ന്ത്യയും അയല്‍രാജ്യമായ ശ്രീലങ്കയുമായുള്ള ബന്ധം, പൗരാണികമായും ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്. ശ്രീരാമനും സംഘവും ചേര്‍ന്ന് ഇന്ത്യയിലെ ധനുഷ്‌കോടിയില്‍ (രാമേശ്വരം) നിന്ന് ശ്രീലങ്കയിലെ ജാഫ്ന ജില്ലയിലേക്ക് കടലിനു കുറുകെ പണിത 'രാമസേതു' എന്ന പാലത്തിനെ കുറിച്ച് രാമായണത്തില്‍ പരാമര്‍ശിക്കുന്നു. 

തമിഴ്നാട്ടില്‍ നിന്ന് ശ്രീലങ്കയിലേക്ക് ഒരു നേര്‍രേഖപോലെ നീളുന്ന ആ ചെറിയ ഇടനാഴിയെ, ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണ്ണര്‍ ആയിരുന്ന റോബര്‍ട്ട് പാക്കിന്റെ നാമധേയത്തില്‍ 'പാക് കടലിടുക്ക്' (പാക് സ്‌ട്രെയ്റ്റ്)' എന്ന് പില്‍ക്കാലത്ത് ചരിത്രത്തില്‍ രേഖപ്പെടുത്തി. 

രാമസേതു മനുഷ്യനിര്‍മിതമോ അതോ പ്രകൃതിദത്തമോ എന്ന ചോദ്യത്തിന് ഏറെ പഴക്കമുണ്ട്. എന്നാല്‍, രാമസേതുവിലൂടെ ഇന്ത്യയ്ക്ക് ശ്രീലങ്കയുമായുള്ളത് കോടാനുകോടി വര്‍ഷം പഴക്കമുള്ള ഒരു 'പൊക്കിള്‍കൊടി ബന്ധ'മാണെന്നു പുതിയ ഭൗമശാസ്ത്രപഠനം വെളിവാക്കുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) യിലെ മറൈന്‍ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ഈ ലേഖകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. 

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയ്ക്ക് എങ്ങനെ ഈ കടല്‍ രൂപപ്പെട്ടു എന്നത് അടിസ്ഥാനപരമായ ഒരു ചോദ്യമാണ്. ഫലകചലന സിദ്ധാന്തം (plate tectonics) ആണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കുക. ഈ സിദ്ധാന്തം അനുസരിച്ചു ഭൂമിയുടെ ശിലാനിര്‍മിതമായ കട്ടിയുള്ള പുറംപാളിയായ  'ലിത്തോസ്ഫിയര്‍', കരപ്രദേശങ്ങളും സമുദ്രാന്തര്‍ഭാഗങ്ങളും ഉള്‍പ്പെടുന്ന ചെറുതും വലുതുമായ ഫലകങ്ങള്‍ (lithospheric plates) ആയി രൂപപ്പെട്ടിരിക്കുന്നു. ഈ ഫലകങ്ങള്‍ വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന തടി കഷണങ്ങള്‍ പോലെ, ഭൂമിയുടെ ഏകദേശം 80 മുതല്‍ 200 കിലോമീറ്റര്‍ വരെ ആഴത്തില്‍ സ്ഥിതിചെയ്യുന്ന ദ്രവശിലാരൂപത്തിലുള്ള 'അസ്തനോസ്ഫിയര്‍' എന്ന 'മാഗ്മ' സമുദ്രത്തിനു മുകളിലായി പൊങ്ങിക്കിടക്കുകയും, പല ദിശകളിലേക്ക് പരസ്പരം തെന്നി നീങ്ങുകയും ചെയ്യുന്നു. 

