'എത്ര കിട്ടി ദിലീപ് സാറേ ഈ ലേഖനത്തിന്? ഇതിലും ഭേദം വല്ല പിടിച്ചുപറിക്കും പോകുകയായിരുന്നു'. വാക്‌സിനുകളെക്കുറിച്ചുള്ള എന്റെ ലേഖനം (വാക്‌സിനേഷന്‍ അപകടമോ?) വായിച്ചിഷ്ടപ്പെട്ട ഒരാളുടെ ഉപദേശമായിരുന്നു! 

സത്യം പറഞ്ഞാല്‍ എന്റെ ശരീരഘടന പിടിച്ചുപറിക്ക് തീരെ യോജിച്ചതല്ല. ഒന്നുകില്‍ പിടിച്ചുപറിച്ചശേഷം ഓടി രക്ഷപ്പെടാന്‍ കഴിയണം. കഴിയില്ല: സ്റ്റാമിന കുറവാണ്. ആരെങ്കിലും കുറെ നേരം ഓടിച്ചാല്‍ പിടി ഉറപ്പ്. പിന്നെ ഇടിയുടെ കാര്യം പറയണ്ടല്ലോ. ഈ ശരീരംവെച്ച് തിരിച്ച് ഇടിച്ചു നില്‍ക്കാനും കഴിയില്ല. മാത്രമല്ല സ്ഥലം കേരളമാണ്: വരുന്നവരും പോകുന്നവരുമെല്ലാം കാര്യമറിയാതെ സൗകര്യപൂര്‍വ്വം ഇടിക്കും. പിന്നെ ജീവന്‍ ബാക്കിയുണ്ടെങ്കില്‍, കുഴമ്പ് തൈലം ഉഴിച്ചില്‍ ഇവയോക്കെയായി ശിഷ്ടകാലം കഴിഞ്ഞുകൂടേണ്ടി വരും! 

തട്ടിപ്പറിച്ച് ഓടുന്നതൊന്നും സാമൂഹ്യമായി അംഗീകരിക്കപ്പെട്ട പിടിച്ചുപറികളല്ല. വെറും അലമ്പ് പരിപാടിയാണത്; ഓരോ മേഖലയിലും അതിന്റേതായ പിടിച്ചുപറികളുണ്ട്. രാഷ്ട്രീയക്കാരും അബ്ക്കാരികളും ചെയ്യുന്ന പിടിച്ചുപറി സമൂഹം അംഗീകരിച്ച കുലീനമായ പിടിച്ചുപറികളാണ്. കുലീനം എന്ന് പറയാന്‍ കാരണം, ഇവിടെ പിടിച്ചുപറിക്കുന്നവരും അതിനുവേണ്ടി ഇടി വാങ്ങുന്നവരും വേറെ വേറെയാണ് എന്നതാണ്. എന്നാല്‍ എന്നെ പോലെയുള്ള ഒരു ശാസ്ത്ര തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഇടി കിട്ടാതെ പിടിച്ചുപറിക്കാന്‍ എന്തൊക്കെ അവസരങ്ങളാണ് ഉള്ളത്? ഇത്തരം അവസരങ്ങളും സാധ്യതകളും, അതാണ് ഈ ലേഖനത്തിന്റെ വിഷയം.

Science Research

തട്ടിപ്പ് എന്തുമാകട്ടെ, സുനിശ്ചിത വിജയത്തിനാവശ്യം അറിവാണ്. ആ മേഖലയില്‍ പൊതുവില്‍ കാര്യങ്ങള്‍ എങ്ങനെ നടക്കുന്നു എന്ന് കൃത്യമായി അറിഞ്ഞിരിക്കണം. അതുകൊണ്ട് നേരായ വഴിക്ക് ഗവേഷണം ചെയ്താല്‍ ശാസ്ത്രജ്ഞര്‍ക്ക് എന്ത് കിട്ടും എന്ന് മനസിലാകണം. ഗവേഷണമെന്നത് ഓഫിസ് ജോലി പോലെ അത്ര സമയകൃത്യതയുള്ള ജോലിയല്ല. അതായത് ദിവസം എട്ടു മണിക്കൂര്‍ ചെയ്താല്‍ തീരുന്ന ജോലിയല്ല. 

