ഭൂമിയ്ക്ക് ചുറ്റും ഉപഗ്രഹശൃംഖല തീര്‍ത്ത് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്‌പേസ് എക്‌സ് ആരംഭിച്ച സ്റ്റാര്‍ലിങ്ക് പദ്ധതിയില്‍ പതിനായിരക്കണക്കിന് ചെറിയ കൃത്രിമ ഉപഗ്രങ്ങളാണ് ബഹിരാകാശത്തെത്തിക്കുക. 

എന്നാല്‍ ഈ ഉപഗ്രങ്ങള്‍ സൂര്യപ്രകാശത്തില്‍ തിളങ്ങുന്നത് മൂലം ബഹിരാകാശ വസ്തുക്കളെ നിരീക്ഷിക്കുന്ന ഗവേഷകര്‍ക്കും ആകാശക്കാഴ്ചകള്‍ പകര്‍ത്തുന്ന ബഹിരാകാശ ഫോട്ടോഗ്രാഫര്‍മാര്‍ക്കും കാഴ്ച മങ്ങുന്നു എന്ന പരാതി ഉയരുകയാണ്. ഇതിനോടകം വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ സോളാര്‍ പാനലില്‍ സൂര്യപ്രകാശം പതിച്ച് അത് തിളങ്ങുന്നതാണ് ദൂരദര്‍ശിനികള്‍ക്കും, ടെലിസ്‌കോപിക് ക്യാമറകള്‍ക്കും തടസമാവുന്നത്. 

സ്റ്റാര്‍ ലിങ്ക് പദ്ധതിയുമായി ബന്ധപ്പെട്ട എട്ടാമത്തെ വിക്ഷേപണം നടത്താന്‍ ഒരുങ്ങുകയാണ് സ്‌പേസ് എക്‌സ്. ഓരോ വിക്ഷേപണത്തിലും 60 ഉപഗ്രങ്ങളാണ് വിക്ഷേപിക്കുന്നത്. 12000 ഉപഗ്രങ്ങള്‍ വിക്ഷേപിക്കാന്‍ ഈ സ്വകാര്യ കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. 30000 ഉപഗ്രങ്ങള്‍ വിക്ഷേപിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയാണ് കമ്പനി നല്‍കിയിട്ടുള്ളത്. 

അതേസമയം ഈ പ്രശ്‌നം കണക്കിലെടുത്ത് ഒരു പരിഹാര മാര്‍ഗം മുന്നോട്ട് വെക്കുകയാണ് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. സ്റ്റാര്‍ ലിങ്കിന്റെ ഒമ്പതാമത് വിക്ഷേപണം മുതല്‍ ഉപഗ്രങ്ങളില്‍ സണ്‍ഷേഡുകളും, സോളാര്‍ പാനലുകള്‍ തിരിക്കാനുള്ള സൗകര്യവും ഉണ്ടാകുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. 

അടുത്തിടെ ബഹിരാകാശ നിലയത്തില്‍ നിന്ന് പ്രകാശദീപ്തി  (Aurora) പകര്‍ത്തുന്നതിനിടെ ഒരു സ്റ്റാര്‍ ലിങ്ക് ഉപഗ്രഹവും ചിത്രത്തില്‍ പെട്ടു. 500 ഓളം ഉപഗ്രങ്ങള്‍ വിക്ഷേപിച്ചപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ പതിനായിരക്കണക്കിന് ഉപഗ്രങ്ങള്‍ വിക്ഷേപിച്ചുകഴിഞ്ഞാല്‍ ബഹിരാകാശ ചിത്രീകരണങ്ങളിലെല്ലാം ഈ ഉപഗ്രങ്ങള്‍ ഭംഗി കെടുത്തിയെക്കാം.

എന്തായാലും ഈ പ്രശ്‌നം പരിഹരിക്കാന്‍ സ്‌പേസ് എക്‌സ് വളരെ നേരത്തെ തന്നെ ഒരു പദ്ധതി കണ്ടെത്തിയിട്ടുള്ളത് ആശ്വാസകരമാണ്. എന്നാല്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ബഹിരാകാശത്ത് ഉപഗ്രങ്ങള്‍ തിങ്ങി നിറയുമ്പോള്‍ ഉണ്ടാവുന്ന മറ്റ് വെല്ലുവിളികളും ആശങ്ക നിറയ്ക്കുന്നുണ്ട്.

Content Highlights: Space X, Starlink satellites, Astrophotography