വ്യത്യസ്ത വിവരങ്ങള്‍ കൂട്ടിയിണക്കി ഭക്ഷണം കിട്ടാന്‍ സഹായിക്കുന്ന വിധം ബുദ്ധിപൂര്‍വമായ തീരുമാനമെടുക്കാന്‍ ന്യൂസിലന്‍ഡിലെ കിയ തത്തകള്‍ക്ക് കഴിവുണ്ടെന്ന് പുതിയ പഠനം പറയുന്നു

സ്റ്റാറ്റിസ്റ്റിക്‌സ് അഥവ സ്ഥിതിവിവരശാസ്ത്രം ഒരര്‍ഥത്തില്‍ ജീവിതവിജയത്തിനുള്ള വാതായനമാണ്. നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കി, സാമൂഹികവും ഭൗതികവുമായ വിവരങ്ങള്‍ കൂട്ടിയിണക്കി, സംഭവിക്കാവുന്ന കാര്യങ്ങള്‍ പ്രവചിക്കാനും, അതുപ്രകാരം മുന്നൊരുക്കം നടത്താനും സ്ഥിതിവിവരശാസ്ത്രം അവസരമൊരുക്കുന്നു. 

ഒരു ജീവിവര്‍ഗ്ഗമെന്ന നിലയ്ക്ക് മനുഷ്യരുടെ വിജയരഹസ്യങ്ങളില്‍ ഒന്ന് ഇതാണ്, സ്റ്റാറ്റിസ്റ്റിക്‌സ് നിത്യജീവിതത്തില്‍ പ്രയോഗിക്കാനുള്ള കഴിവ്. ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ മുതല്‍ കൊറോണാവൈറസ് രോഗം (COVID-19) ബാധിക്കാനുള്ള സാധ്യത വരെ മുന്‍കൂട്ടി കണക്കാക്കാന്‍ ഇതു സഹായിക്കുന്നു. മസ്തിഷ്‌ക്കത്തിലെ ന്യൂറല്‍ ശൃംഖലകളാണ്, ഇത്തരം സങ്കീര്‍ണ്ണപ്രക്രിയകള്‍ മനുഷ്യര്‍ക്ക് സാധ്യമാക്കുന്നത്. കാക്ക, നായ തുടങ്ങി ഒട്ടേറെ സ്മാര്‍ട്ട് ജീവികള്‍ നമുക്കു ചുറ്റുമുണ്ടെങ്കിലും, സ്റ്റാറ്റിസ്റ്റിക്‌സിന്റെ ആനുകൂല്യം തേടാന്‍ ശേഷിയുള്ളത് മനുഷ്യരെ കൂടാതെ ചിമ്പാന്‍സികള്‍ക്ക് മാത്രം എന്നാണ് ഇതുവരെ കരുതിയിരുന്നത്. 

ശ്രദ്ധിക്കുക, മുകളില്‍ പറഞ്ഞത് ഇതുവരെയുള്ള അറിവാണ്. എന്നാല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ വിദ്യകളുപയോഗിച്ച് സംഭാവ്യത (probability) കണക്കാക്കുന്ന ജീവികളുടെ പട്ടികയില്‍, ഇനി മുതല്‍ മനുഷ്യരും ചിമ്പാന്‍സികളും മാത്രമല്ല, ന്യൂസിലന്‍ഡില്‍ കാണപ്പെടുന്ന 'കിയ തത്തകളും' (Kea parrots - Nestor notabilis) ഇടംപിടിക്കുമെന്ന് പുതിയൊരു പഠനം പറയുന്നു! 

ഭൂമിയില്‍ പരിണാമത്തിന്റെ ദീര്‍ഘപഥത്തില്‍ മനുഷ്യരുടെയും പക്ഷികളുടെയും പൊതുപൂര്‍വികന്‍ നിലനിന്നത് 31.2 കോടി വര്‍ഷംമുമ്പാണ്. മസ്തിഷ്‌ക്കഘടനയുടെ കാര്യത്തിലും, ഇരുവര്‍ഗ്ഗവും വളരെ വ്യത്യസ്തമാണ്. എന്നിട്ടും കിയ തത്തകള്‍ക്ക്, സാഹചര്യങ്ങളും സാധ്യതകളും വിലയിരുത്തി കാര്യങ്ങള്‍ പ്രവചിക്കാനാകുമെന്ന കണ്ടെത്തല്‍ അമ്പരപ്പിക്കുന്നതാണ്! 

