കഴിഞ്ഞ ഞായറാഴ്ച രാത്രി ചുവന്ന നിറത്തില്‍ ആകാശത്ത് തെളിഞ്ഞ ചന്ദ്രനെ കണ്ട് അത്ഭുതം കൂറിയവര്‍ പക്ഷെ ആ സമയത്ത് ചന്ദ്രോപരിതലത്തില്‍ ഒരു ഉല്ക്കവന്നു പതിച്ച കാഴ്ച കണ്ടുകാണില്ല.
സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ എന്നു വിളിക്കുന്ന ചന്ദ്രഹ്രണത്തിനിടെ ചന്ദ്രോപരിതലത്തില്‍ ഒരു വെളിച്ചം മിന്നിമായുന്നത് ക്യാമറ ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. അത് ഒരു ആകാശ കൂട്ടിയിടിയാണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഇതാദ്യമായാണ് ചന്ദ്രഗ്രഹണത്തിനിടെ ഒരു ഉല്‍ക്കാപതനത്തിന്റെ ദൃശ്യം പകര്‍ത്തുന്നത്.
ലോസ് ആഞ്ജലിസിലെ ഗ്രിഫിത്ത് ഒബ്സര്‍വേറ്ററിയും വിര്‍ച്വല്‍ ടെലിസ്കോപ്പ് പ്രോജക്റ്റും ചേര്‍ന്ന് സ്ട്രീം ചെയ്ത ലൈവ് വീഡിയോയില്‍ ഈ കാഴ്ച വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ 4.41 ന് ബ്രിട്ടനിലും ചന്ദ്രനില്‍ ഈ മിന്നല്‍ വെളിച്ചം ആളുകളുടെ ശ്രദ്ധയില്‍ പെട്ടു.
സ്പെയിനിലെ ഹുവേല്വ സര്‍വകലാശാലയില്‍ ബഹിരാകാശ ഗവേഷകനായ ജോസ് മാഡിഡോ ആണ് ഈ ദൃശ്യം ആദ്യമായി ട്വിറ്ററില്‍ പങ്കുവെച്ചത്. സര്‍വകലാശാലയിലെ മൂണ്‍ ഇംപാക്റ്റ്സ് ഡിറ്റക്ഷന്‍ ആന്റ് അനാലിസിസ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് ഇതൊരു ആകാശ കൂട്ടിയിടിയാണെന്ന് സ്ഥിരീകരിച്ചത്.
Content Highlights: Super Wolf Blood Moon’ was hit by an ASTEROID