ഐന്‍സ്റ്റൈന്റെ പ്രപഞ്ചസിദ്ധാന്തത്തിന് ആദ്യ സ്ഥിരീകരണം ലഭിച്ചത് 1919 മെയ് 29-നായിരുന്നു, അന്നത്തെ സൂര്യഗ്രഹണ വേളയില്‍ ആര്‍തര്‍ എഡിങ്ടണ്‍ നടത്തിയ പരീക്ഷണം വഴി. ഭൂമുഖത്തെ ഏറ്റവും പ്രശസ്തരായ വ്യക്തികളില്‍ ഒരാളായി അതോടെ ഐന്‍സ്റ്റൈന്‍ മാറി

തൊരു സമ്പൂര്‍ണ സൂര്യഗ്രഹണമായിരുന്നു. അഞ്ചു മിനുറ്റിലേറെ ഇരുട്ടിലായ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ആകാശത്ത് ഏതാനും നക്ഷത്രങ്ങള്‍ തെളിഞ്ഞു. പകല്‍ നേരത്ത് തെളിഞ്ഞ ആ നക്ഷത്രങ്ങള്‍ ഭൂമിയിലൊരാളെ സൂപ്പര്‍സ്റ്റാറാക്കി! 1919 മെയ് 29-നായിരുന്നു ആ സൂര്യഗ്രഹണം, ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ആയിരുന്നു ആ സൂപ്പര്‍സ്റ്റാര്‍! 

ഐസക് ന്യൂട്ടന്റെ പ്രപഞ്ചസങ്കല്‍പ്പത്തെ, രണ്ടര നൂറ്റാണ്ടിന് ശേഷം വിപ്ലവകരമായി നവീകരിച്ചത് ഐന്‍സ്‌റ്റൈനാണ്, സാമാന്യ ആപേക്ഷികതാ സിദ്ധാന്തം വഴി. 1919-ലെ സൂര്യഗ്രഹണം ഐന്‍സ്റ്റൈന്റെ പ്രപഞ്ചസിദ്ധാന്തത്തിന് ആദ്യ സ്ഥിരീകരണം നല്‍കി. പ്രമുഖ ജ്യോതിശാസ്ത്രജ്ഞനും കേംബ്രിഡ്ജ് ഒബ്‌സര്‍വേറ്ററി ഡയറക്ടറുമായിരുന്ന ആര്‍തര്‍ എഡിങ്ടണ്‍ ആണ് സൂര്യഗ്രഹണം നിരീക്ഷിക്കാനുള്ള പദ്ധതി നടപ്പിലാക്കിയത്.

1915 നവംബര്‍ 25-ന് ജര്‍മനിയില്‍ ബര്‍ലിനിലെ പ്രൂഷ്യന്‍ സയന്‍സസ് അക്കാദമിയിലാണ് തന്റെ സിദ്ധാന്തം ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ചത്. 1916-ല്‍ അത് പ്രസിദ്ധീകരിച്ചു. ഒന്നാംലോക മഹായുദ്ധത്തിന്റെ പിടിയിലായിരുന്നു യൂറോപ്പ്. യുദ്ധത്തില്‍ ശത്രുപക്ഷങ്ങളിലായിരുന്നു ജര്‍മനിയും ഇംഗ്ലണ്ടും. എങ്കിലും, ശാസ്ത്രരംഗത്ത് രാഷ്ട്രീയശത്രുതയ്ക്ക് പ്രസക്തിയില്ലെന്നുള്ള പ്രഖ്യാപനമായി മാറി, ഇംഗ്ലണ്ടുകാരനായ എഡിങ്ടണ്‍ മുന്‍കൈയെടുത്ത് ജര്‍മന്‍കാരനായ ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തത്തിന് ആദ്യ സ്ഥിരീകരണം നല്‍കിയ സംഭവം! 

1919 solar eclipse general relativity
1919-ലെ സൂര്യഗ്രഹണം പകര്‍ത്തിയ ഫോട്ടോഗ്രാഫിക് പ്ലേറ്റിന്റെ കോപ്പികളിലൊന്ന്. ഗ്രഹണവേളയില്‍ ആകാശത്ത് തെളിഞ്ഞ നക്ഷത്രങ്ങളെയും കാണാം. Pic Credit: Discover 