പൊതുവെ ഗവേഷകര്‍ വളരെ കൂടുതല്‍ സമയം ജോലി ചെയ്യാറുണ്ട്. അതിനു കാരണവുമുണ്ട്. വെറുതെ ഒരു മൂലയ്ക്കിരുന്ന് ചിന്തിച്ചാലൊന്നും പുതിയ ആശയങ്ങള്‍ തലയില്‍ വരില്ല. ഉദാഹരണത്തിന്, പുതിയൊരു സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാന്‍, ഇപ്പോള്‍ ആ രംഗത്തുള്ള എല്ലാ സാങ്കേതിക വിദ്യയെക്കുറിച്ചും വ്യക്തമായി അറിഞ്ഞിരിക്കണം. ആ രംഗത്തുള്ള മറ്റു ഗവേഷകരുടെ ഗവേഷണ പ്രബന്ധങ്ങള്‍ ( research articles ) ധാരാളം വായിക്കേണ്ടി വരും. മാത്രമല്ല, നമ്മളെ പോലെ വേറെ പലരും ഇതേ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടാകും. അവരുടെ ഗവേഷണ പ്രബന്ധങ്ങളും വായിക്കണം, പഠിക്കണം. പിന്നെ ചിന്തിക്കണം. 

അപ്പോള്‍ നമ്മുടെ തലയില്‍ വല്ലതുമുണ്ടെങ്കില്‍ എന്തെങ്കിലും ആശയങ്ങള്‍ ചാടിവരും. ആ സമയത്ത് നമ്മുടെ ഐഡിയ എടുത്ത് വേറെ വല്ലവരും നമുക്ക് മുന്‍പേ വല്ലതും കണ്ടുപിടിക്കുന്നുണ്ടോ എന്നൊരു കണ്ണ് വേണം.

വെറുതെ ആശയം തലയില്‍ വന്നാല്‍ പോര. അത് പരീക്ഷണശാലയില്‍ ചെയ്തുനോക്കണം. സംഭവം ക്ലിക്കായില്ലെങ്കില്‍ എന്തുകൊണ്ട്  ആയില്ല എന്ന് കണ്ടുപിടിക്കണം. ഇതൊക്കെ സമയവും പ്രയത്‌നവും ആവശ്യമുള്ള ഏര്‍പ്പാടാണ്. ഇതൊക്കെ കഴിഞ്ഞു കയ്യില്‍ എന്ത് കിട്ടും? 

എന്തെങ്കിലും കിട്ടുമോ എന്ന് ചോദിക്കുന്നതില്‍ നിന്നും പണമായി വല്ലതും കിട്ടുമോ എന്നാണ് പൊതുവില്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ പല ജോലിക്കും പ്രതിഫലം എപ്പോഴും പണത്തിന്റെ രൂപത്തില്‍ ആവണമെന്നില്ല. ജോലി ചെയ്യുമ്പോഴുള്ള സംതൃപ്തി ഒരു വലിയ പ്രതിഫലമാണ്. ഇത് ഒരാള്‍ ആ ജോലി എത്രകണ്ട് ഇഷ്ടപ്പെടുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. അത്തരം ജോലികളില്‍ ഒന്നാണ് ഗവേഷണം. 

അതുകൊണ്ട് ശമ്പളം അല്ലാതെ എന്ത് പ്രതിഫലമാണ് ഗവേഷകര്‍ക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

പ്രധാനമായും യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന ഗവേഷണത്തിന്റെ പ്രതിഫലം ഗവേഷകര്‍ക്ക് അവരുടെ ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നു എന്നതാണ്. പക്ഷെ ഇങ്ങനെ പ്രസിദ്ധീകരിക്കുന്നത്‌കൊണ്ട് എന്ത് ഗുണം? ജേര്‍ണലുകള്‍ ഇങ്ങോട്ട് പണമൊന്നും തരില്ല. മാത്രമല്ല, ചിലപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ അങ്ങോട്ട് കൊടുക്കുകയും വേണം. അതായത് ഗവേഷകര്‍ക്ക് സാമ്പത്തികഗുണങ്ങള്‍ ഒന്നുമില്ല. പകരം ഗവേഷണഫലത്തിന്റെ പ്രാധാന്യം അനുസരിച്ച് പേരും പെരുമയും കിട്ടും. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാം കഴിഞ്ഞു മനസിന് തെല്ലൊരാശ്വാസം; അത്ര തന്നെ. 

