അഞ്ചുകോടി വര്‍ഷം മുമ്പ് ഹിമാലയമേ ഇല്ലായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും യൂറേഷ്യന്‍ ഫലകത്തിനും ഇടയ്ക്കുണ്ടായിരുന്ന 'ടീതസ് കടലില്‍' നിന്ന് ഉയര്‍ന്നുവന്നതാണ് ഹിമാലയം! ഫലകചലനങ്ങളുടെ ഫലമായി ഇന്ത്യന്‍ ഉപഭൂഖണ്ഡം വടക്കോട്ട് നീങ്ങി യൂറേഷ്യന്‍ ഫലകവുമായി കൂട്ടിയിടിച്ചതിന്റെ ഫലം.

Sea Animal Fossils from Rajasthan Desert
രാജസ്ഥാനില്‍ ജെയ്‌സാല്‍മര്‍ പ്രദേശത്തെ താര്‍ മരുഭൂമിയുടെ ഭാഗം. ഇവിടം ഒരിക്കല്‍ സമുദ്രമായിരുന്നു എന്നാണ് ഫോസിലുകള്‍ നല്‍കുന്ന സൂചന. ചിത്രം കടപ്പാട്: Shutterstock/ veenaworld.com


 

ന്ത്യയില്‍ കടലാമഗവേഷണത്തിന് അടിത്തറയിട്ട സതീഷ് ഭാസ്‌കര്‍ എന്ന ചെറായി സ്വദേശി, തന്റെ പഠനത്തിന്റെ ഭാഗമായി ഗുജറാത്തില്‍ ഭാവ്‌നഗര്‍ തീരത്തെ പിറം ദ്വീപില്‍ പോയ അനുഭവം വിവരിച്ചത് ഓര്‍ക്കുന്നു. ഗുജറാത്ത് തീരത്ത് ജൈവവൈവിധ്യത്താല്‍ അനുഗ്രഹീതമായ 42 ദ്വീപുകളുണ്ട്. അതിലൊന്നാണ് പിറം ദ്വീപ് (Piram Island). 'ആ ദ്വീപില്‍ വേലിയേറ്റ വേളയിലേ തീരത്തിനടുത്ത് കടലെത്തൂ, വേലിയിറക്കമാകുമ്പോള്‍ കടല്‍ വളരെ അകലേക്ക് പിന്‍വാങ്ങും. അതിനാല്‍, 'വേലിയേറ്റ സമയത്ത് മാത്രമേ കടലാമകള്‍ക്ക് മുട്ടയിടാന്‍ ദീപിലേക്ക് എത്താനാകൂ...വരുന്നവര്‍ തന്നെ തിരക്കുകൂട്ടണം, മുട്ടയിട്ട് വേഗം മടങ്ങിപ്പോകാന്‍. അല്ലെങ്കില്‍ ദ്വീപില്‍ കുടുങ്ങും!'

1980 കളുടെ തുടക്കത്തില്‍ പിറം ദ്വീപിലെത്തിയ സതീഷിനെ കടലാമകള്‍ കഴിഞ്ഞാല്‍, ഏറെ ആകര്‍ഷിച്ച മറ്റൊരു സംഗതി, കടല്‍പ്പാരുകളില്‍ കുടുങ്ങിക്കിടക്കുന്ന വലിയ ജീവികളുടെ അസ്ഥികൂടങ്ങളായിരുന്നു. 'എങ്ങനെ അവ ആ ദ്വീപിലെത്തിയെന്ന് ആദ്യം ഞാന്‍ അമ്പരന്നു. പിന്നീട് മനസിലായി, ഒരുകാലത്ത് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായ ജീവികളുടെ ഫോസിലുകളാണ് അവയെന്ന്'.

ഏതാണ്ട് 15 കോടി വര്‍ഷം പഴക്കമുള്ള 'മത്സ്യഗൗളി' (fish lizard) യുടെ അസ്ഥികൂടം ഗുജറാത്തിലെ കച്ച് മേഖലയില്‍ ഒരു ഇന്തോ-ജര്‍മന്‍ ഗവേഷകസംഘം കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ കാര്യം അറിഞ്ഞപ്പോള്‍ എനിക്ക് പിറം ദ്വീപിലെ ഫോസിലുകളെക്കുറിച്ച് ഓര്‍മവന്നു. 'ഇത്തിസോര്‍' (Ichthyosaur) വിഭാഗത്തില്‍ പെടുന്ന ജീവിയാണ് മത്സ്യഗൗളി. ദിനോസറുകള്‍ക്കൊപ്പം ഭൂമിയില്‍ കഴിഞ്ഞിരുന്ന ജീവിവര്‍ഗ്ഗം. 