ന്യൂട്ടന്റെ സിദ്ധാന്തം അനുസരിച്ച് ഗുരുത്വബലം എന്നത് പ്രപഞ്ചത്തിലെ രണ്ടു വസ്തുക്കള്‍ തമ്മിലുള്ള പരസ്പരാകര്‍ഷണമാണ്. എത്ര അകലെ ആയാലും, വസ്തുക്കള്‍ തമ്മിലുള്ള ഗുരുത്വബലം അനുഭവപ്പെടാന്‍ സമയം വേണ്ട. ഇത് ഐന്‍സ്‌റ്റൈന്റെ 'വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം' (Special Theory of Relativity) അനുസരിച്ച് തെറ്റാണ്. ഗുരുത്വബലം എന്നല്ല, പ്രപഞ്ചത്തിലെ ഒന്നിനും പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനാവില്ല എന്ന് ആപേക്ഷികതാ സിദ്ധാന്തം പറയുന്നു.  

സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍ ബേണിലെ പേറ്റന്റ് ഓഫീസില്‍ ഗുമസ്തനായി ജോലി ചെയ്യുന്ന വേളയില്‍, 1905-ലാണ് ഐന്‍സ്‌റ്റൈന്‍ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം രൂപപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റെ ശിരോലിഖിതം മാറ്റാന്‍ പോന്ന വേറെ രണ്ടു പ്രബന്ധങ്ങളും 1905-ല്‍ തന്നെ ഐന്‍സ്റ്റൈന്‍ പ്രസിദ്ധീകരിച്ചു. പ്രകാശത്തെ ഊര്‍ജപാക്കറ്റുകളായി (കണങ്ങളായി) സങ്കല്‍പ്പിച്ചു കൊണ്ട്, ഫോട്ടോഇലക്ട്രിക് പ്രഭാവത്തിന് നല്‍കിയ വിശദീകരണമായിരുന്നു ഒരു പ്രബന്ധത്തിന്റെ ഉള്ളടക്കം. അതിനാണ് 1921-ല്‍ ഐന്‍സ്റ്റൈന് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. തന്മാത്രകളുടെ അസ്ത്വിത്വം സംശയലേശമന്യേ തെളിയിക്കുന്നതായിരുന്നു ഐന്‍സ്‌റ്റൈന്‍ പ്രസിദ്ധീകരിച്ച മറ്റൊരു പ്രബന്ധം. 

സ്‌പെഷ്യല്‍ റിലേറ്റിവിറ്റി അപൂര്‍ണമാണെന്ന് 1907-ഐന്‍സ്റ്റൈന്‍ മനസിലാക്കി. ഒരു സയന്‍സ് ഇയര്‍ബുക്കിന് വേണ്ടി ആപേക്ഷികതയെക്കുറിച്ച് അവലോകനം തയ്യാറാക്കുമ്പോഴായിരുന്നു അത്. സ്‌പെഷ്യല്‍ റിലേറ്റിവിറ്റിയില്‍ ഗുരുത്വബലം (ഗ്രാവിറ്റി) ഉള്‍പ്പെടുന്നില്ല. മാത്രമല്ല, ന്യൂട്ടന്റെ സങ്കല്‍പ്പം അനുസരിച്ചുള്ള ഗുരുത്വാകര്‍ഷണം റിലേറ്റിവിറ്റി പ്രകാരം ശരിയുമല്ല. അങ്ങനെയാണ്, ഗുരുത്വബലം കൂടി ഉള്‍ക്കൊള്ളും വിധം ആപേക്ഷികത സാമാന്യവത്ക്കരിക്കാന്‍ അദ്ദേഹം ശ്രമമാരംഭിച്ചത്. ഏതാണ്ട് പത്തുവര്‍ഷമെടുത്തു അത് പൂര്‍ത്തിയാക്കാന്‍! 

സാമാന്യ ആപേക്ഷികതാ സിദ്ധാന്തം (General Theory of Relativtiy) അനുസരിച്ച്, ഗുരുത്വബലത്തിന് കാരണം പ്രപഞ്ചവസ്തുക്കളുടെ പരസ്പരാകര്‍ഷണമല്ല, പകരം സ്ഥല-സമയ (space-time) തിരശ്ചീലയിലെ വക്രതയാണ്. അതെപ്പറ്റി ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് ഹാര്‍ട്ടില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു: 'ഗുരുത്വബലം എന്നത് ജ്യാമിതിയാണ്'. പ്രപഞ്ചത്തിലെ ഓരോ വസ്തുവും അതിന്റെ ദ്രവ്യമാനം (പിണ്ഡം) അനുസരിച്ച് സ്ഥല-സമയ തിരശ്ചീലയില്‍ വക്രീകരണം സൃഷ്ടിക്കുന്നുണ്ട്. ഇങ്ങനെ വക്രീകരിക്കപ്പെട്ട സ്ഥല-സമയ മേഖലയില്‍ കൂടി കടന്നുപോകുന്ന പ്രകാശകിരണങ്ങളുടെ സഞ്ചാരപാതയില്‍ വ്യതിയാനം സംഭവിക്കും. 

