ഭൂമിയ്ക്ക് പുറത്തേക്ക് മനുഷ്യരെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ശാസ്ത്ര സാങ്കേതിക ലോകം. ശാസ്ത്ര സങ്കല്‍പ്പ സിനിമകളില്‍ കാണാറുള്ളതു പോലെ ബഹിരാകാശത്തൊരു മനുഷ്യ സാമ്രാജ്യം. പല ഗവേഷകരുടെയും ഇന്നുള്ള ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് അതാണ്.
റഷ്യയുടെയും അമേരിക്കയുടെയും ചൈനയുടെയും ഇന്ത്യയുടേയും ഉള്‍പ്പടെ വിവിധ ലോകരാജ്യങ്ങളുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സികള്‍ മാത്രമല്ല. സഹസ്ര കോടീശ്വരന്മാരായ വ്യവസായികള്‍ നയിക്കുന്ന സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളും ഇന്ന് ഈ രംഗത്ത് ഒട്ടേറെ മുന്നേറി നില്‍ക്കുന്നുണ്ട്.
2024-ഓടെ ബ്ലൂ ഒറിജിന്‍ മനുഷ്യരെ ചന്ദ്രനിലെത്തിക്കുമെന്ന് അടുത്തിടെയാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസ് പ്രഖ്യാപിച്ചത്. റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ വിര്‍ജിന്‍ ഗാലക്ടിക്, ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്നിവരും നാസയ്‌ക്കൊപ്പം ഈ ഉദ്യമത്തിനായുള്ള കഠിന പരിശ്രമത്തിലാണ്.
മനുഷ്യരെ ചുരുങ്ങിയ ചിലവില്‍ ബഹിരാകാശത്തെത്തിക്കാനുള്ള റോക്കറ്റ് നിര്‍മിക്കാന്‍ ഈ സ്ഥാപനങ്ങള്‍ മത്സരത്തിലാണ്. ഇവരുടെയെല്ലാം പ്രധാന ലക്ഷ്യവും ചന്ദ്രനാണ്.
ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കായി കാത്തിരിക്കുന്നത് നാസ ഉള്‍പ്പടെയുള്ള ലോകത്തെ വിവിധ ബഹിരാകാശ ഏജന്‍സികളില്‍ നിന്നുള്ള കോടിക്കണക്കിനുള്ള പണമാണ്.
1972 ന് ശേഷം ചന്ദ്രനില്‍ ഇതുവരെ മനുഷ്യന്‍ കാലുകുത്തിയിട്ടില്ല. ആ ഉദ്യമത്തിന് വഴിയൊരുക്കുക ആരായിരിക്കും എന്ന കാത്തിരിപ്പിലാണ് ശാസ്ത്ര ലോകം.

ബ്ലൂ ഒറിജിന്‍
അമേരിക്കയിലെ സിയാറ്റില്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ബ്ലൂ ഒറിജിന്‍. ആമസോണ്‍ മേധാവിയും ലോകത്തെ ഏറ്റവും വലിയ സമ്പന്ന വ്യക്തിയുമായ ജെഫ് ബെസോസ് ആണ് ഈ സ്ഥാപനത്തിനായി പണം മുടക്കുന്നത്.
സ്‌പേസ് എക്‌സിനെ പോലെ ചന്ദ്രനിലേക്ക് ചുരുങ്ങിയ ചിലവില്‍ മനുഷ്യനെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ബ്ലൂ ഒറിജിനും. ബഹിരാകാശത്തേക്ക് വിനോദസനഞ്ചാരികളെ എത്തിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന ബ്ലൂ ഒറിജിന്‍ അടുത്തിടെയാണ് ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കുന്ന ഉദ്യമത്തിനായി രംഗത്തെത്തിയത്.
2024-ഓടെ മനുഷ്യരെ ചന്ദ്രനിലേക്കെത്തിക്കാന്‍ തങ്ങള്‍ക്കാവുമെന്നാണ് ജെഫ് ബെസോസ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചത്. ചന്ദ്രനില്‍ ഒരു ചെറിയ വീടിന്റെ വലിപ്പമുള്ള പേടകം ഇറക്കാനും ബെസോസ് പദ്ധതിയിടുന്നു.
ചന്ദ്രനില്‍ സ്ഥിരമായി ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന് നാസയെ സഹായിക്കാന്‍ കഴിയുമെന്നാണ് ബെസോസിന്റെ പ്രതീക്ഷ.

