്‍ 0.04 ഇഞ്ച്. ഏറെ പരീക്ഷണങ്ങള്‍ക്ക് ശേഷം ഇവയ്ക്ക് ചലിക്കാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും സ്വയം സുഖപ്പെടുത്താനും സാധിക്കുമെന്ന് കണ്ടെത്തിയതോടെ 2020 ലാണ് ഗവേഷകര്‍ ഇവയെ ആദ്യമായി ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചത്.

വെര്‍മണ്ട് സര്‍വകലാശാല, റ്റഫ്റ്റ്‌സ് സര്‍വകലാശാല, ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കലി ഇംപയേര്‍ഡ് എന്‍ജിനീയറിങ് എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരാണ് സെനോബോട്ടുകളെ വികസിപ്പിച്ചെടുത്തത്. 

ശാസ്ത്രത്തിന് ഇതുവരെ അറിവുള്ളതില്‍ മൃഗങ്ങളും സസ്യങ്ങളും ജൈവിക പ്രത്യുല്‍പാനം നടത്തുന്ന രീതിയില്‍നിന്നു പൂര്‍ണമായും വേറിട്ട പുതിയ രീതിയാ സെനോബോട്ടുകളുടേതെന്ന് ഗവേഷകര്‍ പറയുന്നു. 

ഭ്രൂണത്തിന്റെ ബാക്കി ഭാഗങ്ങളില്‍ നിന്ന് കോശങ്ങളെ മോചിപ്പിക്കുകയും ഒരു പുതിയ പരിതസ്ഥിതിയില്‍ എങ്ങനെ ആയിരിക്കണമെന്ന് കണ്ടുപിടിക്കാന്‍ നിങ്ങള്‍ അവയ്ക്ക് അവസരം നല്‍കുകയും ചെയ്യുമ്പോള്‍, അവ അത് കണ്ടുപിടിക്കുക മാത്രമല്ല. ചലിക്കുന്നതിനും പുനരുല്‍പ്പാദനത്തിനുള്ള ഒരു പുതിയ മാര്‍ഗം അവര്‍ കണ്ടെത്തുകയും ചെയ്യുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാളായ മൈക്കല്‍ ലെവിന്‍ പറഞ്ഞു. 

സെനോബോട്ടുകളെ നിര്‍മിച്ചത്

വ്യത്യസ്ത കോശങ്ങളായി വികസിക്കാന്‍ കഴിവുള്ള പ്രത്യേക കോശങ്ങളാണ് സ്റ്റെം സെല്ലുകള്‍ അഥവാ വിത്തുകോശങ്ങള്‍. സെനോബോട്ടുകള്‍ നിര്‍മ്മിക്കുന്നതിന്, ഗവേഷകര്‍ തവളയുടെ ഭ്രൂണങ്ങളില്‍ നിന്ന് ജീവനുള്ള മൂലകോശങ്ങള്‍ എടുക്കുകയും അവയെ അടയിരിക്കാന്‍ (ഇന്‍കുബേറ്റ്) വിടുകയും ചെയ്തു. അവയില്‍ ജനിതക മാറ്റമൊന്നും വരുത്തിയിട്ടില്ല.

ആളുകള്‍ കരുതുന്നത് റോബോട്ടുകളെന്നാല്‍ ലോഹങ്ങളും സെറാമിക്‌സും കൊണ്ട് നിര്‍മിച്ചതാണെന്നാണ്. ഒരു റോബോട്ട് എന്തുകൊണ്ട് നിര്‍മിച്ചതാണ് എന്നതല്ല അത് എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം. ഇത് ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയ്യുക,' കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറും വെര്‍മോണ്ട് സര്‍വകലാശാലയിലെ റോബോട്ടിക്സ് വിദഗ്ദനും ഗവേഷണ പഠനത്തിന്റെ പ്രധാന രചയിതാവുമായ ജോഷ് ബോംഗാര്‍ഡ് പറഞ്ഞു. 

ആ രീതിയില്‍ നോക്കുമ്പോള്‍ ഇതൊരു റോബോട്ട് ആണ്. പക്ഷേ തീര്‍ച്ചയായും തവളയുടെ ഇത് ജനിതകമാറ്റം വരുത്താത്ത കോശത്തില്‍ നിന്ന് നിര്‍മ്മിച്ച  ഒരു ജീവിയാണ്. ബോംഗാര്‍ഡ് പറഞ്ഞു

തുടക്കത്തില്‍ 3000 കോശങ്ങള്‍ക്കൊണ്ട് നിര്‍മിതമായ സെനോ ബോട്ടുകള്‍ക്ക് വൃത്താകൃതിയായിരുന്നു. ഇവയ്ക്ക് തങ്ങളുടെ പകര്‍പ്പുകള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നുവെന്ന് കണ്ടെത്തിയതായി ബോംഗാര്‍ഡ് പറഞ്ഞു. എന്നാല്‍ ഇത് അപൂര്‍വമായാണ് സംഭവിക്കുക. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം. 'കൈനറ്റിക് റെപ്ലിക്കേഷന്‍' എന്ന പ്രക്രിയയാണ് ഇതിനായി സെനോബോട്ടുകള്‍ ഉപയോഗിച്ചത്. സാധാരണ തന്മാത്രാ തലത്തില്‍ മാത്രം നടക്കുന്ന പ്രക്രിയയാണിത്.

ഈ പ്രക്രിയ കൂടുതല്‍ ഫലപ്രദമാവാന്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ കോടിക്കണക്കിന് ശരീര ആകൃതികള്‍ സെനോബോട്ടുകള്‍ക്കായി ഗവേഷകര്‍  പരീക്ഷിച്ചിരുന്നു. ഒടുവില്‍ C ആകൃതിയിലെത്തി. ചെറിയ വിത്തുകോശങ്ങളെ വായ്ക്കകത്ത് ശേഖരിക്കാന്‍ അതിന് കഴിയുമെന്ന് അവര്‍ കണ്ടെത്തി, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കോശങ്ങളുടെ ഒരു കൂട്ടം പുതിയ സെനോബോട്ടുകളായിമാറി.

വളരെ പ്രാരംഭഘട്ടത്തിലുള്ള ഒരു സാങ്കേതിക വിദ്യയാണ് നിലവില്‍ സെനോബോട്ടുകള്‍. നിലവില്‍ ഇത് ഒന്നിനും ഉപയോഗപ്രദമല്ല. എന്നാല്‍ മോളിക്യുലാര്‍ ബയോളിജിയുടേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും ഈ സംയോജനം ശരീരത്തിലും പരിസ്ഥിതിയിലും പലവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സാധിച്ചേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

Content Highlights: world's first living robots can now reproduce