ലോകവ്യാപകമായി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 60 ഇന്റര്‍നെറ്റ് കൃത്രിമോപഗ്രഹങ്ങള്‍ സ്‌പേസ് എക്‌സ് വിക്ഷേപിച്ചു. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതിയുടെ ഭാഗമായുള്ള ഉപഗ്രഹങ്ങളാണിവ. 

കേബ് കനവെറലിലെ വ്യോമസേനാ ആസ്ഥാനത്തെ വിക്ഷേപണത്തറയില്‍ നിന്നും പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10.30 നായിരുന്നു വിക്ഷേപണം. ഒരു മണിക്കൂര്‍ നീണ്ട  യാത്രയ്ക്ക് ശേഷം ഉപഗ്രഹങ്ങളെല്ലാം വിജയകരമായി വിന്യസിച്ചതായി സ്‌പേസ് എക്‌സ് അറിയിച്ചു. 

12000 ഉപഗ്രഹങ്ങള്‍ ഭൂമിക്ക് ചുറ്റുമായി വിന്യസിച്ച് അതിവേഗ ഇന്റര്‍നെറ്റ് ശൃംഖല കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടീശ്വരനായ വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതിയലുള്ള സ്‌പേസ് എക്‌സ് 'സ്റ്റാര്‍ ലിങ്ക്' പദ്ധതിയ്ക്ക് തുടക്കമിടുന്നത്. 

ഇന്റര്‍നെറ്റ് ശൃംഖല സ്ഥാപിക്കാന്‍ അനുമതി ലഭിച്ച ചില സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളില്‍ ഒന്നാണ് സ്‌പേസ് എക്‌സ്. ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വണ്‍ വെബും ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ഉപഗ്രഹ വിക്ഷേപണം നടത്തിയിട്ടുണ്ട്. 

ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ സ്ഥാപനമായ ആമസോണിനും ഇന്റര്‍നെറ്റ് സാറ്റലൈറ്റ് വ്യവസായ രംഗത്തോട് താല്‍പര്യമുണ്ട്. 

ഭൂമിയില്‍ നിന്നും 2000 കിലോമീറ്റര്‍ അകലെയുള്ള താഴ്‌ന ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങള്‍ വിന്യസിച്ച് അതിവേഗ ഇന്റര്‍നെറ്റ് ശൃംഖല സ്ഥാപിക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. പരമ്പരാഗത ഇന്റര്‍നെറ്റ് വിതരണ ശൃംഖലയുടെ വേഗക്കുറവ് ഇതുവഴി പരിഹരിക്കാനാവും.

Content Highlights: starlink space x launched 60 satellites, Internet, Broadband