Ichthyosaur, fish lizard
ഗുജറാത്തില്‍ കച്ച് മേഖലയില്‍ കണ്ടെത്തിയ മത്സ്യഗൗളിയുടെ ഫോസിലിനൊപ്പം ഗവേഷകര്‍. ചിത്രം കടപ്പാട്: ഗുണ്ടുപള്ളി വി.ആര്‍.പ്രസാദ്.

 

ഡല്‍ഹി സര്‍വകലാശാലയിലെ ഭൗമശാസ്ത്രജ്ഞന്‍ പ്രൊഫ. ഗുണ്ടുപള്ളി വി.ആര്‍.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം, കച്ച് മേഖലയില്‍ ഭുജ് പട്ടണത്തില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുകിഴക്ക് പ്രാചീന ജുറാസിക് ശിലാപാളികളില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഏതാണ്ട് അഞ്ചര മീറ്റര്‍ നീളമുള്ള മത്സ്യഗൗളിയുടെ അവശിഷ്ടമായിരുന്നു അത്. സ്രാവുകളെയും തിമിംഗലങ്ങളെയും പോലുള്ള ഉരഗങ്ങളായിരുന്നു ഇത്തിസോറുകളെന്ന് ഗവേഷകര്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു ഇത്തിസോര്‍ ഫോസില്‍ ലഭിക്കുന്നത്. 

ഗുജറാത്തിലെ കച്ച് മേഖല ഒരുകാലത്ത് സമുദ്രമായിരുന്നു എന്ന സൂചനയാണ് മത്സ്യഗൗളിയുടെ കണ്ടെത്തല്‍ നല്‍കിയത്. ഗുജറാത്തിലെ കച്ച് പ്രദേശം മാത്രമല്ല, അയല്‍പ്രദേശമായ രാജസ്ഥാനിലെ ജെയ്‌സാല്‍മര്‍ ജില്ലയും ഒരുകാലത്ത് സമുദ്രമായിരുന്നു എന്ന്, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (GSI) യിലെ ഗവേഷകര്‍ കഴിഞ്ഞ മാസം പുറത്തുവിട്ട പഠനവിവരം വ്യക്തമാക്കുന്നു. ജെയ്‌സാല്‍മറിലെ ബന്‍ധാ ഗ്രാമത്തില്‍ നിന്ന് തിമിംഗലങ്ങള്‍, സ്രാവുകള്‍, ചീങ്കണ്ണികള്‍, ആമകള്‍ തുടങ്ങിയ സമുദ്രജീവികളുടെ 4.7 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. സീനിയര്‍ ജിയോളജിസ്റ്റ് കൃഷ്ണകുമാര്‍, പ്രാഗ്യ പാണ്ഡെ എന്നിവര്‍ പാലിയന്തോളജി ഡിവിഷന്‍ ഡയറക്ടര്‍ ദേബശിഷ് ഭട്ടാചാര്യയുടെ മേല്‍നോട്ടത്തിലാണ് പഠനം നടത്തിയത്. 

പ്രാചീനകാലത്ത് രാജസ്ഥാനിലും സമുദ്രമോ എന്ന് അതിശയിക്കും മുമ്പ്, 1998 ല്‍ അന്നത്തെ റൂര്‍ക്കി യൂണിവേഴ്‌സിറ്റിയിലെ (ഇപ്പോള്‍ 'ഐഐടി റൂര്‍ക്കി') സുനില്‍ ബാജ്‌പേയി, യു.എസില്‍ മിഷിഗണ്‍ സര്‍വകലാശാലയിലെ ഫിലിപ്പ് ഗിന്‍ഗെരിച്ച് എന്നിവര്‍ അവതരിപ്പിച്ച ഒരു ഫോസിലിനെക്കുറിച്ച് കൂടി അറിയുക. 'ലോകത്തെ ഏറ്റവും പഴക്കമുള്ള തിമിംഗല ഫോസില്‍' ആണ് അവതരിപ്പിച്ചത്. 5.35 കോടി വര്‍ഷം പഴക്കമുള്ള H. subathuensis എന്ന ആ തിമിംഗലത്തിന്റെ ഫോസില്‍ കണ്ടെത്തിയത് ഹിമാലയത്തില്‍ നിന്നായിരുന്നു! 

