കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹമായ കെയ്‌റന്റെ വ്യക്തമായ ദൃശ്യം ആദ്യമായി നാസ പുറത്തുവിട്ടു. കെയ്‌റന്റെ ഉപരിതലത്തില്‍ മലകളും ഗര്‍ത്തങ്ങളും മണ്ണിടിച്ചിലിന്റെ പാടുകളും എല്ലാമുണ്ടെന്ന്, നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകം പകര്‍ത്തിയ ദൃശ്യം വ്യക്തമാക്കുന്നു.

പ്ലൂട്ടോയുടെ ഏതാണ്ട് പകുതി വലിപ്പമുള്ള ആകാശഗോളമാണ് കെയ്‌റണ്‍ ( Charon ). ആ ചെറുഗോളത്തിന് പ്രക്ഷുബ്ധമായ ഒരു ജിയോളജിക്കല്‍ ചരിത്രമാണുള്ളതായി പുതിയ ചിത്രം വ്യക്തമാക്കുന്നു.
സൗരയൂഥത്തിന്റെ ബാഹ്യമേഖലയില്‍ കിയ്പ്പര്‍ ബെല്‍റ്റെന്ന് അറിയപ്പെടുന്ന ഇരുണ്ടലോകത്താണ് പ്ലൂട്ടോയുടെയും ഉപഗ്രഹങ്ങളുടെയും സ്ഥാനം. അതിനാല്‍, കെയ്‌റന്റെ പ്രതലത്തില്‍ എന്തെങ്കിലും താത്പര്യജനകമായ സംഗതി കണ്ടെത്താമെന്ന് പ്രതീക്ഷിച്ചില്ല, സേഥി ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകന്‍ റോസ് ബിയര്‍ പറയുന്നു. 'എന്നാല്‍, ആവേശജനകമായ കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്' - നാസയുടെ വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
കെയ്‌റണ്‍ പ്ലൂട്ടോയെ ഒരുതവണ പരിക്രമണം ചെയ്യാനെടുക്കുന്ന സമയവും, കെയ്‌റന് സ്വന്തം അച്ചുതണ്ടില്‍ ഒരു തവണ ചുറ്റാന്‍ വേണ്ട സമയവും തുല്യമാണ് (ഇരുഗോളങ്ങളും 'ടൈഡല്‍ ലോക്കി'ല്‍ ( tidel lock ) ആണ്; ഭൂമിയും ചന്ദ്രനും പോലെ). അതിനാല്‍, പ്ലൂട്ടോയില്‍ നിന്നാല്‍ കെയ്‌റന്റെ ഒരു മുഖം മാത്രമേ കാണാനാകൂ.
കഴിഞ്ഞ ജൂലായ് 14 നാണ് ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയ്ക്ക് സമീപത്തുകൂടി പറന്ന് നിരീക്ഷണം നടത്തിയത്. പേടകത്തിലെ 'ലോങ് റേഞ്ച് റിക്കണൈസന്‍സ് ഇമേജര്‍' ( LORRI ) ആണ് കെയ്‌റന്റെ വ്യക്തമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആ ഉന്നത റിസല്യൂഷന്‍ ചിത്രം സപ്തംബര്‍ 21 ന് പേടകം ഭൂമിയിലേക്ക് അയച്ചു.
കെയ്‌റണ്‍ ദൃശ്യങ്ങളില്‍ ഏറ്റവും ശ്രദ്ധേയം, ഏതാണ്ട് 1600 കിലോമീറ്റര്‍ നീളത്തില്‍ കെയ്‌റണ്‍ ഗോളത്തെ മുഴുവന്‍ ചുറ്റുന്ന മലയിടുക്കാണ്. അമേരിക്കയിലെ പ്രസിദ്ധമായ ഗ്രാന്‍ഡ് കാനിയോണിനെ അപേക്ഷിച്ച് നാലു മടങ്ങ് ദൈര്‍ഘ്യമുണ്ട്, കെയ്‌റണിലുള്ള മലയിടുക്കിന്.

പ്ലൂട്ടോയെയും ഉപഗ്രഹങ്ങളെയും പിന്നിട്ട് ന്യൂ ഹൊറൈസണ്‍സ് പേടകം കിയ്പ്പര്‍ ബല്‍റ്റിലെ ഇരുണ്ടലോകത്തുകൂടി സഞ്ചാരം തുടരുകയാണ്. നിലവില്‍ ഭൂമിയില്‍നിന്ന് 500 കോടി കിലോമീറ്റര്‍ അകലെയാണ് പേടകം.
പ്ലൂട്ടോയെയും ഉപഗ്രഹങ്ങളെയും കുറിച്ച് ന്യൂ ഹൊറൈസണ്‍സ് പേടകം ശേഖരിച്ച ഡേറ്റയില്‍ ഏതാണ്ട് 90 ശതമാനം ഇനിയും ഭൂമിയിലേക്ക് അയച്ചിട്ടില്ല. വരും മാസങ്ങളില്‍ ഘട്ടംഘട്ടമായാണ് ആ ഡേറ്റ ഭൂമിയിലെത്തുക.
