മില്‍കി സീ(പാൽക്കടൽ) പ്രതിഭാസത്തെ കുറിച്ച് ചിലപ്പോള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. രാത്രികളില്‍ കടല്‍ പരപ്പ് പ്രകാശപൂരിതമാകുന്ന പ്രതിഭാസമാണിത്. നൂറ്റാണ്ടുകളായി ഇതിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. ലോകം കടല്‍യാത്രകളെ മുഖ്യമായും ആശ്രയിച്ചിരുന്ന കാലത്ത് തന്നെ ഈ അജ്ഞാത കാഴ്ച നാവികരെ അമ്പരപ്പിച്ചിരുന്നു. പഴയകാല നാവികരുടെ അനുഭവസാക്ഷ്യങ്ങളിലൂടെയാണ് ഈ പ്രതിഭാസത്തെ ലോകം അറിയുന്നത്. 

മത്സ്യകന്യക, കടല്‍ രാക്ഷസന്‍ പോലെയുള്ള അന്ധവിശ്വാസ കഥകള്‍ പ്രചാരത്തിലുണ്ടായിരുന്ന കാലത്ത് ഈ പ്രതിഭാസവും അത്തരത്തിലുള്ള ഒന്നായി യാത്രികർ വ്യാഖ്യാനിക്കുകയും വിശ്വസിച്ചുപോരുകയുമായിരുന്നു. അതേസമയം കടലില്‍ പാല്‍ കലങ്ങിയത് പോലെയെന്നും മേഘമാണെന്നും മഞ്ഞാണെന്നുമെല്ലാം പഴയകാല നാവികര്‍ ഈ കാഴ്ചയെ വിശദീകരിച്ചു പോന്നു. 

എന്നാല്‍ ബയോലുമിനന്റ് ബാക്റ്റീരിയയാണ് ഈ പ്രതിഭാസത്തിന് കാരണമാകുന്നത് എന്നാണ് ശാസ്ത്ര വിശദീകരണം. അതായത് സ്വയം തിളങ്ങാന്‍ കഴിവുള്ള ബാക്ടീരിയകള്‍. എന്നാല്‍ ഇത് നമ്മള്‍ വിചാരിക്കുന്ന പോലെ ലളിതമായൊരു പ്രക്രിയ അല്ല. ലക്ഷക്കണക്കിന് ഏക്കറുകള്‍ വരെ വ്യാപിച്ചുകിടക്കുന്ന മില്‍കി സീ പ്രതിഭാസമുണ്ടാകാറുണ്ട്. അത് സംഭവിക്കണമെങ്കില്‍ എണ്ണമറ്റ അത്രയും ബാക്ടീരിയകളുടെ സാന്നിധ്യം അവിടങ്ങളില്‍ ഉണ്ടാവേണ്ടതായുണ്ട്.

Milky Sea
മില്ലറും സംഘവും സൊമാലിയൻ തീരത്തെ മിൽക്കി സീ പ്രതിഭാസം |  Photo: Steven D. Miller/NOAA

അപൂര്‍വ്വമായും അപ്രതീക്ഷിതമായും മാത്രം പ്രത്യക്ഷപ്പെടുന്നതിനാല്‍ തന്നെ ഈ പ്രതിഭാസത്തെ പിന്തുടര്‍ന്ന് പഠിക്കാന്‍ ശാസ്ത്രലോകത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ മില്‍ക്കി സീ പ്രതിഭാസത്തെ കണ്ടെത്താന്‍ ഒരു ഉപഗ്രഹസാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുകയാണ് കൊളറാഡോ സ്റ്റേറ്റ് സര്‍വകലാശാലയിലെ സീനിയര്‍ റിസര്‍ച്ച് സൈന്റിസ്റ്റായ സ്റ്റീവ് മില്ലറും സംഘവും. 

ഉപഗ്രഹങ്ങളുടെ സഹായത്താല്‍ മില്‍കി സീ പ്രതിഭാസം പ്രത്യക്ഷമാകുന്നയിടങ്ങളിലേക്ക് ഗവേഷക സംഘത്തിന്റെ കപ്പലുകളെ അയച്ച് പഠനങ്ങള്‍ നടത്താനാകുമെന്ന് സ്റ്റീവ് മില്ലര്‍ പറയുന്നു. 

Milky Sea1995 ല്‍ സൊമാലിയന്‍ തീരത്തുകൂടി പോവുകയായിരുന്ന ലിമ എന്ന കപ്പലിലെ കപ്പിത്താന്‍ 15 മിനിറ്റ് നേരം നീണ്ടുനിന്ന തിളക്കം കടലില്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അക്കാലത്തെ ഉപഗ്രഹ ചിത്രങ്ങളില്‍ മില്ലര്‍ പരിശോധന നടത്തി. ഈ ചിത്രങ്ങളില്‍ കടലില്‍ ചില 'പാടുകള്‍' കണ്ടെത്താന്‍ അദ്ദേഹത്തിനായി. ആദ്യമായാണ് കടലിലെ ഈ അപൂർവ പ്രതിഭാസം ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്. 15000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടന്ന മില്‍കി സീ പ്രതിഭാസമായിരുന്നു അത്. 

കാലങ്ങളോളം ശാസ്ത്രലോകത്തെ അമ്പരപ്പിച്ച ഈ പ്രതിഭാസത്തെ നിരീക്ഷിച്ച് കണ്ടുപിടിക്കാനൊരു വഴി കണ്ടെത്തുക മാത്രമാണ് മില്ലറും സംഘവും ചെയ്തിരിക്കുന്നത്. പ്രതിഭാസത്തിന് കാരണമാകുന്ന ബാക്ടീരിയകള്‍ എന്തിന് വേണ്ടിയാണ് ഈ രീതിയില്‍തിളങ്ങുന്നതെന്നോ, എങ്ങനെയാണ് അത് സംഭവിക്കുന്നതെന്നോ വിശദീകരിക്കാന്‍ ഇനിയും വിശദപഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.