ഭൂമുഖത്ത് പര്‍വതങ്ങളും സമുദ്രങ്ങളും രൂപപ്പെടുന്നതിന് ഫലകചലനമാണ് കാരണം. ഫലകങ്ങള്‍ നേര്‍ക്കുനേര്‍ നിങ്ങി പരസ്പരം കൂട്ടിയിടിച്ച് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് ഹിമാലയം പോലുള്ള പര്‍വ്വതങ്ങള്‍ രൂപപ്പെടുന്നു. എന്നാല്‍, വന്‍കരകള്‍ പിളര്‍ന്നു രണ്ടു കരകളായി അകന്നു പോകുമ്പോള്‍ ഇടയിലായി സമുദ്രഫലകങ്ങള്‍ രൂപപ്പെടുന്നു. വന്‍കരകള്‍ പൊട്ടി മാറുമ്പോള്‍ രൂപപ്പെടുന്ന വിള്ളലുകളിലൂടെ അസ്തനോസ്ഫിയറില്‍ നിന്ന് മാഗ്മ മുകളിലേക്ക് ഒഴുകും. അത് തണുത്തുറഞ്ഞു വന്‍കരകളുടേതിനേക്കാള്‍ സാന്ദ്രത കൂടിയ ശിലകള്‍ കൊണ്ടുള്ള സമുദ്രഫലകങ്ങള്‍ ആയി രൂപപ്പെടും. ഇന്ന് ലോകത്തുള്ള സമുദ്രങ്ങളെല്ലാം ഇത്തരത്തില്‍ രൂപപ്പെട്ടതാണ്. 

Ramasetu, Geology
ഏകദേശം 24 കോടി വര്‍ഷം മുമ്പ് ഇന്ത്യയും ശ്രീലങ്കയും അന്റാര്‍ട്ടിക്കയും ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ ഭാഗമായി നിലനിന്നതിന്റെ ദൃശ്യാവിഷ്‌ക്കാരം. ചിത്രം കടപ്പാട്:  Ratheesh-Kumar et al., Journal of Geophysical Research.

ഉദാഹരണത്തിന് അത്‌ലാന്റിക് സമുദ്രത്തിന്റെ കാര്യമെടുക്കാം. അത്‌ലാന്റിക്കിന്റെ വടക്കന്‍ ഭാഗം രൂപപ്പെട്ടത് വടക്കേയമേരിക്ക, യൂറേഷ്യ എന്നീ വന്‍കരകള്‍ പിളര്‍ന്നു വേര്‍പെട്ടാണ്. അതെസമയം, അത്‌ലാന്റികിന്റെ തെക്കന്‍ ഭാഗം തെക്കേയമേരിക്ക, ആഫ്രിക്ക വന്‍കരകള്‍ പിളര്‍ന്ന് അകലേക്ക് മാറിയുമാണ്. അറ്റ്‌ലാന്റിക് സമുദ്രം ഉള്‍പ്പടെ ലോകത്തെ എല്ലാ സമുദ്രങ്ങളുടെയും മധ്യഭാഗത്തെ അടിത്തട്ടില്‍ അഗ്‌നിപര്‍വത മേഖലകളെ പോലെ സദാ മാഗ്മ അഥവാ ബാഹ്യരൂപമായ ലാവ വമിക്കുന്ന, ആയിരകണക്കിന് കിലോമീറ്റര്‍ നീളുന്ന വിള്ളലുകള്‍ കാണപ്പെടുന്നു. ഇവയെ 'മിഡ്-ഓഷ്യന്‍ റിഡ്ജ്' (Mid-Ocean Ridge) എന്നാണു വിളിക്കുന്നത്. 

എന്നാല്‍, ഇതില്‍ നിന്നൊക്കെ വിഭിന്നമാണ് ഇന്ത്യക്കും ശ്രീലങ്കക്കുമിടയ്ക്കുള്ള കടലിന്റെ ഉത്ഭവം. ആ കടലിന്റെ അടിത്തട്ടില്‍ അഗ്‌നിപര്‍വത വിള്ളലുകള്‍ (Mid Ocean Ridge) കാണപ്പെടുന്നില്ല, ആയതിനാല്‍ തന്നെ ഈ കടല്‍ത്തട്ടിന്റെ ഉത്ഭവം ശാസ്ത്രലോകത്തിന് ഒരു സമസ്യ ആയിരുന്നു. ഈ ലേഖകനും സംഘവും അതെക്കുറിച്ച് വിശദമായി പഠിച്ചു. ഭൂമിയുടെ ഗുരുത്വാകര്‍ഷണം, കാന്തികബലം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഡേറ്റ ഉപയോഗിച്ച്, ജിയോഫിസിക്കല്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെയായിരുന്നു പഠനം. ഇന്ത്യയും ശ്രീലങ്കയും അതിനിടയിലുള്ള കടലും ഉള്‍പ്പെടുന്ന ലിത്തോസ്ഫിയറിന്റെ ആന്തരിക ഘടന, കാഠിന്യം, സ്വഭാവം എന്നിവയെക്കുറിച്ചുള്ള പഠനത്തിലൂടെ ചില സുപ്രധാന കണ്ടുപിടുത്തങ്ങളാണ് നടത്തിയത്.  

