• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • Science
  • News
  • Features
  • Telecom
  • Social Media
  • Mobiles
  • Tech Plus
  • Videos
  • Gadgets

കൃത്രിമ മഴ: ചരിത്രവും സാധ്യതകളും

Joseph Antony
Mar 14, 2017, 07:36 AM IST
A A A

Science Matters

# ജോസഫ് ആന്റണി

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയുടെ പിടിയിലാണ് സംസ്ഥാനമിപ്പോള്‍. ഈ പശ്ചാത്തലത്തിലാണ് കൃത്രിമ മഴയുടെ സാധ്യത സംസ്ഥാനസര്‍ക്കാര്‍ ആരായുന്നത് 

Cloud Seeding
മേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ് പോലുള്ള ലവണങ്ങളുടെ തരികള്‍ വിമാനം വഴിയോ റോക്കറ്റുകള്‍ വഴിയോ വിതറുകയാണ് ക്ലൗഡ് സീഡിങില്‍ ചെയ്യുക. ചിത്രം കടപ്പാട്: USAF 

 

മഴ എപ്പോഴൊക്കെ ചതിച്ചിട്ടുണ്ടോ അന്നൊക്കെ മനുഷ്യന്‍ മഴ പെയ്യിക്കുന്നതിനെപ്പറ്റി ആകുലതയോടെ ചിന്തിച്ചിട്ടുണ്ട്. കൂട്ടപ്രാര്‍ഥന മുതല്‍ തവളക്കല്ല്യാണം വരെ പലതരം വിദ്യകള്‍ മഴയ്ക്കായി പ്രയോഗിക്കാറുമുണ്ട്. അത്തരം പ്രയോഗങ്ങളില്‍ വിശ്വാസമില്ലാതെ വരുമ്പോള്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനെ കുറിച്ചാകും ആലോചന. 

കേരളം അത്തരമൊരു ആലോചനയിലാണിപ്പോള്‍. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതു പ്രകാരമാണെങ്കില്‍, സംസ്ഥാനത്ത് കൃത്രിമ മഴയുടെ സാധ്യത ഗൗരവത്തോടെ ആരായുകയാണ് സര്‍ക്കാര്‍. കേരളം സമീപകാല ചരിത്രത്തിലെ ഏറ്റവും കൊടിയ വരള്‍ച്ചയുടെ പിടിയിലാണെന്ന് ആലോചിക്കുമ്പോള്‍, ഇതില്‍ അത്ഭുതമില്ല.

കേരളം കൃത്രിമ മഴയെ സ്വപ്‌നം കാണാന്‍ തുടങ്ങുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരാം. കൃത്രിമമായി മഴ പെയ്യിക്കാന്‍ വലിയ ചെലവ് വരുമോ? എന്താണ് കൃത്രിമ മഴയ്ക്കുള്ള ശാസ്ത്രീയത? എത്രത്തോളം ഈ നീക്കം വിജയിക്കും? 

കൃത്രിമ മഴ പെയ്യിക്കാന്‍ ഇന്ന് ലോകമെമ്പാടും പ്രയോഗിക്കപ്പെടുന്നത് 'ക്ലൗഡ് സീഡിങ്' (cloud seeding) എന്ന വിദ്യയാണ്. അക്ഷരാര്‍ഥത്തില്‍ മേഘങ്ങളില്‍ നടത്തുന്ന ഒരുതരം 'വിത്തുവിതയ്ക്കല്‍'. ആഗോളതലത്തില്‍ വലിയ ബിസിനസാണ് ഇന്ന് ക്ലൗഡ് സീഡിങ്. ലോകത്താകെ 34 സ്വകാര്യകമ്പനികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. നൂറിലേറെ വിമാനങ്ങള്‍ സ്വന്തമായുള്ള യുഎസില്‍ നോര്‍ത്ത് ഡക്കോട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'വെതര്‍ മോഡിഫിക്കേഷന്‍ ഇന്‍കോര്‍പ്പറേറ്റഡ്' പോലുള്ള കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. 

