നൂറ്റാണ്ടുകള്‍ക്കപ്പുറം ജീവിച്ചിരുന്ന ജീവജാലങ്ങളെ കുറിച്ചുള്ള തെളിവുകള്‍ ലഭിക്കുന്നത് ഫോസിലുകളുടെ പഠനത്തിലൂടെയാണ്. മണ്ണിലും മഞ്ഞിലും പുതഞ്ഞുപോയ നിരവധി ഫോസിലുകള്‍ 

മരക്കറയില്‍ (Amber) കുടുങ്ങിപ്പോയ ഫോസിലുകളോട് ഗവേഷകര്‍ക്ക് വലിയ താത്പര്യമാണ്. സാധാരണ ഫോസിലുകള്‍ കണ്ടെടുക്കുന്ന ഇടങ്ങളില്‍ നിന്ന് ലഭിക്കാത്ത ചെറു ജീവജാലങ്ങളെ കാലങ്ങളോളം കാത്തുസൂക്ഷിക്കാന്‍ മരക്കറയ്ക്ക് സാധിക്കുമെന്നതിനാലാണത്. എട്ടുകാലികള്‍, പല്ലികള്‍, സൂക്ഷ്മ ജീവികള്‍, പ്രാണികള്‍, പക്ഷികള്‍, എന്തിന് ചെറു ദിനോസറിനെ വരെ ഇങ്ങനെ മരക്കറയില്‍ നിന്ന് പലപ്പോഴായി കിട്ടിയിട്ടുണ്ട്.

എന്നാല്‍ ഇപ്പറഞ്ഞ ജീവികളെല്ലാം തന്നെ കരയില്‍ വസിക്കുന്നതും പലപ്പോഴും മരത്തില്‍ കയറാന്‍ കഴിവുള്ളതും അതില്‍ ജീവിക്കുന്നതുമാണ്. എന്നാല്‍ ജലാശയ ജീവിയായ ഞണ്ടിന്റെ ഫോസിലാണ് ഇപ്പോള്‍ 10 കോടി വർഷം പഴക്കമുള്ള മരക്കറയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ചൈന,അമേരിക്ക,കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ വടക്കന്‍ മ്യാന്മറില്‍ നിന്ന് കണ്ടെത്തിയ ഈ ഫോസിലില്‍ പഠനം നടത്തിവരികയാണ്.  

'ക്രെറ്റാപ്‌സര അഥാനറ്റ' എന്നാണ് ഈ കുഞ്ഞന്‍ ഞണ്ടിന് പേര് നല്‍കിയിരിക്കുന്നത്. ഞണ്ട് ജീവിച്ചിരുന്നതായി കണക്കാക്കുന്ന ദിനോസര്‍ യുഗ കാലമായ ക്രെറ്റേഷ്യസ് , ഏഷ്യന്‍ മിത്തുകളില്‍ ജലത്തിന്റെയും മേഘങ്ങളുടെയും ദേവതയായ അപ്‌സര എന്നിവ ചേര്‍ന്നാണ് ക്രെറ്റാപ്‌സര എന്ന വാക്കുണ്ടായത്. അഥാനറ്റ എന്ന പേര് വന്നത് അനശ്വരമായ എന്നര്‍ത്ഥം വരുന്ന അഥാനറ്റോസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ്. 

10 കോടി വര്‍ഷം ജീവിച്ചിരുന്ന ഈ ഞണ്ടുകള്‍ക്ക് ഇന്ന് തീരപ്രദേശങ്ങളില്‍ കാണുന്ന ഞണ്ടുകളുമായി സാമ്യമുണ്ട്. സ്പര്‍ശനികളായ കൊമ്പുകള്‍, ചെകിളകള്‍, നേര്‍ത്ത രോമങ്ങള്‍, വായ് ഭാഗങ്ങള്‍ എന്നിവ ഫോസില്‍ ഞണ്ടിനുണ്ട്. അഞ്ച് മില്ലി മീറ്റര്‍ നീളം മാത്രമാണ് ഇതിനുള്ളത്. ഞണ്ടിന്റെ കുഞ്ഞാണിതെന്ന് കരുതുന്നു. 

ഇത് കടലിലോ പൂര്‍ണമായും കരയിലോ ജീവിച്ചിരുന്ന ഞണ്ടല്ല എന്നാണ് ഗവേഷകരുടെ അനുമാനം. വനമേഖലയില്‍ ശുദ്ധജലത്തിലോ ഒരുപക്ഷേ ഉപ്പുവെള്ളത്തിലോ ജീവിച്ചിരുന്നതാകാമെന്ന് അവര്‍ കരുതുന്നു. റെഡ് ക്രിസ്മസ് ഐലന്റെ ക്രാബുകളെ പോലെ കുഞ്ഞുങ്ങളെ പുറത്തുവിടുന്നതിനായി കടല്‍ തീരത്തിലേക്ക് കുടിയേറുന്ന ഞണ്ടുകളെ പോലെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കരയിലൂടെ സഞ്ചരിക്കുന്നവയുമാകാം ഇതെന്നും അവര്‍പറയുന്നു. 

ദിനോസര്‍ യുഗത്തിലെ ഞണ്ടുകളുടെ ഫോസിലുകള്‍ നേരത്തെയും കിട്ടിയിട്ടുണ്ടെങ്കിലും അപൂര്‍ണമായിരുന്നു അവയില്‍ ഭൂരിഭാഗവും. എന്നാല്‍ ക്രെറ്റപ്‌സര, ഞണ്ടുകളുടെ ചരിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു. ദിനോസര്‍ യുഗത്തില്‍ തന്നെ ഞണ്ടുകള്‍ കടല്‍ ജലത്തില്‍ നിന്നും കരയിലേക്കും ശുദ്ധജലത്തിലേക്കും ചേക്കേറിയെന്നും ഞണ്ടുകളുടെ പരിണാമം നേരത്തെ കരുതിയിരുന്നതിനേക്കാളും വളരെ മുമ്പ് നടന്നിരുന്നുവെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. 

ഫോസില്‍ രേഖകളില്‍ കടല്‍ ഞണ്ടുകളല്ലാത്തവ ഏകദേശം അഞ്ച് കോടി വര്‍ഷം മുമ്പാണ് രൂപപ്പെട്ടത് എന്നാണ് ഇതുവരെ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഫോസില്‍ അതിന്റെ ഇരട്ടിയിലേറെ പ്രായമുള്ളതാണ്.