നുഷ്യരുടെ താടിയില്‍ പുതിയൊരു പേശി പാളി കണ്ടെത്തി. സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുള്ള ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. കവിളിലെ പ്രധാനപ്പെട്ട മസെറ്റര്‍ പേശിയിലാണ് പുതിയ പേശി പാളി കണ്ടെത്തിയിരിക്കുന്നത്. ആഹാരം ചവയ്ക്കുമ്പോള്‍ കവിളത്ത് വലിഞ്ഞുമുറുകുന്ന പേശിയാണ് മസെറ്റര്‍. 

ഇതുവരെ രണ്ട് പാളിയാണ് ഈ പേശിയ്ക്കുണ്ടായിരുന്നത് എന്നാണ് സ്ഥിരീകരിക്കപ്പെട്ടിരുന്നത്. എന്നാല്‍ മൂന്നാമതൊരു പാളികൂടി മസെറ്റര്‍ പാളിയുടെ ഉള്ളിലുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. അന്നല്‍സ് ഓഫ് അനാട്ടമി എന്ന ജേണലില്‍ പുതിയ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'മസ്‌കുലസ് മസെറ്റര്‍ പാര്‍സ് കറോണിഡിയ' എന്നാണ് ഈ പേശിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. 

ശാസ്ത്ര പഠനങ്ങള്‍ക്ക് വേണ്ടി ശരീരം വിട്ടുനല്‍കിയവരുടെ മൃതദേഹങ്ങളില്‍ നടത്തിയ ഇതിനുവേണ്ടി പഠനം നടത്തിയത്. ഫോര്‍മാല്‍ഡിഹൈഡ് ലായനിയില്‍ സംരക്ഷിച്ച 12 ഓളം മൃതദേഹങ്ങളുടെ തലയും 16 പുതിയ ശവശരീരങ്ങളുടെ സിടി സ്‌കാനും ജീവനുള്ള മനുഷ്യരുടെ എംആര്‍ഐ സ്‌കാനും ഇതിനായി പരിശോധിച്ചു. കംപ്യൂട്ടര്‍ ടോമോഗ്രഫിക് സ്‌കാനുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി. 

മറ്റ് രണ്ട് പാളികളില്‍ നിന്നും കൃത്യമായി വേര്‍തിരിക്കാവുന്ന വിധത്തിലാണ് പുതിയ പാളിയുള്ളതെന്ന് ബേസല്‍ സര്‍വകലാശാലയിലെ ബയോമെഡിസിന്‍ വിഭാഗത്തിലെ ഡോ. സില്‍വിയ മെസി പറഞ്ഞു. 

താടിയെല്ലിനെ ഉറപ്പിച്ച് നിര്‍ത്തുന്നതിന് ഈ പേശി പങ്കുവഹിക്കുന്നുണ്ട്. താടിയുടെ താഴ്ഭാഗത്തെ ചെവിയുടെ ഭാഗത്തേക്ക് വലിക്കാന്‍ സാധിക്കുന്നതിന് പിന്നിലും ഈ പേശിയാണ്. 

മസാറ്റെര്‍ പേശിയിലെ പാളികളെ കുറിച്ച് ഏറെ കാലമായി പഠനങ്ങള്‍ നടക്കുന്നുണ്ട്. 1995 ല്‍ പുറത്തിറങ്ങിയ ഗ്രേസ് അനാട്ടമിയില്‍ (Greys Anatomy) മസെറ്റര്‍ പേശിയില്‍ മൂന്ന് പാളികളുണ്ടെന്ന് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ മറ്റ് ജീവികളുടെ താടിയിലെ പേശികളെ അടിസ്ഥാനമാക്കിയായിരുന്നു ഈ പഠനങ്ങള്‍. 

രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലും മൂന്ന് പാളികളുണ്ടെന്ന തരത്തിലുള്ള പഠനങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ മസെറ്റര്‍ പേശിയുടെ ഉപരിതല പാളിയെ വിഭജിക്കുകയാണ് ഇവര്‍ ചെയ്തിട്ടുള്ളത്. ഈ വിഷയത്തില്‍ അഭിപ്രായ വെത്യാസം നിലനില്‍ക്കുന്നതിനിടെയാണ് ഈ വിഷയം വീണ്ടും പഠിക്കാന്‍ ഗവേഷകര്‍ ശ്രമിച്ചത്. 

Content Highlights: New muscle layer discovered on the jaw