ഒരു ദ്വീപ് എങ്ങനെ രൂപപ്പെടുന്നു എന്ന് പഠിക്കാന്‍ മാത്രമല്ല, ചൊവ്വാഗ്രഹത്തില്‍ ഒരു കാലത്ത് സൂക്ഷ്മരൂപത്തിലെങ്കിലും ജീവന്‍ നിലനിന്നിരിക്കാനുള്ള സാധ്യത പരിശോധിക്കാനും ടോന്‍ഗയിലെ പുതിയ ദ്വീപ് ഗവേഷകരെ സഹായിക്കുന്നു

Tongan volcanic island
പുതിയ ഹന്‍ഗ ടോന്‍ഗ ദ്വീപിന്റെ ദൃശ്യം, 2017 ജൂണില്‍. ചിത്രം കടപ്പാട്: NASA/Damien Grouille/Cecile Sabau

 

മൂന്നു വര്‍ഷം മുമ്പ് ഭൂമിയില്‍ ആ ദ്വീപ് ഇല്ലായിരുന്നു. 2014 ഡിസംബറില്‍ കടലിന്നടിയിലെ ഒരു അഗ്നിപര്‍വ്വതം ഉഗ്രശക്തിയോടെ പൊട്ടിത്തെറിച്ചു. ലാവയും നീരാവിയും ധൂളീപടലങ്ങളും പാറക്കഷണങ്ങളും കടലില്‍ നിന്ന് മുകളിലേക്കുയര്‍ന്നു. ഒരുമാസമെടുത്തു അഗ്നിപര്‍വ്വതം ശാന്തമാകാന്‍. അപ്പോഴേക്കും രണ്ടുകിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയും 120 മീറ്റര്‍ പൊക്കവുമുള്ള ഒരു ദ്വീപ് അവിടെ രൂപംകൊണ്ടിരുന്നു.

ഓസ്‌ട്രേലിയയ്ക്ക് 5200 കിലോമീറ്റര്‍ കിഴക്ക് മാറി തെക്കന്‍ ശാന്തസമുദ്രത്തില്‍ പോളിനേഷ്യന്‍ ദീപ് രാഷ്ട്രമായ ടോന്‍ഗയിലാണ് ആ ദ്വീപ് പ്രത്യക്ഷപ്പെട്ടത്. 169 ദ്വീപുകളുടെ കൂട്ടമാണ് ടോന്‍ഗ. അതില്‍ 36 എണ്ണത്തിലേ മനുഷ്യവാസമുള്ളൂ. ടോന്‍ഗ തലസ്ഥാനമായ നുക്കുഅലോഫ ( Nuku'alofa ) യ്ക്ക് 65 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറി കടലില്‍ രണ്ട് പഴയ ദ്വീപുകള്‍ക്കിടയിലാണ് പുതിയ ദ്വീപ് പ്രത്യക്ഷപ്പെട്ടത്. 500 ഏക്കര്‍ വിസ്തീര്‍ണമുള്ള ആ ദ്വീപിന്റെ അനൗദ്യോഗിക നാമം ഇതാണ്: 'ഹന്‍ഗ ടോന്‍ഗ-ഹന്‍ഗ ഹാപ്പായ്' ('Hunga Tonga-Hunga Ha'apai'). 

ലോകമെമ്പാടുമുള്ള ഭൗമശാസ്ത്രജ്ഞരുടെ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു ടോന്‍ഗയിലെ ആഴക്കടല്‍ അഗ്നിപര്‍വ്വത സ്‌ഫോടനവും, തുടര്‍ന്ന് ഹന്‍ഗ ടോന്‍ഗ ദ്വീപിന്റെ പിറവിയും. അഗ്നിപര്‍വ്വതത്തില്‍ നിന്ന് വന്‍തോതില്‍ പുകയും ചാരവും നീരാവിയുമെല്ലാം അന്തരീക്ഷത്തില്‍ ഏതാണ്ട് ഒന്‍പത് കിലോമീറ്റര്‍ വരെ ഉയര്‍ന്നു. മേഖലയിലെ വ്യോമഗതാഗതം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. 2015 ജനുവരി പകുതിയോടെ അഗ്നിപര്‍വതം ശാന്തമായി. ചൂടേറിയ സമുദ്രജലം അഗ്നിപര്‍വ്വത ധൂളിയുമായി കലര്‍ന്നുണ്ടായ കോണ്‍ക്രീറ്റ് പോലൊരു പദാര്‍ഥം ('tuff') കൊണ്ട് അപ്പോഴേക്കും ആ ദ്വീപ് അവിടെ രൂപപ്പെട്ടിരുന്നു.

