കേരളത്തിന് ഇനി എത്രവര്‍ഷത്തെ ആയുസ്സുണ്ടാകും? അതെന്തൊരു ചോദ്യമാണല്ലേ? നമ്മുടെ ഇന്നത്തെ അവസ്ഥയും ഭാവിയെക്കുറിച്ചുള്ള നിസ്സംഗതയും കണ്ടിട്ടു ചോദിച്ചുപോയതാണ്. ഒരു പത്തുവര്‍ഷം, അല്ലെങ്കില്‍ വേണ്ട, ഇരുപതുവര്‍ഷം മുമ്പുണ്ടായിരുന്ന കേരളമാണോ ഇന്നുള്ളത്? ഓരോവര്‍ഷം കഴിയംതോറും ഏപ്രില്‍-മെയ് മാസങ്ങളില്‍ അസഹനീയമായ ചൂടുണ്ടാകുന്നില്ലേ? ഒരു മുപ്പതോ നാല്പതോ വര്‍ഷങ്ങള്‍ക്കുമുമ്പ് കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായിരുന്നത് വളരെ ചുരുക്കം ചിലയിടങ്ങളില്‍, അതും വര്‍ഷത്തില്‍ ഒരു മാസക്കാലം. പ്രളയമുണ്ടായിരുന്നത് ഏതാനും ചില താഴ്ന്ന സ്ഥലങ്ങളില്‍ മാത്രം.

ഇന്നത്തെ സ്ഥിതിയോ? മഴപെയ്താല്‍ പ്രളയമായി, മഴ നിന്നാല്‍ വരള്‍ച്ചയും. ഇത് ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ വഷളാകുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നും കാണിക്കുന്നില്ല. ഇതൊന്നും വാര്‍ത്തകളില്‍ വരാത്തതല്ല, നമ്മള്‍ ശ്രദ്ധിക്കുന്നില്ല എന്നുമാത്രം. ഇതാ അവസാനം വന്ന വാര്‍ത്ത, മാതൃഭൂമി പത്രത്തില്‍: ''അണക്കെട്ടുകളിലെ വെള്ളം കുറയുന്നു: മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി.''1 കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് വയനാടുജില്ലയില്‍ ഭൂഗര്‍ഭജലനിരപ്പു താഴ്ന്നതിനേപ്പറ്റി വാര്‍ത്ത വന്നത്.

ഇവ ഓരോന്ന് ഓരോ ദിവസം കാണുമ്പോള്‍ നമ്മള്‍ അവഗണിക്കും, അല്ലേ? എന്നാല്‍ എത്രകാലം അങ്ങനെ അവഗണിക്കാനാവും? ഒരുദിവസം നമുക്കും കുടിവെള്ളം കിട്ടാനില്ലാതാകും. നമ്മുടെ ശീലമനുസരിച്ച്, നാമപ്പോള്‍ ചെയ്യുക സര്‍ക്കാരിനോട് വെള്ളം തരാനായി ആവശ്യപ്പെടുകയായിരിക്കും. ലോറികളില്‍ വെള്ളമെത്തിക്കണം എന്ന ആവശ്യം വരും. അതിനായി സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ചെലവഴിക്കുകയും ചെയ്യും. എന്നാല്‍, വരാന്‍പോകുന്ന വിപത്തിനെ മുന്‍കൂട്ടിക്കണ്ടു അതിനെ നേരിടാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതല്ലേ ബുദ്ധി? നാം ഓരോരുത്തര്‍ക്കുമില്ലേ ഇക്കാര്യത്തില്‍ ഉത്തരവാദിത്തം? വിദ്യാഭ്യാസത്തിലും ബുദ്ധിശക്തിയിലും  അഭിമാനിക്കുന്ന മലയാളികള്‍ സ്വയം നേരിടാന്‍പോകുന്ന വിപത്തിനെ തീരെ അവഗണിക്കുന്നതെങ്ങിനെ? നമ്മുടെ മക്കളും അവരുടെ മക്കളും വളരാന്‍ പോകുന്ന (വരളാന്‍പോകുന്ന) കേരളം നാം വളര്‍ന്നതില്‍നിന്നു വളരെ വ്യത്യസ്തമായിരിക്കും അല്ലേ? അപ്പോഴേക്ക് എല്ലാം ശരിയാകും ഇല്ലേ? ഇല്ല. ഇനിയങ്ങോട്ട് ശരിയാകലില്ല, പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയേയുള്ളൂ. അത് എല്‍ഡിഎഫ് ആയാലും യൂഡിഎഫ് ആയാലും. എന്താണങ്ങനെ പറയാന്‍ കാരണം? നമുക്കൊന്നു പരിശോധിക്കാം.

