ഴിഞ്ഞവര്‍ഷം പ്രണയദിനത്തില്‍ ബൊളീവിയയിലെ പരിസ്ഥിതിപ്രവര്‍ത്തകര്‍ ഒരു അഭ്യര്‍ഥന നടത്തി; ബോളീവിയന്‍ തവളയായ റോമിയോയ്ക്ക് (സെഹുന്‍കാസ് ഇനത്തില്‍പ്പെട്ട) ഒരു ഇണയെ കണ്ടെത്തണമെന്ന്. കടുത്ത വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തില്‍ അവശേഷിക്കുന്ന അവസാന തരിയായിരുന്നു റോമിയോ എന്നവര്‍ കരുതി. പ്രകൃതിസ്‌നേഹികളുടെ അന്വേഷണം വെറുതെയായില്ല; ഒരു ഉഷ്ണമേഖലാ മഴക്കാടില്‍നിന്ന് റോമിയോയ്ക്ക് ഒരു ജൂലിയറ്റിനെ അവര്‍ കണ്ടെത്തി.

'പെണ്ണന്വേഷണ'ത്തിനിറങ്ങിയ പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് അവളെ മാത്രമല്ല അതേ ഇനത്തില്‍പ്പെട്ട നാലു തവളകളെക്കൂടി കണ്ടെത്താന്‍ കഴിഞ്ഞു. അതില്‍ 'ചെക്കന്മാ'രുമുണ്ട്. അതിനാല്‍ ഈ വംശം അത്രപെട്ടെന്ന് നാമാവശേഷമാകില്ലെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഒരുകാലത്ത് ബൊളീവിയയില്‍ വ്യാപകമായിരുന്ന ഇനമായിരുന്നു ഇവ.

ഈയിനത്തില്‍പ്പെട്ട തവളയ്ക്കായി മുമ്പ് ഏറെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഗ്ലോബല്‍ വൈല്‍ഡ്ലൈഫ് കണ്‍സര്‍വേഷനും(ജി.ഡബ്ല്യു.സി.) അല്‍സിഡെ ഡെ ഒര്‍ബിഗ്നി നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയവുമാണ് ഇപ്പോള്‍ തിരച്ചിലില്‍ ഏര്‍പ്പെട്ടത്. 

പത്തുവര്‍ഷം മുമ്പ് ബൊളീവിയയിലെ ഒരു ഉള്‍ക്കാട്ടില്‍ നിന്നാണ് റോമിയോയെ കിട്ടിയത്. അവനാണ് ഈ വംശത്തിലെ അവസാന അംഗമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെട്ടിരുന്നു. ഏകദേശം 15 വര്‍ഷമാണ് ഈ വംശത്തിന്റെ ആയുര്‍ദൈര്‍ഘ്യം.

ഇവയുടെ പ്രത്യുത്പാദനരീതിയെക്കുറിച്ചു പഠിക്കുകയാണിപ്പോള്‍. ഇനിയും കൂടുതല്‍ തവളകളുണ്ടോയെന്ന് അന്വേഷണവും തുടരുന്നു. ഉണ്ടെങ്കില്‍ അവയെത്രയെന്നും എവിടെയെന്നും അവ നേരിടുന്ന ഭീഷണിയെന്തെന്നുമൊക്കെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്-അന്വേഷണത്തിന് നേതൃത്വം നല്‍കിയ മ്യൂസിയത്തിന്റെ മേധാവി തെരേസ കമാച്ചോ പറഞ്ഞു.

Content Highlights:Romeo, the world's loneliest frog, finally gets a soulmate