പുതിയ ഗ്രഹനിര്‍വചനം അംഗീകരിച്ചാല്‍ പ്ലൂട്ടോയ്ക്ക് നഷ്ടപ്പെട്ട പദവി തിരിച്ചുകിട്ടുമെന്ന് മാത്രമല്ല സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം 110 ആകുകയും ചെയ്യും. ചന്ദ്രനും ഗ്രഹമാകും! 

New Planet Definition
ചിത്രം കടപ്പാട്: എമിലി ലക്ഡാവാല/പ്ലാനറ്ററി സൊസൈറ്റി

 

ഗ്രഹനില തെറ്റുക എന്നൊക്കെ പറഞ്ഞാല്‍ അത് അക്ഷരാര്‍ഥത്തില്‍ ശരിയായത് പ്ലൂട്ടോയുടെ കാര്യത്തിലായിരുന്നു. സൗരയൂഥത്തിലെ 'ഒന്‍പതാംഗ്രഹം' എന്നു പറഞ്ഞ് നമ്മള്‍ താലോലിച്ചുനടന്ന കക്ഷി ഒറ്റയടിക്കല്ലേ പദവി നഷ്ടപ്പെട്ട് വെറും 'കുള്ളന്‍ഗ്രഹ'മായി മാറിയത്! 

നാസയുടെ 'ന്യൂ ഹൊറൈസണ്‍സ്' പേടകം ഒന്‍പത് വര്‍ഷം സൗരയൂഥത്തിലൂടെ സഞ്ചരിച്ച് 2015 ജൂലൈ 14 ന് പ്ലൂട്ടോയ്ക്കരികിലെത്തി. അപ്പോള്‍ ആ ദൗത്യത്തിന്റെ ചുമതലക്കാരായ ഗവേഷകരോട് പലരും സഹതാപത്തോടെ ചോദിച്ചു: 'എന്തിന് ന്യൂ ഹൊറൈസണ്‍സിനെ പ്ലൂട്ടോയിലേക്കയച്ചു, അതിപ്പോള്‍ ഒരു ഗ്രഹം പോലുമല്ലല്ലോ?'

ഭൂമിയില്‍ നിന്ന് പേടകം പുറപ്പെടുമ്പോള്‍ പ്ലൂട്ടോ ഒന്‍പതാം ഗ്രഹമായിരുന്നു. 2006 ല്‍ 'ഇന്‍ര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍' (ഐഎയു) അംഗീകരിച്ച ഗ്രഹനിര്‍വചനം അനുസരിച്ച് പ്ലൂട്ടോയ്ക്ക് ഗ്രഹപദവി നഷ്ടമായി. അതിനാല്‍, പേടകം അവിടെ എത്തുമ്പോള്‍ പ്ലൂട്ടോ വെറുമൊരു കുള്ളന്‍ഗ്രഹം മാത്രമായി. 

പ്ലൂട്ടോയ്‌ക്കേറ്റ അപമാനത്തിന് പ്രതികാരം ചെയ്യാനൊരുങ്ങുകയാണ് ന്യൂ ഹൊറൈസണ്‍സ് ടീം ഇപ്പോള്‍. സംഘത്തില്‍ പെട്ട ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലാ ഗവേഷകന്‍ കിര്‍ബി റുന്‍യോനും കൂട്ടരും പുതിയൊരു ഗ്രഹനിര്‍വചനം ശാസ്ത്രസമൂഹത്തിന്റെ പരിഗണനയ്ക്കായി അവതരിപ്പിച്ചിരിക്കുകയാണ്. അത് അംഗീകരിക്കപ്പെട്ടാല്‍, കഥ മാറും. പ്ലൂട്ടോ വീണ്ടും ഗ്രഹമാകുമെന്ന് മാത്രമല്ല, സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ സംഖ്യ 110 ആയി ഉയരുകയും ചെയ്യും. പുതിയ ഗ്രഹങ്ങളില്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ഉള്‍പ്പെടും!

