ഉത്തര്‍പ്രദേശില്‍ ബെഡ്ഷീറ്റ് നിര്‍മാണത്തില്‍ പ്രശസ്തമായ പില്‍ഖുവ പട്ടണത്തില്‍, കോടികളുടെ വസ്ത്രകയറ്റുമതി നടത്തുന്ന കുടുംബത്തില്‍ നിന്നാണ് സൊണാലി ഗാര്‍ഗ് എന്ന പെണ്‍കുട്ടിയുടെ വരവ്. ബിസിനസ് കുടുംബമാണെങ്കിലും, സൊണാലിയും സഹോദരനും വ്യത്യസ്തമായ രംഗങ്ങളില്‍ മികവു തെളിയിക്കുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തില്ല.
അങ്ങനെ ലഭിച്ച സ്വാതന്ത്ര്യം സൊണാലിയെ എത്തിച്ചത്, ഇത്രകാലവും ആണുങ്ങള്‍ക്ക് മാത്രം സാധ്യമെന്ന് മിക്കവരും വിധിയെഴുതിയ ഒരു മേഖലയിലാണ്. കാടുംമലയും കയറി, രാവും പകലും താണ്ടി, മഴയും മഞ്ഞും കൂസാതെ ജീവലോകത്തെ രഹസ്യങ്ങള്‍ തേടുന്ന ഉഭയജീവി ഗവേഷണത്തിന്റെ വിശാലലോകത്ത്! കേരളത്തില്‍ പശ്ചിമഘട്ടത്തിലെ ദുര്‍ഘട വനമേഖലകളിലാണ് ഈ ഗവേഷക ഏറെയും പ്രവര്‍ത്തിച്ചത്.
കൊടുംവനങ്ങളിലും ചതുപ്പുകളിലും വര്‍ഷങ്ങളായി അലയുന്ന ഈ മുപ്പത്തിയൊന്നുകാരിയുടെ ക്രെഡിറ്റില്‍ ഇതുവരെ 40 ഓളം പുതിയ തവളയിനങ്ങളുണ്ട്, കൂടാതെ അന്താരാഷ്ട്ര ശാസ്ത്രജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ച 16 പഠനപ്രബന്ധങ്ങളും! ഈ പഠനങ്ങള്‍ അന്താരാഷ്ട്ര, ദേശീയ മാധ്യമങ്ങള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ഉഭയജീവികളെ പറ്റി ലോകമറിയാനും, അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാനും സൊണാലിയുടെ കണ്ടെത്തലുകള്‍ ഏറെ സഹായിച്ചു.

ഡെല്‍ഹി യൂണിവേഴ്‌സിറ്റി
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉഭയജീവി ഗവേഷണത്തില്‍ അടുത്തിയടെ സൊണാലി പി.എച്ച്.ഡി.കരസ്ഥമാക്കി. 'ലോകത്ത് ഇത്രയേറെ തവളയിനങ്ങളെ തിരിച്ചറിഞ്ഞ മറ്റൊരു ഗവേഷക ഉള്ളതായി അറിവില്ല'-ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ സൊണാലിയുടെ ഗൈഡും ലോകപ്രശസ്ത ഉഭയജീവി ഗവേഷകനുമായ കൊല്ലം സ്വദേശി പ്രൊഫ.സത്യഭാമദാസ് ബിജു പറയുന്നു.
'ശാസ്ത്രരംഗത്തെ സ്ത്രീകള്‍' എന്ന ആശയം മുന്‍നിര്‍ത്തി ഇത്തവണ രാജ്യം 'ദേശീയ ശാസ്ത്രദിനം' ആചരിക്കുമ്പോള്‍, സൊണാലിയെ പോലുള്ള ഗവേഷകര്‍ പുതിയ കാലത്തിന്റെ പ്രതീകമാകുന്നു.

