പ്രശസ്ത ടെലിവിഷന്‍ അവതാരകനും നാച്ചുറല്‍ സിനിമ നിര്‍മാതാവുമായ സര്‍ ഡേവിഡ് ആറ്റന്‍ബറോയോടുള്ള ആദരസൂചകമായി 43 കോടി വര്‍ഷം പഴക്കമുള്ള ജൈവഫോസിലിന് ഗവേഷകര്‍ അദ്ദേഹവുമായി ബന്ധപ്പെട്ട പേരിട്ടു. 

ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവയുടെ ഒരു പ്രാചീനബന്ധുവിന്റെ ഫോസിലിനാണ് അന്താരാഷ്ട്ര ഗവേഷകസംഘം 'കാസ്‌കോലസ് റാവിറ്റിസ്' ( Cascolus ravitis ) എന്ന് ശാസ്ത്രീയനാമം നല്‍കിയത്. ആറ്റന്‍ബറോയുടെ വീട്ടുപേരാണ് 'കാസ്‌കോലസ്' കൊണ്ട് ദ്യോതിപ്പിക്കുന്നത്. ആറ്റന്‍ബറോയും ജന്മനാടായ ലീസസ്റ്ററിന്റെ റോമന്‍ പേര് അടങ്ങിയ വാക്കാണ് 'റാവിറ്റിസ്'.

ഇംഗ്ലണ്ടിലെ ഹിയര്‍ഫോര്‍ഡ്‌ഷൈറില്‍ അഗ്നേനയശിലാ അടരുകളില്‍ നിന്ന് ലീസസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയ 9 മില്ലിമീറ്റര്‍ വലുപ്പമുള്ള ഫോസിലിനാണ് പുതിയ പേര് നല്‍കിയത്. സര്‍ ആറ്റന്‍ബറോ തൊണ്ണൂറാം പിറന്നാള്‍ ആഘോഷിച്ചത് കഴിഞ്ഞ വര്‍ഷമാണ്. 

'ഒരു ജീവശാസ്ത്രജ്ഞനോ പുരാവസ്തുഗവേഷകനോ മറ്റൊരു വ്യക്തിക്ക് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമാനം, ഒരു ഫോസില്‍ അയാളുടെ പേരില്‍ നാമകരണം ചെയ്യുക എന്നതാണ്. ഇത് വലിയൊരു അംഗീകാരമായി ഞാന്‍ കാണുന്നു', തന്റെ പേരില്‍ ഫോസില്‍ നാമകരണം ചെയ്ത നടപടിയെക്കുറിച്ച് സര്‍ ആറ്റന്‍ബറോ അഭിപ്രായപ്പെട്ടു. 

സര്‍ ആറ്റന്‍ബറോയുടെ പേര് ഒരു ഫോസിലിനോ ജീവിക്കോ നല്‍കുന്നത് പക്ഷേ, പുതിയ സംഗതിയല്ല. ഡോമിനിക്കന്‍ റിപ്ലബ്ലിക്കില്‍ നിന്ന് 2014 ല്‍ തിരിച്ചറിഞ്ഞ ഒരു ചെറു പുല്‍ച്ചാടിക്ക് 'ഇലക്ട്രോടെറ്റിക്‌സ് ആറ്റന്‍ബറോയി; ( Electrotettix attenboroughi ) എന്നാണ് ശാസ്ത്രീയനാമം നല്‍കിയത്. 

Sir David Attenborough
തന്റെ പേരിലുള്ള ജീവികളുടെ ചിത്രങ്ങളുമായി സര്‍ ഡേവിഡ് ആറ്റന്‍ബറോ. ചിത്രം: AAP

 

ന്യൂ ഗിനിയിലെ വനമേഖലയില്‍ ജീവിക്കുന്ന മുള്ളന്‍പന്നിയുടെ വര്‍ഗത്തില്‍പെട്ട ഒരിനം ഇച്ചിഡ്‌ന ( echidna ) യ്ക്ക് നല്‍കിയിട്ടുള്ള ശാസ്ത്രീയനാമം 'സാഗ്‌ലോസസ് ആറ്റന്‍ബറോയി' ( Zaglossus attenboroughi ) എന്നാണ്. 

Euptychia attenboroughi
ആറ്റന്‍ബറോയുടെ പേരിട്ടിട്ടുള്ള ചിത്രശലഭം 'യുപ്ടിച്ചിയ ആറ്റന്‍ബറോയി'. ചിത്രം കടപ്പാട്: Andrew Neild/Natural History Museum/ABC

 

ബ്രസീലിലും കൊളംബിയയിലും കാണപ്പെടുന്ന അതിമനോഹരമായ ഒരിനം ശലഭത്തിന്റെ പേര് 'യുപ്ടിച്ചിയ ആറ്റന്‍ബറോയി' ( Euptychia attenboroughi ) എന്നാണ്. ഇന്‍ഡൊനീഷ്യയില്‍ കാണപ്പെടുന്ന ഒരിനം വണ്ടിനിട്ട പേരാണ് 'ട്രിഗോനോപ്‌റ്റെറസ് ആറ്റന്‍ബറോയി' ( Trigonopterus attenboroughi ). വെയ്ല്‍സിലെ ബ്രെകോന്‍ ബീകോണ്‍സില്‍ വളരുന്ന മനോഹരമായ ഒരു വന്യപുഷ്പത്തിനും കിട്ടി ആറ്റന്‍ബറോയുടെ പേര്-'ആറ്റന്‍ബറോ ഹാക്‌വീഡ്'; ( Attenborough Hawkweed ).

Attenborough Hawkweed
ആറ്റന്‍ബറോയുടെ പേരിലുള്ള വന്യപുഷ്പം-'ആറ്റന്‍ബറോ ഹാക്‌വീഡ്'. ചിത്രം കടപ്പാട്: Ispotnature

 

ഒരു ദിനോസറിനും ആറ്റന്‍ബറോയുടെ പേര് നല്‍കിയിട്ടുണ്ട്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ആ ദിനോസറിന്റെ പേര് 'ആറ്റന്‍ബറോസറസ് കോനിബിയേര്‍' ( Attenborosaurus conybeare ) എന്നാണ്. 

ഇത്രയും കൊണ്ട് ആറ്റന്‍ബറോയുടെ പേരിലുള്ള ജീവികളുടെയോ വസ്തുക്കളുടെയോ പട്ടിക അവസാനിക്കുന്നില്ല. അദ്ദേഹത്തിന്റെ പേരില്‍ ഒരു ഗവേഷണ കപ്പല്‍ പോലുമുണ്ട് - 'ആര്‍ആര്‍എസ് സര്‍ ഡേവിഡ് ആറ്റന്‍ബറോ'.