Relativity, 1919 Eclipse
സൂര്യന്റെ ഗുരുത്വബലത്താല്‍ നക്ഷത്രകിരണത്തിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നതിന്റെ ചിത്രീകരണം.

സൂര്യനും അതിന്റെ സമീപത്തുകൂടി കടന്നുപോകുന്ന പ്രകാശകിരണങ്ങളെ വളയ്ക്കുന്നുണ്ട്. വിദൂരനക്ഷത്രങ്ങളില്‍ നിന്ന് സൂര്യന് സമീപത്തു കൂടി സഞ്ചരിക്കുന്ന പ്രകാശവീചികള്‍ക്ക് ദിശാവ്യതിയാനം സംഭവിക്കും. ഇക്കാര്യം പരീക്ഷിച്ചറിയുക എളുപ്പമല്ല. കാരണം, സൂര്യന്‍ ആകാശത്തുള്ളപ്പോള്‍ നക്ഷത്രങ്ങളെ കാണാനാകില്ലല്ലോ. സൂര്യഗ്രഹണ വേളയില്‍ ആകാശത്ത് നക്ഷത്രങ്ങള്‍ തെളിയുമ്പോള്‍ ഇക്കാര്യം നിരീക്ഷിക്കാനാകുമെന്ന് ഐന്‍സ്‌റ്റൈന്‍ നിര്‍ദ്ദേശിച്ചു. 

1911-ല്‍ തന്നെ ഇക്കാര്യം പരീക്ഷിച്ചു നോക്കാന്‍ മറ്റു ഗവേഷകരെ ഐന്‍സ്‌റ്റൈന്‍ ആഹ്വാനം ചെയ്തു. ഐന്‍സ്‌റ്റൈന്റെ ആഹ്വാനം ഏറ്റെടുത്ത് ആദ്യം രംഗത്തു വന്നത് ജര്‍മന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ഇര്‍വിന്‍ ഫിന്‍ലേ-ഫ്രൈന്‍ഡ്‌ലിക് (Erwin Finlay-Freundlich) ആയിരുന്നു. 1914 ഓഗസ്റ്റിലെ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ യുക്രൈനിലേക്ക് പോയ ഫ്രൈന്‍ഡ്‌ലികിനും സംഘത്തിനും പക്ഷേ, അതിന് കഴിഞ്ഞില്ല. അവര്‍ അവിടെ എത്തുമ്പോഴേയ്ക്ക് ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചിരുന്നു. റഷ്യന്‍ സൈന്യം അവരെ പിടികൂടി ഉപകരണങ്ങള്‍ കണ്ടുകെട്ടി. യു.എസിലെ ലിക്ക് ഒബ്‌സര്‍വേറ്ററി സംഘവും 1914 ഓഗസ്റ്റില്‍ ഐന്‍സ്റ്റൈന്റെ പ്രവചനം പരീക്ഷിച്ചറിയാന്‍ ശ്രമിച്ചു, പക്ഷേ വിജയിക്കാനായില്ല. 

ഒരു കണക്കിന് ഐന്‍സ്‌റ്റൈന് അത് അനുഗ്രഹമായി. കാരണം അദ്ദേഹം ആദ്യം നടത്തിയ കണക്കുകൂട്ടല്‍ തെറ്റായിരുന്നു. സാമാന്യ ആപേക്ഷികത പൂര്‍ണരൂപത്തില്‍ വികസിപ്പിച്ചപ്പോള്‍, സൂര്യനു സമീപം നക്ഷത്രകിരണങ്ങള്‍ക്ക് 1.7 arc seconds (ഒരു ഡിഗ്രിയുടെ നാലയിരത്തിലൊന്ന് ഭാഗം) ദിശാവ്യതിയാനം സംഭവിക്കുമെന്ന് വ്യക്തമായി. അതേസമയം, ന്യൂട്ടന്റെ ഗുരുത്വബല സിദ്ധാന്തം അനുസരിച്ച് ദിശാവ്യതിയാനം 0.86 arc seconds മാത്രമേ വരൂ. ഇതില്‍ ഏതാണ് ശരിയെന്ന് പരീക്ഷിച്ചറിയാനുള്ള ഉത്തരവാദിത്വമാണ് ഇംഗ്ലണ്ടില്‍ എഡിങ്ടണ്‍ ഏറ്റെടുത്തത്. 

