മനുഷ്യപരിണാമചരിത്രത്തിലെ സുപ്രധാന കണ്ണിയായ, 3.8 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി. എത്യോപ്യയിലെ അഫാര്‍ പ്രദേശത്തുനിന്ന് കണ്ടെടുത്ത ഈ ഫോസിലിന്റെ ഉടമ പ്രാചീന മനുഷ്യവംശങ്ങളിലൊന്നായ ആസ്ട്രലോപിതെക്കസ് അനമെന്‍സിസിന്റേതാണ്. 'ലൂസി' എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്ന നിലവിലെ ഏറ്റവും പഴക്കം ചെന്ന ഫോസിലിന്റെയും മുന്‍ഗാമിയാണ് ഈ ഫോസില്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

മനുഷ്യന്റെ പൂര്‍വികര്‍ മരങ്ങളില്‍നിന്നു നിലത്തിറങ്ങി രണ്ടുകാലില്‍ നടക്കാനാരംഭിച്ച കാലത്താണ് എം.ആര്‍.ഡി. എന്നു പേരിട്ടിരിക്കുന്ന ഈ ആദിമ മനുഷ്യന്‍ ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. മനുഷ്യവര്‍ഗത്തിലുള്‍പ്പെടുന്നെങ്കിലും ചെറിയ തലച്ചോറുള്‍പ്പെടെയുള്ള ആള്‍ക്കുരങ്ങുകളുടെ സവിശേഷതകളാണ് ഈ ഫോസിലിനുള്ളത്. ആസ്ട്രലോപിതെക്കസ് വംശത്തിലെ ആദ്യകണ്ണിയാണ് എം.ആര്‍.ഡി. എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.

ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രപ്പോളജിയിലെയും ക്ലീവ്ലന്‍ഡ് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി ആന്‍ഡ് കേസ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് എം.ആര്‍.ഡി.യെ കണ്ടെത്തിയത്. എം.ആര്‍.ഡി.യും പിന്‍ഗാമിയായ ലൂസിയുടെ വംശവും ഒരേകാലഘട്ടത്തില്‍ ലക്ഷം വര്‍ഷത്തോളം ജീവിച്ചിരുന്നതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മനുഷ്യപരിണാമം നേര്‍രേഖയിലാണെന്ന സിദ്ധാന്തം ഇതോടെ പൊളിച്ചെഴുതേണ്ടി വരും. ഒരു സ്പീഷിസ് അപ്രത്യക്ഷമാകുന്നതോടെയാണ് അടുത്തതു പ്രത്യക്ഷപ്പെടുന്നതെന്നായിരുന്നു ഈ സിദ്ധാന്തമനുസരിച്ചുള്ള കാഴ്ചപ്പാട്.

വിവിധ ആദിമ മനുഷ്യവംശങ്ങള്‍ ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നെന്ന് തെളിഞ്ഞതോടെ ഇതില്‍ ഏതു വിഭാഗത്തില്‍നിന്നാണ് ആധുനിക മനുഷ്യന്റെ പൂര്‍വികരായ ഹോമോസാപിയന്‍സ് പരിണമിച്ചതെന്ന ചോദ്യത്തിനുമുമ്പില്‍ ഉത്തരംമുട്ടിയിരിക്കയാണ് ശാസ്ത്രലോകം.

Content Highlights: this 3.8 million old skull may rewrite theory of evolution