തേയിലയുടെ രഹസ്യങ്ങള്‍ തീരുന്നില്ല. 170 വര്‍ഷംമുമ്പ് ചാരന്റെ വേഷം കെട്ടി റോബര്‍ട്ട് ഫോര്‍ച്യൂണ്‍ എന്ന സ്‌കോട്ടിഷുകാരനാണ് ചായയുടെ രഹസ്യം ചൈനയില്‍ നിന്ന് ചോര്‍ത്തിയതെങ്കില്‍, ആധുനികശാസ്ത്രം ഇപ്പോള്‍ ചായയുടെ രുചിരഹസ്യങ്ങള്‍ തന്മാത്രാതലത്തില്‍ തിരിച്ചറിയുന്നു

Munnar Tea Estate
മൂന്നാറിലെ ഒരു തേയിലത്തോട്ടം. ഫോട്ടോ: ലേഖകന്‍

 

കാലത്തെ അതിജീവിച്ച പാനീയമാണ് ചായ, ലോകം കീഴടക്കിയ പാനീയം. ലോകത്ത് ഏറ്റവുമധികം പേര്‍ കഴിക്കുന്ന പാനീയത്തിന്റെ കാര്യത്തില്‍ വെള്ളം കഴിഞ്ഞാല്‍ രണ്ടാംസ്ഥാനമാണ് ചായയ്ക്ക്. ഉണര്‍വ്വും ഉന്‍മേഷവും നല്‍കുന്നതിനൊപ്പം ആരോഗ്യദായക ഗുണങ്ങളും ചായയുടെ വമ്പിച്ച ജനപ്രീതിക്ക് കാരണമാകുന്നു. 

മനുഷ്യന്‍ ചായകുടി തുടങ്ങിയിട്ട് അയ്യായിരം വര്‍ഷമെങ്കിലുമായി എന്നാണ് ചായയുടെ ചരിത്രത്തെപ്പറ്റി ഗവേഷണം നടത്തുന്ന പ്രദീപ് ബറുവ പറയുന്നത്. ലോകത്ത് ആദ്യമായി തേയിലകൃഷി ആരംഭിച്ച തെക്കുകിഴക്കന്‍ ചൈനയില്‍, ചായയുടെ ഉത്ഭവത്തെപ്പറ്റി ഒട്ടേറെ മിത്തുകള്‍ നിലനില്‍ക്കുന്നുണ്ട്. 2737 ബി.സിയില്‍ ചൈനീസ് ചക്രവര്‍ത്തി ഷെന്‍ നങ് വേട്ടയ്ക്ക് പോയപ്പോള്‍, തിളപ്പിച്ചുകൊണ്ടിരുന്ന വെള്ളത്തില്‍ ഏതാനും ഇലകള്‍ പറന്നുവീണെന്നും, അത് കുടിച്ച ചക്രവര്‍ത്തിക്ക് ചായയുടെ അത്ഭുതഗുണങ്ങള്‍ മനസിലായി എന്നുമാണ് ഒരു കഥ. 

തേയില ചെടിയുടെ കൊളുന്ത് നുള്ളി, ശ്രദ്ധാപൂര്‍വമായ പരിചരണം വഴി ചായയ്ക്ക് ഹൃദ്യമായ രുചി നല്‍കാനുള്ള വിദ്യ ചൈനക്കാര്‍ ആരംഭിച്ചിട്ട് കുറഞ്ഞത് രണ്ടായിരം വര്‍ഷമായി എന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. മുന്തിയ തേയിലയിനം വളരുന്നത് ചൈനയിലാണ്, തേയിലയെ മികച്ച പാനീയമാക്കുന്ന പ്രക്രിയയും ചൈനക്കാരുടെ രഹസ്യമാണ്. ആ നിലയ്ക്ക് ലോകത്ത് ചായയുടെ കുത്തകയായി ഒരുകാലത്ത് ചൈന മാറിയതില്‍ അത്ഭുതമില്ല. 