ഭൂമിക്കു പനി

പി.എസ്. ഗോപിനാഥന്‍നായര്‍ രചിച്ച, അവാര്‍ഡുനേടിയ പുസ്തകമാണ് ''ഭൂമിക്കു പനി''. ഭൂമിയെ അഭിമുഖീകരിക്കുന്ന എല്ലാ പാരിസ്ഥിതികപ്രശ്‌നങ്ങളെയും കുറിച്ചു വിശദമായി ചര്‍ച്ചചെയ്ത അപൂര്‍വ്വ ഗ്രന്ഥമാണത്. അതു പ്രസിദ്ധീകരിച്ചിട്ട് 16 വര്‍ഷം കഴിഞ്ഞു. ഭൗമതാപനത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി അന്ന് ഗോപിനാഥന്‍ നായര്‍ എഴുതിയ കാര്യങ്ങള്‍ പലതും ഇന്നിപ്പോള്‍ യാഥാര്‍ത്ഥ്യമായിട്ടുണ്ട്. പക്ഷെ എന്നിട്ടും നമ്മുടെ സമൂഹമോ ഭരണകൂടങ്ങളോ അതൊന്നും കണ്ടതായി ഭാവിക്കുന്നില്ല. എന്താണീ അലംഭാവത്തിന്റെ പിന്നില്‍? അജ്ഞതയോ? അതോ, ഇതൊക്കെ വേറെയാരുടെയോ ഉത്തരവാദിത്തമാണെന്ന തോന്നലോ? അതോ, ഇനി സിനിമയുടെ ഭാഷയില്‍ പറഞ്ഞാല്‍ ''ഇതൊക്കെയെന്ത്'' എന്ന ഭാവമോ? എന്തായാലും ശരി, ഇതു നയിക്കുന്നത് ഈ സംസ്ഥാനത്തെ എല്ലാ ജീവജാലങ്ങളുടെയും നാശത്തിലേക്കാണ് എന്നു പറയേണ്ടിയിരിക്കുന്നു. 

കുറച്ചുകാലം മുമ്പ് ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ഒരു വിദഗ്ദ്ധന്‍ പറഞ്ഞ കാര്യം നമ്മിലെല്ലാം ശക്തമായ ആശങ്ക ഉളവാക്കേണ്ടതായിരുന്നു. ''കേരളം മരുഭൂവല്‍ക്കരണത്തെ നേരിടുകയാണ്'' എന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. മഴവെള്ളക്കൊയ്ത്തു് എല്ലാ കെട്ടിടങ്ങളിലും നിര്‍ബ്ബന്ധമാക്കാനുള്ള നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിച്ചപ്പോള്‍ അത് തങ്ങള്‍ക്കു കിട്ടേണ്ട വോട്ടിനെ ബാധിക്കും എന്നു പാര്‍ട്ടി കണ്ടെത്തിയതിനാല്‍ നടപ്പാക്കിയില്ല എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍മന്ത്രി പറഞ്ഞത് ഓര്‍ക്കുന്നു. എന്നിട്ടും വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ ഞെട്ടിയില്ല, ഒരു പട്ടി ആരെയെങ്കിലും കടിച്ചാല്‍ മാധ്യമത്തിലുണ്ടാകുന്ന ഞെട്ടല്‍പോലും ഉണ്ടായില്ല!

