ബഹിരാകാശത്തെ പാറക്കൂട്ടങ്ങളില്‍ പലതും ഭൂമിയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവയാണ്. ശൂന്യതയില്‍ നിന്ന് എവിടെ നിന്നോ ഭൂമിയെ ലക്ഷ്യമിട്ട് വരുന്ന നിരവധി ഛിന്നഗ്രഹങ്ങളുടെ സഞ്ചാരം ഗവേഷകര്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. പലതും ഭൂമിയ്ക്കരികിലൂടെ കടന്നുപോയിട്ടുണ്ട് ചിലതെല്ലാം ഇടിച്ചിറങ്ങി അന്തരീക്ഷത്തില്‍ പൊട്ടിച്ചിതറിപ്പോവാറുമുണ്ട്. എന്നാല്‍ അന്തരീക്ഷമെന്ന കടമ്പതാണ്ടി ഭൂമിയിലേക്ക് കുതിച്ചെത്തുന്ന ഉല്‍ക്കാശിലകള്‍ക്ക് പതിനായിരക്കണക്കിന് ആറ്റംബോബുകളുടെ ശേഷിയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. അതായത് ലോകാവസാനം വരെ സംഭവിച്ചേക്കാം. 

ഇങ്ങനെ ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനുള്ള വഴിതേടുകയാണ് ശാസ്ത്രലോകം. ഇതിന്റെ ഭാഗമായി നാസ വികസിപ്പിച്ച ഒരു പ്രതിരോധ സംവിധാനം ആദ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ്. 

ഛിന്നഗ്രഹത്തില്‍ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുകയാണ് ഈ പ്രതിരോധ സംവിധാനം ചെയ്യുക. നവംബര്‍ 23 ന് നടക്കാനിരിക്കുന്ന ഇതിന്റെ പരീക്ഷണത്തിന് ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) എന്നാണ് പേരിട്ടിരിക്കുന്നത്. 

ഡിഡിമോസ് എന്ന് വിളിക്കപ്പെടുന്ന വലിയൊരു ഛിന്നഗ്രഹത്തെ വലം വെക്കുന്ന മൂണ്‍ലെറ്റ് ഛിന്നഗ്രഹമായ ഡൈമോര്‍ഫസിലാണ് പേടകം ഇടിച്ചിറക്കുക. ഈ രണ്ട് ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നവയല്ല.  പേടകത്തിന്റെ സഞ്ചാരവും അത് ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കുന്നതുമെല്ലാം ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ഭൂമിയില്‍ നിന്ന് നാസ നിരീക്ഷിക്കും. പരീക്ഷണത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും  ചെയ്യും. 

525 അടി വ്യാസമാണ് ഡൈമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തിനുള്ളത്. ഇതിനെ തകര്‍ക്കാന്‍ പേടകത്തിന് സാധിക്കില്ല എങ്കിലും ഇതിന്റെ സഞ്ചാര പഥത്തില്‍ മാറ്റം വരുത്താന്‍ സാധിക്കും. എന്നാല്‍ പേടകം ഇടിച്ചിറക്കുമ്പോള്‍ സഞ്ചാര പഥത്തിന് എത്രത്തോളം മാറ്റമുണ്ടാവുമെന്ന് വ്യക്തമല്ല. ഛിന്നഗ്രഹത്തിന്റെ സ്വഭാവം പോലിരിക്കും അത്. 

നിരവധി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഡാര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലണ് പേടകം വിക്ഷേപിക്കുക.