Kea Parrots, probability
പരീക്ഷണത്തില്‍ വിവിധ ടെസ്റ്റുകള്‍ക്ക് ഉപയോഗിച്ച ടോക്കണുകള്‍ സുതാര്യജാറുകളില്‍. Pic Credit: Nature Communications.

ന്യൂസിലന്‍ഡില്‍ ഓക്‌ലന്‍ഡ് സര്‍വകലാശാലയിലെ അലക്‌സ് ടെയ്‌ലര്‍ (Alex Taylor), അമാലിയ ബാസ്‌റ്റൊസ് (Amalia Bastos) എന്നീ ഗവേഷകരാണ്, പരീക്ഷണങ്ങള്‍ വഴി കിയകളുടെ ബൗദ്ധികശേഷി കണ്ടെത്തിയത്. ന്യൂസിലന്‍ഡിന്റെ തെക്കന്‍ദ്വീപിലെ ക്രിസ്റ്റ്യന്‍ചര്‍ച്ചിന് സമീപമുള്ള 'വില്ലോബാങ്ക് വൈല്‍ഡ്‌ലൈഫ് റിസര്‍വ്വി'ല്‍ കൂട്ടിലടച്ച ആറ് കിയകളെ ഉപയോഗിച്ചായിരുന്നു പരീക്ഷണം. തങ്ങള്‍ക്ക് മുന്നിലുള്ള അവസരങ്ങള്‍ കണക്കുകൂട്ടി അതുപ്രകാരം പ്രവര്‍ത്തിക്കാന്‍ കിയകള്‍ക്ക് കഴിവുണ്ടെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്' ജേര്‍ണലില്‍ ഇരുവരും ചേര്‍ന്ന് പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് (Nature Communications, March 03, 2020) പറയുന്നു. 

കിയ തത്തകള്‍ക്ക് ഇപ്പോള്‍ തന്നെ 'സൂത്രശാലികളെ'ന്ന പേരുണ്ട്. കാക്കയുടെ വലുപ്പമുള്ള ഇവയ്ക്ക് കത്തിപോലെ മൂര്‍ച്ചയേരിയ വളഞ്ഞ കൊക്കാണുള്ളത്. സന്ദര്‍ശകരുടെ ബാക്ക്പാക്കുകള്‍ കത്തിവെച്ച് മുറിക്കും പോലെ കീറി ഭക്ഷണം തിരയും, കാറുകളുടെ വിന്‍ഡ്ഷീള്‍ഡ് വൈപ്പറുകള്‍ മുറിച്ചുമാറ്റും! ഇത്തരം വികൃതികളല്ലാതെ, കാര്യമായ ബൗദ്ധികശേഷി ഇവയ്ക്കുണ്ടോ എന്നറിയാനാണ് ടെയ്‌ലറും ബാസ്‌റ്റൊസും പരീക്ഷിച്ചത്. കറുപ്പും ഓറഞ്ചും നിറമുള്ള ടോക്കണുകള്‍ നിറച്ച രണ്ടു സുതാര്യജാറുകള്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. പരീക്ഷണത്തിനു മുന്നോടിയായി ഇരു ടോക്കണുകളും കിയകള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. കറുത്ത ടോക്കണ്‍ തിരഞ്ഞെടുത്താല്‍ സ്വദേറിയ ഭക്ഷണം ലഭിക്കും, ഓറഞ്ചാണെങ്കില്‍ ഒന്നും കിട്ടില്ല!  