1916-ല്‍, യുദ്ധം തുടരുന്നതിനിടെ, സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഒരു കോപ്പി ഇംഗ്ലീഷ് ചാനലിനക്കരെ എഡിങ്ടന് അയച്ചു കൊടുക്കാന്‍ ഡച്ച് നക്ഷത്രഭൗതികജ്ഞന്‍ വില്ലം ഡി സിറ്റര്‍ക്ക് സാധിച്ചു. ഇംഗ്ലണ്ടില്‍ ഐന്‍സ്‌റ്റൈന്‍ അത്ര പരിചിതനല്ലായിരുന്നു. ഗണിതം ഇഷ്ടപ്പെട്ടിരുന്ന എഡിങ്ടണെ ഐന്‍സ്‌റ്റൈന്റെ അതിസങ്കീര്‍ണമായ ഫീല്‍ഡ് സമവാക്യങ്ങള്‍ ആകര്‍ഷിച്ചു. വളരെ ഉത്സാഹത്തോടെ എഡിങ്ടണ്‍ ആപേക്ഷികതാ സിദ്ധാന്തം പഠിക്കുകയും, പണ്ഡിതരായ ഗവേഷകര്‍ക്ക് വേണ്ടി അതെപ്പറ്റി ഇംഗ്ലീഷില്‍ കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. റോയല്‍ അസ്‌ട്രോമണിക്കല്‍ സൊസൈറ്റി അധ്യക്ഷന്‍ ഫ്രാങ്ക് ഡൈസനുമായി ആലോചിച്ച്, 1919-ലെ സൂര്യഗ്രഹണവേളയില്‍ ഐന്‍സ്‌റ്റൈന്റെ പ്രവചനം പരീക്ഷിച്ചറിയാനുള്ള പദ്ധതിയും എഡിങ്ടണ്‍ തയ്യാറാക്കി. 

യഥാര്‍ഥത്തില്‍, ജയില്‍വാസത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു ഉപായം കൂടിയായിരുന്നു എഡിങ്ടനെ സംബന്ധിച്ചിടത്തോളം ആ പദ്ധതി. 'സൊസൈറ്റി ഓഫ് ഫ്രണ്ട്‌സ്' എന്ന ക്രിസ്ത്യന്‍ ഗ്രൂപ്പില്‍ അംഗമായിരുന്നു എഡിങ്ടണ്‍. ആ ഗ്രൂപ്പിലെ അംഗങ്ങളെ 'ക്വൊയ്ക്കര്‍' (Quaker) എന്നാണ് വിളിക്കുക. എഡിങ്ടണ്‍ ഒരു ക്വൊയ്ക്കര്‍ ആയിരുന്നതിനാല്‍, യുദ്ധവും അക്രമവും നീതീകരിക്കാവുന്നതല്ല എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. അതിനാല്‍, നിര്‍ബന്ധിത സൈനികസേവനത്തിന് അദ്ദേഹം വിസമ്മതിച്ചു. ഇംഗ്ലണ്ടിലെ നിയമപ്രകാരം സൈനിക സേവനം നിരസിക്കുന്നയാള്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാണ്. 

എഡിങ്ടനെ രക്ഷിക്കാന്‍ ഡൈസണ്‍ ബുദ്ധിപരമായ ഒരു നീക്കം നടത്തി. യുദ്ധത്തില്‍ പങ്കെടുത്തില്ലെങ്കിലും മികച്ച രീതിയില്‍ രാജ്യസേവനം നടത്താന്‍ എഡിങ്ടണ്‍ തയ്യാറാണെന്നും, ആപേക്ഷികതാ സിദ്ധാന്തം തെളിയിക്കാനുള്ള പര്യവേക്ഷണത്തിന് അടുത്ത സൂര്യഗ്രഹണവേളയില്‍ അദ്ദേഹം നേതൃത്വം നല്‍കുമെന്നും അധികൃതരെ ഡൈസണ്‍ ബോധ്യപ്പെടുത്തി. 

