നാസയ്ക്ക് വേണ്ടി  ബഹിരാകാശ ഗവേഷകരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നതിനായി തയ്യാറാക്കിയ ഡ്രാഗണ്‍ 2 കാപ്‌സ്യൂള്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചതായി സമ്മതിച്ച് സ്‌പെയ്‌സ് എക്‌സ്. കമ്പനി വൈസ് പ്രസിഡന്റ് ഹാന്‍സ് കോനിങ്‌സ്മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

നാസയ്ക്ക് വേണ്ടി ബഹിരാകാശയാത്രികരെ ബഹിരാകാശനിലയത്തിലെക്കുന്നതിനുള്ള വാഹനം നിര്‍മിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളില്‍ ഒന്നാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പെയ്‌സ് എക്‌സ്. ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂളിന്റെ ബഹിരാകാശ നിലയത്തിലേക്കുള്ള ആളില്ലാ വിക്ഷേപണവും തിരിച്ചിറക്കലും വിജയകരമായി പൂര്‍ത്തിയാക്കയിരുന്നതാണ്. വാണിജ്യാഡിസ്ഥാനത്തിലുള്ള ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിന്റെ ആദ്യ ഉപയോഗവും അതായിരുന്നു. 

ഏപ്രില്‍ 20 നാണ് പരീക്ഷണത്തിനായി സ്ഥാപിച്ച സ്റ്റാന്‍ഡിന് മുകളിലിരുന്ന ഡ്രാഗണ്‍ 2 പേടകം പൊട്ടിത്തെറിച്ചത്. ബഹിരാകാശ നിലയത്തിലേക്ക് അയക്കുകയും പിന്നീട് പസഫിക് കടലിലിറക്കി തിരികെയെടുക്കുകയും ചെയ്ത അതേ പേടകമാണ് പരീക്ഷണ സ്റ്റാന്‍ഡില്‍ നിന്നും പൊട്ടിത്തെറിച്ചത്. ലാന്‍ഡിങ് സമയത്ത് കേടുപാടുകള്‍ സംഭവിച്ചാലുണ്ടാകുന്ന സാഹചര്യങ്ങള്‍ ഉള്‍പ്പടെ ഈ പേടകത്തിന്‍മേല്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയായിരുന്നു. 

എന്താണ്  പേടകത്തിന്റെ പൊട്ടിത്തെറിക്കിടയാക്കിയതെന്ന് കോനിങ്‌സ്മാന്‍ തുറന്നുപറഞ്ഞില്ല. എന്നാല്‍ ഡ്രാഗണിന്റെ സൂപ്പര്‍ ഡ്രാകോ എഞ്ചിനുകളാണ് അതിന് കാരണമെന്ന സൂചന തന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ഗോ ഡ്രാഗണ്‍ പേടകത്തിലും ഡ്രാഗണ്‍ 2 പേടകത്തിലും സൂപ്പര്‍ ഡ്രാക്കോ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. ഹൈഡ്രോളിക് ലിക്വിഡ് ഫ്യുവല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ എഞ്ചിനുകള്‍ അടിയന്തിര ഘട്ടത്തില്‍ പേടകത്തെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ നിന്നും വേര്‍പെടുത്തി അകറ്റാനാണ് ഉപയോഗിക്കുന്നത്. ഭൂമിയിലിറങ്ങുന്ന സമയത്തും ഇത് ഉപയോഗിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നു. എന്നാല്‍ പൊട്ടിത്തെറിയുടെ സമയത്ത് ഈ എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പൊട്ടിത്തെറിയുടെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. 

എന്തായാലും മനുഷ്യ ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് അയക്കാന്‍ സ്‌പെയ്‌സ് എക്‌സിന്റെ പുതിയ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ഉപയോഗിക്കും. പൊട്ടിത്തെറിയുണ്ടായ സംഭവം വിക്ഷേപണ പദ്ധതിയെ ബാധിക്കില്ല. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തത് പേടകത്തിനുമേല്‍ സംശയ മുനകള്‍ പതിക്കുന്നതിനിടയാക്കുന്നുണ്ട്.