വിമാനത്താവളം എന്നേ നമ്മള്‍ കേട്ടിട്ടുള്ളൂ. വിമാനയാത്രകള്‍ക്ക് സൗകര്യമൊരുക്കുന്ന ഇടങ്ങളാണ് എയര്‍ പോര്‍ട്ട് അഥവാ വിമാനത്താവളം. അപ്പോള്‍ 'ബഹിരാകാശത്താവളം' എന്നാല്‍ എന്താണ്? കേട്ട് പരിചയമില്ലാത്ത വാക്കായിരിക്കാം. എന്നാല്‍ സംശയിക്കേണ്ട. ബഹിരാകാശ യാത്രകള്‍ക്ക് സൗകര്യമൊരുക്കുന്ന ഇടം തന്നെയാണ് സ്‌പേസ് പോര്‍ട്ട് അഥവാ ബഹിരാകാശത്താവളം. അങ്ങനെ ഒരു ബഹിരാകാശത്താവളം മെക്‌സിക്കോയില്‍ ഒരുക്കിയിരിക്കുകയാണ് വിര്‍ജിന്‍ ഗാലക്ടിക് എന്ന കമ്പനി. ബഹിരാകാശത്തേക്ക് വിനോദയാത്ര സാധ്യമാക്കുന്നതിനാണ് വിര്‍ജിന്‍ ഗാലക്ടിക് ഇങ്ങനെ ഒരിടം ഒരുക്കിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിര്‍ജിന്‍ ഗാലക്ടിക് നിര്‍മിച്ച വാഹനത്തില്‍ രണ്ട് പൈലറ്റുമാര്‍ വിജയകരമായി ബഹിരാകാശയാത്ര നടത്തിയിരുന്നു. മനുഷ്യനെ ബഹിരാകാശത്തേക്കെത്തിച്ച ആദ്യ സ്വകാര്യ സ്ഥാപനവും വിര്‍ജിന്‍ ഗാലക്ടിക് ആണ്. ഈ വര്‍ഷം അവസാനത്തോടെ സഞ്ചാരികളുമായി ആദ്യ ബഹിരാകാശ യാത്ര നടത്താനൊരുങ്ങുകയാണ് കമ്പനി.
ഇതിന് മുന്നോടിയായാണ് ബഹിരാകാശ വിനോദ സഞ്ചാരികള്‍ക്ക് യാത്രാ സൗകര്യങ്ങളൊരുക്കുന്നതിന് വിമാനത്താവളങ്ങളുടെ മാതൃകയില്‍ വിര്‍ജിന്‍ ഗാലക്ടിക് സൗകര്യമൊരുക്കിയത്. ഒരു യാത്രയ്ക്ക് ഏകദേശം 241771 ഡോളര്‍ (1.72 കോടിയിലധികം രൂപ) ആയിരിക്കും ടിക്കറ്റ് നിരക്ക്.
വാണിജ്യാവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത ആദ്യ സ്‌പേസ് പോര്‍ട്ട് പ്രവര്‍ത്തന സജ്ജമായതായി വിര്‍ജിന്‍ ഗാലക്ടിക് പറഞ്ഞു.
എല്ലാ ബഹിരാകാശ യാത്രകളും ഇവിടെ നിന്നായിരിക്കുമെന്ന് വിര്‍ജിന്‍ ഗാലക്ടിക് ഉടമസ്ഥനും മേധാവിയുമായ ബ്രാന്‍സണ്‍ പറഞ്ഞു. 'സ്‌പേസ് പോര്‍ട്ട് അമേരിക്ക' എന്നാണ് ബ്രാന്‍സണ്‍ ഈ സ്‌പേസ് പോര്‍ട്ടിനെ വിശേഷിപ്പിക്കുന്നത്. മൊജാവ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ വിര്‍ജിന്‍ ഗാലക്ടിക് പരീക്ഷണ പറക്കലുകള്‍ നടത്തുന്നുണ്ട്.
ഇതുവരെ 600 ആളുകള്‍ ബഹിരാകാശ യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇതുവഴി 558.88 കോടിയിലധികം രൂപ കമ്പനിയ്ക്ക് ലഭിച്ചു.
സ്‌പേസ് പോര്‍ട്ടിന്റെ അകത്തെ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഭാവി ബഹിരാകാശ യാത്രികരെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കഫറ്റീരിയകളും ഇരിപ്പിടങ്ങളും ഗാലറിയും ഇതിനകത്ത് ഒരുക്കിയിരിക്കുന്നു. വിര്‍ജിന്‍ ഗാലക്ടികിന്റെ ബഹിരാകാശ വാഹനത്തിന് പറന്നുയരാന്‍ സാധിക്കും വിധമാണ് റണ്‍വേ ഒരുക്കിയിരിക്കുന്നത്.
വിര്‍ജിന്‍ ഗാലക്ടികിന്റെ വാഹനമായ സ്‌പേസ് ഷിപ്പ് റ്റൂവില്‍ രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമടക്കം എട്ട് പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിക്കുക.
ടിക്കറ്റിന് കോടികള്‍ വിലയുള്ളതിനാല്‍ കോടീശ്വരന്മാരായ വ്യവസായികള്‍ക്കും സിനിമാതാരങ്ങള്‍ക്കും ഗവേഷകര്‍ക്കുമായിരിക്കും തുടക്കത്തില്‍ സ്‌പേസ് ഷിപ്പ് റ്റുവില്‍ യാത്രചെയ്യാനാവുക. എന്നാല്‍ ഭാവിയില്‍ ടിക്കറ്റ് നിരക്ക് 40000 ഡോളറിലേക്ക് (28.53 ലക്ഷം രൂപ) കുറയ്ക്കാനും കമ്പനി ആഗ്രഹിക്കുന്നുണ്ട്. ബഹിരാകാശ യാത്രകള്‍ സാധാരണ മനുഷ്യര്‍ക്കും സാധ്യമാകുന്നൊരു കാലം വരുമെന്ന് തീര്‍ച്ച.
Content Highlights: Virgin Galactic reveals Spaceport for space flight operations