Arthur Eddington
ആര്‍തര്‍ എഡിങ്ടണ്‍.
Pic Credit: Wikimedia Commons

ആകാശത്തെ വിദൂരമായ ഹൈയാഡസ് (Hyades) നക്ഷത്രഗണത്തെ ഒരു വര്‍ഷം തന്നെ രണ്ടുതവണ നിരീക്ഷിക്കുക എന്നതായിരുന്നു എഡിങ്ടന്റെ പദ്ധതി. രാത്രിയില്‍ തെളിഞ്ഞ ആകാശത്ത് ആ ഗണത്തിലെ നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുക എന്നതാണ് ആദ്യപടി. രണ്ടാമതായി, ആ നക്ഷത്രഗണത്തിന് മുന്നില്‍ സൂര്യന്‍ ഉള്ളപ്പോള്‍ നക്ഷത്രസ്ഥാനങ്ങള്‍ നിര്‍ണയിക്കുക. പകല്‍ നക്ഷത്രങ്ങളെ കാണാന്‍ കഴിയാത്തതിനാല്‍, സൂര്യന്റെ സാന്നിധ്യത്തിലുള്ള നിരീക്ഷണം സമ്പൂര്‍ണ സൂര്യഗ്രഹണ വേളയിലേ നടക്കൂ. രണ്ടു നിരീക്ഷണത്തിലും നക്ഷത്രസ്ഥാനങ്ങള്‍ വ്യത്യസ്തമായാല്‍, സൂര്യന്റെ സ്വാധീനത്താല്‍ നക്ഷത്രകിരണങ്ങള്‍ വളയുന്നുണ്ടെന്ന് മനസിലാക്കാം. അത് എത്രത്തോളമെന്ന് കണക്കു കൂട്ടിയാല്‍ ഐന്‍സ്‌റ്റൈന്‍ പ്രവചിച്ചത് ശരിയാണോ എന്നും മനസിലാക്കാം.  

പക്ഷേ, കേള്‍ക്കുന്നത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. 1919-ലെ സൂര്യഗ്രഹണം പൂര്‍ണതോതില്‍ ദൃശ്യമാവുക, ഭൂമധ്യരേഖയ്ക്ക് സമീപം ബ്രസീലിയന്‍ തീരം മുതല്‍ ആഫ്രിക്ക വരെയുള്ള അത്‌ലാന്റിക് പ്രദേശത്താണ്. അവിടെയെത്തി സൂര്യഗ്രഹണം നിരീക്ഷിക്കുക സാഹസികമായിരുന്നു. കാരണം, ജര്‍മന്‍ യു-ബോട്ടുകളുടെ ആക്രമണം ബ്രിട്ടീഷ് യാനങ്ങള്‍ക്ക് നേരെ ഏത് നിമിഷവും ഉണ്ടാകാം. 1918-ല്‍ പര്യടനം ആസൂത്രണം ചെയ്യുന്ന വേളയില്‍ സംഘര്‍ഷഭരിതമായിരുന്നു സ്ഥിതി. 

ഭാഗ്യത്തിന് പര്യവേക്ഷണം തുടങ്ങും മുമ്പ് യുദ്ധം അവസാനിച്ചു. 1919 മാര്‍ച്ചില്‍ ലിവര്‍പൂളില്‍ നിന്ന് എഡിങ്ടന്റെ നേതൃത്വത്തില്‍ പുറപ്പെട്ട സംഘം രണ്ടായി പിരിഞ്ഞു. ജ്യോതിശാസ്ത്രജ്ഞരായ ചാള്‍സ് ഡേവിഡ്‌സണ്‍, ആന്‍ഡ്രൂ ക്രോമലിന്‍ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള സംഘം നിരീക്ഷണ ഉപകരണങ്ങളുമായി വടക്കന്‍ ബ്രസീലില്‍ ആമസോണ്‍ മേഖലയിലെ സൊബ്‌രാല്‍ പട്ടണത്തിലേക്ക് യാത്രയായി. ആഫിക്കയുടെ അത്‌ലാന്റിക് തീരത്ത് ഗിനി ഉള്‍ക്കടലില്‍ (Gulf of Guinea) പോര്‍ച്ചുഗീസ് അധീനതയിലുള്ള പ്രിന്‍സിപ്പെ എന്ന ചെറുദ്വീപായിരുന്നു എഡിങ്ടന്റെയും സംഘത്തിന്റെയും ലക്ഷ്യസ്ഥാനം. അവിടെയെത്തി ദ്വീപിന്റെ വടക്കേയറ്റത്ത് 500 അടി വരുന്ന തിട്ടയ്ക്ക് മുകളില്‍ നിരീക്ഷണ ഉപകരണങ്ങള്‍ എഡിങ്ടണ്‍ സജ്ജമാക്കി. 