ആ പ്രശ്‌നത്തെ സംബന്ധിച്ച് ചര്‍ച്ചകളോ ഒന്നും നടത്തിയില്ല. തുടര്‍ന്ന് വരള്‍ച്ചയുണ്ടായപ്പോള്‍ സംസ്ഥാനം വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാനോ ധനസഹായം ആവശ്യപ്പെടാനോ മടിച്ചതുമില്ല. ഈ സംഭവം സൂചിപ്പിക്കുന്നതെന്താണ്? അറിഞ്ഞുകൊണ്ടുതന്നെ അവഗണിക്കുകയാണ് എന്ന തോന്നലാണ് ഇതുണ്ടാക്കുന്നത്. നമ്മുടെ അയല്‍സംസ്ഥാനങ്ങള്‍ നിര്‍ബ്ബന്ധിതമായ മഴവെള്ളസംഭരണം നിയമമാക്കിയിട്ടു വര്‍ഷങ്ങളായി. അതു നടപ്പാക്കാനുള്ള സാമ്പത്തികവും സാങ്കേതികവുമായ സഹായവും അവിടെ ലഭ്യമാക്കിയിട്ടുണ്ട്.

നമുക്കതൊന്നും വേണ്ടെന്നുവയ്ക്കാന്‍ എന്താണു കാരണം? കേരളത്തില്‍ ധാരാളം മഴ ലഭിക്കുന്നുണ്ടെന്നതോ? എന്നിട്ടും പിന്നെന്തേ മഴ നില്‍ക്കുമ്പോള്‍ മുതല്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും പണ്ടില്ലാതിരുന്നതുപോലത്തെ ജലദൗര്‍ലഭ്യം? ഇനി കാലാവസ്ഥാവ്യതിയാനംമൂലം മഴ കുറഞ്ഞാല്‍ എന്തു ചെയ്യും? കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി അതും സംഭവിക്കുന്നില്ലേ? ഇനിയെന്തു ചെയ്യും? കേന്ദ്രസര്‍ക്കാരിനോടു സഹായം അഭ്യര്‍ത്ഥിക്കാം. അവര്‍ പണം തന്നു എന്നും വരാം. പക്ഷെ മുഖം കഴുകാനോ കുടിക്കാനോ ഭക്ഷണം പാചകം ചെയ്യാനോ പണം ഉപയോഗിക്കാനാവില്ലല്ലോ. പ്രശ്‌നം രൂക്ഷമാകുമ്പോഴേക്ക് ശാസ്ത്രജ്ഞര്‍ എന്തെങ്കിലും വഴി കണ്ടുപിടിക്കും എന്നു ചിലരെങ്കിലും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ ശാസ്ത്രജ്ഞര്‍ തന്നെയാണ് മരുഭൂവല്‍ക്കരണത്തെപ്പറ്റി വര്‍ഷങ്ങളായി പറയുന്നതും, മുന്നറിയിപ്പുകള്‍ ഇടയ്ക്കിടയ്ക്കു തരുന്നതും.

 ഐക്യരാഷ്ട്രസഭ നിയോഗിച്ച കാലാവസ്ഥാവ്യതിയാനത്തിനുള്ള അന്തര്‍സര്‍ക്കാര്‍ സമിതി (Intergovernmental Panel for Climate Change, IPCC) അവരുടെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുള്ളത് നാലു കാര്യങ്ങളാണ്:

* ഭൗമതാപനം യഥാര്‍ത്ഥമാണ്

* അത് മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്

* അതിന്റെ ഫലമായി മഴയുടെ അളവു കുറയും, പക്ഷെ ശക്തമായ മഴയുടെയും മഴയില്ലായ്മയുടെയും സാധ്യത കൂടും

