സൗരയൂഥത്തിലൂടെ കടന്നുപോകുന്നതായി നിരീക്ഷിച്ച ആദ്യ നക്ഷത്രാന്തര വസ്തുവാണ് ഔമുവാമുവ. ചുരുട്ടിന്റെ ആകൃതിയുള്ള അതിനെ 2017-ലാണ് അതിനെ കണ്ടെത്തിയത് 

രിക്കലെങ്കിലും അന്യഗ്രഹജീവികള്‍ തടവിലാക്കുക! തങ്ങള്‍ക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന 37 ലക്ഷം അമേരിക്കക്കാരുണ്ടെന്ന് വായിച്ചപ്പോഴാണ്, തന്റെ സാന്നിധ്യം തന്റെ ജനതയ്ക്ക് എത്ര ആവശ്യമാണെന്ന് ബോധ്യപ്പെട്ടതെന്ന്, പ്രശസ്ത ഗ്രന്ഥകാരന്‍ ബില്‍ ബ്രൈസന്‍ ഒരിക്കല്‍ എഴുതി. അമേരിക്കയിലെ ആയൊവയില്‍ നിന്നെത്തി ഇംഗ്ലണ്ടില്‍ താമസമുറപ്പിച്ചയാളാണ് ബ്രൈസന്‍. ഇടയ്ക്ക് താന്‍ അമേരിക്കയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങളിലൊന്നായി, 'നോട്ട്‌സ് ഫ്രെം എ സ്മാള്‍ ഐലന്‍ഡ്' (Notes from a Small Island-1993) എന്ന യാത്രാവിവരണത്തില്‍ ഇക്കാര്യം അദ്ദേഹം സരസമായി വിവരിച്ചിട്ടുണ്ട്. 

സാധാരണഗതിയില്‍ നമ്മള്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറത്താണ് അന്യഗ്രഹജീവികള കുറിച്ചുള്ള ആളുകളുടെ ചിന്തകളും ഫാന്റസികളുമെന്ന് വ്യക്തമാക്കുന്നതാണ് മേല്‍ സൂചിപ്പിച്ച സംഗതി. ഇത് അമേരിക്കയിലെ മാത്രം സ്ഥിതിയല്ല. പറക്കും തളികകളും, അതിലെത്തുന്ന അജ്ഞാതജീവികളും ലോകമെങ്ങും മനുഷ്യന്റെ ചിന്തകളെ ഉത്ക്കണ്ഠപ്പെടുത്തുകയും ഭാവനകള്‍ക്ക് നിറം പകരുകയും ചെയ്യുന്നു.

പ്രപഞ്ചത്തില്‍ ജീവന്‍ നിലനില്‍ക്കുന്നത് ഭൂമിയില്‍ മാത്രമാണെന്ന്, ഇന്ന് അധികമാരും വിശ്വസിക്കുന്നില്ല. 1992-ലാണ് സൗരയൂഥത്തിന് പുറത്തൊരു അന്യഗ്രഹത്തെ (exoplanet) കണ്ടെത്തിയ കാര്യം ശാസ്ത്രലോകം ആദ്യമായി സ്ഥിരീകരിച്ചത്. 2019 ജൂലായ് ഒന്നിലെ കണക്കുപ്രകാരം, ഇതുവരെ 4096 അന്യഗ്രഹങ്ങളെ തിരിച്ചറിയാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതുപോലെ, കോടിക്കണക്കിന് അന്യഗ്രഹങ്ങള്‍ പ്രപഞ്ചത്തിലുണ്ടെന്ന കാര്യവും, അതില്‍ പലതിലും ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നതും തര്‍ക്കമറ്റ സംഗതിയാണ്.

റേഡിയോ അസ്‌ട്രോണമി ഗവേഷകന്‍ ഫ്രാങ്ക് ഡ്രെയ്ക്ക് (Frank Drake) ഒരു ഇക്വേഷന് രൂപം നല്‍കുകയുണ്ടായി, 1961-ല്‍. നമ്മുടെ ഗാലക്‌സിയായ ആകാശഗംഗയില്‍, റേഡിയോ കമ്മ്യൂണിക്കേഷന്‍ ശേഷിയുള്ള എത്ര നാഗരികതകള്‍ (civilizations) നിലനില്‍ക്കുന്നുണ്ടാകാം എന്ന് കണക്കുകൂട്ടാനുള്ള ഒരു സാധ്യതാ സമവാക്യമായിരുന്നു അത്. 'ഡ്രെയ്ക്ക് സമവാക്യം' (Drake equation) എന്ന പേരില്‍ അത് പ്രശസ്തമായി. 