കോടികള്‍ മുടക്കണം ഒരു പ്രദേശത്ത് ക്ലൗഡ് സീഡിങ് നടത്താന്‍. ഉദാഹരണത്തിന്, 2015 ലെ മൂന്ന് മാസങ്ങളില്‍ നൂറ് ചരുതശ്ര മൈല്‍ പ്രദേശത്ത് ക്ലൗഡ് സീഡിങ് നടത്താന്‍ ഏതാണ്ട് 30 കോടി രൂപയാണ് മഹരാഷ്ട്ര ചെലവിട്ടത്. ഇങ്ങനെ കോടികള്‍ മുടക്കിയാലും, ക്ലൗഡ് സീഡിങ് കൊണ്ട് എത്രത്തോളം മഴ കൂടുതല്‍ പെയ്യും എന്നകാര്യം ഈ രംഗത്തെ വിദഗ്ധര്‍ക്ക് പോലും കൃത്യമായി പറയാന്‍ കഴിയാറില്ല.

Cloud Seeding
1946 ല്‍ 'ക്ലൗഡ് സീഡിങ്' കണ്ടുപിടിച്ച വിന്‍സന്റ് ഷീഫര്‍. ഷീഫറുടെ ഫ്രീസറിലാണ് ആദ്യ ക്ലൗഡ് സീഡിങ് നടന്നത്: ചിത്രം കടപ്പാട്: Encyclopædia Britannica

 

കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം ശാസ്ത്രലോകം തുടങ്ങിയിട്ട് കാലമേറെയായി. പല കാലങ്ങളില്‍ പല തിയറികളുണ്ടായി. ഇക്കാര്യത്തില്‍ വിചിത്രമായ ഒരാശയം മുന്നോട്ടുവെച്ചത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കന്‍ കാലാവസ്ഥാവിദഗ്ധന്‍ ജെയിംസ് പി. ഇസ്പി ആണ്. 'മഴ കൂടുതല്‍ പെയ്യിക്കാന്‍ കാടിന് തീയിട്ടാല്‍ മതി' എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം! പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ സ്വീകാര്യത നേടിയ മറ്റൊരാശയമായിരുന്നു 'കണ്‍കഷന്‍ മെഥേഡ്' (concussion method). വിശാലമായ കാര്‍ഷിക സമതലങ്ങള്‍ വരള്‍ച്ചകൊണ്ട് പൊറുതിമുട്ടിയപ്പോള്‍ അമേരിക്കയില്‍ നിന്ന് തന്നെയാണ് ഈ ആശയവും വന്നത്. കൃത്രിമ മഴയ്ക്കായി നടന്നിട്ടുള്ള ശ്രമങ്ങളെപ്പറ്റി തയ്യാറാക്കിയ പ്രബന്ധത്തില്‍ ജെഫ് എ.ടൗണ്‍സെന്‍ഡ് ഇങ്ങനെ പറയുന്നു: 'വലിയ യുദ്ധങ്ങള്‍ക്ക് ശേഷം മഴ പെയ്യാറുണ്ടെന്ന' നിരീക്ഷണത്തില്‍ നിന്നാണ് മേല്‍സൂചിപ്പിച്ച ആശയം ലഭിച്ചത്....വെടിമരുന്ന് സ്‌ഫോടനം നടക്കുകയും അതിന്റെ പ്രകമ്പനം ഉണ്ടാവുകയും ചെയ്യുമ്പോള്‍ മേഘങ്ങള്‍ ആ സംഘര്‍ഷത്തില്‍ ഖനീഭവിച്ച് മഴപെയ്യും'. ഈ ആശയം പരീക്ഷിക്കാന്‍ 1890 ല്‍ യുഎസ് കോണ്‍ഗ്രസ്സ് ഫണ്ട് അനുവദിച്ചു. വര്‍ഷങ്ങളോളം നടന്ന പരീക്ഷണത്തില്‍ ടണ്‍ കണക്കിന് വെടിമരുന്ന് പൊട്ടിച്ചെങ്കിലും മഴ മാത്രം പെയ്തില്ല. മാത്രമല്ല, പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ജനറല്‍ റോബര്‍ട്ട് ഡൈറന്‍ഫോര്‍ത്തിന് 'ജനറല്‍ ഡ്രൈഹെന്‍സ്‌ഫോര്‍ത്ത്' (General Dryhenceforth) എന്ന വട്ടപ്പേര് ലഭിക്കുകയും ചെയ്തു!

