അബുദാബി: മണലില്‍ സൗരോര്‍ജം സംഭരിക്കാവുന്ന പരീക്ഷണ പദ്ധതിയുമായി അബുദാബി മസ്ദാര്‍ സര്‍വകലാശാല. മരുഭൂമിയിലെ മണലില്‍ സൗരോര്‍ജം സാംശീകരിച്ച് 1000 ഡിഗ്രി സെല്‍ഷ്യസ് വരെ താപോര്‍ജമാക്കി സംഭരിക്കാവുന്ന പരീക്ഷണമാണ് വിജയിച്ചിരിക്കുന്നത്.
 
ചൂടിനെ പൂര്‍ണമായും മണലില്‍ ശേഖരിക്കുന്ന പുതിയ പദ്ധതിക്ക് 'സാന്‍ഡ് സ്റ്റോക്ക്' എന്നാണ് പേരിട്ടിരിക്കുന്നത്. യു.എ.ഇ.യിലെ മരുഭൂമികളിലെ മണല്‍ത്തരികള്‍ താപോര്‍ജം സംഭരിക്കാന്‍ ഏറ്റവും അനുയോജ്യമായവയെന്നാണ് പഠനങ്ങള്‍. സൗരോര്‍ജവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളില്‍ നിര്‍ണായകമായ കണ്ടെത്തലാണിതെന്ന് മസ്ദാര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ. ബെഹ്ജത് അല്‍ യൂസഫ് പറഞ്ഞു. വരും മാസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കും. പ്രകൃതി സൗഹാര്‍ദപരമായ കണ്ടെത്തല്‍ കൂടിയാണിത്. അബുദാബിയുടെ ഭാവി ഊര്‍ജ രംഗങ്ങളില്‍ ഏറെ മുതല്‍ക്കൂട്ടാവും പുതിയ കണ്ടെത്തല്‍.
 
മസ്ദാര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ മെക്കാനിക്കല്‍ മെറ്റീരിയല്‍ എന്‍ജിനീയറിങ് വിഭാഗം പ്രൊഫസര്‍ നിക്കോള്‍സ് കാല്‍വെറ്റാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ആല്‍ബെര്‍ട്ടോ ക്രെസ്‌പോ ഇനിയേസ്റ്റ, തോമസ് ഡെല്‍ക്ലോസ്, താരിഖ് ഷമിം, ആര്‍ദ്രെ സാം ഗ്ലോദ് എന്നിവരാണ് ഗവേഷകര്‍.