Tongan volcanic island
കടലിന്നടിയിലെ അഗ്നിപര്‍വ്വതത്തിന്റെ പൊട്ടിത്തെറി. 2015 ജനുവരി 15ലെ ദൃശ്യം. ചിത്രം: AFP: New Zealand's Ministry of Foreign Affairs and Trade

 

ആഴക്കടലിലെ അഗ്നിപര്‍വ്വത സ്‌ഫോടനം വഴി കഴിഞ്ഞ 150 വര്‍ഷത്തിനിടെ രൂപപ്പെട്ട മൂന്നാമത്തെ ദ്വീപാണ് ഹന്‍ഗ ടോന്‍ഗ എന്ന് നാസ പറയുന്നു. ഭൂമിയിലെ ഏറ്റവും പുതിയ ദ്വീപ്. മാത്രമല്ല, ആധുനിക കൃത്രിമോപഗ്രഹ യുഗം പിറന്ന ശേഷം ഉണ്ടാകുന്ന ആദ്യ ദ്വീപും ഹന്‍ഗ ടോന്‍ഗയാണ്. 

ഏതാനും മാസങ്ങളേ അതിന് ആയുസുള്ളൂ എന്ന് ഭൗമശാസ്ത്രജ്ഞര്‍ വിധിയെഴുതി. എങ്കിലും, തുടക്കം മുതല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയിലെ ഗവേഷകര്‍ ഉപഗ്രഹങ്ങളുപയോഗിച്ച് ദ്വീപിന്റെ രൂപപരിണാമം തുടരെ നിരീക്ഷിച്ചു. ഇപ്പോള്‍ മൂന്നുവര്‍ഷമാകുമ്പോള്‍ ദ്വീപ് കൂടുതല്‍ സ്ഥിരത കൈവരിച്ചിരിക്കുന്നു എന്നാണ് അവര്‍ കണ്ടത്. ദ്വീപിന്റെ ഇതുവരെയുള്ള ഘടനാമാറ്റവും കടല്‍ത്തിരകളുടെ മണ്ണെടുപ്പുമെല്ലാം പരിഗണിച്ച ഗവേഷകര്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന നിഗമനം ഇതാണ്: ആറ് വര്‍ഷം മുതല്‍ 30 വര്‍ഷം വരെ പുതിയ ദ്വീപ് നിലനില്‍ക്കാം! 

പുതിയൊരു ദ്വീപിന്റെ പരിണാമം മനസിലാക്കാന്‍ മാത്രമല്ല, ചൊവ്വാ ഗ്രഹത്തില്‍ ഒരു കാലത്ത് സൂക്ഷ്മരൂപത്തിലെങ്കിലും ജീവന്‍ നിലനിന്നിരുന്നോ എന്ന കാര്യത്തില്‍ വിലപ്പെട്ട സൂചനകള്‍ ലഭിക്കാനും ഹന്‍ഗ ടോന്‍ഗ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 

Tongan volcanic island
ഓസ്‌ട്രേലിയയ്ക്ക് കിഴക്ക് ശാന്തസമുദ്രത്തിലാണ് ടോന്‍ഗ ദ്വീപ് രാഷ്ട്രം. കടപ്പാട്: Wikipedia 

 

കഴിഞ്ഞ ഡിസംബര്‍ 11 ന് ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍ ഫാള്‍ മീറ്റിങില്‍, നാസയിലെ ജിം ഗാര്‍വിനും സംഘവും അവതരിപ്പിച്ച പഠനറിപ്പോര്‍ട്ടിലാണ് മേല്‍സൂചിപ്പിച്ച നിഗമനങ്ങളുള്ളത്. മേരിലാന്‍ഡില്‍ നാസയുടെ 'ഗോദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററി'ലെ മുഖ്യശാസ്ത്രജ്ഞനായ ഗാര്‍വിന്‍, ഐസ്‌ലാന്‍ഡിന്റെ തെക്കുഭാഗത്ത് കടലില്‍ 1963 ല്‍ ഇത്തരത്തില്‍ രൂപപ്പെട്ട അഗ്നിപര്‍വ്വത ദ്വീപായ ശൂര്‍ട്‌സേ ( Surtsey ) യെ കുറിച്ച് പഠിച്ചിട്ടുള്ള ഗവേഷകനാണ്. 