ചിത്രം കടപ്പാട്: University of Michigan/Twitter
പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് ആധുനിക ശാസ്ത്രഗവേഷണരംഗത്ത് കരുത്തു തെളിയിച്ച ഒട്ടേറെ ഇന്ത്യന്‍ സ്ത്രീകളുണ്ട്. ഇ.കെ.ജാനകി അമ്മാള്‍ (സസ്യശാസ്ത്രം), അസിമ ചാറ്റര്‍ജി (ഓര്‍ഗാനിക് കെമിസ്ട്രി), അന്ന മാണി (കാലാവസ്ഥ), അര്‍ച്ചന ഭട്ടാചാര്യ (ഭൗതികശാസ്ത്രം), കമല സൊഹോണി (ബയോകെമിസ്ട്രി), രാജേശ്വരി ചാറ്റര്‍ജി (ഇലക്ട്രിക്കല്‍ എന്‍ജിനീറിങ്), ടെസ്സി തോമസ് (പ്രതിരോധ ഗവേഷണം) തുടങ്ങിയവര്‍ ഉദാഹരണം. അക്കൂട്ടത്തില്‍ സൊണാലിയെപ്പോലുള്ള പുതിയ തലമുറക്കാരും മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കുന്നു, മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നു.

ഇതിനൊരു മറുവശമുണ്ട്. ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം സ്ത്രീകളും നേരിടേണ്ടി വരുന്ന വിവേചനമാണത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നൂറ്റാണ്ടിലും ശാസ്ത്രരംഗത്ത് സ്ത്രീകള്‍ കടുത്ത വിവേചനം അനുഭവിക്കുന്നു എന്ന സത്യം ഈ ശാസ്ത്രദിനത്തില്‍ അലോസരമുണ്ടാക്കുന്നു. അന്താരാഷ്ട്രതലത്തിലും വ്യത്യസ്തമല്ല കാര്യങ്ങള്‍.
ശാസ്ത്രരംഗത്തെ ലിംഗവിവേചനം
ഫെബ്രുവരി 11 'ശാസ്ത്രരംഗത്തെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ദിന'മായി ആചരിക്കാന്‍ യു.എന്‍. തീരുമാനിച്ചത് 2015 ലാണ്. കാലം പുരോഗമിച്ചിട്ടും, ശാസ്ത്രരംഗത്ത് വിവേചനം ശക്തമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ ദിനാചരണം തുടങ്ങിയത്. ഈ പശ്ചാത്തലത്തില്‍, ഇത്തവണ നമ്മുടെ ദേശീയ ശാസ്ത്രദിനം (ഫെബ്രുവരി 28) 'ശാസ്ത്രരംഗത്തെ സ്ത്രീകള്‍'ക്കായി ആചരിക്കാന്‍ രാജ്യം തീരുമാനിച്ചത് ശ്രദ്ധേയമാകുന്നു.

യു.എന്‍. പ്രസിദ്ധീകരിച്ച ചില കണക്കുകള്‍ നോക്കുക. നിലവില്‍ ലോകമെങ്ങുമുള്ള ശാസ്ത്രഗവേഷകരില്‍ 30 ശതമാനം മാത്രമാണ് സ്ത്രീകള്‍. 2014 മുതല്‍ 2016 വരെയുള്ള കാലത്തെ യുണെസ്‌കോയുടെ കണക്ക് പ്രകാരം, മൊത്തം പെണ്‍കുട്ടികളില്‍ 30 ശതമാനം മാത്രമേ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, ഗണിത മേഖലയില്‍ (STEM) ഉപരിപഠനത്തിന് പോകുന്നുള്ളൂ. എന്‍ജിനിയറിങ്, നിര്‍മാണ മേഖലകളില്‍ വെറും എട്ടു ശതമാനം മാത്രം!