ഏതാണ്ട് 24 കോടി വര്‍ഷംമുമ്പ് 'ഗോണ്ട്വാന' (Gondwana)  എന്ന വലിയ ഭൂഖണ്ഡം നിലനിന്നു ('പാന്‍ജിയ' എന്ന സൂപ്പര്‍ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു ഗോണ്ട്വാന). ഭൂമിയിലെ വലുതുംചെറുതമായ കരപ്രദേശങ്ങളില്‍ ഒരു വലിയ ഭാഗം ഗോണ്ട്വാനയില്‍ ഉള്‍പ്പെട്ടിരുന്നു. ഗോണ്ട്വാനയില്‍ ഇന്ത്യക്കും അന്റാര്‍ട്ടിക്കയ്ക്കും ഇടയ്ക്കായിരുന്നു ശ്രീലങ്കയുടെ സ്ഥാനമെന്ന് പുതിയ പഠനം പറയുന്നു. ഏകദേശം 14 കോടി വര്‍ഷംമുമ്പ് ഗോണ്ട്വാന ഭൂഖണ്ഡം പിളര്‍ന്ന് വിവിധ ഭൂഭാഗങ്ങള്‍ അടര്‍ന്നകലാന്‍ തുടങ്ങി. തല്‍ഫലമായി അന്റാര്‍ട്ടിക്കയില്‍ നിന്ന് ഇന്ത്യ അടര്‍ന്നു മാറി നീങ്ങി. 

ആ സമയത്ത്, അതിനിടയില്‍ സ്ഥിതിചെയ്തിരുന്ന ശ്രീലങ്കയുടെ നിലനില്‍പ്പ് സങ്കീര്‍ണമായി. വേര്‍പിരിയലിന്റെ തുടക്കത്തില്‍ ശ്രീലങ്ക അന്റാര്‍ട്ടിക്കയുടെ ഭാഗമായി നിന്ന് ഇന്ത്യയില്‍ നിന്ന് അകലാന്‍ തുടങ്ങി. ഒരു കോമ്പസ്സിന്റെ ഒരു കാലില്‍ ഊന്നി മറ്റേ കാലുകൊണ്ട് ഒരു അര്‍ധവൃത്തം വരക്കുംപോലെ, ശ്രീലങ്കയുടെ വടക്കന്‍ഭാഗം (രാമസേതു ഉള്‍പ്പെടുന്ന ഭാഗം) ഏറെക്കുറെ നിശ്ചലമായി നിന്നു. എന്നാല്‍, അതിന്റെ തെക്കന്‍ഭാഗം അപ്രദക്ഷിണ (anticlockwise) ദിശയിലേക്കു അകന്നു. തല്‍ഫലമായി രാമസേതുവിന്റെ തെക്കന്‍ ഭാഗത്തായി ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയില്‍ ഉണ്ടായിരുന്ന ലിത്തോസ്ഫിയര്‍ ഭാഗം, ഒരു ഇലാസ്തികമായ വസ്തുവിനെ വലിക്കുമ്പോള്‍ അതിന്റെ കാഠിന്യവും കട്ടിയും കുറയുന്നതുപോലെ രൂപപ്പെട്ടു. ആ ഭാഗം 'മാന്നാര്‍ ഗള്‍ഫ്' എന്നറിയപ്പെടുന്ന കടല്‍ പ്രദേശമായി രൂപപ്പെട്ടു.