അങ്ങനെ, മെയ് 29 എത്തി. പ്രിന്‍സിപ്പെയില്‍ പ്രാദേശിക സമയം 3.13-ന് സൂര്യഗ്രഹണം ആരംഭിച്ചു. അഞ്ചു മിനുറ്റ് നേരം ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറച്ചു, ഭൂമി ഇരുണ്ടു. അതീവ ഉത്ക്കണ്ഠയിലായിരുന്നു എഡിങ്ടണ്‍. കാരണം, രാവിലെ അവിടെ മഴ തകര്‍ത്തു പെയ്തിരുന്നു. ആകാശം ഇരുണ്ടുകിടന്നു. തന്റെ ആയുസിലെ ഏറ്റവും നിര്‍ണായകമായ നിമിഷങ്ങളില്‍ ആകാശം എഡിങ്ടണെ പരീക്ഷിക്കുന്നതുപോലെ തോന്നി. ഏതായാലും ഗ്രഹണവേള അടുത്തപ്പോഴേയ്ക്കും ആകാശം തെളിഞ്ഞു തുടങ്ങി.

'ഞാന്‍ ഗ്രഹണം കണ്ടില്ല', തന്റെ ഡയറിയില്‍ എഡിങ്ടണ്‍ കുറിച്ചു. ഫോട്ടോഗ്രാഫിക് പ്ലേറ്റുകള്‍ മാറ്റിവെയ്ക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഗ്രഹണത്തിന്റെ 16 ഫോട്ടോകള്‍ എഡിങ്ടണ്‍ എടുത്തു. എന്നിട്ട് ലണ്ടനിലേക്ക് ഇങ്ങനെ ടെലഗ്രാം ചെയ്തു: 'Through cloud, hopeful. Eddington'. ബ്രസീലില്‍ കാലാവസ്ഥ മികച്ചതായിരുന്നു. 19 ഫോട്ടോഗ്രാഫിക് പ്ലേറ്റുകളില്‍ ഗ്രഹണം പകര്‍ത്താന്‍ ബ്രസീല്‍ സംഘത്തിനായി.

News Report on 1919 Eclipse
ഐന്‍സ്‌റ്റൈന്റെ പ്രവചനം
തെളിയിക്കപ്പെട്ടതിനെ പറ്റി
'ന്യൂയോര്‍ക്ക് ടൈംസ്'
 പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. 

ഇത്രയും കൊണ്ട് പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. ഗ്രഹണവേളയില്‍ നക്ഷത്രങ്ങളുടെ ദൃശ്യം ലഭിച്ചോ എന്ന് മനസിലാക്കാന്‍, ഫോട്ടോഗ്രാഫിക് പ്ലേറ്റുകള്‍ ഇംഗ്ലണ്ടിലെത്തിച്ച് ഡെവലപ്പ് ചെയ്യേണ്ടിയിരുന്നു. അവയില്‍ പതിഞ്ഞ താരങ്ങളുടെ സ്ഥാനങ്ങള്‍, സൂര്യന്റെ സാന്നിധ്യമില്ലാതെ എടുത്ത പ്ലേറ്റുകളിലേതുമായി താരതമ്യം ചെയ്താലേ, ഐന്‍സ്‌റ്റൈന്റെ പ്രവചനം ശരിയാണോ എന്ന് വ്യക്തമാകൂ. എഡിങ്ടണ്‍ പകര്‍ത്തിയ 16 പ്ലേറ്റുകളില്‍ രണ്ടെണ്ണത്തിലേ നക്ഷത്രദൃശ്യങ്ങള്‍ പതിഞ്ഞിരുന്നുള്ളൂ. മാത്രമല്ല, ഇരുസംഘങ്ങളും പകര്‍ത്തിയ പ്ലേറ്റുകളിലെ നക്ഷത്രസ്ഥാനങ്ങള്‍ സംബന്ധിച്ച് ചില വൈരുധ്യങ്ങളും കണ്ടു. അതിനാല്‍, പരീക്ഷണഫലം വിശകലനം ചെയ്യാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുത്തു. 