വെറും 20 സ്ത്രീഗവേഷകര്‍
ലോകപ്രസ്തമായ ശാസ്ത്രസ്ഥാപനമാണ് ലണ്ടനിലെ റോയല്‍ സൊസൈറ്റി. 1660 ല്‍ നിലവിലെത്തിയ റോയല്‍ സൊസൈറ്റിയില്‍ ഫെലോ ആയി ഒരു സ്ത്രീ എത്താന്‍ 360 വര്‍ഷം വേണ്ടിവന്നു. 1945 ല്‍ മാത്രമാണ്് ഒരു സ്ത്രീ ആദ്യമായി ഫെലോ ആകുന്നത്. 1863 ല്‍ തുടങ്ങിയ 'അമേരിക്കന്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'ല്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം ലഭിച്ചത് 1925 ല്‍ മാത്രം!

ചരിത്രം ഇങ്ങനെയാണ്. വിവേചനത്തിന്റെ തുടര്‍ക്കഥകള്‍. ശാസ്ത്രവിഷയങ്ങളില്‍ നൊബേല്‍ നേടിയവരുടെ കണക്ക് പരിശോധിച്ചാല്‍ കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാകും. 1901 ല്‍ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു തുടങ്ങിയതു മുതല്‍ 2019 വരെയുള്ള കഥ നോക്കുക. വൈദ്യശാസ്ത്രത്തില്‍ 207 പുരുഷന്‍മാര്‍ നൊബേലിന് അര്‍ഹരായപ്പോള്‍, ഈ മേഖലയില്‍ വെറും 12 സ്ത്രീകള്‍ക്കാണ് നൊബേല്‍ ലഭിച്ചത്. രസതന്ത്രത്തില്‍ 179 പുരുഷന്‍മാര്‍ പുരസ്‌കാരം നേടി, സ്ത്രീകള്‍ വെറും അഞ്ചു പേര്‍ മാത്രം. ഭൗതികശാസ്ത്രത്തില്‍ 210 പുരുഷന്‍മാര്‍ ജേതാക്കളായപ്പോള്‍, വെറും മൂന്നു സ്ത്രീകള്‍ മാത്രമാണ് നൊബേലിന് അര്‍ഹരായത്. ശാസ്ത്രത്തിന് ലഭിച്ച നൊബേല്‍ പുരസ്‌കാരങ്ങളുടെ മൊത്തം എണ്ണം നോക്കിയാല്‍ ഇങ്ങനെ: പുരുഷന്‍മാര്‍ 596, സ്ത്രീകള്‍ 20.
വിവേചനം രാമന്റെ ലാബിലും
സി വി രാമനും ശിക്ഷ്യനായ കെ എസ് കൃഷ്ണനും ചേര്‍ന്ന് 'രാമന്‍ പ്രഭാവം' (Raman effect) കണ്ടെത്തിയ കാര്യം ലോകമറിഞ്ഞത് 1928 ഫെബ്രുവരി 28 നാണ്. 1930 ലെ ഭൗതികശാസ്ത്ര നൊബേല്‍ രാമന് ലഭിച്ചു. 'രാമന്‍ പ്രഭാവം' കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ടാണ്, 1986 മുല്‍ ദേശീയ ശാസ്ത്രദിനമായി ഫെബ്രുവരി 28 ആചരിക്കാന്‍ ആരംഭിച്ചത്.
1934 ല്‍ സി വി രാമന്റെ ആഭിമുഖ്യത്തില്‍ ബാംഗ്ലൂര്‍ കേന്ദ്രമായി നിലവില്‍ വന്ന 'ഇന്ത്യന്‍ സയന്‍സ് അക്കാദമി'യില്‍, രാമന്റെ ക്ഷണം സ്വീകരിച്ച് 1935 ല്‍ തന്നെ ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രജ്ഞ ഡോ.ഇ.കെ.ജാനകി അമ്മാള്‍ അംഗമായി. അതേസമയം, രാമന്‍ പ്രഗത്ഭ ശാസ്ത്രജ്ഞനു കീഴില്‍ അധികം പെണ്‍കുട്ടികള്‍ പഠിക്കാനെത്തിയില്ല. എത്തിയ സ്ത്രീഗവേഷകര്‍ക്കോ, അത്ര നല്ല അനുഭവമല്ല ഉണ്ടായതെന്ന്, ഇക്കാര്യം വിശദമായി പഠിച്ച ആഭ സുര്‍ പറയുന്നു (Dispersed Radiance 2011).

