Tree of life
ഭൂമിയിലെ മൊത്തം ജീവരൂപങ്ങളുടെയും 350 കോടി വര്‍ഷത്തെ ചരിത്രം വ്യക്തമാക്കുന്ന 'ജീവന്റെ വൃക്ഷ'ത്തിന്റെ ആദ്യരൂപരേഖ. കടപ്പാട്: opentreeoflife.org

 

 

'ജീവന്റെ വൃക്ഷം' എന്ന് പറയാന്‍ എളുപ്പമാണ്. ഭൂമുഖത്തെ മുഴുവന്‍ ജീവജാതികളെയും അവയുടെ പിന്‍വഴികളിലേക്ക് ബന്ധിപ്പിക്കുകയാണ് ജീവന്റെ വൃക്ഷം തയ്യാറാക്കുന്നവര്‍ ചെയ്യുക. അതുപക്ഷേ, പറയുന്നതുപോലെ അത്ര എളുപ്പമല്ല. 

 

അറിയപ്പെടുന്ന 23 ലക്ഷം ജീവജാതികള്‍ ഭൂമുഖത്തുണ്ടെന്നാണ് കണക്ക്. അവയെ മുഴുവന്‍, 350 കോടി വര്‍ഷം മുമ്പ് ഭൂമിയില്‍ ജീവനുത്ഭവിച്ച കാലം വരെയുള്ള ചരിത്രത്തിലേക്ക് ബന്ധപ്പെടുത്തുന്നതില്‍ ഒരുസംഘം ഗവേഷകര്‍ ആദ്യവിജയം നേടിയിരിക്കുന്നു. 

 

'ജീവന്റെ വൃക്ഷം' ( tree of life ) സംബന്ധിച്ച സമഗ്രരൂപരേഖയുടെ ആദ്യദൃശ്യമാണ് ഇതുവഴി ഗവേഷകര്‍ സൃഷ്ടിച്ചതെന്ന്, ഡ്യൂക്ക് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു. 11 സ്ഥാപനങ്ങളിലെ ഗവേഷകര്‍ ഇതിനായി കൈകോര്‍ത്തു. 

 

ആദ്യത്തെ ഏകകോശജീവികള്‍ മുതല്‍ സങ്കീര്‍ണ ജൈവഘടനയുള്ള മനുഷ്യന്‍ വരെ നീളുന്നതാണ് ഭൂമിയിലെ ജീവന്റെ ചരിത്രം. അവയെ മുഴുവന്‍ പരസ്പരം ബന്ധിപ്പിച്ച് 'ജീവന്റെ വൃക്ഷം' സൃഷ്ടിക്കുകയെന്നത് അങ്ങേയറ്റം ശ്രമകരമായ ദൗത്യമാണ്. ആ ദൗത്യം പൂര്‍ത്തിയാക്കുന്നതിലാണ് ഗവേഷകര്‍ ആദ്യവിജയം നേടിയത്.

 

'ജീവന്റെ വൃക്ഷം' തയ്യാറാക്കി, വ്യത്യസ്ത ജീവിവര്‍ഗങ്ങള്‍ തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ മുമ്പും ഒട്ടേറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. മുമ്പ് തയ്യാറാക്കിയ 'ജീവന്റെ വൃക്ഷ'ങ്ങളില്‍ പരമാവധി ഉള്‍പ്പെടുത്താനായത് ഒരുലക്ഷം ജീവിയിനങ്ങളെ വരെയാണ്. 

 

അറിയപ്പെടുന്ന എല്ലാ ജീവരൂപങ്ങളെയും ഉള്‍പ്പെടുത്തി ജീവന്റെ വൃക്ഷം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നത് ആദ്യമായാണെന്ന്, ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡ്യൂക്ക് സര്‍വകലാശാലയിലെ കരണ്‍ ക്രാന്‍സ്റ്റണ്‍ ചൂണ്ടിക്കാട്ടി. 

 

ആദ്യം മുതല്‍ തുടങ്ങുന്നതിന് പകരം, 'ജീവന്റെ വൃക്ഷ'ത്തിന്റെ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ള നൂറുകണക്കിന് ചെറുരൂപങ്ങളെ കൂട്ടിയിണക്കി ആദ്യ കരട് തയ്യാറാക്കുകയാണ് ഗവേഷകര്‍ ചെയ്തത്. ഏതാണ്ട് 500 ഓളം മുന്‍പഠനങ്ങള്‍ ഇതിനായി ഉപയോഗിച്ചു. 

 

സമഗ്രമായ 'ജീവന്റെ വൃക്ഷം' തയ്യാറാക്കാന്‍ ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് അതിന്റെ ആദ്യരൂപരേഖ മാത്രം. 

 

ക്രാന്‍സ്റ്റണും സംഘവും രൂപപ്പെടുത്തിയ ജീവന്റെ വൃക്ഷത്തിന്റെ ആദ്യ വേര്‍ഷന്‍ വെബ്ബില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ലോകമെങ്ങുമുള്ള ഗവേഷകര്‍ക്ക് പഠിക്കാന്‍ കഴിയും. 'പ്രൊസീഡിങ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'ന്റെ പുതിയ ലക്കത്തില്‍ ഇതെക്കുറിച്ചുള്ള ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.