ഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം മാറ്റാനാവുമോ എന്ന് പരീക്ഷിക്കാന്‍ നാസ വിക്ഷേപിച്ച ഡാര്‍ട്ട് പേടകം വിക്ഷേപിച്ചത് നമ്മള്‍ കണ്ടു. എന്താണ് ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കാനിടയുള്ള ഛിന്നഗ്രഹങ്ങളെ ഇത്തരം പ്രതിരോധ മാര്‍ഗങ്ങളിലൂടെ വഴിതിരിച്ച് വിടാനാവുമോ എന്നാണ് ശാസ്ത്രലോകം ഇതിലൂടെ അന്വേഷിക്കുന്നത്. 

ഛിന്നഗ്രഹം എന്ന പേരിനൊപ്പം ഉല്‍ക്കയെന്നും വാല്‍നക്ഷത്രമെന്നുമെല്ലാം നമ്മള്‍ കേട്ടിട്ടുണ്ട്. എന്താണ് ഇവ തമ്മിലുള്ള ബന്ധം ഇവ മൂന്നും ഒന്നാണോ? 

സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന വസ്തുക്കളാണ് ഇവ മൂന്നുമെന്ന് നാസയിലെ നിയര്‍ എര്‍ത്ത് ആസ്റ്ററോയിഡ് വിദഗ്ദനായ ഡോ. റയാന്‍ പാര്‍ക്ക് പറയുന്നു. 

Asteroids
ഛിന്നഗ്രഹങ്ങൾ | Photo: Gettyimages

എന്താണ് ഛിന്നഗ്രഹം അഥവാ ആസ്റ്ററോയ്ഡ് ?

സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളേക്കാൾ വളരെ ചെറിയ ശിലാ വസ്തുവാണ് ഛിന്നഗ്രഹം. ദൂരദര്‍ശിനികളിലൂടെ നോക്കുമ്പോള്‍ ഇവ ഒരുപ്രകാശ കേന്ദ്രമായാണ് കാണുക. ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ആസ്റ്ററോയ്ഡ് ബെല്‍റ്റ് എന്നറിയപ്പെടുന്ന ഭ്രമണപഥത്തിലാണ്. ചില ഛിന്നഗ്രഹങ്ങള്‍ ഉരുണ്ടതും ചിലത് നീളമുള്ളതുമാണ്. ഇതില്‍ ചിലതിന് ഉപഗ്രഹങ്ങളുമുണ്ടാവും. ചിലതിന് ഭൂമിയിലെ ഒരു നഗരത്തോളം വലിപ്പമുണ്ടാവും. നാസയുടെ ഡാര്‍ട്ട് പേടകം കൂട്ടിയിടിക്കാന്‍ പോവുന്നത് ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തിന്റെ ഉപഗ്രഹ ചിന്നഗ്രഹമായ ഡിമോര്‍ഫസിനെയാണ്.

Comet
വാൽനക്ഷത്രം | Photo: Gettyimages

എന്താണ് വാല്‍ നക്ഷത്രം അഥവാ കൊമെറ്റ്

വാല്‍നക്ഷത്രവും സൂര്യനെ ചുറ്റുന്ന ബഹിരാകാശ വസ്തുതന്നെയാണ്. എന്നാല്‍ ഛിന്നഗ്രഹത്തെ പോലെ ഇത് ഒരു ശിലയല്ല. ഐസും പൊടിപടലങ്ങളും ചേര്‍ന്നുണ്ടായ വസ്തുക്കളാണിവ. വാല്‍നക്ഷത്രം സൂര്യനോട് അടുക്കുമ്പോള്‍ ഇതിലെ ഐസും പൊടിപടലങ്ങളും ആവിയായി പോവുന്നു. ഇത് ദൂരദര്‍ശിനിയിലൂടെ നോക്കുമ്പോള്‍ ഈ ആവി വാല്‍ പോലെ കാണപ്പെടും. ഇതാണ് വാല്‍ നക്ഷത്രം എന്ന പേര് വരാന്‍ കാരണം.

Meteorite
ഭൂമിയിൽ പതിച്ച ഉൽക്കാശില 

എന്താണ് ഉല്‍ക്ക അഥവാ മെറ്റിയോര്‍

ഛിന്നഗ്രഹങ്ങളുടെ ചെറിയ കഷ്ണങ്ങളാണ് ഉല്‍ക്കകള്‍. സാധാരണ ഉരുണ്ട കല്ലുകളെ പോലെ. ബഹിരാകാശ വസ്തുക്കള്‍ തമ്മിലുള്ള കൂട്ടിയിടിയിലൂടെയാണ് ഇവ സൃഷ്ടിക്കപ്പെടുന്നത്. ഈ ചെറിയ ഉല്‍ക്കകള്‍ (Meteoride) ഭൂമിയോട് അടുക്കുമ്പോള്‍ ഭൂഗുരുത്വാകര്‍ഷണ ബലം കൊണ്ട് അത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നു. അതിവേഗത്തിലാണ് ഇത് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ അന്തരീക്ഷത്തില്‍ വെച്ച് ഇത് കത്തിയമരുന്നു. ഈ പ്രക്രിയയുടെ ഫലമായാണ് കൊള്ളിയാന്‍, കൊള്ളിമീന്‍ എന്നെല്ലാം വിളിക്കപ്പെടുന്ന നീളന്‍ പ്രകാശം ആകാശത്ത് സൃഷ്ടിക്കപ്പെടുന്നത്. ആകാശത്ത് നീളത്തില്‍ മിന്നിമറയുന്ന നക്ഷത്രം കണ്ടാല്‍ അത് ഉല്‍ക്കാ പതനമാണെന്ന് മനസിലാക്കാം. എന്നാല്‍ അന്തരീക്ഷത്തില്‍ കത്തിയമരാതെ ബാക്കിവരുന്ന ഉല്‍ക്കാ ഭാഗങ്ങള്‍ ചിലപ്പോള്‍ ഭൂമിയില്‍ പതിക്കാറുണ്ട്. ഇതിനെയാണ് ഉല്‍ക്കാശില (Meteorite) എന്ന് പറയുന്നത്.

Content Highlights: What's the Difference Between Asteroids, Comets, and Meteors