* ഈ മാറ്റങ്ങള്‍ മറ്റു പലതിനെയും സ്വാധീനിക്കും

അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് കാര്‍ഷികോല്‍പാദനത്തില്‍ കുറവുണ്ടാകുക എന്നത്; കടല്‍നിരപ്പുയരുക, രോഗങ്ങളുടെ വിതരണത്തില്‍ മാറ്റംവരുക, മത്സ്യങ്ങള്‍ മറ്റുദിക്കുകളിലേക്കു കുടിയേറുക, തുടങ്ങിയവ മറ്റു പ്രത്യാഘാതങ്ങളാണ്. ഇവയില്‍ ചിലതെല്ലാം കണ്ടുതുടങ്ങിയതായി ഗവേഷകര്‍ പറയുന്നുമുണ്ട്. കഴിഞ്ഞ 2000 വര്‍ഷങ്ങളില്‍ ഭൂമിയിലെ ശരാശരി താപനില എങ്ങനെ മാറി എന്നത് ചിത്രം 1ല്‍ കാണിച്ചിരിക്കുന്നു.

table
ചിത്രം 1: കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളില്‍ വായുവിന്റെ താപനില എങ്ങനെ വര്‍ധിച്ചു. പല രീതികളുപയോഗിച്ച് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയത്. (ചിത്രം കടപ്പാട്: https://commons.wikimedia.org/wiki/File:2000_Year_Temperature_Comparison.png)

 

 

ഇനി IPCC കണ്ടെത്തിയ കാര്യങ്ങളെന്തെല്ലാമാണെന്ന് ചുരുക്കത്തില്‍ വിവരിക്കട്ടെ. ആദ്യമായി, ഭൗമതാപനത്തെപ്പറ്റി. അങ്ങനെയൊരു സംഭവമുണ്ടൊ, അതിനു കാരണം മനുഷ്യനാണൊ എന്നെല്ലാം പലര്‍ക്കും സംശയങ്ങളുണ്ടായിരുന്നു. ഇങ്ങനെയൊന്നും നടക്കുന്നില്ല എന്നു വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്, പുതിയ അമേരിക്കന്‍ പ്രസിഡന്റുള്‍പ്പെടെ. എന്നാല്‍, IPCC ഉറപ്പിച്ചു പറയുന്നു, ഹരിതഗൃഹപ്രഭാവം എന്നൊരു പ്രതിഭാസം തീര്‍ച്ചയായുമുണ്ട്, അതില്ലായിരുന്നെങ്കില്‍ ഭൂമിയിലെ താപനില ഇപ്രകാരമാവില്ലായിരുന്നു. മാത്രമല്ല, മനുഷ്യരുടെ പ്രവൃത്തികളുടെ ഫലമായി അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് പ്രകടമായി വര്‍ദ്ധിക്കുന്നുണ്ട്.

ഇത്രയും ഉറപ്പുള്ള കാര്യങ്ങളാണ്. ഇനി അവര്‍ കണ്ടെത്തിയ, സത്യമെന്നു തീര്‍ച്ചയുള്ള കാര്യങ്ങളുണ്ട്. അവയിങ്ങനെയാണ്: കഴിഞ്ഞകാലങ്ങളില്‍ വര്‍ദ്ധിച്ച ഹരിതഗൃഹപ്രഭാവത്തിന്റെ പകുതിയും കാര്‍ബണ്‍ ഡയോക്‌സൈഡ് മൂലമാണ്, ഭാവിയിലും അതങ്ങനെതന്നെ തുടരാനാണ് സാധ്യതയും. ദീര്‍ഘകാലം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന വാതകങ്ങളുടെ (കാര്‍ബണ്‍ ഡയോക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ്, CFCകള്‍2 തുടങ്ങിയവ) ഉല്‍സര്‍ജ്ജനം തുടരുന്നത് വരുന്ന നൂറ്റാണ്ടുകളില്‍ അവയുടെ ഉയര്‍ന്ന അളവ് നിലനിര്‍ത്താന്‍ കാരണമാകും.