Nature Journalഎവിടെയെങ്കിലും എന്തെങ്കിലും പ്രസിദ്ധീകരിച്ചാല്‍ ഇങ്ങനെ പേരും പെരുമയും വരില്ല. ഓരോ ശാസ്ത്രവിഭാഗത്തിലും ധാരാളം പ്രശസ്തമായ ജേര്‍ണലുകള്‍ ( journals ) ഉണ്ട്. നല്ല ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കാന്‍ ഗവേഷണഫലവും അത്ര പ്രാധാന്യമുള്ളതാകണം. 'നേച്ചര്‍', 'സയന്‍സ്' തുടങ്ങിയ ജേര്‍ണലുകളില്‍ തങ്ങളുടെ ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത് വലിയ നേട്ടമായാണ് ഗവേഷകര്‍ കരുതുന്നത്. 

വെറുതെ എന്തെങ്കിലും എഴുതിക്കൂട്ടി അയച്ചുകൊടുത്താല്‍ ഒരു ജേര്‍ണലുകളും അത് പ്രസിദ്ധീകരിക്കില്ല. പിയര്‍ റിവ്യു ( peer review ) എന്ന ഒരു പരിപാടിയുണ്ട്. ജേര്‍ണലിന് ലഭിക്കുന്ന ഒരു ഗവേഷണഫലം ആ ജേര്‍ണലിന്റെ എഡിറ്റര്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു ഗവേഷകര്‍ക്ക് അയച്ചു കൊടുക്കും. അത് ആര്‍ക്ക് കൊടുക്കുന്നു എന്നത് രഹസ്യമായിരിക്കും. ആ ഗവേഷകര്‍ ഗവേഷണഫലങ്ങള്‍ വായിച്ചു വിശകലനം ചെയ്ത് അവരുടെ അഭിപ്രായം എഡിറ്റര്‍ക്ക് അയക്കും. എഡിറ്റര്‍ അത് പ്രസിദ്ധീകരിക്കാന്‍ അയച്ചുകൊടുത്ത ഗവേഷകര്‍ക്ക് തിരിച്ച് അയച്ചുകൊടുക്കും. ഈ അയക്കലും തിരിച്ചു കിട്ടലുമൊക്കെ ചിലപ്പോള്‍ പല തവണ നടക്കും. 

ഇങ്ങനെ പുനപരിശോധിച്ച ഗവേഷണഫലങ്ങളാണ് അവസാനം ഒരു ജേര്‍ണല്‍ പ്രസിദ്ധീകരിക്കുക. പ്രസിദ്ധീകരണയോഗ്യമല്ലെങ്കില്‍ നിരസിക്കുകയും ചെയ്യും.

Science Journalവളരെയധികം പരീക്ഷണ നിരീക്ഷണങ്ങള്‍ ചെയ്തശേഷമായിരിക്കും പ്രസിദ്ധീകരണത്തിനായി ഒരു പ്രബന്ധം തയ്യാറാക്കുന്നത്. മൂന്നോനാലോ പേജ് മാത്രമുള്ള ഒരു പ്രബന്ധം പോലും എഴുതി തയ്യാറാക്കാന്‍ രണ്ടു മാസമെങ്കിലുമെടുക്കും. അപ്പോള്‍ ഗവേഷണമെന്നാല്‍ ഒരല്‍പം ചെലവുള്ള ഏര്‍പ്പാടാണ്. ഗവേഷണമേഖല അനുസരിച്ച് ഇത് ലക്ഷങ്ങളില്‍ തുടങ്ങി നൂറുകണക്കിനു കോടികളാകാം. ഈ പണം എവിടെ നിന്നും വരും? കൂടുതലും വരുന്നത് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുമാണ്. അതായത് നികുതിദായകന്റെ പണമാണ്. ഇത് കൂടാതെ ചില സ്വകാര്യമേഖലയിലുള്ള ഫൗണ്ടേഷനുകളും ഗവേഷണങ്ങള്‍ക്ക് പണം നല്‍കാറുണ്ട്. ഈ പണം ഗവേഷകന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിച്ചേരില്ല. പകരം പലപ്പോഴും ആ ഗവേഷണ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ ആയിരിക്കും എത്തിച്ചേരുക.

