
'പ്രേതകണങ്ങളെ'ന്ന് വിളിപ്പേരുള്ള ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനമുണ്ടെന്ന് കണ്ടെത്തിയ രണ്ട് ഗവേഷകര്‍ 2015 ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. ജപ്പാന്‍ വംശജനായ തകാക്കി കാജിത, കനേഡിയന്‍ വംശജനായ ആര്‍തര്‍ ബി.മക്‌ഡൊണാള്‍ഡ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.
'ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനം (പിണ്ഡം) ഉണ്ടെന്ന് തെളിയിക്കാന്‍ സഹായിച്ച ന്യൂട്രിനോ ഓസിലേഷനുകള്‍ കണ്ടുപിടിച്ചതിനാണ്' ഇരുവരെയും പുരസ്‌കാരത്തിന് തിരഞ്ഞടുത്തതെന്ന്, നൊബേല്‍ കമ്മിറ്റി അറിയിപ്പില്‍ പറഞ്ഞു.
പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന വൈദ്യുതചാര്‍ജോ കാര്യമായ ദ്രവ്യമാനമോ ഇല്ലാത്ത മൗലിക കണങ്ങളാണ് ന്യൂട്രിനോകള്‍. വൈദ്യുതകാന്തിക മണ്ഡലവുമായി അവ ഇടപഴകാറില്ല. അതിനാല്‍ ന്യൂട്രിനോകളെ കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.
സൂര്യനില്‍നിന്നും ബാഹ്യപ്രപഞ്ചത്തില്‍നിന്നും ഭൂമിയില്‍ എത്തുന്നതായി സൈദ്ധാന്തികമായി പ്രവചിക്കപ്പെട്ട ന്യൂട്രിനോകളില്‍ മൂന്നില്‍രണ്ട് ഭാഗവും പരീക്ഷണങ്ങളില്‍ കണ്ടെത്താന്‍ കഴിയാതെ വന്നത്, പതിറ്റാണ്ടുകളോളം ഗവേഷകലോകത്തെ ആശയക്കുഴപ്പത്തിലാക്കി.
അതിന് പരിഹാരമുണ്ടാക്കിയത് കാജിതയും മക്‌ഡോണാള്‍ഡും നടത്തിയ കണ്ടെത്തലുകളാണ്. ന്യൂട്രിനോകളുടെ അസ്തിത്വത്തില്‍ ( identity ) മാറ്റം വരാറുണ്ടെന്നാണ് ഈ ഗവേഷകരുടെ പഠനം തെളിയിച്ചത്. മൂന്നില്‍രണ്ട് ഭാഗം ന്യൂട്രിനോകളെയും കാണാതെ വരുന്നതിന് പിന്നില്‍ ഈ രൂപമാറ്റമാണെന്ന് തെളിഞ്ഞു.

ന്യൂട്രിനോകള്‍ക്ക് ഇങ്ങനെ രൂപമാറ്റം സംഭവിക്കണമെങ്കില്‍, അവയ്ക്ക് ദ്രവ്യമാനം ഉണ്ടായിരിക്കണം. പ്രകാശകണങ്ങളായ ഫോട്ടോണുകളെപ്പോലെ ദ്രവ്യമാനമില്ലാത്ത കണങ്ങളാണ് ന്യൂട്രിനോകളെന്ന അത്രകാലവും നിലനിന്ന നിഗമനമാണ് അതോടെ തിരുത്തപ്പെട്ടത്.
മൗലികതലത്തില്‍ ദ്രവ്യം എങ്ങനെ പെരുമാറുന്നുവെന്നും, പ്രപഞ്ചത്തിന്റെ വികാസപരിണാമത്തെക്കുറിച്ചും ആഴത്തില്‍ ഉള്‍ക്കാഴ്ച ലഭിക്കാന്‍ ന്യൂട്രിനോകളുടെ രൂപമാറ്റത്തിന്റെ കണ്ടെത്തല്‍ സഹായിച്ചു.
ജപ്പാനില്‍ സൂപ്പര്‍ കാമിയോകാന്‍ഡ് ഡിറ്റെക്ടറിലേക്ക് ( Super-Kamiokande detector ) എത്തുന്ന ന്യൂട്രിനോകള്‍ അന്തരീക്ഷത്തില്‍വെച്ച് രണ്ട് വകഭേദങ്ങളായി മാറുന്നുവെന്ന് കണ്ടെത്തുകയാണ് കാജിത ചെയ്തത്.
അതേസമയം, സൂര്യനില്‍നിന്ന് ഭൂമിയിലേക്കെത്തുന്ന ന്യൂട്രിനോകള്‍ക്ക് സഞ്ചാരമധ്യേ രൂപമാറ്റം സംഭവിക്കുന്നതായും, രൂപമാറ്റം സംഭവിച്ചവയാണ് സഡ്ബറി ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിയില്‍ ( Sudbury Neutrino Observatory ) എത്തുന്നതെന്നും മക്‌ഡൊണാള്‍ഡ് കണ്ടെത്തി.

ന്യൂട്രിനോകളുടെ രൂപമാറ്റത്തെക്കുറിച്ചും, അതുവഴി ചെറിയതോതില്‍ ദ്രവ്യമാനമുള്ള കണങ്ങളാണ് ന്യൂട്രിനോകളെന്നും ശാസ്ത്രലോകം തീരുമാനത്തിലെത്തുന്നത് അങ്ങനെയാണ്.
കണികാശാസ്ത്രത്തെ സംബന്ധിച്ച ചരിത്രപ്രധാനമായ കണ്ടെത്തലാണ് കാജിതയും മക്‌ഡൊണാള്‍ഡും നടത്തിയതെന്ന്, നൊബേല്‍ കമ്മറ്റിയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു. 20 വര്‍ഷം നീണ്ട പ്രഹേളികയ്ക്കാണ് ഈ കണ്ടെത്തലോടെ പരിഹാരമായത്.
മൗലികതലത്തില്‍ പ്രപഞ്ചത്തിലെ ദ്രവ്യവും ബലങ്ങളും എങ്ങനെ പെരുമാറുന്നു എന്ന് വിവരിക്കുന്ന സൈദ്ധാന്തിക പാക്കേജായ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പൂര്‍ണമല്ലെന്ന സൂചനകൂടിയാണ്, ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനമുണ്ടെന്ന കണ്ടെത്തല്‍.
1959 ല്‍ ജപ്പാനിലെ ഹിഗാഷിമാറ്റ്‌സുയാമയില്‍ ജനിച്ച കാജിത, ടോക്യോ സര്‍വകലാശാലയില്‍നിന്ന് 1986 ലാണ് പിഎച്ച്ഡി നേടിയത്. നിലവില്‍ ടോക്യോ സര്‍വകലാശാലയിലെ പ്രൊഫസറായ അദ്ദേഹം, ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ കോസ്മിക് റിസര്‍ച്ചിന്റെ ഡയറക്ടറാണ്.
കാനഡയിലെ സിഡ്‌നിയില്‍ 1943 ല്‍ ജനിച്ച മക്‌ഡൊണാള്‍ഡ്, അമേരിക്കയില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്) യില്‍ നിന്ന് 1986 ലാണ് പിഎച്ച്ഡി നേടിയത്. കാനഡയില്‍ ക്വീന്‍സ് സര്‍വകലാശാലയിലെ എമിരേറ്റ്‌സ് പ്രൊഫസറാണ് അദ്ദേഹം.