ക്ലൈഡ് ടോംബോ എന്ന അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞന്‍ 1930ല്‍ കണ്ടുപിടിച്ച അന്നു തുടങ്ങിയതാണ് പ്ലൂട്ടോയുടെ ഗ്രഹപദവി സംബന്ധിച്ച തര്‍ക്കവും വിവാദവും. അമേരിക്കക്കാര്‍ കണ്ടുപിടിച്ച ഏക ഗ്രഹമായിരുന്നു പ്ലൂട്ടോ. അതിനാല്‍ അതിന്റെ ഗ്രഹപദവി തെറിപ്പിക്കാന്‍ നോക്കുന്നത് അമേരിക്കയ്‌ക്കെതിരായ ഗൂഢാലോചന എന്ന് പോലും വ്യാഖ്യാനിക്കപ്പെട്ടു. 

Pluto and Charon
 പ്ലൂട്ടോയും ഉപഗ്രഹമായ കെയ്‌റണും-ന്യൂ ഹൊറൈസണ്‍സ് പേടകം പകര്‍ത്തിയ ദൃശ്യം. ചിത്രം: നാസ

 

പ്ലൂട്ടോയുടെ വലുപ്പക്കുറവായിരുന്നു തര്‍ക്കത്തിന്റെ ഒന്നാമത്തെ കാരണം. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഉള്‍പ്പടെ സൗരയൂഥത്തിലെ ഏഴ് ഉപഗ്രഹങ്ങള്‍ക്ക് പ്ലൂട്ടോയെക്കാള്‍ വലുപ്പമുണ്ടെന്ന വസ്തുത, പ്ലൂട്ടോയുടെ ഗ്രഹപദവിയെ നോക്കി പല്ലിളിച്ചു. 

രണ്ടാമത്തെ തര്‍ക്കം പ്ലൂട്ടോയുടെ ഭ്രമണപഥം സംബന്ധിച്ചായിരുന്നു. മര്യാദയ്ക്ക് സൂര്യനെ ചുറ്റുക മാത്രമല്ല പ്ലൂട്ടോ ചെയ്യുക. ഇടയ്ക്ക് അതിര്‍ത്തി ഭേദിച്ച് നെപ്ട്യൂണിനിപ്പുറത്തേക്ക് ഇടിച്ചുകയറുകയും ചെയ്യും. ആ സമയത്ത് സൂര്യനില്‍ നിന്ന് ഏറ്റവുമകലെയുള്ള ഗ്രഹം നെപ്ട്യൂണാകും. 1980കളും 1990കളിലും അതായിരുന്നു സ്ഥിതി. 1999 ഫെബ്രുവരി 11 ന് പ്ലൂട്ടോ വീണ്ടും മറുകണ്ടം ചാടി നെപ്ട്യൂണിന് അപ്പുറത്തായി. 228 വര്‍ഷത്തേക്ക് അങ്ങനെ തുടരും! ഇങ്ങനെ മറ്റുഗ്രഹങ്ങളുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക് ഇടിച്ചുകയറുന്നത് അന്തസ്സുള്ള ഒരു ഗ്രഹത്തിന് ചേര്‍ന്ന പണിയല്ല എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍! 

അതിനിടെയാണ് കൂനിന്‍മേല്‍ കുരു എന്ന മട്ടില്‍ 1978ല്‍ ലോവല്‍ ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകന്‍ ജെയിംസ് ക്രിസ്റ്റി പ്ലൂട്ടോയുടെ ഉപഗ്രത്തെ കണ്ടെത്തിയത്. സൗരയൂഥത്തിലെ മറ്റ് ഉപഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു അത്. മാതൃഗ്രഹവുമായി താരതമ്യം ചെയ്താല്‍ സൗരയൂഥത്തിലെ 'ഏറ്റവും വലിയ ഉപഗ്രഹം'. ആ കണ്ടെത്തലും ഒന്‍പതാം ഗ്രഹമെന്ന പ്ലൂട്ടോയുടെ പദവിക്ക് ഭീഷണിയുയര്‍ത്തി. 