ചൈനീസ് ചായയുടെ രഹസ്യമായിരുന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മറ്റ് നാട്ടുകാരെ ആകാംക്ഷാഭരിതരാക്കിയത്. ആ രഹസ്യം ചോര്‍ത്താന്‍ റോബര്‍ട്ട് ഫോര്‍ച്യൂണ്‍ എന്ന സ്‌കോട്ടിഷ് സസ്യശാസ്ത്രജ്ഞനെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനി നിയോഗിച്ചു. ചൈനയില്‍ നിന്ന് ചായയുടെ രുചിരഹസ്യം മാത്രമല്ല, ചൈനീസ് ചായച്ചെടികളും ഫോര്‍ച്യൂണ്‍ പുറത്തെത്തിച്ചതോടെ, ചൈനയുടെ കുത്തക തകര്‍ന്നു. ചായയുടെ രഹസ്യം അന്ന് ചാരപ്രവര്‍ത്തനം വഴിയാണ് ബ്രിട്ടന്‍ ചോര്‍ത്തിയതെങ്കില്‍, ഇന്ന് ആധുനികശാസ്ത്രം ചായയുടെ രുചിരഹസ്യം തന്മാത്രാതലത്തില്‍ തിരിച്ചറിയുന്നു. 

Robert Fortune
റോബര്‍ട്ട് ഫോര്‍ച്യൂണ്‍.
കടപ്പാട്: Apic/Getty Images 

ഇക്കാര്യത്തില്‍ വലിയ കുതിപ്പാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടത്തിയത്. 'കാമില്ലിയ സിനെന്‍സിസ്' ( Camellia sinensis ) എന്ന് ശാസ്ത്രീയനാമമുള്ള തേയില ചെടിയുടെ ജീനോം (ജനിതകസാരം) കണ്ടെത്തുകയാണ് ഗവേഷകര്‍ ചെയ്തത്. ചൈനയില്‍ 'കുന്‍മിങ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ബോട്ടണി'യിലെ ഗവേഷകനായ ലി-ഷി ഗാവോയും സംഘവും അഞ്ചുവര്‍ഷത്തെ ശ്രമകരമായ ഗവേഷണം വഴി തേയിലയുടെ ജീനോം കണ്ടെത്തുകയായിരുന്നു

300 കോടിയോളം ഡി.എന്‍.എ ബേസ് ജോടിയുള്ള തേയിലയുടെ ജിനോം, കാപ്പിച്ചെടിയുടെ നാലു മടങ്ങ് വരും. ചായയുടെ ഉന്മേഷദായക ഗുണത്തിന് പിന്നില്‍ അതിലടങ്ങിയ കഫീന്‍ ( caffeine ) ആണെന്ന് മുമ്പു തന്നെ അറിയാമായിരുന്നു. അതു മാത്രമല്ല, ചില ഫ്‌ളവനോയിഡുകളും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കുന്നു എന്ന് 'മോളിക്യുലാര്‍ പ്ലാന്റ്' എന്ന ജേര്‍ണലില്‍ കഴിഞ്ഞ മെയ് ആദ്യം ഗാവോയും സംഘവും പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജീനോം കണ്ടെത്തിയതോടെ, തേയിലയുടെ ഗുണമേന്‍മ വര്‍ധിപ്പിക്കാനുള്ള പുതിയ വഴി തുറന്നിരിക്കുകയാണ്. മാത്രമല്ല, തേയില ചെടിയുടെ പരിണാമ രഹസ്യം തേടാനും ഈ പഠനവിവരങ്ങള്‍ സഹായിച്ചേക്കും. 