വിര്‍ജിന്‍ ഗാലക്ടിക്
ചാന്ദ്ര ദൗത്യവുമായി ബന്ധപ്പെട്ട് വിര്‍ജിന്‍ ഗാലക്ടിക് ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ ബഹിരാകാശത്തേക്ക് വിനോദ സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് അവര്‍. ബ്രിട്ടീഷ് കോടീശ്വരനായ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് വിര്‍ജിന്‍ ഗാലക്ടിക്. 2004 ലാണ് ഈ സ്ഥാപനത്തിന് തുടക്കമിടുന്നത്. കഴിഞ്ഞ വര്‍ഷമാണ് വിര്‍ജിന്‍ ഗാലക്ടിക് ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ചത്. മനുഷ്യനെ ആദ്യമായി ബഹിരാകാശത്തേക്കെത്തിച്ച സ്വകാര്യ സ്ഥാപനവും വിര്‍ജിന്‍ ഗാലക്ടിക് ആണ്. ഈ വര്‍ഷം അവസാനത്തോടെ സഞ്ചാരികളുമായി ആദ്യ ബഹിരാകാശ യാത്ര നടത്താനൊരുങ്ങുകയാണ് സ്ഥാപനം.

സ്പേസ് എക്‌സ്
ഏറെ നാളുകളായി ബഹിരാകാശ ഉദ്യമങ്ങളുമായി ബന്ധപ്പെട്ട് മുഴങ്ങിക്കേള്‍ക്കുന്ന പേരുകളാണ് ഇലോണ്‍മസ്‌കും, സ്‌പേസ് എക്‌സും. തിരിച്ചിറക്കാന്‍ സാധിക്കുന്ന റോക്കറ്റ് ബൂസ്റ്ററുകള്‍ യാഥാര്‍ത്ഥ്യമാക്കിയ സ്ഥാപനം. ഏറ്റവും ശക്തിയേറിയ ഫാല്‍ക്കണ്‍ 9 ഹെവി റോക്കറ്റും പരീക്ഷിച്ചു. ഉപഗ്രങ്ങള്‍ ബഹിരാകാശത്തെത്തിച്ചുനല്‍കുകയും ബഹിരാകാശനിലയത്തിലേക്ക് സാധനങ്ങളെത്തിക്കാന്‍ നാസയെ സഹായിക്കുകയും ചെയ്യുന്ന കമ്പനി ഇപ്പോള്‍ നാസയ്ക്ക് വേണ്ടി ബഹിരാകാശ ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ്.
ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം യഥാര്‍ത്ഥത്തില്‍ ചന്ദ്രനല്ല. ചൊവ്വയില്‍ കോളനി സ്ഥാപിക്കാനാണ് സ്‌പേസ് എക്‌സിന്റെ ഏറ്റവും വലിയ ലക്ഷ്യം. ഇതിന് മുന്നോടിയായി സ്റ്റാര്‍ഷിപ്പ് എന്ന പേരില്‍ ഒരു ദീര്‍ഘദൂര റോക്കറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് സ്‌പേസ് എക്‌സ്.
നാസ
മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച നാസ കൂടുതല്‍ ചാന്ദ്ര ഗവേഷണങ്ങള്‍ക്കായി ചന്ദ്രനെ വലം വെക്കുന്ന ഒരു ഗവേഷണ ഏജന്‍സി സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സിയുടെ ചെറു രൂപം എന്ന് ഇതിനെ വിശേഷിപ്പിക്കാം. 2028 ഓടെ ഇത് സാധ്യമാക്കാനാണ് നാസയുടെ നീക്കം.
Content Highlights: Nasa space x blue origin virgin galactic who will bring human to moon next