വാഷിങ്ടണ്‍: സൂര്യനെയല്ലാതെ മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന 5000-ത്തോളം ഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം സ്ഥിതി ചെയ്യുന്നത് നമ്മുടെ ആകാശഗംഗയായ ക്ഷീരപഥത്തിലാണ്. എന്നാല്‍ ക്ഷീരപഥത്തിനു പുറത്തുള്ള ആദ്യ ഗ്രഹത്തെ സ്ഥിരീകരിക്കുന്നതിനുള്ള സൂചനകള്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചന്ദ്ര എക്‌സ്‌റേ ദൂരദര്‍ശിനിയിലൂടെയാണിത്. ലഭിച്ച വിവരങ്ങള്‍ കൂടുതല്‍ വിശകലനം ചെയ്താലേ ഗ്രഹമാണെന്ന് അന്തിമമായി ഉറപ്പിക്കാനാവൂ.

യു.എസിലെ ഹാര്‍വാഡ്-സ്മിത്ത്‌സോണിയന്‍ സെന്റര്‍ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ജ്യോതിശാസ്ത്രജ്ഞ റോസന്നെ ഡി സ്റ്റെഫാനോയുടെ നേതൃത്വത്തിലുള്ള സംഘം വേള്‍പൂള്‍ ക്ഷീരപഥത്തില്‍നിന്നുള്ള എക്‌സ്‌റേ തരംഗദൈര്‍ഘ്യങ്ങളിലെ വ്യത്യാസങ്ങളെ നിരീക്ഷിച്ചതിന്റെ ഭാഗമായാണ് ഗ്രഹത്തിന്റെ സാന്നിധ്യം കരുതുന്നത്.

  • ക്ഷീരപഥത്തില്‍നിന്ന് 2.8 കോടി പ്രകാശവര്‍ഷം ദൂരെ
  • ശനിയുടെ വലുപ്പം മതിക്കുന്ന ഗ്രഹം വേള്‍പൂള്‍ ആകാശഗംഗയില്‍
  • കണ്ടെത്തിയത് നാസയുടെ ചന്ദ്ര എക്‌സ്‌റേ ദൂരദര്‍ശിനിയിലൂടെ

Milky wayശനിക്ക് സൂര്യനുമായുള്ള അകലത്തെക്കാള്‍ രണ്ടിരട്ടി ദൂരത്തില്‍ ഒരു തമോഗര്‍ത്തത്തെയോ വന്‍ നക്ഷത്രം ക്ഷയിച്ചുണ്ടായ ന്യൂട്രോണ്‍ നക്ഷത്രത്തെയോ ഗ്രഹം ഭ്രമണം ചെയ്യുന്നതായും ഗവേഷകര്‍ കണക്കുകൂട്ടുന്നു.

മൈക്രോലെന്‍സിങ് എന്നുപേരു നല്‍കിയിരിക്കുന്ന പുത്തന്‍ സാങ്കേതികവിദ്യ ആകാശഗംഗയ്ക്കു പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്താന്‍ സഹായകമാണെന്ന് റോസന്നെ ഡി സ്റ്റെഫാനോ പറഞ്ഞു. ഭ്രണണപഥം കണക്കാക്കി ഇപ്പോള്‍ ലഭിച്ച 'ഗ്രഹത്തില്‍' നിന്ന് സമാനമായ സൂചനകള്‍ ഇനി ലഭിക്കാന്‍ 70 വര്‍ഷം വരെ കാത്തിരിക്കണം എന്നത് ഗവേഷണത്തിലെ ഒരു വെല്ലുവിളിയാണ്.

എന്തെങ്കിലും തരത്തിലുള്ള വാതക പടലത്തില്‍പ്പെട്ടാലും എക്‌സ് റേ തരംഗങ്ങള്‍ ലഭിക്കുന്നതില്‍ വ്യത്യാസമുണ്ടാവും. എന്നാല്‍ ഇപ്പോഴത്തെ സൂചനയില്‍ അതിന് സാധ്യത കുറവാണ്.