സ്റ്റോക്‌ഹോം: തന്മാത്രകളും അതിന്റെ പ്രതിബിംബ രൂപവും നിര്‍മിക്കാന്‍ നവീന മാതൃക സൃഷ്ടിച്ച ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ബെന്‍ജമിന്‍ ലിസ്റ്റും സ്‌കോട്ടിഷ് ശാസ്ത്രജ്ഞന്‍ ഡേവിഡ് മാക്മില്ലനും രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. ഔഷധ നിര്‍മാണരംഗത്തും സൗരോര്‍ജ പാനലുകളുടെ നിര്‍മാണത്തിലും മുന്നേറ്റമുണ്ടാക്കുന്നതാണ് കണ്ടുപിടിത്തം. സൗരോര്‍ജമേഖലയിലെ പ്രാധാന്യത്തോടെ, രാസപ്രവര്‍ത്തനങ്ങള്‍ പ്രകൃതിയിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതായി രസതന്ത്രത്തില്‍ നിന്നുള്ള ഇത്തവണത്തെ നൊബേല്‍ എന്ന വിശേഷണവുമുണ്ട്. അതുകൊണ്ടുതന്നെ ഹരിതാഭവും മനുഷ്യപുരോഗതിയില്‍ നിര്‍ണായകവുമാണ് കണ്ടുപിടിത്തമെന്നാണ് നൊബേല്‍ സമിതിയുടെ വിലയിരുത്തല്‍.

തന്മാത്രകളുടെ നിര്‍മാണത്തിന് ജൈവരാസത്വരണമെന്ന (ഓര്‍ഗാനോ കാറ്റലിസിസ്) എന്ന കണ്ടുപിടിത്തം രണ്ടായിരത്തിലാണ് ഇവര്‍ നടത്തുന്നത്. വെളിച്ചം ആഗിരണം ചെയ്യുന്ന തന്മാത്രകളാണ് സൗരോര്‍ജ സെല്ലുകളില്‍ പ്രയോജനപ്പെടുക. തന്മാത്രകളുടെ പ്രതിബംബരൂപത്തില്‍ പുതിയ തന്മാത്രകള്‍ സൃഷ്ടിക്കുന്നത് മരുന്ന് നിര്‍മാണരംഗത്ത് കാര്യമായ ചലനങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

ലോഹങ്ങളും രാസാഗ്‌നികളും (എന്‍സൈം) മാത്രമാണ് രാസപ്രവര്‍ത്തനങ്ങളെ ത്വരപ്പെടുത്തുന്ന ഉത്പ്രേരകങ്ങളായി പ്രവര്‍ത്തിക്കൂ എന്ന ധാരണയാണ് ഇവര്‍ പൊളിച്ചെഴുതിയത്.


പുരസ്‌കാരം തന്മാത്രകളുടെ ശില്പികള്‍ക്ക്

നൊബേല്‍ ജേതാക്കളില്‍ ഒരാളായ ബെഞ്ചമിന്‍ ലിസ്റ്റ് രൂപപ്പെടുത്തിയ 'പ്രോ ലൈന്‍' തന്മാത്രയുടെ മാതൃക സ്റ്റോക്ഹോമിലെ നൊബേല്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കണ്ടെത്തല്‍ മരുന്ന് നിര്‍മാണത്തില്‍വഴിത്തിരിവായി

തന്മാത്രകള്‍ രൂപപ്പെടുത്തുന്നത് പ്രയാസമേറിയ കലയാണ്. ഈ കലയിലെ അതികായരായ രണ്ടു ശാസ്ത്രജ്ഞരെ തേടിയാണ് ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ എത്തിയത്. തന്മാത്രകള്‍ രൂപപ്പെടുത്തുന്നതിന് ഏറ്റവും കൃത്യതയാര്‍ന്ന രീതി വികസിപ്പിച്ച ജര്‍മനിയിലെ മാക്‌സ് പ്ലാന്‍ക് സര്‍വകലാശാലയിലെ രസതന്ത്രജ്ഞന്‍ ബെഞ്ചമിന്‍ ലിസ്റ്റും അമേരിക്കയിലെ പ്രിന്‍സ്ടൗണ്‍ സര്‍വകലാശാലയിലെ രസതന്ത്ര പ്രൊഫസര്‍ ഡേവിഡ് ഡബ്ല്യു.സി.മാക്മിലനും മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിന് വലിയ സംഭാവനയാണ് നല്‍കിയതെന്ന് പുരസ്‌കാരസമിതി വിലയിരുത്തി.

അയവുള്ളതും ഏറെക്കാലം നിലനില്‍ക്കുന്നതുമായ തന്മാത്രകള്‍ രൂപപ്പെടുത്തുന്നതിലുള്ള രസതന്ത്രജ്ഞരുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷണ, വ്യവസായ മേഖലയുടെ വികാസം. രാസപ്രവര്‍ത്തനങ്ങളുടെ ഗതി നിശ്ചയിക്കുന്ന, എന്നാല്‍ ഉത്പന്നമായി മാറാത്ത ഉത്പ്രേരകങ്ങളാണ് ഇവിടെ അത്യാവശ്യം. ലോഹങ്ങളും രാസാഗ്‌നികളും മാത്രമാണ് ഉത്പ്രേരകങ്ങള്‍ എന്നായിരുന്നു കരുതിയിരുന്നത്.

2000-ല്‍ രണ്ട് വ്യത്യസ്ത പഠനങ്ങളിലൂടെ ഇതു തിരുത്തുകയാണ് മാക്മിലനും ലിസ്റ്റും ചെയ്തത്. ഉത്പ്രേരകങ്ങള്‍ ഓര്‍ഗാനിക് രൂപത്തിലും ആവാം എന്നതാണ് ഇവര്‍ കണ്ടെത്തിയത്. 2000-ലാണ് തന്മാത്രയും അതിന്റെ പ്രതിബിംബവും വികസിപ്പിക്കാന്‍ സഹായിക്കുന്ന ഓര്‍ഗാനോകാറ്റലിസിസ് എന്ന കണ്ടുപിടിത്തം ഇവര്‍ നടത്തുന്നത്.

പരിസ്ഥിതിസൗഹാര്‍ദവും നിര്‍മാണച്ചെലവ് കുറഞ്ഞതുമായ ഇവയുടെ ഉപയോഗം 2000-ത്തോടെ വ്യാപകമായത് വിവിധ നിര്‍മാണരംഗങ്ങളില്‍ വിപ്ലവം സൃഷ്ടിച്ചു.

സൗരോര്‍ജ സെല്ലുകളില്‍ വെളിച്ചം പിടിച്ചെടുക്കാന്‍ സാധിക്കുന്ന തന്മാത്രകള്‍മുതല്‍ മരുന്നുനിര്‍മാണ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന തന്മാത്രകള്‍വരെ ഇത്തരത്തില്‍ രൂപംകൊണ്ടത് രസതന്ത്രത്തെ ഹരിതാഭവും മനുഷ്യജീവിതം സുഖപ്രദവുമാക്കിയതായി നൊബേല്‍ സമിതി നിരീക്ഷിച്ചു.