planets

കാളികാവ് (മലപ്പുറം): ആകാശത്ത് വീണ്ടും ഒരു ദൃശ്യവിസ്മയം. ചൊവ്വാഴ്ച സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാല്‍ പടിഞ്ഞാറന്‍, കിഴക്കന്‍ ചക്രവാളങ്ങളില്‍ ഗ്രഹങ്ങളുടെ പരേഡ് കാണാം. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ബുധന്‍, ശുക്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളെ ഒരു വരിയായി കാണാന്‍ കഴിയും. ബുധനും ശുക്രനും ഇടയിലായി ചിത്തിര (spica) എന്ന സാമാന്യം തിളക്കമുള്ള ഒരു നക്ഷത്രവും ഉണ്ടാകും. ഇവയെല്ലാം നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാം.

വാനനിരീക്ഷകര്‍ക്കുപോലും വളരെ അപൂര്‍വമായി മാത്രം കാണാനാകുന്ന ഗ്രഹമാണ് ബുധന്‍. ബുധന്റെ സ്ഥാനം സൂര്യനും ഭൂമിക്കും ഇടയിലായതിനാല്‍ മിക്കപ്പോഴും സൂര്യന്റെ അതേസമയത്ത് വരികയും പോവുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ അപൂര്‍വമായി ബുധന്റെ സ്ഥാനം സൂര്യനില്‍നിന്ന് 22 ഡിഗ്രിവരെ മാറിവരാറുണ്ട്. (Greatest elongation). ചൊവ്വാഴ്ച ഇത്തരം ദിവസമാണ്. സൂക്ഷ്മ നിരീക്ഷണത്തിലൂടെ ബുധനെ കണ്ടെത്താനാകുമെന്ന് വാനനിരീക്ഷകനായ ഇല്യാസ് പെരിമ്പലം പറഞ്ഞു.

പടിഞ്ഞാറന്‍ ആകാശത്തുള്ളതുപോലെ കിഴക്കന്‍ ആകാശത്തും ഗ്രഹ പരേഡ് സംഭവിക്കുന്നുണ്ട്. ഇരുട്ടിയ ശേഷം കിഴക്കുഭാഗത്ത് നോക്കിയാല്‍ ശനി, വ്യാഴം എന്നീ ഗ്രഹങ്ങള്‍ക്കൊപ്പം ചന്ദ്രനേയും നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഒരു വരിയില്‍ കാണാന്‍ കഴിയും. ചന്ദ്രനും ശനിക്കുമിടയില്‍ പ്ലൂട്ടോയുമുണ്ടെങ്കിലും ശക്തമായ ദൂരദര്‍ശിനിയിലൂടെ മാത്രമേ കാണാനാകൂ.