ഒടുവില്‍, ഔദ്യോഗിക ഫലപ്രഖ്യാപനം ലണ്ടനില്‍ റോയല്‍ സൊസൈറ്റിയുടെയും റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെയും സംയുക്തയോഗത്തില്‍ 1919 നവംബര്‍ ആറിന് നടന്നു. റോയല്‍ സൊസൈറ്റിയുടെ പിക്കിഡല്ലിയിലെ ബര്‍ലിങ്ടണ്‍ ഹൗസില്‍ ആ സായാഹ്നത്തിലെ കാര്യപരിപാടിയില്‍ ഒറ്റ സംഗതിയേ ഉണ്ടായിരുന്നുള്ളൂ, ഗ്രഹണ നിരീക്ഷണത്തിന്റെ റിപ്പോര്‍ട്ട് അവതരണം മാത്രം. റോയല്‍ സൊസൈറ്റി പ്രസിഡന്റ് ജെ ജെ തോംസണ്‍ ആയിരുന്നു അധ്യക്ഷന്‍. ഹാളിന്റെ ചുമരിലിരുന്ന ഐസക് ന്യൂട്ടന്റെ ഛായാചിത്രം തങ്ങളെ ആകാംക്ഷാപൂര്‍വ്വം വീക്ഷിക്കുന്നതായി പലര്‍ക്കും തോന്നി! 

ഫ്രാങ്ക് ഡൈസനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഉപയോഗിച്ച ഉപകരണങ്ങള്‍, ലഭിച്ച ദൃശ്യങ്ങള്‍, കഠിനമായ ഗണിതക്രിയകള്‍ ഒക്കെ അദ്ദേഹം വിശദീകരിച്ചു. 'പ്ലേറ്റുകള്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചതിന്റെ വെളിച്ചത്തില്‍, അവ ഐന്‍സ്റ്റൈന്റെ പ്രവചനം സാധൂകരിക്കുന്നു എന്ന് പറയാന്‍ എനിക്ക് ഒരു സംശയവുമില്ല'-ഡൈസണ്‍ പറഞ്ഞവസാനിപ്പിച്ചു. സദസില്‍ പലരും സംശയാലുക്കളായിരുന്നു. സംശയങ്ങള്‍ക്ക് അറുതി വരുത്താന്‍ എന്നോണം അധ്യക്ഷന്‍ ജെ ജെ തോംസണ്‍ പ്രസ്താവിച്ചു: 'മനുഷ്യന്റെ ചിന്താശേഷിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ഈ ഫലം'. ന്യൂട്ടന്റെ നിയമങ്ങള്‍ അല്ല പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന വെളിപ്പെടുത്തലാണ് അവിടെ നടന്നത്! 

ലണ്ടനില്‍ ആ ഫലപ്രഖ്യാപനം നടക്കുമ്പോള്‍, ഐന്‍സ്റ്റൈന്‍ ബെര്‍ലിനിലായിരുന്നു. തന്റെ സിദ്ധാന്തം ആദ്യവിജയം നേടുന്നതിന്റെ ആവേശം നേരിട്ട് അനുഭവിച്ചറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാല്‍, ആ ഫലപ്രഖ്യാപനത്തോടെ ലോകത്തിന്റെ വിദൂരകോണുകളില്‍ പോലും താന്‍ അറിയപ്പെടാന്‍ പോകുകയാണെന്നും, പ്രതിഭയുടെ പ്രതീകമായും ആധുനികശാസ്ത്രത്തിന്റെ മുഖമായും താന്‍ മാറുകയാണെന്നും ഐന്‍സ്‌റ്റൈന്‍ ഓര്‍ത്തിരിക്കില്ല. സംഭവിച്ചത് പക്ഷേ, അങ്ങനെയാണ്. അത്ര കാലവും പരിമിതമായ വൃത്തങ്ങളില്‍ മാത്രം അറിയപ്പെട്ടിരുന്ന ആ ശാസ്ത്രകാരന്‍, 1919-ലെ സൂര്യഗ്രഹണത്തോടെ ഒറ്റയടിക്ക് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നു. 

Solar Eclipse 1919
സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ ബ്രസീലിലെ സൊബ്‌രാലിലെത്തിയ ബ്രിട്ടീഷ് സംഘത്തിന്റെ ഉപകരണങ്ങള്‍. Pic Credit: SSPL/Getty Images. 

ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം വളരെ കുറച്ചുപേര്‍ക്കേ മനസിലായുള്ളൂ എങ്കിലും, അദ്ദേഹം വലിയൊരു സംഭവമാണെന്ന് ഏവര്‍ക്കും ബോധ്യപ്പെട്ടു. ജപ്പാനില്‍ വന്‍ ജനാവലി അദ്ദേഹത്തിന് ആശംസ നേരാനെത്തി, അമേരിക്കയില്‍ ഐന്‍സ്‌റ്റൈനെ വരവേല്‍ക്കാന്‍ വരിവരിയായി പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്റെ പേര് ഉച്ചത്തില്‍ മന്ത്രിച്ചുകൊണ്ട് കാത്തുനിന്നു. ചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ വ്യക്തികളുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് തുടരെ പ്രത്യക്ഷപ്പെട്ടു. 