എന്നാല്‍, ഈ അവസ്ഥയില്‍ കാര്യമായ കേടുപാടുകള്‍ സംഭവിക്കാതിരുന്ന രാമസേതു ഉള്‍പ്പെടുന്ന ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള വടക്കന്‍ഭാഗത്തെ ലിത്തോസ്ഫിയറിന്റെ കട്ടിയും കാഠിന്യവും, ശ്രീലങ്ക ഇന്ത്യയില്‍ നിന്ന് അടര്‍ന്നു മാറാതെ ഒരു 'പൊക്കിള്‍കൊടി ബന്ധം' പോലെ ശക്തമായി പ്രതിരോധിച്ചു. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ രൂപപ്പെടേണ്ടി ഇരുന്ന വിള്ളല്‍ (Mid Ocean Ridge) ശക്തമായ ഈ ബന്ധനം മൂലം ഒഴിവാകുകയും, അത് ശ്രീലങ്കയ്ക്കും അന്റാര്‍ട്ടിക്കയ്ക്കും ഇടയ്ക്ക് രൂപപ്പെടുകയും ചെയ്തു. തല്‍ഫലമായി ശ്രീലങ്ക ഇന്ത്യയുടെ അഭിവാജ്യ ഭാഗമായ ഒരു ഫലകമായി മാറി. അവ ഒന്നിച്ചു അന്റാര്‍ട്ടിക്കയില്‍ നിന്നു തെന്നിമാറുകയും ചെയ്തു. 

അന്ന് തുടങ്ങിയ ജൈത്രയാത്ര കാലങ്ങള്‍ക്കിപ്പുറം ഇന്നും ഇന്ത്യയും ശ്രീലങ്കയും ഇഴമുറിയാതെ തുടരുന്നു. രാമസേതുവിന്റെ ബന്ധനം ആകട്ടെ അമ്മക്കും കുഞ്ഞിനും ഇടയിലുള്ള പൊക്കിള്‍കൊടി ബന്ധത്തിന്റെ പ്രതീകമായി ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍, പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള രാമസേതുവിന്റെ കാര്യം സത്യമാണെങ്കില്‍, ശ്രീരാമനും സംഘവും കടലിനു കുറുകെയായി ശ്രീലങ്കയിലേക്കുള്ള പാലം നിര്‍മിക്കാന്‍ ഏറ്റവും അനുയോജ്യമായ ആഴം കുറഞ്ഞ ഭൂപ്രദേശം തന്നെയാണ് തിരഞ്ഞെടുത്തിട്ടുള്ളത് എന്ന് അനുമാനിക്കാം. എന്നാല്‍ ഇത് മനുഷ്യനിര്‍മിതമാണെന്ന് പറയാന്‍ വ്യക്തമായ തെളിവുകള്‍ ഇനിയും ശാസ്ത്രലോകം കണ്ടെത്തേണ്ടിയിരിക്കുന്നു.

'ജേര്‍ണല്‍ ഓഫ് ജിയോഫിസിക്കല്‍ റിസര്‍ച്ച്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ലേഖകനെ കൂടാതെ പ്രൊഫ.ബ്രയാന്‍ വിന്‍ഡ്‌ലി (ഇംഗ്ലണ്ട്), ഡോ.പി.എല്‍. ധര്‍മപ്രിയ (ശ്രീലങ്ക), പ്രൊഫ.ഷിയാവോ വെന്‍ജിയാവോ (ചൈന), കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥി ജീവന്‍ യു എന്നിവരും പങ്കുചേര്‍ന്നു. 

(തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ ഡോ. രതീഷ് കുമാര്‍ ആര്‍. ടി. ഇപ്പോള്‍ അമേരിക്കയിലെ കെന്റക്കി യൂണിവേഴ്‌സിറ്റിയില്‍ നാസയുടെ ചൊവ്വ ഗ്രഹപര്യവേഷണവുമായി ബന്ധപെട്ടു വിസിറ്റിംഗ് സ്‌കോളര്‍ ആയി പ്രവര്‍ത്തിക്കുന്നു).

അവലംബം - 

* The tectonic 'umbilical cord' linking India and Sri Lanka and the tale of their failed rift. By Ratheesh-Kumar, R. T., Dharmapriya, P. L., Windley, B. F., Xiao, W. J., & Jeevan, U. (2020).  Journal of Geophysical Research: Solid Earth, 125. e2019JB018225.https://doi.org/10.1029/2019JB018225 <https://agupubs.onlinelibrary.wiley.com/doi/abs/10.1029/2019JB018225>

* Content Highlights: The tectonic 'Umbilical Cord' linking India and Sri Lanka, Palk Strait, Ramasetu, Geology, Geophysics, Plate Tectonics