Frank Drake, Drake Equation
ഫ്രാങ്ക് ഡ്രെയ്ക്ക്. Pic Crdit: SETI Institute

ആ സമവാക്യം ഇതാണ്: N=(R*)(fP)(ne)(fL)(fi)(fc)(L) 

ഇതില്‍ 'N' എന്നത്, ആകാശഗംഗയില്‍ റേഡിയോ കമ്മ്യൂണിക്കേഷന്‍ വഴി നമുക്ക് ബന്ധപ്പെടാന്‍ സാധ്യതയുള്ള നാഗരികതകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. ബുദ്ധിയുള്ള ജീവരൂപങ്ങള്‍ക്ക് വികസിക്കാന്‍ അനുയോജ്യമായ നക്ഷത്രങ്ങള്‍ ഉണ്ടാകുന്നതിന്റെ നിരക്കാണ് 'R*'. അത്തരം നക്ഷത്രങ്ങളുടെ ആകെയെണ്ണത്തില്‍ സൗരയൂഥം പോലത്തെ ഗ്രഹസംവിധാനങ്ങളുള്ളവ എത്രഭാഗം എന്നതാണ് 'fP'. ഉദാഹരണത്തിന്, ജീവരൂപങ്ങള്‍ക്ക് അനുയോജ്യമായ 100 നക്ഷത്രങ്ങള്‍ രൂപപ്പെടുന്നു എന്നു കരുതുക. അതില്‍ 25 എണ്ണത്തില്‍ ഗ്രഹസംവിധാനം ഉണ്ടെന്നിരിക്കട്ടെ. എങ്കില്‍ 'fP' യുടെ മൂല്യം നാലിലൊന്ന് (1/4) ആയിരിക്കും. ഓരോ ഗ്രഹസംവിധാനത്തിലും, ജീവന്റെ നിലനില്‍പ്പിന് അനുയോജ്യമായ പരിസ്ഥിതിയുള്ള ഗ്രഹങ്ങളുടെ എണ്ണമാണ് 'ne'. ജീവനെ പിന്തുണയ്ക്കാന്‍ ശേഷിയുള്ള ഗ്രഹങ്ങളിലെല്ലാം ജീവരൂപങ്ങള്‍ ഉണ്ടായിക്കൊള്ളണം എന്നില്ല. അത്തരം ഗ്രഹങ്ങളുടെ ആകെയണ്ണത്തിന്റെ എത്രഭാഗത്ത് ജീവന്‍ പ്രത്യക്ഷപ്പെടുന്നു എന്നതാണ് 'fL'. ഇങ്ങനെ, ജീവരൂപങ്ങള്‍ നിലനില്‍ക്കുന്ന ഗ്രഹങ്ങളുടെ ആകെയെണ്ണത്തിന്റെ എത്രഭാഗത്ത് ബുദ്ധിയുള്ള ജീവികള്‍ ഉണ്ടാകാം എന്നതാണ് 'fi'. അതില്‍, സ്‌പേസില്‍ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ സിഗ്നലുകള്‍ അയയ്ക്കാന്‍ ആവശ്യമായ ടെക്‌നോളജി വികസിപ്പിച്ചവ എത്രഭാഗം എന്നതാണ് 'fc'. അവ എത്രകാലം സിഗ്നലുകള്‍ സ്‌പേസിലെക്ക് അയയ്ക്കുന്നു എന്നകാര്യം 'L' കൊണ്ടുദ്ദേശിക്കുന്നു. 

ഈ സങ്കീര്‍ണ സമവാക്യത്തിന്റെ എല്ലാ ഘടകങ്ങളും വേരിയബിള്‍സ് (variables) ആണെന്ന് മുകളിലെ വിശദീകരണത്തില്‍ നിന്ന് വ്യക്തമായല്ലോ. അവയ്ക്ക് കണ്ടെത്തുന്ന വ്യത്യസ്ത മൂല്യങ്ങള്‍ അനുസരിച്ചാകും ഗാലക്‌സിയിലെ മുന്തിയ നാഗരികതകളുടെ എണ്ണം ലഭിക്കുക!