ഗവേഷണ പ്രബന്ധങ്ങള്‍ കൂടാതെ പേറ്റന്റ്കളും ( patents ) ഗവേഷകര്‍ സ്വന്തമാക്കാറുണ്ട്. ഗവേഷകര്‍ക്ക് ലഭിക്കുന്ന പേറ്റന്റ് അവരുടെ സ്വത്തായിരിക്കില്ല. ആ സ്ഥാപനത്തിന്റെ ആയിരിക്കും. 

പേറ്റന്റ് ചെയ്യുന്നത് ശരിയാണോ അല്ലയോ എന്നുള്ളത് ഒരു തര്‍ക്കവിഷയമാണ്. ഞാന്‍ എന്തായാലും അതിലേക്കു കടക്കുന്നില്ല. പക്ഷെ പേറ്റന്റ് എന്ന പരിപാടി ഇല്ലായിരുന്നെങ്കില്‍, സാങ്കേതികവിദ്യകള്‍ ഇന്നത്തെ രീതിയില്‍ പുരോഗമിക്കുമായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഗവേഷണ സ്ഥാപനങ്ങളിലെ ആദ്യത്തെ ഫലങ്ങള്‍ ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ വിധത്തിലേക്ക് ആകണമെങ്കില്‍ വീണ്ടും ധാരാളം ഗവേഷണം നടക്കണം. ഉദാഹരണത്തിന് സ്‌ക്രീനില്‍ തൊട്ടുകൊണ്ട് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം എന്ന ആശയം പരീക്ഷണശാലയില്‍ നിന്നും നിങ്ങളുടെ മൊബൈല്‍ ഫോണില്‍ എത്തുമ്പോഴേക്കും വളരെ അധികം ശാസ്ത്രജ്ഞരുടെ വര്‍ഷങ്ങളുടെ ഗവേഷണം നടന്നിട്ടുണ്ടാകും. എന്നുവച്ചാല്‍ ഗവേഷണഫലത്തില്‍ നിന്ന് ഒരു ഉല്‍പ്പന്നം ഉണ്ടാക്കിയെടുക്കുന്നത് വളരെ ചിലവുള്ള ഏര്‍പ്പാടാണ്. 

ഗവേഷണത്തിലൂടെ ഒരു ഉല്‍പ്പന്നം തയ്യാറാകുന്നതുവരെ അതിന് പണം മുടക്കേണ്ടി വരും. മുടക്കേണ്ട കോടികള്‍ ഗവേഷകരുടെ കൈയില്‍ കാണില്ല. അപ്പോള്‍ ആരെങ്കിലും തരണം. തിരിച്ചുകിട്ടാന്‍ സാധ്യതയില്ലാത്ത ഒരു ബിസിനസില്‍ ആരെങ്കിലും പണം മുടക്കുമോ? പേറ്റന്റ് ഇല്ലെങ്കില്‍ ആര്‍ക്കും ആ ഐഡിയ ഉല്‍പ്പന്നമാക്കാന്‍ ഗവേഷണങ്ങള്‍ നടത്താം. ഒരേ ആശയം ഉല്‍പ്പന്നമാക്കാന്‍ പലരും ശ്രമിക്കുമ്പോള്‍ ലാഭം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ആദ്യമുണ്ടാക്കിയ ആള്‍ക്കേ കുറച്ചു കാലമെങ്കിലും ലാഭം ഉണ്ടാകൂ. അതുകൊണ്ടുതന്നെ വലിയതോതില്‍ പണം മുടക്കാന്‍ ആരും തുനിയില്ല. 

ഇത് ഇത്തരം ഗവേഷണങ്ങളെ മന്ദഗതിയിലാക്കും. അല്ലെങ്കില്‍ ഇത്തരം ഗവേഷണങ്ങള്‍ ധാരാളം പണമുള്ള കുറച്ചു കമ്പനികളുടെ കൈയില്‍ മാത്രമായി ഒതുങ്ങും. അതായത് സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നതു കേള്‍ക്കാന്‍ പോലും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ പേറ്റന്റ് എന്ന ആശയം ഉപയോഗപ്രദമാണ്. എന്നാല്‍ ഒരു പേറ്റന്റ് എടുത്താല്‍ അത് ആജീവനാന്തം ആയിരിക്കില്ല. പേറ്റന്റ് എടുക്കാനും നിലനിര്‍ത്താനും പുതുക്കാനുമെല്ലാം പണച്ചെലവുണ്ട്.

