യു.എ.ഇയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ ഹോപ്പ് ആദ്യമായി പകര്‍ത്തിയ ചൊവ്വയുടെ ചിത്രം ഭൂമിയിലേക്കയച്ചു. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടന്നതിന് ശേഷം പകര്‍ത്തിയ ചിത്രമാണിത്. 

സൗരയൂഥത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ അഗ്നിപര്‍വതമായ ഒളിംപസ് മോണ്‍സ് ചിത്രത്തില്‍ കാണാം. ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് ഏകദേശം 25,000 കിലോ മീറ്റര്‍ ദൂരത്ത് നിന്നാണ് ചിത്രം പകര്‍ത്തിയത്. സൂര്യോദയ സമയത്തെ അഗ്നിപര്‍വതത്തിന്റെ ദൃശ്യമാണിതില്‍. 

യു.എ.ഇ. ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം ട്വിറ്ററില്‍ ഈ ചിത്രം പങ്കുവെച്ചു. ഒളിംപസ് മോണ്‍സ് അഗ്നിപര്‍വതത്തെ കൂടാതെ ആസ്‌ക്രിയസ് മോണ്‍സ്, പാവോനിസ് മോണ്‍സ്, അര്‍സിയ മോണ്‍സ് എന്നീ അഗ്നിപര്‍വതങ്ങളും ചിത്രത്തില്‍ കാണാം. 

ചൊവ്വയുമായുള്ള ദൂരം കുറഞ്ഞ സമയത്ത് വിക്ഷേപിക്കപ്പെട്ട മൂന്ന് ചൊവ്വാ പര്യവേക്ഷണ ദൗത്യങ്ങളിലൊന്നാണ് യു.എ.ഇയുടെ ഹോപ്പ്. ചൊവ്വയുടെ കാലാവസ്ഥയെ കുറിച്ചുള്ള പഠനമാണ് ഹോപ്പ് ലക്ഷ്യമിടുന്നത്. 

1000 കിലോ മീറ്റര്‍ ദൂരപരിധിയില്‍ വരെ ഹോപ്പ് ഓര്‍ബിറ്റര്‍ ചൊവ്വയെ വലംവെക്കും. ഒരു ചൊവ്വാ വര്‍ഷക്കാലം  (ഭൂമിയിലെ 687 ദിവസങ്ങള്‍) ഹോപ്പ് ചൊവ്വയുടെ അന്തരീക്ഷം നിരീക്ഷിക്കും. 2021 സെപ്റ്റംബറില്‍ ശേഖരിച്ച വിവരങ്ങള്‍ ഭൂമിയിലേക്ക് അക്കും. ഈ വിവരങ്ങള്‍ ലോകത്താകമാനമുള്ള ശാസ്ത്രജ്ഞര്‍ക്ക് ലഭ്യമാക്കും.

Content Highlights: UAE’s Hope probe sends back its first image of Mars