ഇക്കാര്യത്തില്‍ യഥാര്‍ഥ മുന്നേറ്റമുണ്ടായത് 1946 ലാണ്; അമേരിക്കയില്‍ ജനറല്‍ ഇലക്ട്രികിന്റെ 'ഷിനെക്ടാഡി റിസര്‍ച്ച് ലാബി'ല്‍. യുദ്ധഗവേഷണത്തിന്റെ ഭാഗമായി മേഘങ്ങളിലെ അവസ്ഥ ലബോറട്ടറിയില്‍ സൃഷ്ടിച്ച് പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു വിന്‍സന്റ് ഷീഫര്‍ എന്ന കെമിക്കല്‍ ഗവേഷകന്‍. തന്റെ ഫ്രീസറിലെ ജലബാഷ്പം വേഗത്തില്‍ തണുപ്പിക്കാനായി അദ്ദേഹം ഒരുപിടി ഡ്രൈ ഐസ് (ഖരാവസ്ഥയിലുള്ള കാര്‍ബണ്‍ഡയോക്‌സയിഡ്) വിതറി. അത്ഭുതമെന്ന് പറയട്ടെ, ജലബാഷ്പം നൊടിയിടയില്‍ ഖനീഭവിച്ച് മഞ്ഞുപരലുകളായി മാറി! 

മേഘങ്ങളെ ഖനീഭവിപ്പിച്ച് മഞ്ഞായും മഴയായും പെയ്യിക്കാനുള്ള മാന്ത്രികവിദ്യയാണ് താന്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഷീഫര്‍ക്ക് ബോധ്യമായി. കൂടുതല്‍ പരീക്ഷണങ്ങളില്‍ ഡ്രൈ ഐസ് (dry ice) മാത്രമല്ല, കറിയുപ്പ് പോലെ മറ്റനേകം ലവണങ്ങളും ഇതേ ഫലം ചെയ്യുമെന്ന് കണ്ടു. ലവണങ്ങളുടെ താപനില മൈനസ് 40 ഡിഗ്രിയോ അതില്‍ താഴെയോ ആയിരിക്കണമെന്ന് മാത്രം. ഷീഫറുടെ സഹപ്രവര്‍ത്തകന്‍ ഡോ.ബര്‍ണാഡ് വോന്നെഗറ്റ് നൂറുകണക്കിന് രാസപദാര്‍ഥങ്ങളെ ക്ലൗഡ് സീഡിങിനുപയോഗിച്ച്, ഏറ്റവും ഫലപ്രദം സില്‍വര്‍ അയഡൈഡ് ആണെന്ന് തിരിച്ചറിഞ്ഞു. 

വിമാനം വഴിയോ റോക്കറ്റുകള്‍ വഴിയോ മഴമേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ് പോലുള്ള ലവണങ്ങളുടെ തരികള്‍ വിതറുകയാണ് ക്ലൗഡ് സീഡിങില്‍ ചെയ്യുക. ചിറകില്‍ ഈ രാസവസ്തുക്കളുടെ ആവനാഴി ഘടിപ്പിക്കാവുന്ന തരത്തില്‍ പരിഷ്‌ക്കരിച്ച വിമാനങ്ങളാണ് ഇതിനുപയോഗിക്കുന്നത്. മഴമേഘങ്ങളിലെ ജലതന്മാത്രകളെ ലവണ തരികള്‍ ആകര്‍ഷിക്കുകയും, ജലതന്മാത്രകള്‍ ചേര്‍ന്ന് ജലത്തുള്ളിയായി താഴേക്ക് പതിക്കുകയും ചെയ്യുന്നു. ഇതാണ് കൃത്രിമ മഴ. 