ഭൗമതാപനം ഭാവിയില്‍ എങ്ങനെയാവും എന്നുള്ളത് മനുഷ്യസമൂഹം എങ്ങനെ പെരുമാറും എന്നതിനെ ആശ്രയിച്ചിരിക്കുമല്ലൊ. അതിനാല്‍ മനുഷ്യസമൂഹം എങ്ങനെ പെരുമാറാം എന്നതിനുള്ള നാലു വ്യത്യസ്ഥ സാധ്യതകള്‍ IPCC കണക്കിലെടുക്കുകയും അവയില്‍ ഓരോന്നിലും പ്രകൃതിക്ക് എന്തു സംഭവിക്കാം എന്നു കണക്കുകൂട്ടുകയും ചെയ്തു. അപ്പോള്‍ കണ്ടത് ഇങ്ങനെയാണ്: അവയില്‍ മൂന്നു സാധ്യതകളില്‍ യഥാക്രമം 2025, 2040, 2050 എന്നീ വര്‍ഷങ്ങളാകുമ്പോഴേക്ക് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ3 അളവ് ഇരട്ടിയാകും.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഓരോ ദശാബ്ദത്തിലും ഭൂമിയുടെ ശരാശരി താപനിലയില്‍ 0.2-0.5 ഡിഗ്രി വര്‍ദ്ധനയുണ്ടാവാം. ഇത് വളരെ ചെറുതായി തോന്നാമെങ്കിലും ഇത് ശരാശരി ആണെന്നോര്‍ക്കുക. ചിലയിടങ്ങളില്‍ അത് കൂടുതലും മറ്റുചിലയിടങ്ങളില്‍ കുറവുമായിരിക്കും. എന്നുതന്നെയല്ല, ഇങ്ങനെ തുടര്‍ച്ചയായി സംഭവിക്കുകയാണെന്നും ഓര്‍ക്കണം. നമുക്കു പലപ്പോഴും ചൂട് അസഹ്യമായി തോന്നുമ്പോള്‍ സാധാരണയില്‍നിന്ന് ഒന്നോ രണ്ടോ ഡിഗ്രി മാത്രമായിരിക്കും വായുവിന്റെ ചൂടു കൂടുതലെന്നും ഓര്‍ക്കുക.  മാത്രമല്ല, കഴിഞ്ഞ പതിനായിരം വര്‍ഷങ്ങളിലുണ്ടാകാത്തത്ര വലുതാണ് ഈ മാറ്റം എന്നാണ് IPCC പറയുന്നത്.

ഇനി ഈ മാറ്റങ്ങളുടെ പ്രത്യാഘാതങ്ങളെന്തെല്ലാമാവാമെന്നു പരിശോധിക്കാം. താപനില വര്‍ദ്ധിക്കുന്നതാണല്ലോ ആദ്യമായുണ്ടാകുന്നത്. അതുതന്നെ എല്ലാ ജീവജാലങ്ങള്‍ക്കും പ്രശ്‌നമാണ്.  ഈ നൂറ്റാണ്ടിന്റെ അവസാനത്തെ ദശാബ്ദമാകുമ്പോഴേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ താപനില എങ്ങിനെ മാറാമെന്ന് IPCC കണക്കാക്കിയത് ചിത്രം 2ല്‍ കാണിച്ചിരിക്കുന്നു. ഈ ചെറിയ ചിത്രത്തില്‍നിന്നു തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെങ്കിലും, ഇന്ത്യയിലെ താപനില 2-3 ഡിഗ്രി ഉയരും എന്നു മനസ്സിലാക്കാം.

map
ചിത്രം 2: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും അവസാന ദശകങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ താപനില എത്രകണ്ട് വ്യത്യസ്തമാകാം എന്ന് IPCC നടത്തിയ പ്രവചനം. A2, A1B, B1 തുടങ്ങിയവ സൂചിപ്പിക്കുന്നത് വിവിധ തിരക്കഥകളാണ്. (കടപ്പാട്: IPCCയുടെ നാലാമത്തെ റിപ്പോര്‍ട്ട്)

 

 