ലളിതമായ ഘടനകളാണ് ഇത്തരം അഗ്നിപര്‍വ്വത ദ്വീപുകള്‍ക്കുള്ളതെന്ന് ഗാര്‍വിന്‍ പറയുന്നു. 'ദ്വീപിന്റെ ത്രിമാനഘടനയ്ക്ക് കാലത്തിനനുസരിച്ച് എത്ര മാറ്റം സംഭവിക്കുന്നു എന്ന് കണക്കാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇതിന് മുമ്പ് വളരെ അപൂര്‍വ്വമായേ ഇത്തരം കണക്കുകൂട്ടല്‍ നടത്താന്‍ കഴിഞ്ഞിട്ടുള്ളൂ'- നാസയുടെ വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം അറിയിച്ചു. 

Tongan volcanic island
ഹന്‍ഗ ടോന്‍ഗ ദ്വീപിന്റെ 2015 ലെ ത്രിമാനദൃശ്യം. ചിത്രം: NASA

 

പുതിയ ദ്വീപില്‍ കൂടുതല്‍ നാടകീയ മാറ്റങ്ങള്‍ സംഭവിച്ചത് ആദ്യ ആറുമാസങ്ങളിലാണ്. ദീര്‍ഘവൃത്താകൃതിയുള്ള പുതിയ ദ്വീപ്, സമീപത്ത് പടിഞ്ഞാറ് ഭാഗത്തുള്ള പഴയദ്വീപിനോട് ബന്ധപ്പെട്ടിരുന്നു. 'അഗ്നിപര്‍വ്വത ധൂളി കൊണ്ടുള്ള ഘടനകള്‍ സാധാരണഗതിയില്‍ അസ്ഥിരമാണ്'-പഠനത്തില്‍ പങ്കാളിയായ റിമോട്ട് സെന്‍സിങ് വിദഗ്ധന്‍ ദാന്‍ സ്ലേബാക് പറഞ്ഞു. തെക്കു ഭാഗത്തുനിന്ന് കടലെടുത്ത ധൂളി, തിരമാലകളുടെ സ്വാധീനത്താല്‍ ദ്വീപിന്റെ കിഴക്കുള്ള പഴയദ്വീപിലേക്ക് ഒരു പാലം പോലെ രൂപപ്പെട്ടു. 

2015 മെയ് മാസമായപ്പോഴേക്കും, ദ്വീപിലെ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ ഭിത്തി കടലെടുത്തു. ഗര്‍ത്തത്തിലെ തടാകം കടലിലേക്ക് തുറക്കപ്പെട്ടു. അതോടെ പുതിയ ദ്വീപിന്റെ കഥ കഴിഞ്ഞുവെന്ന് ഗവേഷകര്‍ കരുതി. എന്നാല്‍, അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്,  ജൂണ്‍ മാസമായപ്പോഴേക്കും ഒരു മണല്‍ത്തിട്ട ഉയര്‍ന്നു വരികയും അഗ്നിപര്‍വ്വത ഗര്‍ത്തവും കടലും വേര്‍തിരിക്കപ്പെടുകയും ചെയ്തതായി ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കി. ദ്വീപിന്റെ രൂപപരിണാമം തുടര്‍ന്നു. 2016 അവസാനമായപ്പോഴേക്കും പുതിയ ദ്വീപിന് കൂടുതല്‍ സ്ഥിരത കൈവന്നതായി ഗവേഷകര്‍ കണ്ടു. 

