സ്‌പേസ് എക്‌സിന്റെ പന്ത്രണ്ടാമത് സ്റ്റാര്‍ലിങ്ക് മിഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖലയിലേക്ക് സെപ്റ്റംബര്‍ മൂന്നിന് 60 ഉപഗ്രഹങ്ങള്‍ കൂടി അയച്ചു. ഇതോടെ സ്റ്റാര്‍ലിങ്ക് വഴിയുള്ള ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് സ്പീഡ് 100 എംബിപിഎസ് വരെ ലഭിക്കുമെന്ന് സ്‌പേസ് എക്‌സ് അവകാശപ്പെടുന്നു. 

സ്റ്റാര്‍ലിങ്കിന് വേണ്ടി 12000 ന് അടുത്ത് കൃത്രിമ ഉപഗ്രങ്ങള്‍ വിക്ഷേപിക്കാനാണ് സ്‌പേസ് എക്‌സിന്റെ പദ്ധതി. എത്തിച്ചേരാന്‍ കഴിയാത്ത ഇടങ്ങളിലും ന്യായമായ വിലയില്‍ അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് സ്‌പേസ് എക്‌സ് പറയുന്നത്. 

ഡിടിഎച്ച് ആന്റിനയെ പോലുള്ള പ്രത്യേക ആന്റിനയിലൂടെ ആളുകള്‍ക്ക് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. പ്രാഥമിക സേവനങ്ങള്‍ ആരംഭിക്കാന്‍ 400 ഉപഗ്രങ്ങളാണ് ലക്ഷ്യമിട്ടിരുന്നത് എങ്കിലും ഇതിനോടകം 700 ഉപഗ്രങ്ങള്‍ വിക്ഷേപിക്കാന്‍ സ്‌പേസ് എക്‌സിന് സാധിച്ചു. 

സെക്കന്‍ഡില്‍ 100 മെഗാബൈറ്റ്‌സ് വരെ ഡൗണ്‍ലോഡ് സ്പീഡ് ഇതുവഴി ലഭിക്കുന്നുണ്ടെന്ന് സ്‌പേസ് എക്‌സിലെ സീനിയര്‍ പ്രോഗ്രാം റിയലയബിലിറ്റി എഞ്ചിനീയര്‍ കേറ്റ് ടൈസ് പറഞ്ഞു. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റിലെ എഞ്ചിനീയര്‍മാര്‍ നടത്തിയ ബീറ്റാ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം. 

ഉപഗ്രഹങ്ങളില്‍ നിന്ന് എത്ര വേഗത്തിലാണ് ഡാറ്റ ഉപയോക്താക്കളിലേക്ക് എത്തുന്നത് എന്ന് പരിശോധിക്കുകയാണ് തങ്ങളെന്നും പ്രാഥമിക പരിശോധന ഫലങ്ങള്‍ മികച്ചതാണെന്നും അവര്‍ പറഞ്ഞു. 

2020 ല്‍ വടക്കന്‍ അമേരിക്കയിലും കാനഡയിലും സേവനം എത്തിക്കാനാണ് സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നത്. പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തിരക്കേറിയ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. 

ഓരോ ഉപഗ്രഹത്തിനും 270 കിലോഗ്രാം ഭാരമുണ്ട്. വലിയ ഭാരം വഹിക്കാന്‍ ശേഷിയുള്ള കമ്പനിയുടെ തന്നെ ഫാല്‍ക്കണ്‍ റോക്കറ്റിന്റെ സഹായത്താലാണ് വിക്ഷേപണം. 

Content Highlights: space x launched 60 satellites for its star-link project