അടുത്തമാസം വരാനിരിക്കുന്ന സൂര്യഗ്രഹം അമേരിക്കയിലെ 7 ദശലക്ഷം വീടുകളിലേക്കുളള വൈദ്യുതി വിതരണത്തെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. സൂര്യഗ്രഹണത്തെ തുടര്‍ന്നുണ്ടാവുന്ന നിഴല്‍ സോളാര്‍ ഊര്‍ജോല്‍പാദനത്തെ ബാധിക്കുന്നതിനാലാണിത്. ആഗസ്റ്റ് 21 നാണ് അമേരിക്കയില്‍ സൂര്യഗ്രഹണം ദൃശ്യമാവുക. 

ചന്ദ്രന്‍ സൂര്യനെ മറയ്ക്കുമ്പോള്‍  ഓരിഗണ്‍ മുതല്‍ നോര്‍ത്ത് കരോലിന വരെയുള്ള 113 കിലോമീറ്ററോളം വിസ്തൃതിയില്‍ ഭൂപ്രദേശത്തെ നിഴലിലാക്കുന്ന അത്യപൂര്‍വ സംഭവമായിരിക്കും അത്. ഈ പ്രദേശങ്ങളിലാണ് വലിയ തോതില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

അമേരിക്കയില്‍ വിവിധയിടങ്ങളിലായുള്ള വലിയ സോളാര്‍ പാടങ്ങളില്‍ നിന്നും മേല്‍ക്കൂരകളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളില്‍ നിന്നുമായി 9000 മെഗാവാട്ടിന്റെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ വലിയതോതിലുള്ള ഊര്‍ജ്ജനഷ്ടം സൂര്യ ഗ്രണത്തിലൂടെ ഉണ്ടാവുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഉച്ചയ്ക്ക് 12.30 മുതല്‍ വൈകീട്ട് 4.09 വരെയാണ് സൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം. സോളാര്‍ ഊര്‍ജ്ജ ക്ഷാമം ഫോസില്‍ ഇന്ധനങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കും. പ്രത്യേകിച്ചും അമേരിക്കയില്‍ വേനല്‍ കാലമായതിനാല്‍. ഇത് ഊര്‍ജ്ജ വില വര്‍ധനയ്ക്കിടയാക്കിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

വലിയതോതില്‍ സോളാര്‍ വൈദ്യുതി ഉപഭോഗമുള്ള നോര്‍ത്ത കരോലിന,  ന്യൂജേഴ്‌സി എന്നിവിടങ്ങളിലെ ഉര്‍ജ്ജ വിതരണത്തെ സൂര്യഗ്രഹണം സാരമായി ബാധിച്ചേക്കും