സൗരയൂഥത്തില്‍ നെപ്ട്യൂണിനപ്പുറത്തെ ഇരുണ്ട തണുത്ത മേഖലയായ 'കിയ്പ്പര്‍ ബല്‍റ്റി'ല്‍ (Kuiper Belt) ആണ് പ്ലൂട്ടോ സ്ഥിതിചെയ്യുന്നത്. 1990 കളുടെ തുടക്കം മുതല്‍ കിയ്പ്പര്‍ ബല്‍റ്റ് മേഖലയില്‍ നിന്ന് പുതിയ കണ്ടെത്തലുകള്‍ ഉണ്ടായി. അവയില്‍ പലതും പ്ലൂട്ടോയുടെ പദവിയെ ചോദ്യംചെയ്യുന്നവരുടെ ആവനാഴിയില്‍ ആയുധമായി. അവസാനത്തെ ആണി എന്ന് പറയാവുന്നത്, 2005ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (കാല്‍ടെക്) മൈക്ക് ബ്രൗണും സംഘവും കിയ്പ്പര്‍ ബെല്‍റ്റ് മേഖലയില്‍ നിന്ന് പ്ലൂട്ടോയെ അപേക്ഷിച്ച് 27 ശതമാനം അധികം ദ്രവ്യമാനമുള്ള 'ഇറിസ്' (Eris) എന്ന ആകാശഗോളത്തെ തിരിച്ചറിഞ്ഞതാണ്. 

ആ കണ്ടെത്തല്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് മുന്നില്‍ വലിയ ചോദ്യചിഹ്നമുയര്‍ത്തി. 'ഗ്രഹം' എന്നതിന് പുതിയ നിര്‍വ്വചനം സ്വീകരിക്കാന്‍ ഐഎയുവിനെ തിടുക്കത്തില്‍ പ്രേരിപ്പിച്ചത് ഇതാണ്. 2006 ഓഗസ്റ്റ് 24ന് പുതിയ പ്രമേയം പാസാക്കി. ഐഎയുവിന്റെ 26-ാം ജനറല്‍ അസംബ്ലി അംഗീകരിച്ച ആ പ്രമേയം അനുസരിച്ച് സൗരയൂഥത്തില്‍ ഒരു വസ്തുവിന് ഗ്രഹമാകാന്‍ വേണ്ട യോഗ്യതകള്‍ ഇവയാണ്: 1. ആ വസ്തു സൂര്യനെ പരിക്രമണം ചെയ്യുന്നതാവണം 2. സ്വന്തം ഗുരുത്വബലം കൊണ്ട് ഗോളാകൃതി പ്രാപിക്കാന്‍ മാത്രം വലുതായിരിക്കണം അത് 3. സ്വന്തം ഭ്രമണപഥത്തിനരികില്‍ മറ്റ് വസ്തുക്കള്‍ ഉണ്ടാകാന്‍ പാടില്ല. 

മൈക്ക് ബ്രൗണിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഈ നിര്‍വചനത്തില്‍ ആദ്യ രണ്ട് വ്യവസ്ഥയും പ്രശ്‌നമില്ലായിരുന്നു. മൂന്നാമത്തേത് പ്ലൂട്ടോയ്ക്ക് പ്രതികൂലമായി. 'സ്വന്തം ഭ്രമണപഥത്തിനരികില്‍ മറ്റ് വസ്തുക്കള്‍ ഉണ്ടാകാന്‍ പാടില്ല' എന്ന വ്യവസ്ഥയില്‍ തട്ടി പ്ലൂട്ടോയുടെ ഗ്രഹപദവി തെറിച്ചു. അതോടെ സൗരയൂഥത്തില്‍ എട്ട് ഗ്രഹങ്ങളായി, പ്ലൂട്ടോ കുള്ളന്‍ഗ്രഹവും. പ്ലൂട്ടോയെ ഇങ്ങനെ താഴ്ത്തിക്കെട്ടിയത് ലോകമെങ്ങും പ്രതിഷേധമുയര്‍ത്തിയി. ലണ്ടന്‍ പോലുള്ള നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ പോലും അരങ്ങേറി.