1946 ല്‍ ക്ലൗഡ് സീഡിങ് വിദ്യ കണ്ടെത്തിയ നാള്‍ മുതല്‍ ഒട്ടേറെ രാജ്യങ്ങള്‍ ഈ മാര്‍ഗത്തിലൂടെ മഴയ്ക്ക് ശ്രമിച്ചിട്ടുണ്ട്. പലയിടത്തും മഴ പെയ്തിട്ടുമുണ്ട്. ചൈനയും ഇന്ത്യയും ഉള്‍പ്പടെ ലോകത്ത് 52 രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതായി ലോക കാലാവസ്ഥാ സംഘടന (WMO) പറയുന്നു. 

Cloud Seeding
വിമാനത്തിന്റെ ചിറകില്‍ ഘടിപ്പിച്ച ഇത്തരം ആവനാഴികളിലാണ് ക്ലൗഡ് സീഡിങിനുള്ള രാസവസ്തുക്കള്‍ സൂക്ഷിക്കുക. ചിത്രം കടപ്പാട്: Bloomberg

 

ഈ മേഖലയില്‍ ലോകത്താകമാനം 34 സ്വകാര്യ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായി സൂചിപ്പിച്ചല്ലോ. എന്നാല്‍, ലോകത്തേറ്റവും കൂടുതല്‍ ക്ലൗഡ് സീഡിങ് നടത്തുന്ന രാജ്യമായ ചൈന സ്വകാര്യ കമ്പനികളെ അനുവദിച്ചിട്ടില്ല. ചൈനയിലെ 23 ല്‍ 22 പ്രവിശ്യയിലും മലിനീകരണം അകറ്റാനും കൃഷിക്ക് മഴ കിട്ടാനും ക്ലൗഡ് സീഡിങ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കോടികളാണ് ഇതിനായി മുടക്കുന്നത്. 2008 ലെ ബീജിങ് ഒളിംപിക്‌സ് വേളയില്‍ മഴ ഒഴിവാക്കാന്‍ അതിന് മുന്നോടിയായി ചൈന ക്ലൗഡ് സീഡിങ് നടത്തിയത് ലോകമെങ്ങും വലിയ വാര്‍ത്തയായിരുന്നു. ഗള്‍ഫ് രാജ്യമായ യുണൈറ്റഡ് അറബ് എമിരേറ്റ്‌സ് (യുഎഇ) ആണ് ഈ മഴവിദ്യയെ ഏറെ ആശ്രയിക്കുന്ന മറ്റൊരു രാജ്യം. 2015 ല്‍ മാത്രം യുഎഇ 187 ക്ലൗഡ് സീഡിങ് ദൗത്യങ്ങള്‍ നടത്തിയിരുന്നു. 

ക്ലൗഡ് സീഡിങിന്റെ ഏറ്റവും വലിയ പോരായ്മ, ഇതുകൊണ്ട് എത്രത്തോളം മഴ പെയ്യും എന്ന് ഉറപ്പ് പറയാനാകില്ല എന്നതാണ്. നൂറുശതമാനം വിജയം ഏതായാലും ക്ലൗഡ് സീഡിങ് കൊണ്ടുണ്ടാകില്ല. അഞ്ചോ പത്തോ ശതമാനം മഴ കൂടുതല്‍ ലഭിച്ചാല്‍ പോലും, വരള്‍ച്ചയാല്‍ നട്ടംതിരിയുന്ന ഒരു പ്രദേശത്തിന് അത് അനുഗ്രഹമാകുമെന്ന് ക്ലൗഡ് സീഡിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