തേയിലയുടെ ജനിതകസാരം കണ്ടെത്താന്‍ പ്രൊഫ.ഗാവോയും സംഘവും അഞ്ചുവര്‍ഷം അധ്വാനിച്ചെങ്കില്‍, ചൈനീസ് ചായയുടെ രഹസ്യം ചോര്‍ത്താന്‍ 1848ല്‍ ഈസ്റ്റിന്ത്യാ കമ്പനി നിയോഗിച്ച റോബര്‍ട്ട് ഫോര്‍ച്യൂണിന് രണ്ടര വര്‍ഷമേ വേണ്ടിവന്നുള്ളൂ. വേഷം മാറി തല മുണ്ഡനം ചെയ്ത്, ഒരു പരദേശി ചൈനാക്കാരന്‍ എന്ന നാട്യത്തില്‍ തെക്കുകിഴക്കന്‍ ചൈനയില്‍ വിപുലമായി യാത്രചെയ്ത ഫോര്‍ച്യൂണിന് 20,000 തേയില തൈകള്‍ അതിര്‍ത്തി കടത്തി ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, വ്യത്യസ്ത രുചികളില്‍ തേയില പാകപ്പെടുത്തുന്നതിന്റെ രഹസ്യവും ചോര്‍ത്താന്‍ കഴിഞ്ഞു. 

Li-zhi Gao, tea genome
ലി-ഷി ഗാവോ.
കടപ്പാട്: Kunming Institute of Botany

'ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ചാരപ്രവര്‍ത്തനം' എന്നാണ് ഫോര്‍ച്യൂണിന്റെ ദൗത്യം വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയില്‍ അസം മേഖലയില്‍ തേയില കൃഷി ശാസ്ത്രീയമായി ആരംഭിക്കാന്‍ ഏതാനും ചൈനീസ് കര്‍ഷകരെ തന്റെയൊപ്പം കൊണ്ടുവരാനും ഫോര്‍ച്യൂണിനായി. ഫോര്‍ച്യൂണ്‍ എങ്ങനെ ചൈനീസ് ചായയുടെ രഹസ്യം ചോര്‍ത്തി എന്നതിനെപ്പറ്റി 2010ല്‍ സാറ റോസ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്: 'ഓള്‍ ദി ടീ ഇന്‍ ചൈന' ( All the Tea in China: Espionage, Empire, and the Secret Formula for the World's Favourite Drink' ) എന്ന പേരില്‍. 

അസമിലെ കാടുകളില്‍ ചില തേയിലയിനങ്ങള്‍ മുമ്പ് തന്നെ വളര്‍ന്നിരുന്നു എങ്കിലും ചൈനീസ് തേയിലയ്ക്കായിരുന്നു പശ്ചാത്യലോകത്ത് വന്‍ ഡിമാന്‍ഡ്. ചൈനയുമായി വാണിജ്യബന്ധം ശക്തിപ്പെടുത്തിയ പോര്‍ച്ചുഗീസുകാരാണ് യൂറോപ്പില്‍ തേയിലയ്ക്ക് പ്രചാരമുണ്ടാക്കിയത്. പാശ്ചാത്യലോകത്തിന്റെ രുചിമുകുളങ്ങളെ കീഴടക്കാന്‍ ചായയ്ക്ക് അധികകാലം വേണ്ടിവന്നില്ല. 1618 ഓടെ ചായ ഒരു രാജ്യാന്തര പാനീയമായി മാറി.

Tea
ചായയുടെ ലോകം വൈവിധ്യത്തിന്റേതു കൂടിയാണ്. ഫോട്ടോ: ലേഖകന്‍

 

1776 ആയപ്പോഴേക്കും പ്രതിവര്‍ഷം 60 ലക്ഷം പൗണ്ട് തേയില ബ്രിട്ടനില്‍ ഇറക്കുമതി ചെയ്യുന്ന സ്ഥിതിയായി. വലിയ നികുതി  ഏര്‍പ്പെടുത്തിയിട്ടും തേയിലയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞില്ല. നികുതി വര്‍ധിച്ചതോടെ തേയിലയുടെ ബ്ലാക്ക് മാര്‍ക്കറ്റ് കരുത്താര്‍ജിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടായപ്പോഴേക്കും കള്ളക്കച്ചവടം ഒഴിവാക്കാന്‍ തങ്ങളുടെ കോളനികളില്‍ കൃഷിചെയ്ത് ആവശ്യത്തിന് തേയില ബ്രിട്ടനിലെത്തിക്കാന്‍ ഈസ്റ്റിന്ത്യാ കമ്പനി തീരുമാനിച്ചു. ആ തീരുമാനത്തിന്റെ ഫലമായിരുന്നു ഫോര്‍ച്യൂണിന്റെ ചാരദൗത്യം. 

