രാളെ പോലെ ഏഴുപേര്‍ ഉണ്ടാകമാത്രേ! ഇങ്ങനെ കേട്ടിട്ടില്ലേ? ഇതൊരു പറച്ചില്‍ മാത്രമാണെന്ന് നമുക്കറിയാം. കാരണം നമ്മള്‍ മനുഷ്യര്‍ക്ക് എത്ര വ്യത്യസ്തമായ മുഖങ്ങളാണുള്ളത്! ഇരട്ടകളെ നോക്കിയാല്‍ പോലും ചെറിയ വ്യത്യാസങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയും. മറ്റുള്ള ജീവികളിലൊന്നും അവയുടെ മുഖങ്ങള്‍ തമ്മില്‍ കാണത്തക്ക വ്യത്യാസങ്ങള്‍ കാര്യമായി ഇല്ല. രണ്ടു കുരങ്ങന്മാരെയോ പക്ഷികളെയോ പന്നികളെയോ അവയുടെ മുഖത്തിന്റെ ആകൃതി നോക്കി തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. സാധിക്കില്ല എന്ന് പറയുന്നതാവും ശരി. പക്ഷെ മനുഷ്യരുടെ കാര്യം വ്യത്യസ്തമാണ്. നമ്മളെന്താണ് ഇങ്ങനെ....ഇതാണ് ഈ ലേഖനത്തിന്റെ വിഷയം.

മറ്റു ജീവികള്‍ക്കിടയില്‍ അവര്‍ തമ്മില്‍ പരസ്പരം തിരിച്ചരിയാറുണ്ടോ? തിരിച്ചറിയുന്നുണ്ട് എന്നാണ് ഉത്തരം. എങ്കിലും മനുഷ്യന്റെയത്ര സാമൂഹിക സങ്കീര്‍ണ്ണതകള്‍ ഇല്ലാത്തതിനാല്‍ മറ്റു ജീവികളില്‍ ഏതൊക്കെ കാര്യത്തിനാണ് പരസ്പരം തിരിച്ചറിയേണ്ടത് എന്നു പറയാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും ചില ഉദാഹരണങ്ങളുണ്ട്. കൂട്ടമായി നടക്കുന്ന ജീവികളില്‍ അമ്മയും കുഞ്ഞും പരസ്പരം തിരിച്ചറിയാറുണ്ട്. പല ജീവികളും ഇങ്ങനെ അമ്മയെയും കുഞ്ഞുങ്ങളെയും തിരിച്ചറിയുന്നത് ഗന്ധം മനസിലാക്കിയാണ്. ചില ജീവികള്‍ ശബ്ദം മനസിലാക്കി പരസ്പരം തിരിച്ചറിയുന്നു. ഉദാഹരണത്തിന്, ആയിരക്കണക്കിന് പെന്‍ഗ്വിനുകള്‍ കൂടമായി ജീവിക്കുന്ന സ്ഥലത്ത്, അവ അവയുടെ കുഞ്ഞുങ്ങളെ/അമ്മയെ തിരിച്ചറിയുന്നത് ശബ്ദം മനസിലാക്കിയാണ്. എന്നുവച്ചാല്‍ ഓരോ പെന്‍ഗ്വിനും അതിന്റെതായ ശബ്ദമുണ്ട്. നമുക്കത് കേട്ടാല്‍ ഒരേ പോലെ തോന്നുമെങ്കിലും അവയ്ക്ക് ചെറിയ വ്യത്യാസം പോലും തിരിച്ചറിയാം.