ക്ലൗഡ് സീഡിങ് എന്ന ആശയം അവതരിപ്പിച്ച അന്നുമുതല്‍ ഇതിനെ ആശങ്കയോടെ കാണുന്നവരുമുണ്ട്. മഴമേഘങ്ങളെ കൃത്രിമമായി പെയ്യിക്കുമ്പോള്‍, ആ മേഘങ്ങള്‍ എവിടെയെത്തിയാണോ മഴ പെയ്യേണ്ടത് ആ പ്രദേശത്ത് മഴയില്ലാതെ വരും. ചൈനയെക്കുറിച്ച് അയല്‍രാജ്യങ്ങള്‍ ഏറെ വര്‍ഷങ്ങളായി ഇത്തരം ആക്ഷേപം ഉന്നയിക്കുന്നുണ്ട്; തങ്ങളുടെ പ്രദേശത്ത് പെയ്യേണ്ട മഴ ചൈന കവര്‍ന്നെടുക്കുന്നുവെന്ന്. 

അപ്പോള്‍, ചോദ്യം അവശേഷിക്കുന്നു. കേരളത്തില്‍ ക്ലൗഡ് സീഡിങ് നടത്തിയാല്‍ മഴ പെയ്യുമോ? പെയ്യും, പക്ഷേ എത്ര പെയ്യും എന്നാണ് അറിയേണ്ടത്. അതിന് കാത്തിരിക്കാം.

(വിവരങ്ങള്‍ക്ക് കടപ്പാട്: Bloomberg; climateviewer.com; nmt.edu)

* 'മാതൃഭൂമി' നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്.

 

PRINT
EMAIL
COMMENT
Next Story

ചൊവ്വയെ ലക്ഷ്യമിട്ട് മൂന്ന് സന്ദര്‍ശകര്‍ വരുന്നു; ഫെബ്രുവരി സംഭവബഹുലമാവും

ചൊവ്വാ രഹസ്യകുതുകികള്‍ക്ക് ആവേശമുണ്ടാക്കുന്ന മാസമായിരിക്കും ഈ വര്‍ഷത്തെ ഫെബ്രുവരി. .. 

Read More
 

Related Articles

സ്റ്റാറ്റിസ്റ്റിക്‌സ് വഴങ്ങുന്ന കിയ തത്തകള്‍, ന്യൂസിലന്‍ഡില്‍
Technology |
Technology |
നിര്‍മിതബുദ്ധി പറയുന്നു; 11 ഛിന്നഗ്രഹങ്ങള്‍ കൂടി ഭൂമിക്ക് ഭീഷണി!
Technology |
നിര്‍ത്തിയിട്ട കാറുകള്‍ സ്വയം മല കയറുകയോ!
Technology |
ആവര്‍ത്തിക്കുന്ന നിഗൂഢ റേഡിയോസ്പന്ദനം അന്യഗ്രഹജീവികളുടെ സൃഷ്ടിയോ!
 
More from this section
mars
ചൊവ്വയെ ലക്ഷ്യമിട്ട് മൂന്ന് സന്ദര്‍ശകര്‍ വരുന്നു; ഫെബ്രുവരി സംഭവബഹുലമാവും
science
ചന്ദ്രയാന്‍ 2 ശേഖരിച്ച ആദ്യ വിവരങ്ങള്‍ പുറത്തുവിട്ടു; ലക്ഷ്യം പൂര്‍ത്തീകരിക്കാനാവുമെന്ന് ഐഎസ്ആര്‍ഒ
Jupeter and Saturn
വ്യാഴം-ശനി ഗ്രേറ്റ് കണ്‍ജങ്ഷന്‍...! ഈ കാഴ്ച ജീവിതത്തില്‍ ഒരിക്കല്‍ മാത്രം; എങ്ങനെ കാണാം?
GC
ഡിസംബര്‍ 21-ന് വ്യാഴം-ശനി ഗ്രഹങ്ങളുടെ കൂടിക്കാഴ്ച ആകാശത്ത് കാണാം; ഗ്രേറ്റ് കണ്‍ജങ്ഷന്‍
US Agreement with Alien
അന്യഗ്രഹജീവികളും അമേരിക്കയും തമ്മില്‍ കരാര്‍, ട്രംപിന് ഇക്കാര്യം അറിയാം; മുന്‍ ഇസ്രയേല്‍ ബഹിരാകാശ സുരക്ഷാ മേധാവി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.