Tongan volcanic island
ഹന്‍ഗ ടോന്‍ഗ ദ്വീപിന്റെ 2017 സെപ്റ്റംബര്‍ 17നെടുത്ത ഉപഗ്രഹചിത്രം. കടപ്പാട്: ©2017 DigitalGlobe

 

സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് 1400 മീറ്റര്‍ പൊക്കത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വലിയൊരു അഗ്നിപര്‍വ്വത തലപ്പിന്റെ വടക്കന്‍ ഭാഗത്താണ് ഹന്‍ഗ ടോന്‍ഗ ദ്വീപ് രൂപപ്പെട്ടിരിക്കുന്നത്-കൊളംബിയ സര്‍വകലാശാലയിലെ വിദഗ്ധന്‍ വിക്കി ഫെരിനി പറയുന്നു. അദ്ദേഹവും പഠനത്തില്‍ ഉള്‍പ്പെട്ടിരുന്നു. അഗ്നിപര്‍വ്വത തലപ്പില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ഉയരത്തിലാണ് പുതിയ ദ്വീപ് ഉള്ളത്. സമീപത്തെ രണ്ട് പഴയ ദ്വീപുകള്‍ തീര്‍ച്ചയായും പുതിയ ദ്വീപിന് സ്ഥിരതയുള്ളതാകാന്‍ രാസപരമായി പങ്ക് വഹിക്കുന്നുണ്ടാകാമെന്ന് ഫെരിനി അനുമാനിക്കുന്നു. അതിനായി വിശദമായ രാസപരിശോധനകള്‍ക്ക് ഒരുങ്ങുകയാണ് ഗവേഷകര്‍ ഇപ്പോള്‍. 

പുതിയ ദ്വീപിന്റെ പരിണാമം-വീഡിയോ കാണാം​

പുതിയ ദ്വീപില്‍ ജീവരൂപങ്ങള്‍ എങ്ങനെ ചുവടുറപ്പിക്കുന്നു എന്ന് പഠിക്കാനായാല്‍, ചൊവ്വയില്‍ ഒരുകാലത്ത് ജീവന്‍ നിലനിന്നിരുന്നോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്ന് ഗാര്‍വിന്‍ വിശ്വസിക്കുന്നു. മുമ്പ് ചൊവ്വയുടെ ഉപരിതലത്തില്‍ വെള്ളമുണ്ടായിരുന്ന പ്രദേശങ്ങളില്‍ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ടാകാം. പുതിയ ദ്വീപിന്റെ രൂപപരിണാമം പഠിക്കുക വഴി, ചൊവ്വയില്‍ ഇത്തരമൊരു പരിസ്ഥിതി നിലനിന്നിരുന്നോ എന്ന് മനസിലാക്കാന്‍ കഴിയും. അഗ്നിപര്‍വ്വതത്തിന്റെ ചൂടേല്‍ക്കുന്ന ഈര്‍പ്പമുള്ള പരിസ്ഥിതിയില്‍ ജീവന്‍ നിലനിന്നിരിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുന്നു. 200 അല്ലെങ്കില്‍ 300 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം അഗ്നിപര്‍വ്വത ദ്വീപുകള്‍ ചൊവ്വയുടെ പ്രതിലത്തില്‍ രൂപപ്പെട്ടിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. സൂക്ഷ്മജീവികളുടെ രൂപത്തില്‍ അത്തരം പ്രദേശങ്ങളില്‍ ജീവന്‍ നിലനിന്നിരിക്കാം.

ഹന്‍ഗ ടോന്‍ഗ ദ്വീപിലെ വിണ്ടുകീറിയ മണല്‍ത്തിട്ടകളുടെ ദൃശ്യങ്ങള്‍, 22.5 കോടി കിലോമീറ്റര്‍ അകലെയുള്ള ചൊവ്വാപ്രതലത്തിലെ ചില അഗ്നിപര്‍വ്വത അവശിഷ്ടഭാഗങ്ങളെ ശരിക്കും അനുസ്മരിപ്പിക്കുന്നു. ചൊവ്വായില്‍ ഒരുകാലത്ത് സംഭവിച്ച സംഗതികള്‍ ഭൂമിയിലിരുന്നു പഠിക്കാന്‍ പുതിയ ദ്വീപ് അവസരമൊരുക്കുന്നു എന്നുസാരം! (കടപ്പാട്: നാസ). 

Content Highlights: Tongan volcanic island, New Island, Geology, Hunga Tonga-Hunga Ha'apai, Tonga, Nasa Study, volcanic island, Life on Mars  

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്