ബെര്‍ക്ക്‌ലി സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് ഏതു വിഭാഗം മനുഷ്യനെ എടുത്താലും, മുഖത്തിന്റെ ആകൃതിയിലാണ് ഏറ്റവും കൂടുതല്‍ വ്യതിയാനങ്ങള്‍ ഉള്ളതെന്നാണ്. ഇന്നത്തെ മനുഷ്യര്‍ തമ്മില്‍, നമ്മുടെ കൈകാലുകളുടെ നീളം, ശരീരത്തിന്റെ മൊത്തം നീളം എന്നിവയിലുള്ളതിനെക്കാള്‍ കൂടുതല്‍ വ്യത്യാസം നമ്മുടെ മുഖങ്ങള്‍ തമ്മിലുണ്ട്. അവര്‍ അമേരിക്കന്‍ ആര്‍മി ഡേറ്റയില്‍ നിന്ന് പട്ടാളക്കാരുടെ മുഖത്തിന്റെ ആകൃതികള്‍ വിശദമായി പഠിച്ചു. മനുഷ്യരുടെ മുഖത്തിന്റെ പ്രത്യേകിച്ചും കണ്ണുകള്‍, മൂക്ക്, വായ എന്നിവ അടങ്ങിയ ഒരു ത്രികോണഭാഗത്താണ് ഏറ്റവും കൂടുതല്‍ വ്യതിയാനങ്ങള്‍ ഉള്ളതെന്നാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത് (https://www.nature.com/articles/ncomms5800). 

മുഖത്തിന്റെ ആകൃതിയിലെ വ്യത്യാസം നമ്മുടെ ഡിഎന്‍എയിലും പ്രകടമാണ്. മനുഷ്യര്‍ തമ്മിലുള്ള പരമാവധി ജനിതകവ്യതിയാനങ്ങള്‍ 0.1 ശതമാനം മാത്രമാണ്. ഈ വ്യത്യാസം വിവിധ ജീനുകളിലായി ചിതറിക്കിടക്കുകയാണ്. ഇതില്‍ മുഖത്തിന്റെ പ്രത്യേകതകളെ സ്വാധീനിക്കുന്ന ജീനുകളിലാണ് ജനിതക വ്യത്യാസത്തിന്റെ അധിക പങ്കും. അതുകൊണ്ടുതന്നെ, നമ്മുടെ മുഖത്തിന്റെ ആകൃതികള്‍ ഇത്ര മാറിമറിഞ്ഞുവരുന്നതില്‍ അത്ഭുതമില്ല.

നാം പരസ്പരം മനസിലാക്കുന്നത് കാഴ്ചയിലൂടെയാണ്. മുഖത്തിന്റെ ആകൃതിയാണ് നമ്മെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഘ്രാണശക്തിയുടെയും കേള്‍വി ശക്തിയുടെയുമൊക്കെ കാര്യത്തില്‍ നമ്മള്‍ മറ്റു പല ജീവികളെ അപേക്ഷിച്ച് വളരെ പിന്നിലാണ്. നമുക്കത് പ്രശ്‌നവുമല്ല. കാരണം നമ്മള്‍ കാണുവാന്‍ വേണ്ടി പരിണമിച്ചവരാണ്, മണക്കുവാനല്ല. പരിണാമപാതയില്‍ നമ്മുടെ പൂര്‍വ്വികര്‍ പഴങ്ങളും തളിരിലകളും കണ്ണുകൊണ്ടു കണ്ടാണ് ഭക്ഷണമാണെന്ന് മനസിലാക്കിയിരുന്നത്, മറ്റു പല ജീവികളെയും പോലെ മണത്തല്ല. ഇതായിരിക്കുമോ നമുക്ക് കാഴ്ചയിലൂടെ തിരിച്ചറിയാന്‍ വേണ്ടി മുഖങ്ങളുടെ ആകൃതികള്‍ വളരെ വ്യത്യസ്തമായത്?