ഇനി അറിയാനുള്ളത് ചൂട് ഇത്രയും കൂടിയാല്‍ മറ്റെന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാകാം എന്നതാണ്. അതിനും IPCC ചില ഉത്തരങ്ങള്‍ തരുന്നുണ്ട്, എല്ലാം എല്ലായിടത്തും ഒരുപോലെ സംഭവിക്കണമെന്നില്ല. ഇതൊരു പൊതു സൂചനയായേ കണക്കാക്കാനാവൂ. മാത്രമല്ല, ഭാവിയില്‍ എന്തു സംഭവിക്കും എന്നത് ഭാവിയില്‍ മനുഷ്യസമൂഹം എങ്ങനെ പെരുമാറും എന്നതിനെ ആശ്രയിച്ചിരിക്കുമല്ലോ. അതുകൊണ്ട് അവരുടെ പ്രവചനത്തെ ഒരു വഴികാട്ടിയായി മാത്രം എടുത്താല്‍ മതി. അതിനെ ഏറ്റവും കുറഞ്ഞ പ്രത്യാഘാതമായി കാണുന്നതാവും നമുക്കു നല്ലത്. അത്രയുമെങ്കിലും ഉണ്ടാവും എന്നു പ്രതീക്ഷിക്കുകയും അതിനു തയാറാവുകയും ചെയ്താല്‍ അത്രയും ഉണ്ടായില്ലെങ്കിലും നമുക്കു നേരിടാമല്ലോ.

ആവാസവ്യവസ്ഥ, ഭക്ഷണം, കടല്‍ത്തീരങ്ങള്‍, വ്യവസായം, സമൂഹം, ആരോഗ്യം, ജലം എന്നീ മേഘലകളിലാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായി ഉണ്ടാകാന്‍പോകുന്നത് എന്നാണ് അവരുടെ കണ്ടെത്തല്‍. നമുക്ക് ഇവ ഓരോന്നായി പരിശോധിക്കാം.

1) ആവാസവ്യവസ്ഥ: 

പല ആവാസവ്യവസ്ഥകള്‍ക്കും പിടിച്ചു നില്ക്കാനാവാതെ വരാന്‍ സാധ്യതയുണ്ട്. 20 മുതല്‍ 30% വരെ ചെടികളും മൃഗങ്ങളും വംശനാശം നേരിടാനുള്ള സാധ്യത കൂടുന്നു. ആവാസവ്യവസ്ഥകളില്‍ നിന്നു ലഭിക്കുന്ന വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും (ഉദാ: ഭക്ഷണം, ജലം) പൊതുവെ ദോഷകരമായ പ്രത്യാഘാതങ്ങളുണ്ടാകും. ഇതു കേരളത്തില്‍ എങ്ങനെ പ്രതിഫലിക്കാം?

നമ്മുടെ പരിസ്ഥിതി ഇപ്പോഴേ ദുര്‍ബലാവസ്ഥയിലാണ്. വളരെ ലോലമായ നമ്മുടെ നാടിനോട് നാം പറ്റാവുന്ന ദ്രോഹമെല്ലാം പണ്ടേ ചെയ്തുകഴിഞ്ഞു. കാടുകളെപ്പോലും വെറുതേവിട്ടില്ല. കാടുകള്‍ക്കു സമീപമുള്ള ഗ്രാമങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം നിരന്തരം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം അവയുടെ ആവാസവ്യവസ്ഥയില്‍ നാം കടന്നുകയറി നടത്തിയ ദ്രോഹങ്ങളാണ്. കുളങ്ങളും വയലുകളും മറ്റും എന്നേ നികത്തി, കാടുകള്‍ ഒരുപാടു വെട്ടിത്തെളിച്ചു. മലകളിടിച്ചുനിരത്തി, പാറക്കെട്ടുകള്‍ പൊളിച്ചു, പരിസരങ്ങള്‍ വൃത്തിഹീനമാക്കി, ജലമൊഴുകിപ്പോകാനൊ ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങാനോ ഉള്ള സൌകര്യം പോലും നാമില്ലാതാക്കി.  മഴപെയ്താല്‍ പ്രളയവും പെയ്തില്ലെങ്കില്‍ വരള്‍ച്ചയുമെന്ന അവസ്ഥയല്ലേ ഇപ്പോഴേ? ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മൂത്തുവരുമ്പോള്‍ നാമിന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പതിന്മടങ്ങാകും എന്നതിനു സംശയമില്ല.

