ചൊവ്വാ രഹസ്യകുതുകികള്‍ക്ക് ആവേശമുണ്ടാക്കുന്ന മാസമായിരിക്കും ഈ വര്‍ഷത്തെ ഫെബ്രുവരി. ചുവന്ന ഗ്രഹത്തെ ലക്ഷ്യമിട്ട് ഭൂമിയില്‍നിന്ന് പുറപ്പെട്ട മൂന്ന് ദൗത്യങ്ങള്‍ ഫെബ്രുവരിയില്‍ ചൊവ്വയിലെത്തും. ജൂലായില്‍ വിക്ഷേപിക്കപ്പെട്ട യു.എ.ഇയുടെ ആദ്യ ചൊവ്വാ ദൗത്യമായ ഹോപ്പ് ഓര്‍ബിറ്റര്‍, ചൈനയുടെ ടിയാന്‍വെന്‍-1, നാസയുടെ പെര്‍സവറന്‍സ് റോവര്‍ എന്നിവയാണ് ചൊവ്വയിലെത്തുക.
ഹോപ്പ് ഓര്‍ബിറ്റര്‍
ഫെബ്രുവരി ഒമ്പതോടെയാണ് ഹോപ്പ് ഓര്‍ബിറ്റര്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുക. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ശൂന്യാകാശ ഗവേഷണ പദ്ധതിയാണിത്. 2020 ജൂലായ് 19-നാണ് ഹോപ്പ് ഓര്‍ബിറ്റര്‍ വിക്ഷേപിച്ചത്. കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാല, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി എന്നിവരുമായി ചേര്‍ന്നാണ് യു.എ.ഇ. ബഹിരാകാശ സംഘടനയായ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രം ഹോപ്പ് ഓര്‍ബിറ്റര്‍ വികസിപ്പിച്ചത്.
ദൈനംദിന-ദീര്‍ഘകാല കാലാവസ്ഥാ ചക്രങ്ങള്‍, താഴ്ന്ന അന്തരീക്ഷത്തിലെ പൊടിക്കാറ്റുകള്‍, ചൊവ്വയുടെ വിവിധ പ്രദേശങ്ങളിലെ കാലാവസ്ഥ വ്യതിയാനം എന്നിവ ഹോപ്പ് അന്വേഷിക്കും. ചൊവ്വയിലെ അന്തരീക്ഷത്തില്‍നിന്നു ഹൈഡ്രജനും ഓക്സിജനും ശൂന്യാകാശത്തേക്ക് നഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്നും ചൊവ്വയിലെ കാലാവസ്ഥാ വ്യതിയാനത്തിനുള്ള കാരണം എന്താണെന്നുമുള്ള ശാസ്ത്രീയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ഇത് ശ്രമിക്കും.
ടിയാന്‍വെന്‍-1
ഹോപ്പ് ഓര്‍ബിറ്ററിന് പിന്നാലെ 2020 ജൂലായ് 23-ന് വിക്ഷേപിച്ച ചൊവ്വാദൗത്യമാണ് ചൈനയുടെ ടിയാന്‍വെന്‍-1. ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയുള്ള ഗവേഷണ പദ്ധതിയാണിത്. ഒരു ഓര്‍ബിറ്റര്‍, വിന്യസിക്കാനാവുന്ന ക്യാമറ, ലാന്റര്‍, റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ റോബോട്ടിക് ബഹിരാകാശ പേടകം. വെഞ്ചാങ് സ്പേസ്ക്രാഫ്റ്റ് ലോഞ്ച് സൈറ്റില്‍ നിന്നായിരുന്നു ടിയാന്‍വെന്‍-1 ന്റെ വിക്ഷേപണം. നിലവില്‍ ചൊവ്വയിലേക്കുള്ള സഞ്ചാരപാതയിലുള്ള ഈ പേടകം. ഫെബ്രുവരി 11 മുതല്‍ 24 വരെയുള്ള തീയ്യതികളില്‍ എപ്പോഴെങ്കിലും ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തും. തുടര്‍ന്ന് ഏപ്രില്‍ 23-ന് ലാന്റര്‍ ചൊവ്വയിലിങ്ങും. അന്ന് തന്നെ റോവര്‍ പുറത്തിക്കാനും ചൈന ലക്ഷ്യമിടുന്നു. പതിവുപോലെ ചൊവ്വയുടെ ഭൂതകാല രഹസ്യങ്ങള്‍ തേടുകയാണ് ടിയാന്‍വെന്‍-1 ദൗത്യത്തിന്റേയും ലക്ഷ്യം. ചൊവ്വയുടെ ഉപരിതല ഭൂപടം നിര്‍മിക്കുക, മണ്ണിന്റെ ഘടന, ജലസാന്നിധ്യം എത്രയുണ്ട്, ചൊവ്വയുടെ അന്തരീക്ഷം എന്നിവ ടിയാന്‍വെന്‍-1 ലൂടെ ചൈന പഠനവിധേയമാക്കും.
പെര്‍സെവിറന്‍സ് റോവര്‍
2020 ജൂലായില്‍തന്നെ വിക്ഷേപിക്കപ്പെട്ട മൂന്നാമത്തെ ചൊവ്വാദൗത്യമാണ് അമേരിക്കയുടെ പെര്‍സെവിറന്‍സ് റോവര്‍. നാസയുടെ മാര്‍സ് 2020 പദ്ധതിയുടെ ഭാഗമായി ജൂലായ് 30-ന് വിക്ഷേപിക്കപ്പെട്ട ഈ ദൗത്യം ഫെബ്രുവരി 18-ന് ചൊവ്വയിലിറക്കാനാണ് പദ്ധതി.
ചൊവ്വയിലെ പുരാതന ജീവശാസ്ത്ര പരിതസ്ഥിതി മനസിലാക്കുക, ചൊവ്വയുടെ ഭൂഗര്‍ഭ ജലവിന്യാസം, അതിന്റെ ഭൂതകാല വിവരങ്ങള്‍, ചൊവ്വയിലെ വാസയോഗ്യ, മുന്‍കാല ജീവസാധ്യത ഉള്‍പ്പടെയുള്ള ശാസ്ത്ര വിഷയങ്ങള്‍ ഈ പദ്ധതിയിലൂടെ പഠനവിധേയമാക്കും. ചൊവ്വയുടെ ഉപരിതലത്തിലെ ജെസറോ ഗര്‍ത്തം കേന്ദ്രീകരിച്ചുള്ള വിവിധ പഠനങ്ങളും ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യമാണ്.
Content Highlights: Three missions will reach on mars in February 2021, Tianwen-1, Emirates Mars Mission, Hope orbiter, Perseverance Rover