സ്റ്റോക്‌ഹോം: 2017 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജഫ്രി ഹാള്‍, മൈക്കേല്‍ റോസ്ബാഷ്, മൈക്കേല്‍ യങ് എന്നിവര്‍ക്ക്.

ജൈവഘടികാരത്തെ (Biological clock) നിയന്ത്രിക്കുന്ന തന്‍മാത്രാതല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. 90 ലക്ഷം സ്വീഡിഷ് ക്രോണര്‍ (1100000 ഡോളര്‍) ആണ് സമ്മാനത്തുക. 

സസ്യങ്ങളും ജീവികളും അടക്കമുള്ളവയുടെ ജൈവശാസ്ത്രപരമായ താളം നിലനിര്‍ത്തുന്നത് എങ്ങനെയെന്ന് തിരിച്ചറിയുന്നതില്‍ ഈ ഗവേഷകരുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായതായി നൊബേല്‍ സമിതി വിലയിരുത്തി. ഒരുതരം പഴ ഈച്ചകളില്‍ (fruit flies) നടത്തിയ പഠനത്തില്‍ ഒരു പ്രത്യേക ജീന്‍ ആണ് അവയുടെ ദൈനംദിന പ്രവൃത്തികളെ നിയന്ത്രിക്കുന്നതെന്ന് ഈ ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയിരുന്നു

രാത്രിസമയത്തും പകല്‍ സമയത്തും ഈ ജീനിന്റെ സവിശേഷമായ ഇടപെടല്‍ ബാഹ്യമായ സവിശേഷതകള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കാന്‍ ഇവയെ പ്രാപ്തമാക്കുന്നു. നിരവധി ജീനുകളും പ്രോട്ടീനുകളും ഉള്‍പ്പെടുന്ന ജൈവ ഘടികാരം മനുഷ്യന്‍ അടക്കം എല്ലാ ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നത് സമാന രീതിയിലാണെന്നും ഇവരുടെ പഠനം തെളിയിച്ചിരുന്നു.

ബ്രാന്‍ഡിസ്, മസാച്ചുസെറ്റ്‌സ് യൂണിവേഴ്‌സികളില്‍ ഗവേഷകനായിരുന്നു ജഫ്രി ഹാള്‍. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു മൈക്കേല്‍ റോസ്ബാഷ്. ന്യൂയോര്‍ക്കിലെ റോക്ക്‌ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനാണ് മൈക്കേല്‍ യങ്.