ലിയ ബഹിരാകാശ ദൗത്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ചരിത്രമുണ്ടെങ്കിലും സ്വന്തമായി മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ സ്‌പേയ്‌സ് എക്‌സിന് ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ഒരു സ്വകാര്യ കമ്പനിയായ സ്‌പേയ്‌സ് എക്‌സിന്റേയും അമേരിക്കയുടെയും ചരിത്രത്തിലെ സുപ്രധാനമായ ഒരു സംഭവത്തിന് അരങ്ങൊരുങ്ങുകയാണ്. 

മേയ് 27 ന് സ്‌പേയ്‌സ് എക്‌സ് തങ്ങള്‍ സന്തമായി നിര്‍മിച്ച ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂള്‍ പേടകത്തില്‍ നാസയുടെ രണ്ട് ബഹിരാകാശ ഗവേഷകരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോവുന്നു. കമ്പനിയുടെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. 

വൈകീട്ട് 4.33 ന് ഫ്‌ളോറിഡയിലെ കേപ്പ് കനവെറല്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടക്കുക. 

2011 ല്‍ സ്‌പേസ് ഷട്ടില്‍ പദ്ധതി നിര്‍ത്തിയതിന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ നിന്ന് ആദ്യമായാണ് അമേരിക്ക ബഹിരാകാശ നിലയത്തിലേക്ക് ഗവേഷകരെ അയക്കുന്നത്. ഇതുവരെ റഷ്യയുടെ സോയൂസ് പേടകത്തിലായിരുന്നു അമേരിക്കന്‍ ഗവേഷകരുടേയും സഞ്ചാരം. 

ബോബ് ബെങ്കെന്‍, ഡഗ്ഗ് ഹര്‍ലി എന്നീ നാസ ഗവേഷരാണ് ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂളില്‍ യാത്ര ചെയ്യുക. ഒരു സ്വകാര്യ വാഹനത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരം എന്ന പ്രാധാന്യം ഈ വിക്ഷേപണത്തിനുണ്ട്. സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ എന്ന ഖ്യാതി ബെങ്കന്റെയും ഹര്‍ലിയുടേയും പേരിലാവും. 

മറ്റ് ഗ്രഹങ്ങളില്‍ മനുഷ്യവാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2002-ലാണ് ഇലോണ്‍ മസ്‌ക് സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ടെക്‌നോളജീസ് കോര്‍പ്പിന് തുടക്കമിട്ടത്. കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയും ഉപഭോക്താവുമാണ് നാസ. ഏറെ കാലമായി നാസയ്ക്ക് വേണ്ടി ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകളെത്തിക്കുന്നുണ്ട് സ്‌പെയ്‌സ് എക്‌സ്. 

2014 ലാണ് ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ എത്തിക്കുന്നതിനായുള്ള പേടക നിര്‍മാണത്തിനായി 680 കോടിയുടെ പദ്ധതിയിലേക്ക് സ്‌പേയ്‌സ് എക്‌സും ബോയിങ്ങും നാസയുമായി കരാറിലേര്‍പ്പെടുന്നത്. ബോയിങ്ങിനെ മറികടന്നാണ് സ്‌പേയ്‌സ് എക്‌സ് വികസിപ്പിച്ച പേടകം നാസയുടെ അംഗീകാരം നേടിയത്. 

കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് കേപ്പ് കനവറിന് ചുറ്റും തടിച്ചുകൂടരുതെന്ന് ജനങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും 'ലോഞ്ച്അമേരിക്ക' എന്നപേരില്‍ വിക്ഷേപണം ആഘോഷിക്കാനാണ് അമേരിക്കയുടെ നീക്കം. വൈസ് പ്രസിഡന്റ് മൈക് പെന്‍സ് വിക്ഷേപണത്തിനെത്തും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫ്‌ളോറിഡയിലെത്താന്‍ സാധ്യതയുണ്ട്. 

2011 മുതല്‍ സോയൂസ് പേടകത്തിലെ 52 യാത്രകള്‍ക്ക് വേണ്ടി അമേരിക്ക 350 കോടി ഡോളര്‍ റഷ്യയ്ക്ക് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന വിക്ഷേപണവും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ അമേരിക്കയുടെ ഭാവി വിക്ഷേപണങ്ങള്‍ ഈ വാണിജ്യ ബഹിരാകാശ പേടകങ്ങള്‍ കയ്യടക്കിയേക്കും. 

അതേസമയം ബോയിങ് തങ്ങളുടെ സ്റ്റാര്‍ലൈനര്‍ കാപ്‌സ്യൂളിന്റെ നിര്‍മാണത്തിലാണ്. പരീക്ഷണങ്ങളില്‍ പലതും പരാജയപ്പെട്ടിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. ബോയിങ് കൂടി ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ അമേരിക്ക ബഹിരാകാശ യാത്രയില്‍ പൂര്‍ണമായ സ്വയംപര്യാപ്തത കൈവരിക്കും. 

മെയ് 27 ന് നടക്കുന്നത് സ്‌പേയ്‌സ് എക്‌സ് ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂളിന്റെ ഏറ്റവും ഒടുവിലത്തെ പരീക്ഷണ വിക്ഷേപണമാണ്. മനുഷ്യനെ ബഹിരാകാശ നിലയത്തില്‍ വിജയകരമായി കൊണ്ടുപോയി തിരികെ എത്തിക്കുന്നതോടെ പേടകത്തിന് നാസയ്ക്കുവേണ്ടി സ്ഥിരമായി വിക്ഷേപണം നടത്താന്‍ അമേരിക്കയുടെ അംഗീകാരം ലഭിക്കും. വ്യാഴാഴ്ചയാണ് പേടകം ബഹിരാകാശ നിലയത്തിലെത്തുക. 

Content Highlights: space x launch first-humans-on-rocket nasa dragon crew capsule