ഹോമോ വിഭാഗങ്ങള്‍ക്കും വളരെ മുമ്പു പരിണമിച്ചുവന്ന ഒറാന്‍ഗുട്ടാന്‍, ഗോറില്ല, ചിമ്പാന്‍സി എന്നിവയും കാഴ്ചയിലൂടെ തന്നെയാണല്ലോ ഭക്ഷണം കണ്ടെത്തുന്നതും മറ്റും. അവര്‍ക്കും കാഴ്ച പ്രധാനപ്പെട്ട ഒന്നാണ്. എങ്കിലും അവരില്‍ മനുഷ്യനെ അപേക്ഷിച്ച് മുഖത്തിന്റെ ആകൃതിയില്‍ വ്യതിയാനങ്ങള്‍ നന്നേ കുറവാണ്. മനുഷ്യനില്‍ വളരെ കൂടുതലും. എന്നുവച്ചാല്‍ ചിമ്പാന്‍സിയുമായുള്ള പൊതുപൂര്‍വ്വികനില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമപാതയില്‍ എവിടെയോ വച്ച് മുഖങ്ങളിലെ ആകൃതിയിലെ വ്യതിയാനങ്ങള്‍ തിരെഞ്ഞെടുക്കപ്പെട്ടു. പക്ഷെ അതിനൊരു കാരണം ആവശ്യമാണ്. വെറുതെ ഭക്ഷണം കണ്ടുമനസിലാക്കുന്നു എന്നത് മാത്രം പോര.

Facial recognition, Human Evolution
മുഖങ്ങള്‍ വ്യത്യസ്തം. ചിത്രം കടപ്പാട്: Leading Personality.

 

ഒരു പക്ഷെ ഇത് ലൈംഗീകതയുമായി ബന്ധപ്പെട്ട കാര്യമാണോ? മറ്റു പല ജീവികളിലും ലൈംഗീകമായ തിരെഞ്ഞെടുപ്പ് അവയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കാം. ഉദാഹരണത്തിന് ഗപ്പികളില്‍ അവയ്ക്ക് വ്യത്യസ്തമായ നിറങ്ങള്‍ ഉണ്ടാകുന്നു. എലികളില്‍ നടത്തിയ പഠനങ്ങളും കാണിക്കുന്നത് പെണ്‍ എലികളുടെ തിരെഞ്ഞെടുപ്പ് എലികളില്‍ ആകൃതികളില്‍ ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ്. ലൈംഗീകതയുമായി ബന്ധപ്പെട്ട ഇത്തരം തിരെഞ്ഞെടുപ്പുകള്‍ മനുഷ്യന്റെ മുഖങ്ങള്‍ക്ക് വ്യതിയാനങ്ങള്‍ ഉണ്ടാക്കുമോ? 

മനുഷ്യനില്‍ ആണിനെ ആകര്‍ഷിക്കാന്‍ ശരീരസൗന്ദര്യത്തിന്റെ മോടി കൂട്ടുന്നത് പെണ്ണുങ്ങളാണ്. ആധുനിക മനുഷ്യസ്ത്രീകളില്‍ ഇതൊരു സംസ്‌കാരത്തിന്റെ കൂടി ഭാഗമാണെങ്കിലും, അടിസ്ഥാനപരമായി ഇത്തരമൊരു മോടികൂട്ടല്‍ ഉരുത്തിരിഞ്ഞുവന്നത് ഇണചേരല്‍ ഉദ്ദേശിച്ചു  തന്നെയാണ്. പൂര്‍വ്വിക മനുഷ്യപെണ്ണുങ്ങളുടെ കാര്യത്തില്‍ മുഖത്തിന്റെ സൗന്ദര്യം കൂടുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ നല്ല ആണുങ്ങളെ ഇണചേരാന്‍ ലഭിക്കും (https://onlinelibrary.wiley.com/doi/abs/10.1111/j.1439-0310.1997.tb00178.x). ആണുങ്ങള്‍ കൂടുതല്‍ മുഖസൗന്ദര്യമുള്ള പെണ്ണുങ്ങളുമായി ഇണചേരും. അങ്ങനെ പെണ്ണുങ്ങളില്‍ മുഖങ്ങളുടെ ആകൃതികളിലെ വ്യതിയാനം കൂടിവരും. അതുപോലെ പെണ്ണുങ്ങള്‍ പുരുഷന്റെ ശക്തിയും സംരക്ഷണവും തിരഞ്ഞെടുത്താല്‍ ആണുങ്ങളില്‍ മുഖത്തിന്റെ വ്യതിയാനം അത്ര പ്രാധാന്യമില്ലാത്ത കാര്യമാകും. അങ്ങനെ മുഖത്തിന്റെ വ്യതിയാനം സ്ത്രീകളില്‍ കൂടുതലും, ആണുങ്ങളില്‍ കുറവും ആയിരിക്കണം. ഉദാഹരണത്തിന് ആണ്‍ ഗപ്പികളില്‍ വിവിധങ്ങളായ നിറങ്ങള്‍ ഉണ്ടായത് പോലെ (പെണ്‍ഗപ്പികള്‍ക്ക് ഇഷ്ടം നിറങ്ങളുള്ള ആണുങ്ങളെയാണ്). എന്തായാലും മനുഷ്യന്റെ കാര്യത്തില്‍ ആണ്‍പെണ്‍ വ്യത്യാസം ഇല്ലാതെ മനുഷ്യന്റെ മുഖത്തില്‍ വ്യതിയാനമുണ്ട്. അതുകൊണ്ട് ലൈംഗീകമായ ആകര്‍ഷണത്തിന് ഇക്കാര്യത്തില്‍ പ്രാധാന്യമില്ല.