ഫ്രാങ്ക് ഡ്രെയ്ക്ക് ഈ സമവാക്യം രൂപപ്പെടുത്തുന്നതിന് 11 വര്‍ഷംമുമ്പ്, 1950-ല്‍ അന്യഗ്രഹജീവികളുടെ പേടകങ്ങള്‍ (Unidentified flying object - UFO) കണ്ടതായുള്ള റിപ്പോര്‍ട്ടുകളെപ്പറ്റി സുഹൃത്തുക്കളുമായി അനൗപചാരിക സംഭാഷണം നടത്തുകയായിരുന്നു പ്രശസ്ത ശാസ്ത്രജ്ഞന്‍ എന്‍ട്രികോ ഫെര്‍മി. ആ സംഭാഷണത്തിനിടെ അല്‍പ്പം നിരാശയോടെ അദ്ദേഹം ചോദിച്ചു: 'Where are they!' (എവിടെ, അവരെല്ലാം!). 

Fermi paradox,Enrico Fermi
എന്‍ട്രിക്കോ ഫെര്‍മി. Pic Credit: AP  

നമ്മുടെ ഗാലക്‌സിയില്‍ സൂര്യന് സമാനമായ കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ട്, അവയില്‍ പലതും സൗരയൂഥത്തെക്കാള്‍ ഏറെ പഴക്കമുള്ളവയാണ്. അത്തരം നക്ഷത്രങ്ങളെ ചുറ്റുന്ന ഭൂമിക്കു സമാനമായ എത്രയോ ഗ്രഹങ്ങളുണ്ടാകാം. അവയില്‍ ചിലതില്‍ ബുദ്ധിയുള്ള ജീവരൂപങ്ങള്‍ നമ്മളെപ്പോലെ ജീവിക്കുന്നുണ്ടാകാം! അത്തരം ജീവികള്‍ക്ക് നക്ഷത്രാന്തര യാത്രകള്‍ സാധ്യമാകുന്ന ടെക്‌നോളജിയും ഉണ്ടാകാം. എന്നിട്ടും, ഇതുവരെ അന്യഗ്രഹജീവികളെ നമ്മള്‍ കണ്ടിട്ടില്ല! ഫെര്‍മിയുടെ നിരാശകലര്‍ന്ന ചോദ്യം ഈ പ്രഹേളികയാണ് ഉയര്‍ത്തുന്നത്. ഇത് 'ഫെര്‍മി പാരഡോക്ട്' (Fermi paradox) എന്ന പേരില്‍ പില്‍ക്കാലത്ത് പ്രശസ്തമായി (പാരഡോക്‌സ് എന്നാല്‍ 'വിരോധാഭാസം' എന്നാണര്‍ഥം). 

ഈ പശ്ചാത്തലത്തില്‍ വേണം, സൗരയൂഥത്തിലൂടെ കടന്നുപോയ 'ഔമുവാമുവ' (Oumuamua) എന്ന വസ്തു അന്യഗ്രഹജീവികളുടെ വാഹനമായിരുന്നില്ലേ എന്ന് ചില ഗവേഷകര്‍ സംശയിച്ചതിനെ വിലയിരുത്താന്‍. സൗരയൂഥത്തിലൂടെ കടന്നുപോകുന്നതായി നിരീക്ഷിച്ച ആദ്യ നക്ഷത്രാന്തര വസ്തു (Interstellar object) ആണ് ഔമുവാമുവ. ഹൗവായിയന്‍ ഭാഷയില്‍ ഔമുവാമുവ എന്നാല്‍, 'വിദൂരതയില്‍ നിന്നെത്തിയ ആദ്യ സന്ദേശവാഹകന്‍' എന്നര്‍ഥം! 

ഹൗവായ് സര്‍വകലാശാലയിലെ കനേഡിയന്‍ ജ്യോതിശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ജെ.വെറിക് ആണ് 2017 ഒക്ടോബര്‍ 19-ന് ഔമുവാമുവയെ കണ്ടുപിടിച്ചത്. ഹൗവായിയില്‍ ഹലിയാകല ഒബ്‌സര്‍വേറ്റിയിലെ 'പാന്‍-സ്റ്റാര്‍സ് ടെലസ്‌കോപ്പ്' (Pan-STARRS telescope) ഉപയോഗിച്ച് നടത്തിയ നിരീക്ഷണം അതിന് വഴിതെളിച്ചു. കണ്ടെത്തുന്ന വേളയില്‍ അത് ഭൂമിയില്‍ നിന്ന് 3.3 കോടി കിലോമീറ്റര്‍ അകലെയായിരുന്നു. ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (IAU) അതിനിട്ട ഔദ്യോഗിക നാമം 1I/2017 U1 എന്നാണ്. ടെലസ്‌കോപ്പ് ടീമാണ് ഔമുവാമുവ എന്ന പേര് നല്‍കിയത്. വാല്‍നക്ഷത്രമാണോ എന്ന് ആദ്യം സംശയിച്ചെങ്കിലും പിന്നീട് അതൊരു ഛിന്നഗ്രഹം (Asteroid) എന്ന് നിശ്ചയിക്കപ്പെട്ടു.