അതെ, ഇന്ന് ഹിമാലയം സ്ഥിതിചെയ്യുന്നയിടവും ഒരിക്കല്‍ സമുദ്രമായിരുന്നു! ശരിക്കു പറഞ്ഞാല്‍, അഞ്ചുകോടി വര്‍ഷം മുമ്പ് ഹിമാലയമേ ഇല്ലായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും യൂറേഷ്യന്‍ ഫലകത്തിനും ഇടയ്ക്കുണ്ടായിരുന്ന 'ടീതസ് കടലില്‍' (Tethys Sea) നിന്ന് ഉയര്‍ന്നുവന്നതാണ് ഹിമാലയം! ഫലകചലനങ്ങളുടെ ഫലമായി ഇന്ത്യന്‍ ഉപഭൂഖണ്ഡം വടക്കോട്ട് നീങ്ങി യൂറേഷ്യന്‍ ഫലകവുമായി കൂട്ടിയിടിച്ചതിന്റെ ഫലം! ഇത് വെറുതെ പറയുന്നതല്ല. ഇതിന് ഏറ്റവും വലിയ തെളിവ് എവറസ്റ്റ് കൊടുമുടിയില്‍ തന്നെയുണ്ട്. വേനലില്‍ മഞ്ഞുപാളികള്‍ ഉരുകി മാറുമ്പോള്‍, എവറിസ്റ്റിന്റെ മുകള്‍ ഭാഗത്ത് മഞ്ഞനിറമുള്ള അടരുകള്‍ കാണാം. 35 കോടി വര്‍ഷം മുമ്പ് സമുദ്രതീരങ്ങളില്‍ വസിച്ചിരുന്ന ചെറുജീവികളുടെ ഫോസിലുകളാണ്, ഇന്ന് സമുദ്രനിരപ്പില്‍ നിന്ന് 8500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ആ ശിലാപാളികളില്‍ ഉള്ളത്! 

Yellow band of Everest
എവറസ്റ്റിനു മുകളിലെ ഫോസിലുകള്‍ നിറഞ്ഞ 'മഞ്ഞപ്പാളികള്‍'. ചിത്രം കടപ്പാട്: Rajesh Pant/Indica.

 

നമ്മള്‍ കാണുംപോലെ ആയിരുന്നില്ല കാര്യങ്ങള്‍ എന്നാണ് ഫോസില്‍ തെളിവുകള്‍ വ്യക്തമാക്കുന്നത്. 450 കോടി വര്‍ഷംമുമ്പാണ് ഭൂമി രൂപപ്പെട്ടത്. അതിന് ശേഷം എത്രയോ തവണ ഭൂമി അതിന്റെ മുഖംമിനുക്കിയിരിക്കുന്നു എന്ന് മനസിലാക്കിയാല്‍, മേല്‍സൂചിപ്പിച്ച സംഗതികളില്‍ അത്ര അത്ഭുപ്പെടാനൊന്നുമില്ല എന്ന് ബോധ്യമാകും. ഭൂമിയുടെ മുഖം മിനുക്കലിനെക്കുറിച്ച് ധാരണ കിട്ടാന്‍, 1912 ല്‍ ജര്‍മന്‍ ഭൗമശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് വേഗണര്‍ മുന്നോട്ടുവെച്ച 'ഫലകചലന സിദ്ധാന്തം' സഹായിക്കും. പില്‍ക്കാലത്ത് 'പ്ലേറ്റ് ടെക്‌റ്റോണിക്‌സ്' (plate tectonics) എന്ന പേരില്‍ പരിഷ്‌ക്കരിക്കപ്പെട്ട ആ സിദ്ധാന്തം പറയുന്നത്, ഭൂമിയുടെ മേല്‍പ്പാളി എട്ടു മുതല്‍ 12 വരെ വലിയ ഫലകങ്ങള്‍ (plates) കൊണ്ടും ഇരുപതോളം ചെറുഫലകങ്ങള്‍ കൊണ്ടും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്നാണ്. 

ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുന്നതുപോലെ ഈ ഫലകങ്ങള്‍ പല വേഗത്തില്‍ പല ദിക്കുകളിലേക്ക് പരസ്പരം സമ്മര്‍ദ്ദം ചെലുത്തി തെന്നി നീങ്ങുന്നതാണ് സമുദ്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സൃഷ്ടിക്ക് കാരണം. ഫലകചലനങ്ങളുടെ നേരിട്ടുള്ള ഫലമാണ് ഭൂകമ്പങ്ങള്‍. ഈ സിദ്ധാന്തപ്രകാരം ഭൗമചരിത്രത്തിന്റെ ഒരു ശതമാനത്തിന്റെ വെറും പത്തിലൊന്ന് മാത്രമേ നമ്മള്‍ ഇപ്പോള്‍ കാണുന്ന ഭൂഖണ്ഡങ്ങളുടെ സ്ഥിതി വെളിപ്പെടുത്തുന്നുള്ളൂ! വെറും 15 കോടി വര്‍ഷം മുമ്പ് ഇപ്പോഴത്തെ പല ഭൂഖണ്ഡങ്ങളും മഹാസമുദ്രങ്ങളും ഇല്ലായിരുന്നു. 'പാന്‍ജിയ' (Pangea) എന്ന ഭീമന്‍ ഭൂഖണ്ഡം മാത്രമാണ് ഭൂമുഖത്തുണ്ടായിരുന്നത്. അത് പിന്നീട് തെക്ക് 'ഗോണ്ട്വാനാലാന്‍ഡ്' എന്നും, വടക്ക് 'ലോറേഷ്യ'യെന്നും രണ്ട് ഭൂഖണ്ഡങ്ങളായി പിളര്‍ന്നു.

വടക്കേഅമേരിക്ക, ഗ്രീന്‍ലന്‍ഡ്,  യൂറോപ്പ് എന്നീ ഭൂഭാഗങ്ങളും ഇന്ത്യയൊഴികെയുള്ള ഏഷ്യയും ഒന്നുചേര്‍ന്നുള്ളതായിരുന്നു ലോറേഷ്യ. ഗോണ്ട്വാനാലാന്‍ഡില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തോടു ചേര്‍ന്നിരുന്നു. തെക്കുഭാഗത്ത് അന്റാര്‍ട്ടിക്കയും അതിനോട് ചേര്‍ന്ന് ഓസ്‌ട്രേലിയയും നിലകൊണ്ടു. മഡഗാസ്‌ക്കര്‍ മുഖേന ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാനാലാന്‍ഡുമായി ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു. ഏതാണ്ട് പത്തുകോടി വര്‍ഷം മുമ്പ് ആ പ്രാചീനഭൂഖണ്ഡങ്ങള്‍ പൊട്ടിപ്പിളര്‍ന്ന് ഭാവിയിലേക്കു പ്രയാണം ആരംഭിച്ചു. ദിനോസറുകളുടെ യുഗമായിരുന്നു അത്.

ഏതാണ്ട് 8.8 കോടി വര്‍ഷംമുമ്പ് ഗോണ്ട്വാനയില്‍ മഡഗാസ്‌കറില്‍ നിന്ന് ഇന്ത്യന്‍ ഫലകം വേര്‍പെട്ടു. സമുദ്രാന്തര്‍ഭാഗത്തുണ്ടായ അതിശക്തമായ ലാവാസ്‌ഫോടനം, ഇന്ത്യന്‍ ഫലകത്തെ ശക്തിയായി വടക്കോട്ട് തള്ളിവിട്ടു. പത്തുലക്ഷം വര്‍ഷത്തില്‍ 230 കിലോമീറ്റര്‍ എന്ന തോതിലായിരുന്നു ഇന്ത്യയുടെ ചലനവേഗം. എന്നുവെച്ചാല്‍, പ്രതിവര്‍ഷം 31 സെന്റീമീറ്റര്‍. ഇതത്ര വേഗമാണോ എന്ന് തോന്നാം. എങ്കില്‍ അറിയുക, ചരിത്രത്തില്‍ വേറൊരു വലിയ ഭൗമഫലകവും ഇത്ര വേഗത്തില്‍ സഞ്ചരിച്ചിട്ടില്ല. വടക്കോട്ട് നീങ്ങിയ ഇന്ത്യന്‍ ഫലകം, ഏതാണ്ട് 6000 കിലോമീറ്റര്‍ സഞ്ചരിച്ച് യൂറേഷ്യന്‍ ഫലകവുമായി അഞ്ചുകോടി വര്‍ഷംമുമ്പ് കൂട്ടിമിട്ടിയപ്പോള്‍ ടീതസ് കടല്‍ സ്ഥിതിചെയ്തിടത്ത് ഹിമാലയം പൊന്തിവന്നു. ഇന്ത്യയുടെ ഭൗമചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു ഹിമാലയത്തിന്റെ ആവിര്‍ഭാവം. സിന്ധുനദി പിറന്നതും ഇന്നത്തെ നിലയ്ക്ക് ഇന്ത്യന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതുമൊക്കെ അതോടെയാണ്. 