സാമൂഹികമായി ആണിനും പെണ്ണിനും പൊതുവായ കാര്യങ്ങളാകും നമ്മുടെ മുഖത്തിന്റെ ആകൃതിയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കിയത്. മുഖത്തിന്റെ ആകൃതികള്‍ വ്യത്യസ്തമായിരുന്നാല്‍ എന്താണ് ഗുണം? ഹോമോവിഭാഗങ്ങളുടെ സാമൂഹിക സങ്കീര്‍ണ്ണതകള്‍ കൂടിവന്നപ്പോള്‍ അവിടെ പരസ്പരം തിരിച്ചറിയേണ്ടത് ആവശ്യമായി വന്നു. അമ്മയും മക്കളും തമ്മിലുള്ള തിരിച്ചറിയല്‍ മാത്രമല്ല, സ്വന്തം കൂട്ടത്തിലെ രണ്ടാളുകള്‍ തമ്മിലും തിരിച്ചറിയേണ്ടിവന്നു. ആളുകള്‍ തമ്മില്‍ പരസ്പരം തിരിച്ചറിഞ്ഞത്, വേട്ടയാടാനും, സഹകരിക്കാനും, ശത്രുവിനെ ആക്രമിക്കാനും, എന്തിനു ശരിയായ ആളോട് പരദൂഷണം പറയാന്‍ വരെ സഹായിച്ചിട്ടുണ്ടാകണം. അതിജീവനത്തിന് അനുകൂലമായ സംഗതിയാണിത്. മുഖത്തിന്റെ ആകൃതിയില്ലുള്ള ചെറിയ വ്യത്യാസം പോലും ഇങ്ങനെ അതിജീവിക്കാന്‍ സഹായിച്ചിരിക്കാം.

ഹോമോവിഭാഗങ്ങള്‍ പലതുണ്ടായിരുന്നു എന്നറിയാമല്ലോ. ഏത്  ഹോമോവിഭാഗത്തിന് ആയിരുന്നിരിക്കണം ആദ്യമായി മുഖങ്ങളില്‍ വ്യത്യാസങ്ങള്‍ പ്രകടമായി തുടങ്ങിയത്? ഇത് കൃത്യമായി നമുക്കറിയില്ല. ചിലപ്പോള്‍ ഹോമോവിഭാഗത്തിനും മുമ്പുതന്നെ മുഖത്തിന്റെ ആകൃതിയിലെ വ്യതിയാനങ്ങള്‍ തുടങ്ങിയിരിക്കാം. ഇത്തരം കാര്യങ്ങള്‍ ഫോസ്സിലുകളില്‍ നിന്നും കണ്ടുപിടിക്കുക എളുപ്പവുമല്ല. അതിനു ജനിതകവിവരം തന്നെ വേണം. നിയാണ്ടെര്‍ത്താല്‍, ഡാനിസോവാന്‍ എന്നീ ഹോമോവിഭാഗങ്ങളുടെ ഡിഎന്‍എ തണുത്തുറഞ്ഞു കിടന്നിരുന്ന ഫോസ്സില്‍ എല്ലുകളില്‍നിന്നും വേര്‍ത്തിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അവയുടെ സീക്വന്‍സിങ്  (ഡിഎന്‍എയിലെ തന്മാത്രാകോഡുകളുടെ പഠനം) കാണിക്കുന്നത് ആധുനികമനുഷ്യനുള്ള ബന്ധപ്പെട്ട ജീനുകള്‍ അവയ്ക്കും ഉണ്ടെന്നതാണ്. 