പരീക്ഷണവേളയില്‍, ഒരാള്‍ ഇരുജാറുകളില്‍ നിന്നും ഓരോ ടോക്കണുകള്‍ വീതമെടുത്ത് കൈക്കുള്ളില്‍ ചുരുട്ടി പിടിക്കും. അതില്‍ ഏതു കൈയിലാണ് കറുത്ത ടോക്കണെന്ന് കണ്ടെത്തിയാലേ കിയകള്‍ക്ക് കാര്യമുള്ളൂ, എങ്കിലേ ഭക്ഷണം കിട്ടൂ. അതിനായി, ഇരുജാറുകളിലെയും ടോക്കണുകളുടെ അനുപാതം മനസിലാക്കി, കറുത്ത ടോക്കണ്‍ എടുക്കാന്‍ കൂടുതല്‍ സാധ്യതയുള്ള കൈ അവ തിരിച്ചറിയുന്നത് ഗവേഷകര്‍ കണ്ടു! 

ക്രമേണ പരീക്ഷണത്തിന്റെ സങ്കീര്‍ണത വര്‍ധിപ്പിച്ചു. ഇരുജാറുകളിലെയും ടോക്കന്റെ അനുപാതം വ്യത്യാസപ്പെടുത്തി, ജാറുകളില്‍ പകുതി മാത്രം നിറയും വിധം ടോക്കണുകള്‍ ക്രമീകരിച്ചു. എന്നിട്ടും, കറുത്ത ടോക്കണുകള്‍ക്ക് സാധ്യതയുള്ള കൈ തിരിച്ചറിയാന്‍ കിയകള്‍ മിടുക്കു കാട്ടിയെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. പരീക്ഷണവേളിയിലെ ഒരു ടെസ്റ്റില്‍, ജാറുകളില്‍ ഓറഞ്ച് ടോക്കണുകളാണ് കൂടുതലെങ്കിലും ഒരു റിസര്‍ച്ചര്‍ എപ്പോഴും കറുത്ത ടോക്കണ്‍ തന്നെ തിരഞ്ഞുപിടിക്കുമായിരുന്നു. ആ ടെസ്റ്റില്‍ കിയകള്‍ കൂടുതലും ആ റിസര്‍ച്ചറില്‍ നിന്നാണ് ടോക്കണുകള്‍ സ്വീകരിക്കാന്‍ ശ്രമിച്ചത്.

Kea Parrots, probability
പരീക്ഷണത്തിനിടെ കറുത്ത ടോക്കണുമായി ഒരു കിയ തത്ത. Pic Credit: Amalia Bastos/University of Auckland

കിയകളുടെ ചെറിയ ഗ്രൂപ്പിനെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. എങ്കിലും, വ്യത്യസ്ത വിവരങ്ങള്‍ കൂട്ടിയിണക്കി സംഭാവ്യത നിശ്ചയിക്കാന്‍ ഈ പക്ഷികള്‍ക്ക് കഴിയുമെന്നാണ്, പരീക്ഷണത്തില്‍ കണ്ടത്. അതുപ്രകാരം, ഭക്ഷണം കിട്ടാന്‍ സഹായിക്കുന്ന തീരുമാനമെടുക്കാന്‍ കിയകള്‍ക്ക് കഴിഞ്ഞു. മാത്രമല്ല, ശരിയായ തീരുമാനത്തിലേക്ക് എത്തുന്ന രീതി പരീക്ഷണവേളയില്‍ പഠിച്ചെടുക്കുകയല്ല അവ ചെയ്തതെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. പകരം, തുടക്കം മുതല്‍ തന്നെ കിയ തത്തകള്‍ ഈ കഴവ് പ്രകടിപ്പിച്ചു. 'ആകര്‍ഷകമായ പഠനമാണിത്'-യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് റിയോ ഗ്രാന്‍ഡ് വാലിയിലെ പക്ഷിഗവേഷകനും തത്ത വിദഗ്ധനുമായ കാള്‍ ബര്‍ഗ് (Karl Berg) പറയുന്നു. അദ്ദേഹം ഈ പഠനത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. 

