മേപ്പാടി കള്ളാടിയിലെ പുല്‍മേടുകളില്‍നിന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തി. മണ്ണില്‍ വളരുന്ന ഓര്‍ക്കിഡ് വിഭാഗത്തിലെ സസ്യമാണിത്. 'ലിപ്പാരിസ് ടൊര്‍റ്റിലിസ്' എന്നാണ് ഇതിന് പേരുനല്‍കിയത്. മഴക്കാലാരംഭത്തോടെ മുളയ്ക്കുന്ന ചെടി ജൂണ്‍, ജൂലായ് മാസങ്ങളില്‍ പൂക്കും. വേനലാവുന്നതോടെ ഇലകള്‍ കൊഴിഞ്ഞ് ഉണങ്ങും. അടുത്ത മഴക്കാലത്ത് വീണ്ടും മുളയ്ക്കും. 

16 ലിപ്പാരിസുകളാണ് കേരളത്തിലുള്ളത്. പിരിയന്‍ പൂങ്കുല, പച്ചനിറമുള്ള പൂക്കള്‍, വെളുത്ത വലിയ കാണ്ഡം എന്നിവയാണ് ലിപ്പാരിസ് ടൊര്‍റ്റിലിസിനെ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. പൂങ്കുലകള്‍ പിരിഞ്ഞിരിക്കുന്നതുകൊണ്ടാണ് ടൊര്‍റ്റിലിസ് എന്ന ലാറ്റിന്‍ നാമം നല്‍കിയത്. 

എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞനായ പിച്ചന്‍ എം. സലിം, മുന്‍ മേധാവി ഡോ. വി. ബാലകൃഷ്ണന്‍, ആലപ്പുഴ എസ്.ഡി. കോളേജിലെ അധ്യാപകനായ  ഡോ. ജോസ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചെടിയെ കണ്ടെത്തിയത്. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ സ്പീഷിസ് എന്ന ശാസ്ത്രജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.