plate tectonics
അഞ്ചുകോടി വര്‍ഷംമുമ്പ് ഹിമാലയം രൂപപ്പെടാന്‍ തുടങ്ങുമ്പോഴത്തെ ഭൂഖണ്ഡങ്ങളുടെ സ്ഥിതി. ചിത്രം കടപ്പാട്: Christopher Scotese. <www.scotese.com>

 

ഇതൊക്കെ സത്യമാണോ എന്ന് സംശയം തോന്നാം. അത് സ്വാഭാവികവുമാണ്. പക്ഷേ, ഫോസില്‍ തെളിവുകള്‍ക്കൊപ്പം 'ഗ്ലോബല്‍ പൊസിഷനിങ് സംവിധാനങ്ങള്‍' പോലുള്ള പുതിയ സാങ്കേതികവിദ്യകളും ഇക്കാര്യങ്ങള്‍ വളരെ കൃത്യതയോടെ പഠിക്കാന്‍ സഹായിക്കുന്നു. ഭൂഖണ്ഡങ്ങള്‍ അവയുടെ ചലനം തുടരുകയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഇപ്പോള്‍ പ്രതിവര്‍ഷം അഞ്ചു സെന്റീമീറ്റര്‍ എന്ന കണക്കിന് വടക്കോട്ട് നീങ്ങുന്നു. വര്‍ഷം തോറും ഒരു നഖത്തിന്റെ നീളത്തില്‍ (ഒരായുഷ്‌ക്കാലത്ത് രണ്ടുമീറ്റര്‍ വീതം) യൂറോപ്പും വടക്കേ അമേരിക്കയും പരസ്പരം അകലുന്നത് തുടരുന്നു. 

കാര്യങ്ങള്‍ ഇന്നത്തെ നിലക്ക് തുടര്‍ന്നാല്‍, അത്‌ലാന്റിക് സമുദ്രം വലുതായി ഭാവിയില്‍ ശാന്തസമുദ്രത്തെ കടത്തവെട്ടും. കാലിഫോര്‍ണിയ അമേരിക്കയില്‍ നിന്ന് വേര്‍പെട്ട്, മഡഗാസ്‌ക്കര്‍ ആഫ്രിക്കയില്‍ നിന്ന് അകന്നു കഴിയുംപോലെ, കടലില്‍ ഒഴുകി മാറും. ആഫ്രിക്ക വടക്കോട്ടു നീങ്ങി യൂറോപ്പിനോട് ചേരും. മെഡിറ്റനേറിയന്‍ സമുദ്രം അപ്രത്യക്ഷമാകും.അതിന്റെ ഫലമായി ഹിമാലയത്തിന്റെ ദൈര്‍ഘ്യം പാരീസ് മുതല്‍ കൊല്‍ക്കത്ത വരെ നീളും! കോടിക്കണക്കിന് വര്‍ഷം കഴിയുമ്പോള്‍ ഭൂഖണ്ഡങ്ങളെല്ലാം ഒത്തുചേര്‍ന്ന് 'പുതിയ പാന്‍ജിയ' രൂപപ്പെടുമെന്ന് ഗവേഷകര്‍ പ്രവചിക്കുന്നു. അതെപ്പറ്റി പിന്നീടൊരിക്കല്‍ എഴുതാം. 

അവലംബം- 

* Indica: A Deep Natural History of The Indian Subcontinent. By Pranay Lal. Allen Lane, Gurgaon, 2016. 
* A Short History of Nearly Everything. By Bill Bryson. Black Swan, London, 2003.
* 'Discovery of the first ichthyosaur from the Jurassic of India: Implications for Gondwanan palaeobiogeography'. By Guntupalli V. R. Prasad, et all. PLOS One, Oct 25, 2017.
* 'World's oldest whale is found in the Himalayas. By Steve Connor'. Independent, 22 December 1998. 

*മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Palaeontology, Ichthyosaur, fish lizard, Eocene Age, Birth of Himalaya, Plate Tectonics