2) ഭക്ഷണം:

1ഓ 2ഓ ഡിഗ്രി ഊഷ്മാവു കൂടിയാലും പ്രാദേശികമായി കൃഷിയുടെ ഉല്‍പ്പാദനക്ഷമത കുറയാന്‍ സാധ്യത വിശേഷിച്ച് ഉഷ്ണമേഘലയില്‍. ആഗോളതലത്തില്‍, 1 മുതല്‍ 3 ഡിഗ്രി വരെ ഊഷ്മാവ് വര്‍ധിച്ചാല്‍ ഭക്ഷ്യോല്‍പ്പാദനത്തിനുള്ള സാധ്യത വര്‍ധിക്കും, വിശേഷിച്ച് മിതശീതോഷ്ണമേഘലയില്‍. പക്ഷെ ഊഷ്മാവ് പിന്നെയും ഉയര്‍ന്നാല്‍ ഉല്‍പ്പാദനക്ഷമത കുറയും. കേരളത്തിലെ കാര്യമോ?

graph
ചിത്രം 3: 1870നും 2000നും ഇടയ്ക്ക് കടല്‍നിരപ്പിലുണ്ടായ മാറ്റം കാണിക്കുന്ന ഗ്രാഫ്. (കടപ്പാട്: http://climate.nasa.gov/vital-signs/sea-level/)

 

 

നമ്മുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും ഇന്നുതന്നെ അന്യസംസ്ഥാനങ്ങളില്‍നിന്നാണ് ലഭിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി കൃഷിയുടെ ഉല്‍പാദനക്ഷമത കുറഞ്ഞാല്‍ രണ്ടുതരം പ്രശ്‌നങ്ങളാണ് നാം നേരിടേണ്ടിവരിക. ഒന്നാമതായി, നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ അളവു കുറയുക മാത്രമല്ല, നമുക്കിന്നു ഭക്ഷണം തരുന്ന തമിഴ് നാട്ടിലെയും ആന്ധ്രയിലെയും ഉല്‍പ്പാദനക്ഷമത കുറയും.

കൂടുതല്‍ വടക്കുള്ള പ്രദേശങ്ങളിലെ ഉല്‍പ്പാദനക്ഷമത കൂടും എന്നതിനാല്‍ ദൂരെനിന്നും ഭക്ഷണപദാര്‍ത്ഥങ്ങളെല്ലാം കൊണ്ടുവരേണ്ടി വരും. അതിന്റേതായ പ്രശ്‌നങ്ങളെല്ലാമുണ്ടാകും. രണ്ടാമതായി, നമ്മുടെ പ്രധാനപ്പെട്ട നാണ്യവിളകളായ തേയില, റബ്ബര്‍, കുരുമുളക് തുടങ്ങിയവയുടെ ഉല്‍പ്പാദനക്ഷമത കുറയുന്നതിലൂടെ നമ്മുടെ വരുമാനവും കുറയും. കൃമികീടങ്ങളുടെ വിതരണത്തില്‍ വരുന്ന വ്യത്യാസവും ഈ കൃഷിയിടങ്ങളെ ബാധിക്കും.

3) തീരങ്ങള്‍:

തീരശോഷണമുള്‍പ്പെടെ വര്‍ധിച്ചുവരുന്ന പല അപകടസാധ്യതകള്‍. 2080 ഓടുകൂടി ലക്ഷക്കണക്കിനു കൂടുതല്‍ മനുഷ്യര്‍ ഓരോ വര്‍ഷവും വെള്ളപ്പൊക്കം നേരിടേണ്ടി വരാം. അവര്‍ക്ക് ആശ്വാസമേകുക എന്നതുതന്നെ ലോകം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നായിത്തീരാം. ഇത് കേരളംപോലെ തീരത്തോടു ചേര്‍ന്നുകിടക്കുന്ന വീതികുറഞ്ഞ പ്രദേശത്തിന് വളരെ പ്രധാനപ്പെട്ടതാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ. മാത്രമല്ല, തീരപ്രദേശത്താണ് ഏറ്റവുംകൂടുതല്‍ ജനസാന്ദ്രത എന്നതിനാല്‍ അവിടെ വല്ലതും സംഭവിച്ചാല്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ വളരെയധികമായിരിക്കും.

കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളം കാലത്ത് സമുദ്രനിരപ്പില്‍ ഉണ്ടായ മാറ്റമാണ് ചിത്രം 3ല്‍ കാണിച്ചിരിക്കുന്നത്. ഇത്രയും വര്‍ഷംകൊണ്ട് ഏതാനും സെന്റിമീറ്ററേ ഉയര്‍ന്നുള്ളൂ എന്ന് ആശ്വസിക്കാനാവില്ല. കാരണം ആഗോളതാപനത്തിന്റെ വേഗ കൂടിക്കൊണ്ടിരിക്കയാണെന്നാണ് സൂചനകളെല്ലാം. ഓരോ വര്‍ഷവും താപനിലയില്‍ പുതിയ റെക്കോഡുണ്ടാവുകയാണ്. ഗ്രാഫിന്റെ ഗതി മുകളിലേക്കുതന്നെയാണ് എന്നതിനു സംശയമില്ല.  താപനില വ്യാവസായികവിപ്ലവത്തിനു മുന്‍പുള്ള കാലത്തെക്കാള്‍ രണ്ടു ഡിഗ്രി കൂടിയാല്‍ ലോകത്തിലെ പല ദ്വീപുകളും സമുദ്രത്തിനടിയിലാകും എന്നു ഭയക്കുന്നു. സമുദ്രനിരപ്പുയരുന്നതുമൂലം പ്രശ്‌നങ്ങളുണ്ടാകുകയൊ കാര്യമായ അപകടത്തില്‍ പെടുകയൊ ചെയ്യുന്ന നഗരങ്ങളുടെ കൂട്ടത്തില്‍ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ് മുതല്‍ മയാമി വരെയും ഏഷ്യയില്‍ ഹോചിമിന്‍ സിറ്റി, കൊല്‍ക്കത്ത, മുമ്പൈ, തുടങ്ങിയവയും ഉള്‍പ്പെടുന്നു (ചിത്രം 3 നോക്കൂ).  

graph
ചിത്രം 3: കാലാവസ്ഥാവ്യതിയാനം അപകടപ്പെടുത്താന്‍ ഏറ്റവുമധികം സാധ്യതയുള്ള 20 നഗരങ്ങള്‍. (കടപ്പാട്: https://www.theguardian.com/cities/2016/oct/14/global-sea-levels-rising-fastcities-most-at-risk-flooding-un-habitat#img-2)

 

താഴന്ന പ്രദേശങ്ങളില്‍ സമുദ്രം കടന്നുകയറുമ്പോഴുണ്ടാകാവുന്ന മാനുഷികപ്രശ്‌നങ്ങളെപ്പറ്റി ചര്‍ച്ചചെയ്യാന്‍പോലും പ്രധാനരാഷ്ട്രങ്ങളൊന്നും തയാറാകുന്നില്ല എന്നാണ് ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. അപകടപ്പെടാന്‍പോകുന്ന ദ്വീപുകളിലെ ജനങ്ങളൊഴികെ മറ്റെല്ലാവരും അടുത്തുവരുന്ന ഈ മാനുഷികപ്രതിസന്ധിയെ ആകെ അവഗണിക്കുകയാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.4 UNFCCC സമ്മേളനങ്ങള്‍ നടന്ന പല വേദികളിലും അത്തരം ദേശങ്ങളില്‍നിന്നുള്ള ജനങ്ങള്‍ എത്തുകയും പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ഇതൊന്നും നാമറിഞ്ഞതുമില്ല നമ്മുടെ ചര്‍ച്ചാവിഷയമായതുമില്ല. ഇത്രവളരെ സ്ഥലങ്ങളില്‍ കടല്‍ കടന്നുകയറു