ലോകം മുഴുവന്‍ ഉപഗ്രങ്ങള്‍ വഴി നേരിട്ട് വയര്‍ലെസ് ഇന്റര്‍നെറ്റ് നല്‍കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത സ്റ്റാര്‍ലിങ്ക് പദ്ധതിയ്ക്കായി കൂടുതല്‍ കൃത്രിമ ഉപഗ്രങ്ങള്‍ വിക്ഷേപിക്കാന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ്. ഇത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്ര സഭ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന് മുമ്പാകെ കമ്പനി പദ്ധതി രേഖ സമര്‍പ്പിച്ചു. 

30000 ചെറു ഉപഗ്രങ്ങള്‍ വിന്യസിക്കാനാണ് സ്‌പെയ്‌സ് എക്‌സിന്റെ പദ്ധതി. ഇതുവരെ മനുഷ്യര്‍ വിക്ഷേപിച്ച ഉപഗ്രങ്ങങ്ങളുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണിത്. 1500 ഉപഗ്രങ്ങള്‍ 20 തവണയായി വിക്ഷേപിക്കാനാണ് സ്‌പേയ്‌സ് എക്‌സിന്റെ പദ്ധതി. എന്നാല്‍ ഇതിന് വിവിധ ഏജന്‍സികളില്‍ നിന്നും അനുമതി ലഭിക്കേണ്ടതായുണ്ട്. അതിനാല്‍ ഉടനെയൊന്നും വിക്ഷേപണം നടക്കില്ല.

നിലവില്‍ 12000 കൃത്രിമ ഉപഗ്രങ്ങള്‍ വിക്ഷേപിക്കാന്‍ സ്‌പേയ്‌സ് എക്‌സിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 60 എണ്ണം കമ്പനി ഇതിനോടകം വിക്ഷേപിച്ചുകഴിഞ്ഞു. 

ഭാവിയുടെ ഇന്റര്‍നെറ്റ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ ഉപഗ്രങ്ങളിലൂടെ സാധിക്കുമെന്ന് സ്‌പേയ്‌സ് എക്‌സ് പറയുന്നു. ഭൂമിയില്‍ നിന്നും 330 കി.മി മുതല്‍ 580 കി.മി വരെ ദൂരത്തായാണ് ഉപഗ്രങ്ങള്‍ വിക്ഷേപിക്കുക. ഭൗമോപരിതലത്തിന്റെ ഉന്നത ഗുണമേന്മയുള്ള ചിത്രങ്ങള്‍ പകര്‍ത്താനും ഈ ഉപഗ്രങ്ങള്‍ ഉപയോഗിക്കാനാവും. 

അതേസമയം പലവിധ വെല്ലുവളികള്‍ സ്റ്റാര്‍നെറ്റ് പദ്ധതിയ്ക്കുണ്ട്. ഉപഗ്രങ്ങള്‍ വിക്ഷേപിക്കുന്ന ഭ്രമണപഥം വളരെ താഴെയാണ്. അതിനാല്‍ ഈ പരിധിയില്‍ വിക്ഷേപിക്കുന്ന ഉപഗ്രങ്ങള്‍ ഭൗമാന്തരീക്ഷത്തിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്. കൂടുതല്‍ എണ്ണം ഉപഗ്രങ്ങള്‍ വിന്യസിക്കുന്നതിലൂടെയുള്ള കൂട്ടിയിടി സാധ്യതകളും പരിഗണിക്കേണ്ടതായി വരും.  പരീക്ഷണാടിസ്ഥാനത്തിലാണ് 60 സ്റ്റാര്‍ ലിങ്ക് ഉപഗ്രങ്ങള്‍ ഇപ്പോള്‍ വിക്ഷേപിച്ചിരിക്കുന്നത്. 

Content Highlights: space x plans to put more than 40000 satellites