നമ്മുടെ നാട്ടില്‍ തത്തകളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കാറുണ്ട്. അതുപോലെ, കൈനോട്ടക്കാര്‍ കൂട്ടിലടച്ച തത്തയെക്കൊണ്ട് കാര്‍ഡ് എടുപ്പിക്കാറുണ്ട്. അത്തരം ഏര്‍പ്പാടായിരുന്നില്ല കിയ തത്തകള്‍ പരീക്ഷണത്തില്‍ ചെയ്തത്. മനുഷ്യരെപ്പോലെ ചില ബൗദ്ധികഗുണങ്ങള്‍ അവ പ്രകടിപ്പിക്കുകയായിരുന്നു. 'ഡൊമയ്ന്‍ ജനറല്‍ ഇന്റലിജന്‍സ്' ('domain general intelligence') എന്നു വിശേഷിപ്പിക്കുന്ന സവിശേഷത മനുഷ്യര്‍ക്കുണ്ട്. വിവിധ വിവരങ്ങള്‍ സംയോജിപ്പിച്ച് തീരുമാനമെടുക്കാനുള്ള കഴിവാണിത്. ഇത് അനുസ്മരിപ്പിക്കുന്നതാണ് കിയകളുടെ പ്രവര്‍ത്തനമെന്ന് ഗവേഷകര്‍ പറയുന്നു.

കിയകള്‍ വന്യപരിസ്ഥിതിയില്‍ ഭക്ഷണം തേടുന്നതിന്റെ പ്രത്യേകത മുമ്പുതന്നെ ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. അത്, 'കണ്ണടച്ചുള്ള മാവേലേറ്' പോലെ, മാങ്ങ വീഴുന്നെങ്കില്‍ വീഴട്ടെ എന്ന ലൈനിലുള്ള പ്രവര്‍ത്തനമല്ല. ബുദ്ധിപൂര്‍വകമായ തേടലാണ്. ഭക്ഷണം ഉണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ നിശ്ചയിച്ച് അവിടം പരിശോധിച്ചു നോക്കുകയാണ് ചെയ്യുക. മണ്ണിനടിയിലെ ഭക്ഷ്യവസ്തുക്കള്‍ മൂര്‍ച്ചയുള്ള കൊക്കുകൊണ്ട് തോണ്ടിയെടുക്കും. മരങ്ങളുടെ ഇലകളുടെയും മറ്റും അവസ്ഥ നിരീക്ഷിച്ചാവണം, ഭക്ഷണം ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ അവ നിശ്ചയിക്കുക. കാര്യങ്ങള്‍ മനസിലാക്കിയുള്ള ഊഹങ്ങളാണ് കിയകള്‍ നടത്തുന്നതെന്നു പറയാം. 

അതേസമയം, എല്ലാ ഗവേഷകരും പുതിയ പഠനത്തെ പൂര്‍ണമായി അംഗീകരിക്കുന്നില്ല. ഹാര്‍വാഡ് സര്‍വകലാശാലയിലെ ആനിമല്‍ സൈക്കോളജിസ്റ്റും തത്ത വിദഗ്ധയുമായ ഐറിന്‍ പെപ്പര്‍ബര്‍ഗ് (Irene Pepperberg), ന്യൂസിലന്‍ഡ് ഗവേഷകരുടെ പഠനഫലത്തില്‍ സംശയാലുവാണ്. 'അലക്‌സ്' (Alex) എന്ന പ്രസിദ്ധ തത്തയെ 31 വര്‍ഷം പഠിച്ച ഗവേഷകയാണ് പെപ്പര്‍ബര്‍ഗ്. ഭക്ഷണം കിട്ടാനായി സ്റ്റാറ്റിസ്റ്റിക്‌സ് ഉപയോഗിച്ച് പ്രവചനം നടത്തുകയാണ് കിയകള്‍ ചെയ്തതെന്ന് തെളിയിക്കാന്‍ പഠനത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് അവരുടെ അഭിപ്രായം.

അവലംബം -

* Kea show three signatures of domain-general statistical inference. By Amalia P.M. Bastos & Alex H. Taylor. Nature Communications 11, Article number: 828 (2020). March 03, 2020.
* Polly knows probability: this parrot can predict the chances of something happening. By Ximena Nelson, Associate Professor of Animal Behaviour, University of Canterbury. The Conversation, March 4, 2020.
* New Zealand birds show humanlike ability to make predictions. By Virginia Moress. Science, March 3, 2020.
* The Warbling Kea Project.  

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: brainpower of birds, Kea Parrots, probability, New Zealand birds show humanlike ability to make predictions