Oumuamua, Interstellar Asteroid
ഔമുവാമുവയുടെ സഞ്ചാരപഥം. Pic Credit: NASA

ഏതര്‍ഥത്തിലും വിചിത്രമായ വസ്തുവാണ് ഔമുവാമുവ. എത്തിയത് സൗരയൂഥത്തിന് പുറത്തുനിന്ന്. സിഗരറ്റിന്റെയോ ചുരുട്ടിന്റെയോ ആകൃതി. ഏതാണ്ട് ആയിരം മീറ്റര്‍ നീളവും, 167 മീറ്റര്‍ വീതിയും. ഇരുണ്ട ചുമപ്പുനിറം. ലിറ (Lyra) നക്ഷത്രഗണത്തിലെ ഏറ്റവും തിളക്കമുള്ള 'വേഗ' (Vega) നക്ഷത്രത്തിനരികില്‍ നിന്നാണ് ഔമുവാമുവ എത്തിയതെന്നാണ്, അതിന്റെ സഞ്ചാരഗതി വിശകലനം ചെയ്ത് ഗവേഷകരുടെ നിഗമനം. വേഗയുടെ ചലനവേഗം അനുസരിച്ചാണെങ്കില്‍, ഔമുവാമുവ സൗരയൂഥത്തിലെത്താന്‍ ആറുലക്ഷം വര്‍ഷം നക്ഷത്രാന്തര ലോകത്തുകൂടി സഞ്ചരിച്ചിരിക്കണം!

സൂരനെ ചുറ്റി 'U' ആകൃതിയുള്ള സഞ്ചാരപഥത്തിലൂടെ മണിക്കൂറില്‍ 94,800 കിലോമീറ്റര്‍ (സെക്കന്‍ഡില്‍ 26.33 കിലോമീറ്റര്‍) വേഗത്തില്‍ സഞ്ചരിച്ച ആ ഛിന്നഗ്രഹത്തിന്റെ പാതയിലെ അപ്രതീക്ഷിത വ്യതിയാനമാണ് അതൊരു ബഹിരാകാശ പേടകമല്ലേ എന്ന സംശയമുണര്‍ത്താന്‍ കാരണം. എന്നാല്‍, ആ സംശയത്തില്‍ കഴമ്പില്ലെന്ന് ഒരു അന്താരാഷ്ട്ര ഗവേഷകസംഘം നടത്തിയ പഠനം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നു. ആ നക്ഷത്രാന്തര ഛിന്നഗ്രഹത്തിന്റെ സവിശേഷതകളും സഞ്ചാരപഥവുമെല്ലാം വിശദമായി പഠിച്ച 'ഔമുവാമുവ ഐഎസ്എസ്‌ഐ ടീം' (The Oumuamua ISSI Team) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് (Nature Astronomy, July 1, 2019).

തല്‍ക്കാലം ഔമുവാമുവയെ വിട്ടേക്കുക. അന്യഗ്രഹ ജീവികളെയും അവരുടെ വാഹനങ്ങളെയും കാണാന്‍ കൊതിക്കുന്നവര്‍ ഇനിയും കാക്കേണ്ടി വരും! 

അവലംബം -

* The natural history of 'Oumuamua'. By The 'Oumuamua ISSI Team. Nature Astronomy 3, 594-602, July 1, 2019. 
* Chasing 'Oumuamua'. NASA, June 27, 2018.
* If extraterrestrials are out there, why haven't we found them? By Seth Shostak. SETI.org, June 18, 2018.
* Drake Equation. SETI.org. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: Oumuamua, Interstellar Asteroid, Drake Equation, Fermi paradox, Astronomy, Alien ship, Astrobiology