ഇനി നിങ്ങളെല്ലാം ആകാംക്ഷയോടെ കാത്തിരുന്ന പിടിച്ചുപറിയിലേക്ക് ഞാന്‍ കടക്കുകയാണ്. പൊതുവേ കുറവാണെങ്കിലും തട്ടിപ്പ് പരിപാടികള്‍ ഒന്നുമില്ലാത്ത കളങ്കരഹിതമായ മേഖലയാണ് ഗവേഷണമെന്ന് തെറ്റിദ്ധരിക്കരുത്. ഗവേഷകര്‍ക്ക് പണമായി കാര്യമായൊന്നും കൈയില്‍ തടയില്ല എന്ന് മനസിലായിക്കാണുമല്ലോ. ഇവിടെ കാര്യമായ പിടിച്ചുപറി പേരുംപെരുമയും കിട്ടാനാണ്. അതുവഴി ചിലപ്പോള്‍ പ്രൊഫെഷണല്‍ നേട്ടങ്ങള്‍ വരുത്താനുള്ള ശ്രമം.

ഗവേഷണരംഗത്ത് വല്ലപ്പോഴും നടക്കാറുള്ള തട്ടിപ്പാണ് ഇല്ലാത്ത ഗവേഷണഫലങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കുക എന്നത്. ബുദ്ധിപൂര്‍വ്വം തയ്യാറാക്കിയാല്‍ (ബുദ്ധിയുള്ളവര്‍ക്കെ ഈ തട്ടിപ്പ് പറഞ്ഞിട്ടുള്ളൂ) ജേര്‍ണലുകളെയും, പിയര്‍റിവ്യൂ ചെയ്യുന്ന ഗവേഷകരേയും പറ്റിക്കാം. അങ്ങനെ നല്ല ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ച് ആളാകാം. ഭാഗ്യമുണ്ടെങ്കില്‍ വല്ലവരും പിടിച്ച് അവാര്‍ഡും തരും. പേരും പെരുമയും താനേ വന്നുചേരും. 

Science Research

ഇത്തരം കെട്ടിച്ചമച്ച ഗവേഷണഫലങ്ങള്‍ ധാരാളം വന്നിട്ടുണ്ട്. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്ന് പറയുംപോലെ, പലതും കുറെ നാള്‍ കഴിയുമ്പോള്‍ പിടിക്കപ്പെടും. ചില ഗവേഷണഫലങ്ങള്‍ കെട്ടിച്ചമച്ചതായി പിടിക്കപ്പെട്ടില്ലെങ്കിലും ശാസ്ത്രലോകം അവ തെറ്റാണെന്ന് വിധിയെഴുതും. 

ഒരുപക്ഷെ, ഏറ്റവും വലുതെന്ന് പറയാവുന്ന തട്ടിപ്പ് കാണിച്ചത് യാന്‍ ഹെന്‍ട്രിക് സ്‌കോയണ്‍ ( Jan Hendrik Schön ) എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞനാണ്. 1998 ല്‍ തുടങ്ങി ഏതാനും കുറച്ചു വര്‍ഷങ്ങള്‍കൊണ്ട് അദ്ദേഹം നേച്ചര്‍, സയന്‍സ് തുടങ്ങിയ ജേര്‍ണലുകളിലായി പത്തിലേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. ശാസ്ത്രലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം തന്നെ സ്‌കോയണ്‍ എന്ന വ്യക്തിയെക്കുറിച്ചായി. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങള്‍ ഇലക്ട്രോണിക്‌സ് മേഖലയെതന്നെ മാറ്റിമറിക്കുന്ന വിധത്തില്‍ സുപ്രധാനമായിരുന്നു. അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. 