രാമനു കീഴില്‍ ആദ്യം പഠനം നടത്തിയ വിദ്യാര്‍ഥിനി ലളിത ചന്ദ്രശേഖര്‍ ആയിരുന്നു (രാമന്റെ ജേഷ്ഠന്റെ മകനും നൊബേല്‍ ജേതാവുമായ എസ്.ചന്ദ്രശേഖര്‍ വിവാഹം കഴിച്ചത് ലളിതയെ ആണ്). മഹാരാഷ്ട്രയിലെ കൊങ്കിണി ബ്രാഹ്മണ കുടുംബത്തില്‍ നിന്നുള്ള സുനന്ദ ഭായി ആയിരുന്നു രണ്ടാമത്തെ വിദ്യാര്‍ഥിനി. കേരളത്തില്‍ ഹൈറേഞ്ചിലെ പീരുമേട്ടില്‍ മോഡയില്‍ കുടുംബത്തില്‍ ജനിച്ച അന്ന മാണി മൂന്നാമത്തെ വിദ്യാര്‍ഥിനിയും.
വര്‍ഷങ്ങളെടുത്ത് രാമന് കീഴില്‍ മികവോടെ ഗവേഷണം ചെയ്തിട്ടും, ചില സാങ്കേതികത്ത്വങ്ങള്‍ ചൂണ്ടിക്കാട്ടി സുനന്ദ ഭായിക്കും അന്ന മാണിക്കും മദ്രാസ് സര്‍വകലാശാല പി.എച്ച്.ഡി.ഡിഗ്രി നിഷേധിച്ചു. രാമന്റെ ചെറിയൊരു ഇടപെടല്‍ കൊണ്ട് വേണമെങ്കില്‍ പരിഹരിക്കാന്‍ കഴിയുമായിരുന്ന പ്രശ്‌നമായിരുന്നു അത്. അന്ന പിടിച്ചു നിന്നു, സുനന്ദ ഭായിക്ക് അതിനു കഴിഞ്ഞില്ല. പ്രായോഗിക ഭൗതികശാസ്ത്രത്തില്‍ സ്വീഡനില്‍ പോസ്റ്റ് ഡോക്ടറല്‍ പഠനത്തിന് പോകാന്‍ തയ്യാറായിരുന്ന സുനന്ദ ഭായി ജീവനൊടുക്കി. എന്തുകൊണ്ട് അത് സംഭവിച്ചു എന്നകാര്യം ഇപ്പോഴും അറിയില്ല.

പി.എച്ച്.ഡി. കിട്ടിയില്ലെങ്കിലും, ഇംഗ്ലണ്ടിലെത്തി കാലാവസ്ഥാ ഉപകരണങ്ങളെക്കുറിച്ച് പഠിക്കാന്‍ അന്ന മാണിക്ക് അവസരം ലഭിച്ചു. തിരികെ ഇന്ത്യയിലെത്തിയ ആ ഗവേഷക, നൂറിലേറെ കാലാവസ്ഥാ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തു. കാലാവസ്ഥാ നിരീക്ഷണത്തിന്റെ കാര്യത്തില്‍ സ്വതന്ത്രഇന്ത്യയെ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ സഹായിച്ച ഗവേഷകയാണ് അന്ന മാണി.
