തിശക്തമായി വീശുന്ന ചുഴലിക്കാറ്റിന്റെ അടുത്തേക്ക് പോകാന്‍ ആര്‍ക്കും സാധ്യമല്ല. കിലോമീറ്റുകള്‍ അകലത്തില്‍ നിന്നു തന്നെ വസ്തുക്കളെ തൂക്കിയെറിയാനുള്ള ശക്തി അതിനുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ചുഴലിക്കാറ്റുകളെ അടുത്തറിഞ്ഞ് പഠിക്കാന്‍ ശാസ്ത്രലോകത്തിന് സാധിച്ചിരുന്നില്ല. ഉപഗ്രഹ ചിത്രങ്ങളും മറ്റ് വ്യോമയാന മാര്‍ഗങ്ങളും ഭൂമിയില്‍ തന്നെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചും അകലെ നിന്നുള്ള പഠനങ്ങളും കാലാവസ്ഥാ പ്രവചനങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്. 

എന്നാല്‍ ചുഴലിക്കാറ്റിനെ അതിനുള്ളില്‍ നിന്ന് തന്നെ പഠിക്കാനും നിരീക്ഷിക്കാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. 

ഒരു റോബോട്ടിക് സര്‍ഫ് ബോര്‍ഡിന്റെ മാതൃകയിലുള്ള ക്യാമറ ഘടിപ്പിച്ച ഓഷ്യന്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. കാറ്റഗറി 4 ചുഴലിക്കാറ്റിനുള്ളില്‍ നിന്നാണ് ഇത് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

ഓഷ്യന്‍ ഡ്രോണ്‍ പകര്‍ത്തിയ ഹോളിവുഡ് സിനിമകളിലെല്ലാം കാണുന്നപോലെയുള്ള അതി നാടകീയമായ ദൃശ്യങ്ങളാണ് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍.ഒ.എ.എ.) പുറത്തുവിട്ടത്. സാം ചുഴലിക്കാറ്റിനുള്ളിലെ മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനും 15 മീറ്ററോളം ഉയരത്തിലുള്ള തിരമാലകള്‍ക്കും ഉള്ളില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണിത്. 

സെയ്ല്‍ ഡ്രോണ്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത് ഇത് വികസിപ്പിച്ചെടുത്ത കമ്പനിയുടെ പേരും സെയ്ല്‍ ഡ്രോണ്‍ എന്ന് തന്നെയാണ്. 

കാറ്റില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. 7 മീറ്റര്‍ നീളമുണ്ട്. പ്രത്യേകം രൂപകല്‍പന ചെയ്ത ഹരികെയ്ന്‍ വിങ് ആണിതിന്. ചുഴലിക്കാറ്റിനെ അതിജീവിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും ഇതിന് സാധിക്കും. കാറ്റിന്റെ വേഗത, ദിശ, ബാരോമെട്രിക് പ്രഷര്‍, താപനില, ലവണത്വം, ആര്‍ദ്രത അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഇതിനാവും. 

കാറ്റിന്റെ തീവ്രതയിലും ഗതിയിലുമുണ്ടാകുന്ന അപ്രതീക്ഷിതമാറ്റങ്ങളെ തിരിച്ചറിഞ്ഞ് കാലാവസ്ഥാ പ്രവചനം മെച്ചപ്പെടുത്താന്‍ ഇതുകൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് എന്‍.ഒ.എ.എ. ശാസ്ത്രജ്ഞനായ ഗ്രെഗ് ഫോള്‍ട്‌സ് പറഞ്ഞു. 

കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്ര താപനില വര്‍ധിക്കുന്നതാണ് ശക്തമായ ചുഴലിക്കാറ്റിനിടയാക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ച്ചയായുണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ കനത്ത നാശനഷ്ടമാണ് വരുത്തുന്നത്.