ബഹിരാകാശത്ത് ഇത് പൂക്കാലം. ബഹിരാകാശത്ത് വിരിഞ്ഞ ആദ്യപൂവിന്റെ ചിത്രം നാസ പുറത്തുവിട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐ.എസ്.എസ്) വെജി ലാബില്‍ വിരിഞ്ഞ സീനിയ പുഷ്പത്തിന്റെ ചിത്രമാണ് നാസ ശാസ്ത്രജ്ഞന്‍ സ്‌കോട്ട് കെല്ലി ട്വിറ്ററില്‍ പങ്കിട്ടത്.
ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പുഷ്പമെന്ന വിശേഷണം ഇതോടെ ഓറഞ്ച് നിറത്തിലുള്ള സീനിയ പുഷ്പത്തിനായി.
ബഹിരാകാശനിലയത്തിലെ കൃത്രിമ സംവിധാനത്തിലാണ് ചെടി വളര്‍ത്തിയെടുത്തത്. ചുവപ്പ്, നീല, പച്ച നിറങ്ങളിലുള്ള എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ച് സൂര്യപ്രകാശത്തിന് സമാനമായ അന്തരീക്ഷം ചെടികള്‍ക്കായി അവിടെ സൃഷ്ടിക്കുകയായിരുന്നു.
ബഹിരാകാശ ശാസ്ത്രത്തിലെ നാഴികക്കല്ലാണ് ഈ നേട്ടമെന്ന് നാസ പറഞ്ഞു.
ബഹിരാകാശത്ത് പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നതോടെ, ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ കാലം അവിടെ ചിലവിടാനും പഠനങ്ങള്‍ നടത്താനുമുള്ള അവസരമാണ് ഉണ്ടാവുക- നാസ അധികൃതര്‍ അറിയിച്ചു.
മേയ് 2014 ലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വെജി ലാബ് സ്ഥാപിക്കുന്നത്. ഗുരുത്വാകര്‍ഷണത്തിന്റെ അഭാവത്തില്‍ ചെടികള്‍ എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന പഠനമാണ് അവിടെ നടക്കുന്നത്.
ചീരയിനത്തിലുള്ള ഒരു ചെടിയാണ് പരീക്ഷണശാലയില്‍ ആദ്യം നട്ടത്. എന്നാല്‍ അത് ശരിക്ക് വളര്‍ന്നില്ല. രണ്ടാമതു നട്ട ചെടി വിജയകരമായി കായ്ച്ചു.
അമേരിക്ക, റഷ്യ, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ ബഹിരകാശ ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്തപദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.