ബാഹിരാകാശ ഗവേഷണങ്ങള്‍ക്കായി ചന്ദ്രനില്‍ ആസ്ഥാനം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് മനുഷ്യര്‍. ഐഎസ്ആര്‍ഓയും നാസയും  ഉള്‍പ്പടെ എല്ലാ മുന്‍നിര ബഹിരാകാശ ഏജന്‍സികളും ആ ലക്ഷ്യത്തിന് പിന്നിലാണ്. 2020 ന് ശേഷം ബഹിരാകാശ ഗവേഷകരുടെ പ്രധാനലക്ഷ്യം ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരതാമസം ഉറപ്പാക്കുകയാവും. 

നാസയാണ് ഈ രംഗത്ത് പതിവ് പോലെ മുന്നില്‍. സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുടെ പങ്കാളിത്തവും നാസ ഇതിനായി അനുവദിക്കുന്നുണ്ട്. ചന്ദ്രനില്‍  ഗവേഷണ ആസ്ഥാനം നിര്‍മിക്കാനാണ് പദ്ധതി. ഇതിനായി മനുഷ്യനെ സഹായിക്കാന്‍ ഒരു സെമി ഓട്ടോണമസ് റോബോട്ടും നാസ ഒരുക്കുന്നുണ്ട്. 

വാല്‍കിറി എന്നാണ് ഈ റോബോട്ടിന് പേര്. പ്രതികൂലമായ അന്തരീക്ഷത്തില്‍ പോലും പ്രവര്‍ത്തിക്കാനാവും വിധമാണ് ഈ റോബോട്ട് നാസ വികസിപ്പിക്കുന്നത്. 

മനുഷ്യന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഈ റോബോട്ടിനാവും. സങ്കീര്‍ണമായ വഴികളിലൂടെ സഞ്ചരിക്കാനും ഇതിന് സാധിക്കും. 

ചന്ദ്രനിലും, ചൊവ്വയിലും മനുഷ്യരുടെ കോളനികള്‍ നിര്‍മിക്കുന്നതില്‍ ഈ റോബോട്ടുകള്‍ സഹായകമാവുമെന്നാണ് നാസയുടെ പ്രതീക്ഷ. ബഹിരാകാശത്ത് മാത്രമല്ല ഭൂമിയില്‍ തന്നെ മനുഷ്യന് ചെന്നെത്താന്‍ പറ്റാത്ത സങ്കീര്‍ണമായ ഇടങ്ങളില്‍ ഈ റോബോട്ടിനെ ഉപയോഗിക്കാനാവും.

Content Highlights: Nasa's Valkyrie robot could help build moon and mars base