സസ്യാന്വേഷകന്‍, ഗാര്‍ഡനര്‍, കവര്‍ച്ചക്കാരന്‍, ചാരന്‍-ഈ നാലു സംഗതികള്‍ ചേര്‍ന്നാലേ റോബര്‍ട്ട് ഫോര്‍ച്യൂണിന്റെ ദൗത്യം പൂര്‍ണ്ണമാകുമായിരുന്നുള്ളൂ-സാറ റോസ് ചൂണ്ടിക്കാട്ടുന്നു. പക്ഷേ, താന്‍ എന്തെങ്കിലും തരത്തിലുള്ള കവര്‍ച്ച നടത്തുകയാണെന്ന് അദ്ദേഹം കരുതിയിരുന്നില്ല. 'ചെടികള്‍ ലോകത്തിന്റെ പൊതുസ്വത്താണെന്ന് ആയിരിക്കണം അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവുക. ബൗദ്ധീകസ്വത്ത് പോലുള്ള സങ്കല്‍പ്പങ്ങള്‍ അദ്ദേഹത്തിന്റെ കാലത്തിന് ശേഷം രൂപപ്പെട്ട സംഗതികളാണ്'. 

chinese tea
ചൈനയിലെ തേയില കൃഷി-1851 ലെ ചിത്രീകരണം

 

ഫോര്‍ച്യൂണ്‍ തന്റെ രഹസ്യദൗത്യം നടത്തുന്ന സമയത്ത് പ്രതിവര്‍ഷം ഏതാണ്ട് അമ്പതിനായിരം ടണ്‍ തേയില ചൈന ഉത്പാദിപ്പിച്ചിരുന്നു. അതില്‍ 19,000 ടണ്‍ കയറ്റുമതിക്ക് ഉപയോഗിച്ചു. 1886 ആയപ്പോഴേക്കും ചൈനയുടെ പ്രതിവര്‍ഷ ഉത്പാദനം രണ്ടരലക്ഷം ടണ്‍ ആയി. അതില്‍ 1.34 ലക്ഷം ടണ്‍ കയറ്റുമതി ചെയ്തു. അക്കാലത്ത് ചൈനീസ് കയറ്റുമതിയുടെ 62 ശതമാനം തേയില ഉത്പന്നങ്ങളായിരുന്നു. ബ്രിട്ടന് പിന്നാലെ, ഡച്ചുകാരും അമേരിക്കക്കാരും സ്വന്തം തേയിലത്തോട്ടങ്ങള്‍ ഉണ്ടാക്കി ഉത്പാദനം തുടങ്ങിയതോടെ, ചൈനയുടെ പിടി അയഞ്ഞു. 1949 ആയപ്പോഴേക്കും ചൈന ഉത്പാദിപ്പിക്കുന്ന തേയിലയുടെ അളവ് 41,000 ടണ്‍ ആയി, കയറ്റുമതി 9000 ടണ്ണും! 

ചരിത്രം ഇതാണെങ്കിലും, തേയിലയുടെ രുചിരഹസ്യങ്ങള്‍ അവസാനിക്കുന്നില്ല. ജീനോം പഠനം നല്‍കുന്ന സൂചന അതാണ്. 

അവലംബം -

1. The Tea Tree Genome Provides Insights into Tea Flavor and Independent Evolution of Caffeine Biosynthesis. Molecular Plant.
2. The Great British Tea Heist, by Sarah Rose. Smithsonian.com. March 9, 2010 
3. The great tea robbery: how the British stole China's secrets and seeds – and broke its monopoly on the brew, by BY STUART HEAVER. Post Magazine. scmp.com, 27 MAY 2017
4. Tea Drinking: Origin, Perceptions, Habits with Spacial Reference to Assam, its Tribes, and Role of TOCKLAI, by Pradip Baruah. Science and Culture, Sep-Oct 2011

Content Hilights: Tea trade, Chinese tea, Li-zhi Gao, Robert Fortune, tea genome, tea history, tea processing technique 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്