ജ്യോതിശാസ്ത്രജ്ഞരും അന്നുമുതല്‍ ഇക്കാര്യത്തില്‍ രണ്ട് തട്ടിലാണ്. 2006 ലെ ഗ്രഹനിര്‍വചനം ശരിയല്ലെന്ന് പല ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. അതിന്റെ പ്രതിഫലനമാണ് കിര്‍ബി റുന്‍യോനും കൂട്ടരും ഇപ്പോള്‍ അവതരിപ്പിച്ച പുതിയ ഗ്രഹനിര്‍വചനം. യുഎസില്‍ ടെക്‌സാസിലെ വുഡ്‌ലാന്‍ഡ്‌സില്‍ കഴിഞ്ഞയാഴ്ച നടന്ന 'ലൂണാര്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സ് കോണ്‍ഫറന്‍സി'ല്‍ (2017 മാര്‍ച്ച് 20-24) ഇതുസംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചു. ആ പ്രബന്ധത്തില്‍ റുന്‍യോണും സംഘവും കൊണ്ടുവന്ന പുതിയ ഗ്രഹനിര്‍വചനം ഇതാണ്: 

'നക്ഷത്രങ്ങളെക്കാള്‍ വലുപ്പം കുറഞ്ഞ, അണുസംയോജനം നടക്കാത്ത, സ്വയം ഗോളാകൃതി കൈവരിക്കാന്‍ ആവശ്യമായ ഗുരുത്വബലമുള്ള, എന്നാല്‍ ഭ്രമണപഥ സ്വഭാവം പരിഗണിക്കേണ്ടതില്ലാത്ത ആകാശവസ്തുവാണ് ഗ്രഹം'. 

New Planet Definition
പുതിയ ഗ്രഹനിര്‍വചനം

 

ഭ്രമണപഥ സ്വാഭാവത്തെക്കാള്‍ ആകാശഗോളങ്ങളുടെ ഭൗതികസ്വഭാവത്തിന് ഊന്നല്‍ ലഭിക്കുന്നതാണ് പുതിയ ഗ്രഹനിര്‍വചനം. ഈ നിര്‍വചനം തീര്‍ച്ചയായും വൈകാരികമല്ലെന്ന് പല വിദഗ്ധരും വിലയിരുത്തുന്നു. ശരിക്കും ശാസ്ത്രീയമായത് തന്നെയാണത്. ഐഎയു ഔദ്യോഗികമായി അംഗീകരിച്ചില്ലെങ്കിലും, വ്യാപകമായി പ്രചാരം ലഭിച്ചാല്‍ അത് അവഗണിക്കാനാവില്ലെന്ന് പുതിയ നിര്‍വചനം അവതരിപ്പിച്ച സംഘം വാദിക്കുന്നു. 

ഇത് അംഗീകരിക്കപ്പെട്ടാല്‍ പാവം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കാര്യമാകും പരുങ്ങലിലാകുക. സൗരയൂഥത്തില്‍ എട്ടിന് പകരം 110 ഗ്രഹങ്ങളുണ്ടെന്ന് പഠിക്കേണ്ടി വരും. മാത്രമല്ല, അടുത്ത തവണ മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തുമ്പോള്‍ വെറുമൊരു ഉപഗ്രഹത്തിലായിരിക്കില്ല എത്തുന്നത്, ശരിക്കും ഗ്രഹത്തില്‍ തന്നെയായിരിക്കും!

(വിവരങ്ങള്‍ക്ക് കടപ്പാട്: നാസ)

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്