എന്നാല്‍ ആ കണ്ടുപിടുത്തങ്ങള്‍ ലോകത്തില്‍ മറ്റാര്‍ക്കും അവരുടെ ലാബില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, സ്‌കോയണിന്റെ പ്രബന്ധങ്ങളിലെ പല ഗ്രാഫുകളിലും ഉപയോഗിച്ചിരിക്കുന്ന ചില ഡാറ്റ ഒന്നാണെന്ന് ചിലര്‍ കണ്ടെത്തി. കൂടുതല്‍ വിശദമായ അന്വേഷണത്തില്‍ എല്ലാ കണ്ടുപിടുത്തങ്ങളും കെട്ടിച്ചമച്ചതാണെന്ന് മനസിലായി. ആ പ്രബന്ധങ്ങള്‍ ജേര്‍ണലുകള്‍ പിന്‍വലിച്ചു. ഒരു ഗവേഷണപ്രബന്ധം ഒരു ജേര്‍ണല്‍ പിന്‍വലിക്കുന്നത് ആ ഗവേഷകനെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടാണ്. ഇതുകൂടാതെ സ്‌കോയണിന്റെ ഗവേഷണ ബിരുദവും യൂണിവേര്‍സിറ്റി തിരിച്ചെടുത്തു! 

ഇങ്ങനെ മനപ്പൂര്‍വ്വം കെട്ടിച്ചമച്ച ഫലങ്ങള്‍ വേറെയുമുണ്ട്. ശാസ്ത്രമായതിനാല്‍ ഒരിക്കല്‍ ഇതുപോലെ പിടിക്കപ്പെടും. പിടിക്കപ്പെടാത്തതും ഉണ്ടാകാം. ചിലപ്പോള്‍ ഗവേഷകര്‍ മനപ്പൂര്‍വ്വം തെറ്റായ ഗവേഷണഫലം കെട്ടിച്ചമക്കുന്നതല്ല. ചിലപ്പോള്‍ അവരുടെ പരീക്ഷണത്തില്‍ വന്ന വലിയ പിഴവാകാം, അല്ലെങ്കില്‍ അവര്‍ അത് വിശകലനം ചെയ്യുന്നതില്‍ വന്ന പിഴവാകാം. ഇത്തരം ഗവേഷണഫലങ്ങളും ശാസ്ത്രലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെങ്കില്‍ ജേര്‍ണലുകള്‍ പിന്‍വലിക്കാറുണ്ട്.  ഒരു ഉദാഹരണത്തിന്, ജനിതകമാറ്റം വരുത്തിയ ചോളം ഭക്ഷിച്ച എലികളില്‍ ട്യൂമറുകള്‍ ഉണ്ടായി എന്ന ഗവേഷണഫലം ഇത്തരത്തിലുള്ള ഒന്നായിരുന്നു. 2012 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആ ഗവേഷണഫലം ഒരു വര്‍ഷത്തിനു ശേഷം ജേര്‍ണല്‍ തന്നെ പിന്‍വലിച്ചു.

മറ്റൊരു ഉദാഹരണം ഞാന്‍ കഴിഞ്ഞ ലേഖനത്തില്‍ എഴുതിയത് പോലെ വാക്‌സിനുകളെക്കുറിച്ചുള്ളതാണ്. എംഎംആര്‍ ( MMR ) വാക്‌സിന്‍ ഓട്ടിസം പോലെയുള്ള രോഗങ്ങള്‍ ഉണ്ടാക്കുമെന്ന 1998 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണഫലം വ്യാജനാണെന്ന് പിന്നീട് തെളിഞ്ഞു. ഈ പ്രബന്ധവും ജേര്‍ണല്‍ പിന്‍വലിച്ചു

ഇത്രയൊക്കെയേ ഉള്ളു ഗവേഷകരുടെ കാര്യം. തട്ടിപ്പിന് അത്ര വലിയ സ്‌കോപ്പൊന്നുമില്ല. എന്തായാലും അവസരങ്ങളും സാധ്യതകളും മനസിലായിക്കാണുമല്ലോ. എന്നാലും 'മാതൃഭൂമി'യില്‍ ആ ലേഖനം എഴുതിയതിനു ദിലീപ് സാറിനു എത്ര കിട്ടിക്കാണും? ഇതുവരെ ഒന്നും കിട്ടിയില്ല സുഹൃത്തേ. ഇനി നാട്ടില്‍ ഇറങ്ങി നടന്നാല്‍ അറിയാം വല്ല വാക്‌സിന്‍ വിരുദ്ധരുടെ കയ്യില്‍നിന്നും വല്ലതും കിട്ടുമോ എന്ന്!

(തിരുപ്പതിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)