നമ്മുടെ മുഖത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ശബ്ദത്തിനും ഇങ്ങനെ വ്യതിയാനങ്ങളുടെ ഒരു പരിണാമചരിത്രം ഉണ്ടാകും. ശബ്ദത്തിലെ വ്യത്യാസവും പരസ്പരം തിരിച്ചറിയാല്‍ സഹായിക്കുമല്ലോ. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍. രാത്രി പതുങ്ങി നടന്നുവരുന്നയാള്‍ ശത്രുവാണോ മിത്രമാണോ എന്നറിയാന്‍ ഒരു വഴി ശബ്ദമാണല്ലോ. ശബ്ദം കറക്റ്റ് ആണെങ്കില്‍ തല്ലിക്കൊല്ലില്ല. അങ്ങനെ അങ്ങ് കൊല്ലുമോ എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. അക്കാലത്ത് ഒരു വലിയ ശതമാനം മനുഷ്യരും മരിച്ചിരുന്നത് പരസ്പരമുള്ള ആക്രമണങ്ങള്‍ കാരണമായിരുന്നു.

മുഖങ്ങളുടെ ആകൃതികള്‍ മാത്രമല്ല, മുഖംകൊണ്ട് കാണിക്കുന്ന വിവിധ ഭാവങ്ങളും മനുഷ്യരുടെ പ്രത്യേകതയാണ്. മറ്റു മൃഗങ്ങള്‍ ഇങ്ങനെ കാണിക്കാറില്ല. കുരങ്ങന്മാര്‍ മുഖഭാവം കൊണ്ട് വളരെ ചെറിയ തോതില്‍ ആശയ വിനിമയം ചെയ്യാറുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇതൊന്നും മനുഷ്യരുടെ ഏഴയലത്ത് വരില്ല. ദേഷ്യം, കരച്ചില്‍, വിഷമം, സന്തോഷം, ചിരി, പ്രണയം, പുച്ഛം എന്നുതുടങ്ങി പല പല വികാരങ്ങളും നമ്മുടെ മുഖത്ത് പ്രത്യക്ഷപ്പെടാം. ആദ്യകാലങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ മുഖത്തെ ഭാവങ്ങള്‍ ആശയ വിനിമയത്തിന് ഉപയോഗിച്ചിരുന്നിരിക്കാം. ഉദാഹരണത്തിന് പുരികം അനക്കാന്‍ കഴിയുന്ന പ്രത്യേകത ആശയവിനിമയം ചെയ്യുന്നതിന്റെ ഭാഗമായി പരിണമിച്ചു വന്നതാണ് എന്ന് പഠനങ്ങള്‍ കാണിക്കുന്നു (https://goo.gl/qjRk81).

ഭൂമിയിലെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ തമ്മിലും മുഖത്തിന്റെ ആകൃതികളില്‍ കാര്യമായ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍ മനുഷ്യരെ എടുത്താല്‍ മുഖത്തിന്റെ ആകൃതികള്‍ വ്യത്യാസമാണ് എന്ന് കാണാം. അവര്‍ ജീവിച്ചിരുന്ന കാലാവസ്ഥക്ക് അനുസരിച്ച് ഉരുത്തിരിഞ്ഞു വന്നതാവണം ഇത്തരം ചെറിയ മാറ്റങ്ങള്‍. 

Content Highlights: Face Shap of men, Anthropology, Facial recognition, Human Evolution