manned mission to Mars
ചൊവ്വയില്‍ ഒഴുകുന്ന വെള്ളമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയത് അടുത്തയിടെയാണ്. ചൊവ്വയില്‍ മനുഷ്യനെ എത്തിക്കുന്നതില്‍ ജലത്തിന്റെ സാന്നിധ്യം വളരെ നിര്‍ണായകമാണ്. ചിത്രം കടപ്പാട്: NASa 

 

മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നുകൊണ്ട് 36 പേജുള്ള വിശദമായ രൂപരേഖ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ പ്രസിദ്ധീകരിച്ചു.

അതീവ വെല്ലുവിളികള്‍ നേരിടുന്ന ഒന്നാണ് മനുഷ്യനെ ചൊവ്വയിലേക്കാനുള്ള പ്രവര്‍ത്തനമെങ്കിലും, 'പരിഹരിക്കാന്‍ കഴിയുന്നവ'യാണ് അത്തരം പ്രശ്‌നങ്ങളെന്ന് നാസയുടെ രേഖ പറയുന്നു.

ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ബജറ്റിന് യു.എസ്.കോണ്‍ഗ്രസ്സുമായി നാസയുടെ ചര്‍ച്ച നടക്കാനിരിക്കുകയാണ്. അടുത്തയാഴ്ച ജറുസലേമില്‍ സ്‌പേസ് ഇന്‍ഡസ്ട്രി നേതാക്കളുടെ അന്താരാഷ്ട്ര സമ്മേളനവും നടക്കുകയാണ്. അതിന് മുന്നോടിയായാണ് സുപ്രധാന രേഖ നാസ പുറത്തുവിട്ടത്.

'NASA's Journey to Mars: Pioneering Next Steps in Space Exploration' എന്ന പേരിലുള്ള രേഖ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. 'നേടിയെടുക്കാവുന്ന ലക്ഷ്യം തന്നെയാണ് ചൊവ്വ'യെന്ന് നാസ വിശ്വാസം പ്രകടിപ്പിക്കുന്നു. 

എന്നാല്‍, സുപ്രധാനമായ വിശദാംശങ്ങളുടെ കാര്യത്തില്‍ നാസയുടെ രേഖ ദുര്‍ബലമാണെന്ന് ചില വിദഗ്ധര്‍ കരുതുന്നു. 'ഭക്ഷണം', 'വായു' തുടങ്ങിയ സംഗതികളെക്കുറിച്ച് നാസ അതിന്റെ രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. 

എന്നാല്‍, ബഹിരാകാശ സഞ്ചാരികള്‍ എങ്ങനെ അവിടെ ഭക്ഷ്യവസ്തുക്കളുണ്ടാക്കി അതിജീവനം നടത്തുമെന്ന കാര്യം വിശദീകരിക്കുന്നില്ലെന്ന്, സേഥി ( SETI ) യില്‍ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ റുമ്മെല്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ഒട്ടേറെ പഴുതുകള്‍ നാസയുടെ പദ്ധതിയിലുണ്ട്. 

manned mission to Mars
'ദി മാര്‍ഷ്യന്‍' എന്ന സിനിമയില്‍ മാറ്റ് ഡമൊണ്‍. സിനിമകളില്‍ കാണുന്നത് പോലല്ല നാസ വിഭാവനം ചെയ്യുന്ന മനുഷ്യന്റെ ചൊവ്വാ യാത്ര. ചിത്രം കടപ്പാട്: 20th Century Fox

 

സമീപഭാവിയില്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളെ ചൊവ്വയിലേക്കയ്ക്കുന്ന കാര്യത്തില്‍ നാസ ലക്ഷ്യത്തോട് അടുക്കുകയാണെന്ന്, നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

യു.എസ്.കോണ്‍ഗ്രസ്സ് അംഗങ്ങളുമായി ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യുന്ന കാര്യമാണ് ഇപ്പോള്‍ തന്റെ മുന്നിലുള്ളതെന്ന് ബോല്‍ഡന്‍ അറിയിച്ചു. മാത്രമല്ല, അടുത്തയാഴ്ച 'ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ കോണ്‍ഗ്രസി'ല്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര പങ്കാളികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ഘട്ടങ്ങളുള്ള ഒരു തന്ത്രമാണ് നാസ ചൊവ്വയ്ക്കായി രൂപപ്പെടുത്തിയിട്ടുള്ളത്. അതില്‍ ആദ്യഘട്ടം ഇപ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്. സഞ്ചാരികളുടെ ആരോഗ്യം, സ്വഭാവം, ജീവന്‍രക്ഷാ സംവിധാനങ്ങള്‍ (ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, ജലത്തിന്റെ പുനരുപയോഗം, ത്രീഡി പ്രിന്റിങ് എന്നിങ്ങന) തുടങ്ങിയ സംഗതികളിലാണ് ബഹിരാകാശ നിലയത്തില്‍ പരീക്ഷണം നടക്കുന്നത്. 

സ്‌പേസ് ലോഞ്ച് സിസ്റ്റംസ് ( SLS ) എന്ന പേരിലുള്ള, ഇന്നുവരെ മനുഷ്യന്‍ രൂപപ്പെടുത്തിയിട്ടുള്ള ഏറ്റവും ശക്തിയേറിയ റോക്കറ്റുപയോഗിച്ച് 'ഓറിയണ്‍' ( Orion ) എന്ന പുതിയ സ്‌പേസ് ക്യാപ്‌സ്യൂളിന്റെ വിക്ഷേപണമാണ് രണ്ടാംഘട്ടം. അത് 2018 ല്‍ ആരംഭിക്കും.

അതിനെ തുടര്‍ന്ന് നാസ പദ്ധതിയിടുന്നത് ഭൂമിക്ക് ചന്ദ്രനുമിടയ്ക്കുള്ള മേഖലയില്‍ യാത്രചെയ്യുകയെന്നതാണ്. ബഹിരാകാശ യാത്രികര്‍ക്ക് കൂടുതല്‍ പരിചയം ലഭിക്കാനാണിത്.

മൂന്നാംഘട്ടത്തിലാണ് ചൊവ്വയുടെ പ്രതലത്തില്‍ മനുഷ്യന്‍ താമസിക്കുക. അതിനായി പ്രത്യേക ബഹിരാകാശ പേടകങ്ങളാകും ഉപയോഗിക്കുക. മനുഷ്യര്‍ക്ക് വര്‍ഷങ്ങളോളം താമസിക്കാന്‍ പാകത്തിലുള്ളതാകും ആ പേടകങ്ങളെന്ന് നാസയുടെ രേഖ പറയുന്നു. ചൊവ്വയിലെ വിഭവങ്ങളുപയോഗിച്ച് ഇന്ധനം, ജലം, ഓക്‌സിജന്‍ തുടങ്ങിയ സൃഷ്ടിച്ചുകൊണ്ടാകും അവിടുത്തെ മനുഷ്യവാസം. 

ചൊവ്വയില്‍ മനുഷ്യന്‍ താമസമാരംഭിക്കുന്ന മൂന്നാംഘട്ടം എപ്പോള്‍ തുടങ്ങുമെന്ന് നാസ വ്യക്തമായി പറയുന്നില്ല. 2030 നോ അതിന് ശേഷമോ ആകും അതെന്ന് നാസയുടെ രേഖയിലെ ഒരു ഗ്രാഫിക്‌സ് സൂചന നല്‍കുന്നു.