ഒരു പുസ്തകം, 175 ഇന്ത്യന്‍ സ്ത്രീഗവേഷകര്‍
അന്ന മാണിയെ പോലുള്ള സ്ത്രീഗവേഷകരെ ഇപ്പോഴും നമുക്കറിയില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ സംഗതി. പുരുഷന്‍മാരായ ഗവേഷകര്‍ക്ക് ലഭിക്കുന്ന ശ്രദ്ധ അപൂര്‍വ്വമായേ സ്ത്രീ ഗവേഷകര്‍ക്ക് ലഭിച്ചിട്ടുള്ളൂ എന്നതാണ് സത്യം. ആരൊക്കെയാണ് ഇന്ത്യയിലെ സ്ത്രീഗവേഷകര്‍ എന്നും ഏതൊക്കെ മേഖലകളില്‍ അവര്‍ മികവു പുലര്‍ത്തി എന്നുപോലും മിക്കവര്‍ക്കുമറിയില്ല. ഈ ദുസ്ഥിതിക്ക് ഒരളവു വരെ പരിഹാരമാകാവുന്ന ഒരു പുസ്തകം അടുത്തിയിടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഞ്ജന ചട്ടോപാധ്യായ രചിച്ച 'വുമണ്‍ സയന്റിസ്റ്റ്‌സ് ഇന്‍ ഇന്ത്യ' (2018) എന്ന ഗ്രന്ഥം.

മെഡിക്കല്‍ രംഗം ഉള്‍പ്പടെ, ആധുനിക ശാസ്ത്രമേഖലയില്‍ മികവു തെളിയിച്ച 175 ഇന്ത്യന്‍ സ്ത്രീഗവേഷകരെ ചട്ടോപാധ്യായ തന്റെ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. ഡല്‍ഹി പബ്ലിക്ക് ലൈബ്രറി സിസ്റ്റത്തിന്റെ മുന്‍ ഡയറക്ടര്‍ ജനറലായ അഞ്ജനയുടെ ഈ ഗ്രന്ഥം, ആധുനിക ഇന്ത്യന്‍ ശാസ്ത്രചരിത്രത്തിലെ ഇരുടഞ്ഞ ഒരു മേഖലയിലേക്ക് വെളിച്ചം വീശുന്നു.
ഇതിനകം ഇവിടെ പരാമര്‍ശിച്ചവര്‍ കൂടാതെ, അധികമാരും കേട്ടിട്ടുപോലുമില്ലാത്ത ഡസണ്‍ കണക്കിന് സ്ത്രീഗവേഷകര്‍ അഞ്ജനയുടെ ഗ്രന്ഥത്തില്‍ പ്രത്യക്ഷപ്പെടുന്നു. ചാരുസീത ചക്രവര്‍ത്തി (തിയററ്റിക്കല്‍ കെമിസ്ട്രി), ഊര്‍മില്‍ യൂലി ചൗധരി (ആര്‍ക്കിടെക്റ്റ്), രോഹിണി മധുസൂതന്‍ ഗോഡ്‌ബോല്‍ (സൈദ്ധാന്തിക ഭൗതികം), വിനോദ് കൃഷാന്‍ (നക്ഷത്രഭൗതികം), ഡോ.മേരി പുന്നന്‍ ലൂക്കോസ് (ഗര്‍ഭചികിത്സ), മിതലി മുഖര്‍ജി (ജനിതകം), രമണ്‍ പരിമള (ഗണിതം), സുദീപ്ത സെന്‍ഗുപ്ത (ഭൗമശാസ്ത്രം) തുടങ്ങിയവര്‍ ഉദാഹരണം.
കഴിഞ്ഞ ശാസ്ത്രദിനത്തെ അപേക്ഷിച്ച് കൂടുതല്‍ ഇന്ത്യന്‍ സ്ത്രീഗവേഷകരെ ഇത്തവണ അറിയാമെങ്കില്‍, നമ്മള്‍ അതിന് കടപ്പെട്ടിരിക്കുന്നത് ഈ ഗ്രന്ഥം തയ്യാറാക്കിയ അഞ്ജനയോടാണ്!
* മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്