അന്താരാഷ്ട്ര സെലിബ്രിറ്റിയായി താന്‍ മാറിയത് പക്ഷേ, അത്ര സുഖകരമായി ജന്മനാട്ടില്‍ ഐന്‍സ്റ്റൈന് അനുഭവപ്പെട്ടില്ല. തീവ്രവലതുപക്ഷ വക്താവായ പോള്‍ വെയ്‌ലാ (Paul Weyland) പോലുള്ളവര്‍ ഐന്‍സ്റ്റൈന്റെ ശത്രുക്കളായി. ആശയചോരണം ആരോപിച്ച് ഐന്‍സ്റ്റൈനെതിരെ 'ആപേക്ഷികതാ വിരുദ്ധ റാലി' പോലും ജര്‍മനിയില്‍ നടത്തപ്പെട്ടു! 

1919-ന് ശേഷവും ഐന്‍സ്റ്റൈന്റെ പ്രവചനം ആവര്‍ത്തിച്ച് പരിശോധിക്കാന്‍ ഗവേഷകര്‍ തുനിഞ്ഞു. ലിക്ക് ഒബ്‌സര്‍വേറ്റിയിലെ ഗവേഷകര്‍ 1922-ലെ സൂര്യഗ്രഹണം ഓസ്‌ട്രേലിയയിലും, 1923-ലേത് മെക്‌സിക്കോയിലും പോയി നിരീക്ഷിച്ച് ഐന്‍സ്‌റ്റൈന് കൂടുതല്‍ സ്ഥിരീകരണം നല്‍കി. ക്വാസറുകളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങള്‍ക്ക് സൂര്യന് സമീപം ദിശാവ്യതിയാനം സംഭവിക്കുന്നതായി തെളിഞ്ഞത് ഐന്‍സ്റ്റൈന്റെ പ്രവചനത്തെ മെച്ചപ്പെട്ട രീതിയില്‍ സ്ഥിരീകരിച്ചു. 

എഡിങ്ടന്റെ നേതൃത്വത്തില്‍ നൂറുവര്‍ഷം മുമ്പു നടന്ന ആ പരീക്ഷണം ശാസ്ത്രപ്രേമികള്‍ക്ക് ഇന്നും ആവേശം പകരുന്നു. 2017-ലെ സൂര്യഗ്രഹണ വേളയില്‍ അമേരിക്കയിലെ ഒരു അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞന്‍ 4000 ഡോളര്‍ ചെലവിട്ട് വാങ്ങിയ ടെലസ്‌കോപ്പ് ഉപയോഗിച്ച്, എഡിങ്ടണ്‍ ചെയ്ത പരീക്ഷണം കൂടുതല്‍ കൃത്യതയോടെ നടത്തി. നിരീക്ഷിച്ചത് വ്യത്യസ്ത നക്ഷത്രങ്ങളെ ആണെങ്കിലും, ഫലം എഡിങ്ടന് ലഭിച്ചതു തന്നെയായിരുന്നു!

പ്രപഞ്ചത്തിന്റെ ഉത്ഭവവും വികാസവും അന്തിമവിധിയുമെല്ലാം ഉള്‍പ്പെടുന്ന മഹാസിദ്ധാന്തമാണ് 1915-ല്‍ ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാ സിദ്ധാന്തമെന്ന് ഇപ്പോള്‍ നമുക്കറിയാം. നിലവിലെ പ്രപഞ്ചസങ്കല്‍പ്പം രൂപപ്പെട്ടത് ആ സിദ്ധാന്തത്തിന്റെ പലവിധ സ്ഥിരീകരണങ്ങള്‍ വഴിയാണ്. അതിന്റെ തുടക്കമായിരുന്നു 1919-ല്‍ എഡിങ്ടണ്‍ നടത്തിയ ആ പരീക്ഷണം.  

അവലംബം -

* Einstein: His Life and Universe (2007), By Walter Isaacson. Pocket Books, London. p. 249-262.

* The Perfect Theory: A Century of Geniuses and the Battle over General Relativity (2014). By Pedro G. Ferreira. Little, Brown, London. p.12-27. 

* Einstein's Eclipse: Worlds aligned in 1919 - and forever changed how we understant Gravity. By Devin Powell. Discover, May 2019. 

* ഐന്‍സ്‌റ്റൈന്റെ മഹാസിദ്ധാന്തത്തിന് 100. mathrubhumi.com. Nov 24, 2015. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്